X

അതേസമയംറിസര്‍വ് ബാങ്കിനെ വെറുതെ വിടുക

മോദി സര്‍ക്കാറിന്റെ നീരാളിക്കൈകള്‍ കേന്ദ്ര ബാങ്കിനെയും വരിഞ്ഞു മുറുക്കുന്നത് വേദനാജനകമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചൊഴിയണമെന്ന സംഘ്പരിവാര്‍ ആവശ്യത്തെ അക്ഷരംപ്രതി അനുസരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിനൊപ്പംചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് സംഘ്പരിവാര്‍ സംഘടന സ്വദേശി ജാഗരണ്‍ മഞ്ചില്‍നിന്നു പഠിക്കേണ്ട ഗതികേട് റിസര്‍വ് ബാങ്കിനില്ല. എന്നാല്‍ സംഘ്പരിവാര്‍ പ്രഭൃതികളുടെ പിടിവാശിയെ പൂവിട്ടു പൂജിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിന് തുല്യമായിരിക്കുമെന്ന കാര്യം തീര്‍ച്ച. കേന്ദ്ര സര്‍ക്കാരും ആര്‍.ബി. ഐയും തമ്മിലുള്ള ബന്ധം അതീവ മോശമായ സാഹചര്യത്തിലാണെന്നതും ഊര്‍ജിത് പട്ടേല്‍ രാജിവെക്കുകയാണ് എന്നതും അത്യന്തം ആപത്കരമായ സൂചനകളാണ് നല്‍കുന്നത്. നോട്ട് നിരോധംതൊട്ട് നരേന്ദ്രമോദിക്ക് അനഭിമതനായ ഊര്‍ജിത് പട്ടേലിനെ മാന്യമായി സ്ഥാനമൊഴിയുംമുമ്പ് പുകച്ചുപുറത്തുചാടിക്കുന്നത് എന്തിനെന്നകാര്യം പകല്‍പോലെ വ്യക്തമാണ്. പിടിവാതിലിലെത്തി നില്‍ക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് റിസര്‍വ് ബാങ്കിലെ ശുദ്ധികലശമാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിലൂടെ നോട്ട് നിരോധത്തിലെ ഗുരുതര വീഴ്ചകളത്രയും മറച്ചുപിടിക്കുന്ന രക്ഷാകവചങ്ങളെ രൂപപ്പെടുത്തുകയും വേണം. എത്രയും വേഗം ഊര്‍ജിത് പട്ടേലിനെ പടിയടച്ചു പിണ്ഡം വെച്ചാല്‍ മാത്രമേ ഉദ്ദിഷ്ടകാര്യം സാധിക്കുകയുള്ളൂവെന്നും നരേന്ദ്രമോദിക്കറിയാം. ഇതിനുള്ള അന്തര്‍നാടകങ്ങളും ആസൂത്രിത നീക്കങ്ങളുമാണ് സംഘ്പരിവാറിനെ മുന്നില്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സര്‍ക്കാരിന്റെ കുറ്റപ്പെടുത്തലുകളിലും ആര്‍.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നതിലും പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിക്കുന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ആര്‍.ബി.ഐ നിയമത്തിലെ സെക്ഷന്‍ 7 അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. പൊതുതാല്‍പര്യം പരിഗണിച്ച് ആര്‍.ബി.ഐക്ക് നേരിട്ടു നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതാണ് ഈ വകുപ്പ്. എന്നാല്‍ ഇത് മുമ്പ് ഒരു സര്‍ക്കാരും ഉപയോഗിച്ചിരുന്നില്ല എന്ന താണ് വസ്തുത. മുന്‍ സര്‍ക്കാറുകള്‍ പൂര്‍ണമായും ആര്‍.ബി. ഐയുടെ സ്വയംഭരണത്തെ മാനിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഇത്തരത്തില്‍ അസാധാരണമായി ‘നിര്‍ദേശങ്ങള്‍’ നല്‍കിയതിന്റെ അനന്തരഫലമായിരിക്കാം ഇപ്പോഴത്തെ വിഴുപ്പലക്കലിന്റെ അടിസ്ഥാന കാരണം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട 1991, 1997, 2008, 2013 വര്‍ഷങ്ങളിലൊന്നും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സെക്ഷന്‍ 7 ഉപയോഗിച്ചിട്ടില്ല എന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. സമ്പദ് വ്യവസ്ഥ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മറച്ചുവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വകുപ്പ് ഉപയോഗിച്ചത്. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വയംഭരണത്തെക്കുറിച്ചും കഴിഞ്ഞ വെള്ളിയാഴ്ച ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ തുറന്നുപറയേണ്ട അവസ്ഥ ഉടലെടുത്തതിന്റെ പിന്നിലെ ചേതോവികാരം ഇതായിരുന്നു. ഇതിന് രൂക്ഷ മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ രംഗത്തിറക്കി പ്രതിരോധിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. നിവൃത്തികേടിന്റെ അങ്ങേയറ്റത്തെ മറുതന്ത്രങ്ങളാണിപ്പോള്‍ കേന്ദ്രം മെനഞ്ഞെടുക്കുന്നത്. 2008-2014 കാലഘട്ടത്തില്‍ ആര്‍.ബി.ഐ ഉദാരമായി വായ്പകള്‍ അനുവദിച്ചുവെന്നും നിലവിലെ കിട്ടാക്കട പ്രതിസന്ധിക്ക് മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്ലപിള്ള ചമയുന്നത്. ആര്‍.ബി.ഐയെ നേരിട്ടു കുറ്റപ്പെടുത്തിക്കൊണ്ടുള്ള അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാമര്‍ശങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിലും ആര്‍.ബി. ഐ നേതൃത്വത്തിലും കടുത്ത അതൃപ്തി ഉണ്ടാക്കിയതിന്റെ പിന്നാലെയാണ് ഊര്‍ജിത് പട്ടേലിന്റെ ഇറങ്ങിപ്പോക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുള്ളത്.
നിലവിലെ പ്രതിസന്ധി കേന്ദ്ര സര്‍ക്കാറിനെ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന പുതിയ തിരിച്ചറിവാണ് ഇന്നലെ വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തുവന്നതിനു പിന്നിലെ പ്രധാന കാരണം. പക്ഷേ, ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലടക്കമുള്ള ആര്‍.ബി.ഐ ഉദ്യോഗസ്ഥരെ മയപ്പെടുത്താനുള്ള കേന്ദ്ര തന്ത്രം എവിടെ ചെന്ന് അവസാനിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ആര്‍.ബി.ഐയുടെ സ്വയം ഭരണത്തില്‍ കൈകടത്തില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. എല്ലാ സ്ഥാപനങ്ങളും പൊതുതാല്‍പര്യം സംരക്ഷിക്കണമെന്ന് ധനമന്ത്രി പറയുമ്പോള്‍ കൂടിയാലോചന പുതിയ കാര്യമല്ലെന്ന താക്കീതു നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് പലപ്പോഴും കണ്ട വിഴുപ്പലക്കലിന്റെ രീതിയില്‍നിന്നു വിഭിന്നമായ വഴിയിലാണ് തര്‍ക്കങ്ങള്‍ മുന്നോട്ടുപോകുന്നതെന്നര്‍ത്ഥം. നിരവധി തവണ ആര്‍.ബി.ഐയും സര്‍ക്കാറും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷം ഈ വകുപ്പ് ഇതുവരെ ഒരു സര്‍ക്കാറും ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രണ്ട് കത്തുകള്‍ കൈമാറിയതായാണ് ധനമന്ത്രിയെ ചൊടിപ്പിച്ചിട്ടുള്ളത്.
നിര്‍ണായകമായ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ യോഗത്തില്‍ പട്ടേല്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനു മുമ്പായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ബാങ്കുകള്‍ വന്‍തോതില്‍ വായ്പ അനുവദിച്ചപ്പോള്‍ ആര്‍.ബി.ഐ നോക്കുകുത്തിയായി നിന്നുവെന്നും 2008 മുതല്‍ 2014 വരെ ആകെയുള്ള കടം മൂന്ന് മടങ്ങായി വര്‍ധിച്ചുവെന്നും ജെയ്റ്റിലി കുറ്റപ്പെടുത്തിയതിനുപിന്നില്‍ ഒളിയജണ്ടകള്‍ ഏറെയാണ്. ആര്‍.ബി.ഐ ഇതെല്ലാം മൂടിവച്ച് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം റിസര്‍വ് ബാങ്കിന്റെ തലയില്‍ വച്ചുകെട്ടാനാണ് ജെയ്റ്റ്‌ലിയുടെ കൊണ്ടുപിടിച്ച ശ്രമം. 2008ലെ 18 ലക്ഷം കോടി ബാങ്ക് വായ്പയില്‍നിന്ന് 55 കോടി രൂപയായി വായ്പ ഉയര്‍ന്നുവെന്നും നിലവിലെ കിട്ടാക്കട പ്രതിസന്ധിക്ക് കാരണം ഇതാണെന്നും ജെയ്റ്റിലെ പറയുന്നതിലെ പൊരുളും മറ്റൊന്നല്ല. ഗവര്‍ണര്‍ സ്ഥാനത്ത് ഊര്‍ജിത് പട്ടേലിന്റെ കാലാവധി 2019 സെപ്തംബറില്‍ അവസാനിക്കും. മുന്‍ഗാമി രഘുറാം രാജന്‍ കാലാവധി നീട്ടിക്കിട്ടാന്‍ ആവശ്യപ്പെടാതെ 2016 സെപ്തംബറില്‍ യു.എസിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മടങ്ങിയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ ധനനയം തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം എന്ന ആര്‍.ബി.ഐയുടെ മേല്‍വിലാസമാണ് പരിഹസ്യമായത്. ആര്‍.ബി.ഐയേയും രാജ്യത്തെ ബാങ്കിങ് മേഖലയേയും തകര്‍ക്കുന്ന നിലപാടാണ് മോദി സര്‍ക്കാരിന്റേത് എന്നത് ആര്‍.ബി.ഐ ഉദ്യോഗസ്ഥരുടെ പൊതുവിമര്‍ശമാണ്്. ഇത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കേന്ദ്ര ബാങ്കിന്റെ തകര്‍ച്ച കണ്‍മുമ്പില്‍ കാണേണ്ടി വരുമെന്ന കാര്യം തീര്‍ച്ച.

chandrika: