X

അരി തരാതെ മത്സരിക്കുന്ന ഭരണകൂടങ്ങള്‍

കെ.പി.എ മജീദ്

യു.ഡി.എഫ് ഭരണ കാലത്ത് സുതാര്യമായും പരാതി രഹിതമായും നടപ്പാക്കിയിരുന്ന റേഷന്‍അരി വിതരണം എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. കേന്ദ്ര ഭക്ഷ്യ ഭദ്രത നിയമം പാസാക്കിയപ്പോള്‍ 16 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയിരുന്നത്. 14.25 മെട്രിക് ടണ്‍ അരി മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളുവെങ്കിലും കൂടുതല്‍ പേരിലെത്തിക്കാന്‍ രണ്ടു ലക്ഷം മെട്രിക്ക് ടണ്‍ അരി യു.ഡി.എഫ് അധികംവാങ്ങി. എല്‍.ഡി. എഫ് അധികാരത്തിലെത്തിയതോടെ ഇത് തകിടം മറിയുന്ന കാഴ്ചയാണ് കണ്ടത്. അധികം ലഭിച്ചിരുന്ന രണ്ട് ലക്ഷം മെട്രിക് ടണ്‍ അരി ഇല്ലാതാക്കിയെന്നു മാത്രമല്ല കേന്ദ്രം നല്‍കേണ്ട 14.25 മെട്രിക് ടണ്‍ അരി എടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും അലംഭാവം കാണിച്ചു. എഫ്.സി.ഐ ജീവനക്കാരുടെ സമരം പരിഹരിക്കാനാവത്തതും ഹോള്‍സെയില്‍ ഡീലര്‍മാര്‍ക്ക് പകരം ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് ഇതിന് കാരണം. അട്ടിക്കൂലി വാങ്ങുന്നതു സംബന്ധിച്ച വിഷയമാണ് എഫ്.സി.ഐ തൊഴിലാളികളുടെ സമരത്തിന് കാരണമായത്. പഴയ കാലങ്ങളില്‍ അട്ടിക്കൂലി ഹോള്‍സെയ്ല്‍ ഡീലേഴ്‌സ് ആണ് നല്‍കിയിരുന്നത്. ഇത് നിലച്ചതോടെയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ഇതോടെ കേന്ദ്ര അരി വിഹിതം ഇറക്കാന്‍ തൊഴിലാളികള്‍ സഹകരിക്കാതെയായി. അരി കെട്ടിക്കിടന്നിട്ടും സമരം തീര്‍ക്കാര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു യാതൊരു നടപടിയുമുണ്ടായില്ല. യു.ഡി.എഫ് ഭരണ കാലത്തും ഇത്തരം സമരങ്ങള്‍ നടന്നിരുന്നെങ്കിലും അതിന് പരിഹാരം കാണാന്‍ യഥാസമയം സര്‍ക്കാര്‍ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ നടന്നിരുന്നു. ഭക്ഷ്യ ഭദ്രത നിയമം വന്നപ്പോള്‍ ഹോള്‍സെയില്‍ ഡീലേഴ്‌സിനെ ഒഴിവാക്കി. എന്നാല്‍ ഇതിനെ മറികടക്കാന്‍ യാതൊരു സംവിധാനും സര്‍ക്കാര്‍ ഒരുക്കിയതുമില്ല. ഹോള്‍സെയല്‍ ഡീലര്‍മാര്‍ സംവിധാനിച്ചിരുന്ന അരി സൂക്ഷിപ്പു കേന്ദ്രവും ഗോഡൗണിലെത്തിക്കേണ്ട വാഹനവും ഇല്ലാതായതോടെ വലിയ വാടക നല്‍കി അരി എത്തിക്കേണ്ട അധിക ബാധ്യതയും സര്‍ക്കാറിനുണ്ടായി. ഇതു കാരണം നവംബര്‍, ഡിസംബര്‍ മാസത്തെ അരി വിതരണം പൂര്‍ണമായും നിലച്ചു. ഇത് വിപണിയില്‍ അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കാന്‍ കാരണമായി.
വിപണിയില്‍ വിലക്കയറ്റമുണ്ടാകുന്ന സമയത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ സാധാരണമാണ്. യു.ഡി.എഫ് ഭരണ കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് വഴി സഞ്ചരിക്കുന്ന വാഹനങ്ങളിലൂടെയാണ് പൊതുജനത്തിന് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചിരുന്നത്. എല്‍.ഡി.എഫ് ഈ വാഹനങ്ങള്‍ മുഴുവന്‍ ലേലം ചെയ്തു വിറ്റു. മാവേലി സ്റ്റോറുകള്‍ വഴിയുള്ള അരി വിതരണവും നിലച്ചു. കുടിശ്ശികയുടെ കാര്യം പറഞ്ഞാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അരി വാങ്ങിയതില്‍ 157 കോടി രൂപ കണ്‍സ്യൂര്‍ഫെഡിന് കുടിശ്ശിക ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാറുകള്‍ തുടര്‍ച്ചയായത് കൊണ്ട് തന്നെ ഓരോ സര്‍ക്കാറും കുടിശ്ശിക തീര്‍ത്തു പോകുകയാണ് പതിവ്. യു.ഡി.എഫ് ഭരണ കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന് ഒരു രൂപ പോലും കുടിശ്ശിക വരുത്തിയിട്ടില്ല എന്നതും എടുത്ത്പറയേണ്ടതാണ്.
ബംഗാളില്‍ നിന്നും അരിയിറക്കുമെന്നാണ് സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം. എന്നാല്‍ ബംഗാളില്‍ നിന്നും വരുന്നത് പച്ചരിയാണെന്നാണ് വിവരം. കേരളത്തിലെ ജനങ്ങള്‍ മട്ട, ജയ അരിയാണ് ഉപയോഗിക്കുന്നതെന്നിരിക്കെ പച്ചരി വിതരണം ചെയ്താല്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും സര്‍ക്കാറിന് വലിയ പ്രതിഷേധം നേരിടേണ്ടി വരും. ഇതിന് പുറമെ മാസങ്ങളായി കമ്മീഷന്‍ നല്‍കാത്തതുകാരണം റേഷന്‍ വ്യാപാരികള്‍ നടത്തുന്ന നിസ്സഹകരണ സമരം സര്‍ക്കാറിന് കൂനിന്‍മേല്‍കുരുവാണ്. ഒരു റേഷന്‍ കട പ്രവര്‍ത്തിക്കണമെങ്കില്‍ റൂം വാടക, വൈദ്യുതി ചാര്‍ജ്ജ്, ലോറി വാടക തുടങ്ങിയ ചെലവ് ഉള്‍പ്പെടെ പ്രതിമാസം 23,500 രൂപ വേണമെന്നാണ് കണക്ക്. എന്നാല്‍ പതിനായിരം രൂപ വരെ മാത്രമാണ് ഇവര്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നത്. ബാക്കി തുക വ്യാപാരികള്‍ തന്നെ കണ്ടത്തേണ്ട അവസ്ഥയാണ്. ഇതിന് പുറമെയാണ് മാസങ്ങളായി ഇവരുടെ കമ്മീഷന്‍ തുക തടഞ്ഞു വെച്ച് സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്. ഭക്ഷ്യ ഭദ്രത നിയമം നടപ്പിലായ സാഹചര്യത്തില്‍ റേഷന്‍ കടക്കാര്‍ക്ക് വേതനം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അവരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡയരക്ടറായ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതുമാണ്. പക്ഷെ ആശിപാര്‍ശയില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സൗജന്യ റേഷന്‍ കൊടുത്ത വകയില്‍ 14,200 ഓളം വരുന്ന റേഷന്‍ കടക്കാര്‍ക്ക് 152 കോടി രൂപ കുടിശ്ശികയാണ്.
റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട 1,54,80,000 കാര്‍ഡുടമകളുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് പുറത്തിറക്കുകയും ചെയ്തു. വ്യാപകമായ ക്രമക്കേടുകളും പരാതികളുമാണ് ഈ ലിസ്റ്റിനെതിരെ ഉയര്‍ന്നത്. 16 ലക്ഷത്തോളം പരാതികളാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മാത്രം ലഭിച്ചത്. പരാതി ലഭിച്ച ലിസ്റ്റ് ഭക്ഷ്യ വകുപ്പ് പരിശോധിച്ചപ്പോള്‍ 12.5 ലക്ഷം പേരും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട യഥാര്‍ത്ഥ അര്‍ഹരാണ്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം കേന്ദ്രത്തിന് സമര്‍പ്പിച്ച 1.54 കോടി പേരുടെ ലിസ്റ്റില്‍ യാതൊരു മാറ്റവും വരുത്താതെ 12.5 ലക്ഷം പേരെ തിരുകി കയറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മേല്‍പറഞ്ഞ 12.5 ലക്ഷം ആളുകളെ ഉള്‍പ്പെടുത്തുമ്പോള്‍ നിലവിലുള്ള ലിസ്റ്റില്‍ അത്രയും അനര്‍ഹരാണെന്ന് കണ്ടെത്തി പുറത്തുപോകും. ഇത് സര്‍ക്കാരിന് തിരിച്ചടിയാവുമെന്ന് കരുതിയാണ് ഇതിന് ഗ്രാമ സഭകകളെയും തദ്ദേശ സ്ഥാപനങ്ങളേയും നിയോഗിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളെ അടിച്ചേല്‍പിച്ച ഈ നടപടിയില്‍ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.
(മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

chandrika: