X

മദ്യ ലോബിക്കു മുമ്പില്‍ മുട്ടു വിറക്കുന്നവരോട്

സംസ്ഥാനത്ത് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യ നിരോധനം യാഥാര്‍ത്ഥ്യക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം ഇടതു സര്‍ക്കാര്‍ പാടേ പൊളിച്ചെഴുതുമെന്ന കാര്യം തീര്‍ച്ചയായിരിക്കുകയാണ്. മദ്യശാലകളുടെ നിര്‍വചനത്തില്‍ ബാറുകള്‍ ഉള്‍പ്പെടില്ലെന്ന് അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം സ്വീകരിച്ച് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്ന സര്‍ക്കാറിന്റെ ഉള്ളിലിരിപ്പ് ഇത് വ്യക്തമാക്കുന്നുണ്ട്. മദ്യനയം സംബന്ധിച്ച് ഏപ്രില്‍ ഒന്നിനു മുമ്പ് ഇടതുമുന്നണി തീരുമാനമെടുക്കുമെന്നും ഇതിനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു വിട്ടുനല്‍കണമെന്നും ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി തുറന്നുപറഞ്ഞത് സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ സ്ഥാപിക്കുന്നതാണ്. കള്ളും ബിയറും വൈനും മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്നു മാറ്റണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി വെട്ടിലായ സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തില്‍ കടിച്ചുതൂങ്ങി മദ്യനയം മാറ്റിയെഴുതാനുള്ള പടപ്പുറപ്പാടിലാണ്. ദേശീയ, സംസ്ഥാന പാതകളുടെ അര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മദ്യശാലകള്‍ പാടില്ലെന്ന വിധി പരിഷ്‌കരിക്കുകയോ വ്യക്തത വരുത്തുകയോ വേണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ സുപ്രീംകോടതയില്‍ ഹര്‍ജി നല്‍കിയത്. വാദങ്ങള്‍ വിവാദമായതോടെ സത്യവാങ്മൂലം പിന്‍വലിക്കേണ്ട ഗതികേടായിരുന്നു സര്‍ക്കാറിന്. അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം അന്ന് ഹര്‍ജി പിന്‍വലിച്ച ഇടതു സര്‍ക്കാര്‍ മദ്യ മാഫിയയെ പിണക്കാതിരിക്കാനാണ് പുതിയ നിയമോപദേശവുമായി രഗത്തിറങ്ങിയിരിക്കുന്നത്. പാതയോരങ്ങളിലെ മദ്യശാലകള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവിനെതിരെ മദ്യ മുതലാളിമാര്‍ക്കു മുമ്പേ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി നാണം കെട്ട സര്‍ക്കാര്‍ മദ്യ മാഫിയക്ക് കുട പിടിക്കന്ന നയം ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ജനങ്ങളുടെ സ്വാസ്ഥ്യത്തേക്കാളുപരി മദ്യലോബിയുടെ കീശ വീര്‍പ്പിക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന സര്‍ക്കാറിനെതിരെ പൊതുസമൂഹം പ്രതിഷേധാഗ്നി ജ്വലിപ്പിക്കേണ്ട സന്ദര്‍ഭമാണിത്.
സംസ്ഥാന, ദേശീയ പാതയോരത്ത് മദ്യവില്‍പന ശാലകള്‍ക്ക് സുപ്രീം കോടതി നിശ്ചയിച്ച ദൂരപരിധി ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ബാധകമല്ലെന്നാണ് അറ്റോര്‍ണി ജനറലിന്റെ വാദം. ബിവറേജ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമാണ് ‘വില്‍പന ശാല’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുക എന്നതാണ് നിയമോപദേശം. ഇരുന്നു കഴിക്കാന്‍ സൗകര്യമുള്ളതിനാല്‍ ബാറുകള്‍ വില്‍പന ശാലകളല്ലെന്ന വാദം എത്ര വിചിത്രമാണ്. മിക്ക ബാറുകളിലും ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് അറ്റോര്‍ണി ജനറലിന്റെ വാദത്തെ ബലപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് തിരിച്ചറിവില്ലാത്തവരാണോ സുപ്രീംകോടതിയില്‍ ഇതിനെതിരെ വിധി പുറപ്പെടുവിച്ചവരെന്ന മറുചോദ്യത്തിനു മുമ്പില്‍ സര്‍ക്കാര്‍ മുട്ടവിറക്കുന്നത് കാത്തിരുന്ന് കാണാം. യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് അടച്ചിട്ട 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നുകൊടുക്കാനുള്ള അതിസാഹസികതയാണ് സര്‍ക്കാറിനെ ഈ അരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ത്രീ സ്റ്റാറിനു മുകളിലുള്ള മുഴുവന്‍ ബാറുകളും തുറന്നുകൊടുക്കുന്ന നയമായിരിക്കും ഇടതുമുന്നണി ചര്‍ച്ചക്കെടുക്കുക. സഖ്യകക്ഷികള്‍ പൂര്‍ണമായി പിന്തുണച്ചില്ലെങ്കിലും പ്രഖ്യാപിത നിലപാടുമായി സി.പി.എം മുന്നോട്ടുപോകുമെന്ന സത്യം നേതാക്കളുടെ പ്രസ്താവനയില്‍ പ്രകടമാണ്. സുപ്രീംകോടതി വിധി വന്നതിനു ശേഷവും പാതയോരങ്ങളിലെ ബിയര്‍-വൈന്‍ പാര്‍ലറുകളെ പരമാവധി സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. വിധി ദോഷമുണ്ടാക്കുമെന്നും വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്നും അറിയാവുന്ന ബാറുടമകള്‍ നിയമ നടപടികള്‍ സ്വീകരിക്കും മുമ്പ് സര്‍ക്കാര്‍ എടുത്തുചാടി സുപ്രീംകോടതിയെ സമീപിച്ചതിന്റെ പൊരുളും ഇതുതന്നെയാണ്.
നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടു തന്നെയാണ് മദ്യനിരോധമെന്ന ധീരമായ പ്രഖ്യാപനത്തിലേക്ക് 2014 ആഗസ്റ്റ് 21ന് യു.ഡി.എഫ് ആദ്യചുവടുവച്ചത്. പത്തു വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുന്ന നയം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.ഡി.എഫ് യോഗത്തില്‍ അവതരിപ്പിച്ചത് തുടര്‍ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവോടുകൂടി തന്നെയാണ്. പിന്നീട് മദ്യ ലോബികള്‍ കോടതി വ്യവഹാരങ്ങളുമായി പിന്തുടര്‍ന്നപ്പോഴും ഇച്ഛാശക്തിയോടെ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍. നയത്തില്‍ പാളിച്ചയുണ്ടെന്ന കോടതി നിരീക്ഷണങ്ങളെ മാനിക്കുകയും അതിനനുസൃതമായി മദ്യനയം കൂടുതല്‍ സുവ്യക്തവും സുതാര്യവുമാക്കുകയും ചെയ്തു. നയ രൂപീകരണത്തില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ കടന്നുകൂടാതിരുന്നതാണ് ചരിത്രപരമായ പ്രഖ്യാപനത്തിലൂടെ കേരളത്തിന്റെ പൊതുസമൂഹത്തിന് ശാശ്വതമായ സ്വാസ്ഥ്യം സമ്മാനക്കാന്‍ സാധ്യമായത്. ഇന്ന് ഇടതു സര്‍ക്കാറിനും മുന്നണിക്കും ഇല്ലാതെ പോയതും നയരൂപീകരണത്തിലെ നിഷ്പക്ഷ താത്പര്യമാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും പ്രചാരണങ്ങളിലും ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘മദ്യവര്‍ജന’ നയത്തിലേക്കുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ ഇടതു സര്‍ക്കാറിന് കഴിയാതെവന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടില്ലാത്തതിനാലാണ് മുഖ്യമന്ത്രി ഒരു നിലപാടും വകുപ്പ് മന്ത്രി മറ്റൊരു നിലപാടും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ മദ്യവര്‍ജന നയത്തിലെ കാതലായ കാര്യങ്ങളില്‍ മുന്നണിക്കുള്ളില്‍ ഇതുവരെ അഭിപ്രായ ഐക്യം രൂപപ്പെടുത്തിയിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇക്കാര്യത്തില്‍ സി.പി.എം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇടതുമുന്നണി കൂട്ടായ തീരുമാനമെടുക്കുമെന്നതാണ്. എന്നാല്‍ സി.പി.എം സെക്രട്ടറിയേറ്റില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ട നയം മറ്റു ഘടകകക്ഷികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. ഇതില്‍ മുഖ്യഘടകകക്ഷിയായ സി.പി.ഐ പലപ്പോഴും അതൃപ്തി പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്.
മദ്യനിരോധനം പൂര്‍ണമായും അട്ടിമറിക്കുന്ന നയമായിരിക്കും സര്‍ക്കാര്‍ നടപ്പാക്കുക. വിനോദ സഞ്ചാര മേഖലയിലെ നഷ്ടക്കണക്കുകള്‍ നിരത്തി ആദ്യം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ നിലനിര്‍ത്തുകയും പിന്നീട് ത്രീ സ്റ്റാറുകള്‍ക്കു മുകളിലുള്ള മുഴുവന്‍ മദ്യശാലകളും തുറന്നുകൊടുക്കുയും ചെയ്യുന്നതിനുള്ള നിഗൂഢ നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. കാലങ്ങളായി പ്രചരിപ്പിച്ചു വരുന്ന നുണ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ബാറുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ നൂറിരട്ടിയാണ് മദ്യം കാരണം ഉടലെടുക്കുന്ന സാമൂഹിക ദൂഷ്യങ്ങള്‍. മദ്യത്തിന് ചെലവഴിക്കുന്ന സമ്പത്ത് ക്രിയാത്മകമായി ഉപയോഗിക്കുകയും ഇവ പ്രത്യക്ഷ-പരോക്ഷ നികുതികളായി സര്‍ക്കാറിലെത്തിക്കുകയും ചെയ്യുന്ന പദ്ധതികളാണ് യു.ഡി.എഫ് സ്വപ്‌നം കണ്ടത്. കുടുംബ ഛിദ്രത, സ്ത്രീ പീഡനങ്ങള്‍, അക്രമങ്ങള്‍, അപകടങ്ങള്‍ എന്നിവ വന്‍തോതില്‍ കുറയുകയും അതുവഴിയുള്ള സാമ്പത്തിക സാമൂഹിക നഷ്ടങ്ങള്‍ ഇല്ലാതാവുകയും ചെയ്ത യാഥാര്‍ത്ഥ്യങ്ങളെ കണ്ണുംപൂട്ടി ഇരുട്ടാക്കുകയാണിപ്പോള്‍ ഇടതുസര്‍ക്കാര്‍. ആരോഗ്യമുള്ള മനസും ശരീരവും സമാധാനപൂര്‍ണമായ സാമൂഹികാന്തരീക്ഷവും സക്രിയമായ സംഭാവനകളര്‍പ്പിക്കുന്ന പുതുതലമുറയുമാണ് സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടത്. മദ്യ രാജാക്കന്മാരുടെ കുംഭവീര്‍പ്പിക്കാന്‍ ‘കുടിയന്മാരെ’ കൊണ്ട് നവകേരളം സൃഷ്ടിക്കാനുള്ള ഈ കുത്സിത നീക്കത്തിനെതിരെ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കേണ്ട കാലമാണിത്.

chandrika: