Connect with us

Video Stories

അരി തരാതെ മത്സരിക്കുന്ന ഭരണകൂടങ്ങള്‍

Published

on

കെ.പി.എ മജീദ്

യു.ഡി.എഫ് ഭരണ കാലത്ത് സുതാര്യമായും പരാതി രഹിതമായും നടപ്പാക്കിയിരുന്ന റേഷന്‍അരി വിതരണം എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. കേന്ദ്ര ഭക്ഷ്യ ഭദ്രത നിയമം പാസാക്കിയപ്പോള്‍ 16 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയിരുന്നത്. 14.25 മെട്രിക് ടണ്‍ അരി മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളുവെങ്കിലും കൂടുതല്‍ പേരിലെത്തിക്കാന്‍ രണ്ടു ലക്ഷം മെട്രിക്ക് ടണ്‍ അരി യു.ഡി.എഫ് അധികംവാങ്ങി. എല്‍.ഡി. എഫ് അധികാരത്തിലെത്തിയതോടെ ഇത് തകിടം മറിയുന്ന കാഴ്ചയാണ് കണ്ടത്. അധികം ലഭിച്ചിരുന്ന രണ്ട് ലക്ഷം മെട്രിക് ടണ്‍ അരി ഇല്ലാതാക്കിയെന്നു മാത്രമല്ല കേന്ദ്രം നല്‍കേണ്ട 14.25 മെട്രിക് ടണ്‍ അരി എടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും അലംഭാവം കാണിച്ചു. എഫ്.സി.ഐ ജീവനക്കാരുടെ സമരം പരിഹരിക്കാനാവത്തതും ഹോള്‍സെയില്‍ ഡീലര്‍മാര്‍ക്ക് പകരം ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് ഇതിന് കാരണം. അട്ടിക്കൂലി വാങ്ങുന്നതു സംബന്ധിച്ച വിഷയമാണ് എഫ്.സി.ഐ തൊഴിലാളികളുടെ സമരത്തിന് കാരണമായത്. പഴയ കാലങ്ങളില്‍ അട്ടിക്കൂലി ഹോള്‍സെയ്ല്‍ ഡീലേഴ്‌സ് ആണ് നല്‍കിയിരുന്നത്. ഇത് നിലച്ചതോടെയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ഇതോടെ കേന്ദ്ര അരി വിഹിതം ഇറക്കാന്‍ തൊഴിലാളികള്‍ സഹകരിക്കാതെയായി. അരി കെട്ടിക്കിടന്നിട്ടും സമരം തീര്‍ക്കാര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു യാതൊരു നടപടിയുമുണ്ടായില്ല. യു.ഡി.എഫ് ഭരണ കാലത്തും ഇത്തരം സമരങ്ങള്‍ നടന്നിരുന്നെങ്കിലും അതിന് പരിഹാരം കാണാന്‍ യഥാസമയം സര്‍ക്കാര്‍ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ നടന്നിരുന്നു. ഭക്ഷ്യ ഭദ്രത നിയമം വന്നപ്പോള്‍ ഹോള്‍സെയില്‍ ഡീലേഴ്‌സിനെ ഒഴിവാക്കി. എന്നാല്‍ ഇതിനെ മറികടക്കാന്‍ യാതൊരു സംവിധാനും സര്‍ക്കാര്‍ ഒരുക്കിയതുമില്ല. ഹോള്‍സെയല്‍ ഡീലര്‍മാര്‍ സംവിധാനിച്ചിരുന്ന അരി സൂക്ഷിപ്പു കേന്ദ്രവും ഗോഡൗണിലെത്തിക്കേണ്ട വാഹനവും ഇല്ലാതായതോടെ വലിയ വാടക നല്‍കി അരി എത്തിക്കേണ്ട അധിക ബാധ്യതയും സര്‍ക്കാറിനുണ്ടായി. ഇതു കാരണം നവംബര്‍, ഡിസംബര്‍ മാസത്തെ അരി വിതരണം പൂര്‍ണമായും നിലച്ചു. ഇത് വിപണിയില്‍ അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കാന്‍ കാരണമായി.
വിപണിയില്‍ വിലക്കയറ്റമുണ്ടാകുന്ന സമയത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ സാധാരണമാണ്. യു.ഡി.എഫ് ഭരണ കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് വഴി സഞ്ചരിക്കുന്ന വാഹനങ്ങളിലൂടെയാണ് പൊതുജനത്തിന് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചിരുന്നത്. എല്‍.ഡി.എഫ് ഈ വാഹനങ്ങള്‍ മുഴുവന്‍ ലേലം ചെയ്തു വിറ്റു. മാവേലി സ്റ്റോറുകള്‍ വഴിയുള്ള അരി വിതരണവും നിലച്ചു. കുടിശ്ശികയുടെ കാര്യം പറഞ്ഞാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അരി വാങ്ങിയതില്‍ 157 കോടി രൂപ കണ്‍സ്യൂര്‍ഫെഡിന് കുടിശ്ശിക ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാറുകള്‍ തുടര്‍ച്ചയായത് കൊണ്ട് തന്നെ ഓരോ സര്‍ക്കാറും കുടിശ്ശിക തീര്‍ത്തു പോകുകയാണ് പതിവ്. യു.ഡി.എഫ് ഭരണ കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന് ഒരു രൂപ പോലും കുടിശ്ശിക വരുത്തിയിട്ടില്ല എന്നതും എടുത്ത്പറയേണ്ടതാണ്.
ബംഗാളില്‍ നിന്നും അരിയിറക്കുമെന്നാണ് സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം. എന്നാല്‍ ബംഗാളില്‍ നിന്നും വരുന്നത് പച്ചരിയാണെന്നാണ് വിവരം. കേരളത്തിലെ ജനങ്ങള്‍ മട്ട, ജയ അരിയാണ് ഉപയോഗിക്കുന്നതെന്നിരിക്കെ പച്ചരി വിതരണം ചെയ്താല്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും സര്‍ക്കാറിന് വലിയ പ്രതിഷേധം നേരിടേണ്ടി വരും. ഇതിന് പുറമെ മാസങ്ങളായി കമ്മീഷന്‍ നല്‍കാത്തതുകാരണം റേഷന്‍ വ്യാപാരികള്‍ നടത്തുന്ന നിസ്സഹകരണ സമരം സര്‍ക്കാറിന് കൂനിന്‍മേല്‍കുരുവാണ്. ഒരു റേഷന്‍ കട പ്രവര്‍ത്തിക്കണമെങ്കില്‍ റൂം വാടക, വൈദ്യുതി ചാര്‍ജ്ജ്, ലോറി വാടക തുടങ്ങിയ ചെലവ് ഉള്‍പ്പെടെ പ്രതിമാസം 23,500 രൂപ വേണമെന്നാണ് കണക്ക്. എന്നാല്‍ പതിനായിരം രൂപ വരെ മാത്രമാണ് ഇവര്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നത്. ബാക്കി തുക വ്യാപാരികള്‍ തന്നെ കണ്ടത്തേണ്ട അവസ്ഥയാണ്. ഇതിന് പുറമെയാണ് മാസങ്ങളായി ഇവരുടെ കമ്മീഷന്‍ തുക തടഞ്ഞു വെച്ച് സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്. ഭക്ഷ്യ ഭദ്രത നിയമം നടപ്പിലായ സാഹചര്യത്തില്‍ റേഷന്‍ കടക്കാര്‍ക്ക് വേതനം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അവരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡയരക്ടറായ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതുമാണ്. പക്ഷെ ആശിപാര്‍ശയില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സൗജന്യ റേഷന്‍ കൊടുത്ത വകയില്‍ 14,200 ഓളം വരുന്ന റേഷന്‍ കടക്കാര്‍ക്ക് 152 കോടി രൂപ കുടിശ്ശികയാണ്.
റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട 1,54,80,000 കാര്‍ഡുടമകളുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് പുറത്തിറക്കുകയും ചെയ്തു. വ്യാപകമായ ക്രമക്കേടുകളും പരാതികളുമാണ് ഈ ലിസ്റ്റിനെതിരെ ഉയര്‍ന്നത്. 16 ലക്ഷത്തോളം പരാതികളാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മാത്രം ലഭിച്ചത്. പരാതി ലഭിച്ച ലിസ്റ്റ് ഭക്ഷ്യ വകുപ്പ് പരിശോധിച്ചപ്പോള്‍ 12.5 ലക്ഷം പേരും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട യഥാര്‍ത്ഥ അര്‍ഹരാണ്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം കേന്ദ്രത്തിന് സമര്‍പ്പിച്ച 1.54 കോടി പേരുടെ ലിസ്റ്റില്‍ യാതൊരു മാറ്റവും വരുത്താതെ 12.5 ലക്ഷം പേരെ തിരുകി കയറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മേല്‍പറഞ്ഞ 12.5 ലക്ഷം ആളുകളെ ഉള്‍പ്പെടുത്തുമ്പോള്‍ നിലവിലുള്ള ലിസ്റ്റില്‍ അത്രയും അനര്‍ഹരാണെന്ന് കണ്ടെത്തി പുറത്തുപോകും. ഇത് സര്‍ക്കാരിന് തിരിച്ചടിയാവുമെന്ന് കരുതിയാണ് ഇതിന് ഗ്രാമ സഭകകളെയും തദ്ദേശ സ്ഥാപനങ്ങളേയും നിയോഗിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളെ അടിച്ചേല്‍പിച്ച ഈ നടപടിയില്‍ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.
(മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കൊവിഡിൽ അനാഥരായ കുട്ടികളോട് കേന്ദ്രത്തിൻ്റെ ക്രൂരത: പ്രധാനമന്ത്രി കെയർ പദ്ധതിയിലേക്ക് കിട്ടിയ 51% അപേക്ഷകളും തള്ളി

കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് വേണ്ടി തുടങ്ങിയതാണ് ഈ പദ്ധതി.

Published

on

രാജ്യത്തെ കുട്ടികള്‍ക്കായുള്ള പിഎം കെയര്‍ പദ്ധതിയിലേക്ക് ലഭിച്ച 51% അപേക്ഷകളും തള്ളിയതായി റിപ്പോര്‍ട്ട്. കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് വേണ്ടി തുടങ്ങിയതാണ് ഈ പദ്ധതി. കൊവിഡ് മൂര്‍ധന്യത്തില്‍ നില്‍ക്കെയാണ് രാജ്യത്ത് 2021 മെയ് 29 ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയത്.

നിയമാനുസൃതമുള്ള രക്ഷിതാവിനെയോ വളര്‍ത്തുന്ന രക്ഷിതാക്കളെയോ യഥാര്‍ത്ഥ മാതാപിതാക്കളെയോ 2020 മാര്‍ച്ച് 11 നും 2023 മെയ് അഞ്ചിനും ഇടയില്‍ നഷ്ടമായവര്‍ക്ക് വേണ്ടിയുള്ളതായിരുന്നു പരാതി. രാജ്യത്തെ 33 സംസ്ഥാനങ്ങളിലെ 613 ജില്ലകളില്‍ നിന്നായി 9331 അപേക്ഷകളാണ് കേന്ദ്രത്തിന് ലഭിച്ചത്. എന്നാല്‍ 32 സംസ്ഥാനങ്ങളിലെ 558 ജില്ലകളില്‍ നിന്നുള്ള 4532 അപേക്ഷകള്‍ മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്.

ഇതുവരെ 4781 അപേക്ഷകള്‍ കേന്ദ്രം തള്ളി. 18 അപേക്ഷകള്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ അപേക്ഷകള്‍ നിരാകരിക്കാന്‍ വ്യക്തമായ കാരണങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമില്ല.

രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ എത്തിയത്. യഥാക്രമം 1553, 1511 , 1007 അപേക്ഷകളാണ് ഇവിടെ നിന്ന് ലഭിച്ചത്. എന്നാല്‍ മഹാരാഷ്ട്രയിലെ 855 അപേക്ഷകളും രാജസ്ഥാനിലെ 210 അപേക്ഷകളും ഉത്തര്‍പ്രദേശിലെ 467 അപേക്ഷകളുമാണ് കേന്ദ്രം അംഗീകരിച്ചത്.

അനാഥരാക്കപ്പെട്ട കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണവും പരിചരണവും ഉറപ്പാക്കുന്നതാണ് ഈ നയം. വിദ്യാഭ്യാസം, ആരോഗ്യ ഇഷുറന്‍സ്, സാമ്പത്തിക സഹായം തുടങ്ങിയവ 23 വയസ് വരെ ഈ പദ്ധതി വഴി അനാഥരാക്കപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രം നല്‍കും.

Continue Reading

Video Stories

പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ തമ്മില്‍ ഭേദമില്ല: കെ എം ഷാജി

സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്നത്

Published

on

നാട്ടില്‍ ഏതൊരു പ്രശ്‌നത്തിനും ആശ്രയിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അവരെ പിന്തുണക്കുന്നതില്‍ സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് കെ.എം ഷാജി.

സര്‍ക്കാരായാലും രാഷ്ട്രീയ പാര്‍ട്ടികഓളായാലും മറ്റു സംഘടനകളായാലും ഏതൊരു വിഷയത്തിലും ആദ്യം തേടുന്നത് പ്രവാസികളുടെ പിന്തുണയാണ്എന്നാല്‍ പ്രാവസികള്‍ക്കൊരു പ്രശ്‌നം വന്നാല്‍ പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമായും സര്‍ക്കാരുകളും നിസ്സംഗത പുലര്‍ത്തുന്നു. മരിച്ച് മയ്യത്തായാല്‍ പോലും പ്രവാസികളുടെ മയ്യിത്ത് നാട്ടിലേക്കെത്തിക്കാന്‍ പറ്റാത്ത തരത്തില്‍ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്ന സാഹചര്യങ്ങളുണ്ടാവുന്നു. സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്നത്.

എയര്‍ ഇന്ത്യ നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നത് കമ്പനി നഷ്ടത്തിലാണെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നിരിക്കുന്നു. കമ്പനി ലാഭത്തിലായിരിക്കുന്നു. എന്നിട്ടും സര്‍വ്വീസുകള്‍ മെച്ചപ്പെടുത്തുന്നതിന് പകരം യാത്രക്കാരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നത്.

ഒരാഴ്ചയില്‍ ഒരുലക്ഷത്തി മുപ്പത്തിനാലായിരം പേര്‍ക്ക് യു എ ഇ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യോമായന കരാര്‍. യു.എ.ഇ ഇന്ത്യയോട് ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്, ഈ നിരക്ക് ഉയര്‍ത്തി ചുരുങ്ങിയത് രണ്ടര ലക്ഷം യാത്രക്കാരെ അനുവദിക്കണം എന്നാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ കാരണം ഇതു സാധ്യമാവാതെ വരുന്നു.

കൂടുതല്‍ സര്‍വ്വീസുകളുണ്ടായാല്‍ വിമാന നിരക്ക് കുറയുമെന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സര്‍ക്കാരുകള്‍ വിമാന സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി നല്‍കുന്നില്ല. കണ്ണൂര്‍ വിമാനത്താവളത്തെയടക്കം തകര്‍ത്തത് അവിടെ പോര്‍ട്ടര്‍മാരായും മറ്റും ജോലിയെടുക്കുന്ന സഖാക്കളുടെ സമീപനം കൂടിയാണ്. ഇന്ന് ആളുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോലും ഭയമുണ്ടാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. ഗവണ്‍മെന്റുകളുടെ പിടിപ്പുകേടുകളുടെ മാത്രമാണ് എല്ലായിടത്തെയും പ്രശ്‌നം.

കേരള സര്‍ക്കാര്‍ നാടൊട്ടുക്കും വലിയ ഹോര്‍ഡിങ്‌സുകള്‍ വെച്ച് കൊട്ടിഘോഷിക്കുന്ന കേരള സഭയും ഈ വിഷയത്തില്‍ യാതൊരു നീക്കവും നടത്തുന്നില്ല. പ്രവാസികളിലെ ഒരു വിഭാഗത്തെ മാത്രം സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു പിരിഞ്ഞു പോവുകയല്ലാതെ, വിമാന നിരക്ക് കൊള്ളയടി പോലോത്ത് പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതും ലജ്ജാകരമാണ്.

അവസാന നിമിഷത്തിലാണ് പലപ്പോഴും ഫ്‌ലൈറ്റ് കാന്‍സലുകള്‍ നടത്തുന്നത്. ഇത് പ്രവാസികളുടെ ജോലി പോലും നഷ്ടപ്പെടാന്‍ കാരണമാവുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Continue Reading

Video Stories

മുതലപ്പൊഴിയിൽ രണ്ട് ബോട്ടപകങ്ങൾ; രക്ഷാപ്രവർത്തകർക്ക് പരിക്ക്

* രണ്ട് വള്ളങ്ങൾ പൂർണ്ണമായും തകർന്നു

Published

on

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അപകടപരമ്പര, രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് ആദ്യ അപകടം.പുതുക്കുറിച്ചി സ്വദേശി ഷിജുവിൻ്റെ ഉടസ്ഥതയിലുള്ള ഇല്ലാഹി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.അപകടം സംഭവിക്കുമ്പോൾ അഞ്ചുതൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് നിറയെ മീനുമായ വന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് തകർന്നു, ഇതോടെ വള്ളത്തിൽ വെള്ളം കയറി, വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.

രക്ഷാപ്രവർത്തനത്തിനിടെ രണ്ട് താൽകാലിക ഫിഷറീസ് ലൈഫ് ഗാർഡുകൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട വള്ളം മുങ്ങുന്നതിനിടെ രക്ഷാബോട്ടിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിക്കവേ വള്ളത്തിൻ്റെ അണിയം (കുറ്റി) പൊട്ടിയടിച്ചാണ് താഴംപള്ളി സ്വദേശി വിൽബന് (40) കൈയ്യിൽ പരിക്കേറ്റത്.ഇയാളുടെ ഇരു കൈകളും ഒടിഞ്ഞു. മറ്റൊരു വലിയ വള്ളം എത്തിച്ചാണ് പിന്നീട് അപകടത്തിൽപ്പെട്ട വള്ളം കരയ്ക്ക് എത്തിച്ചത്. അപകടത്തിൽപ്പെട്ട തൊഴിലാളികൾക്ക് പുലിമുട്ടിൽ നിന്നും ലൈഫ് ബോയ് എടുത്ത് ഇടാൻ ശ്രമിക്കവെ കാൽവഴുത്തി വീണ് ഷിബുവിനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.പൂത്തുറ സ്വദേശിയായ റോബിൻ്റെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജോസ്, റോയി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വള്ളത്തിലെ എഞ്ചിൻ കിട്ടിയെങ്കിലും വള്ളം പൂർണ്ണമായി തകർന്നു ഏപ്രിൽ മുതൽ ഇതുവരെ പതിനെട്ട് അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. ഈയാഴ്ചയിൽ ആറപകടങ്ങളും ഉണ്ടായി

Continue Reading

Trending