X
    Categories: Views

ചങ്ങലക്കിടേണ്ട ബുദ്ധിശൂന്യത

അരക്കോടിയോളം വരുന്ന ഫലസ്തീന്‍ ജനതയുടെ സ്വത്വത്തെയും നിലനില്‍പിനെയും ഒറ്റയടിക്ക് നിരാകരിക്കുകയും ലോക മുസ്‌ലിം ജനതയോടും രാജ്യാന്തര നീതിന്യായങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും പരസ്യമായി വെല്ലുവിളി നടത്തുകയും ചെയ്തിരിക്കുകയാണ് അമേരിക്കയുടെ അമരത്തിരിക്കുന്ന ഡൊണാള്‍ഡ് ജോണ്‍ ട്രംപ്. ലോക വന്‍ശക്തിയുടെ സിംഹാസനത്തില്‍ ഈവര്‍ഷമാദ്യം ഇരിപ്പുറപ്പിച്ച എഴുപത്തൊന്നുകാരന്‍ ഇതുവരെയും പ്രകടിപ്പിച്ചത് തന്റെ കുടുസ്സായതും അപകടകരമായതുമായ ബുദ്ധിശൂന്യതയാണ്. അതിന്റെതുടര്‍ച്ചയാണ് ബുധനാഴ്ച രാത്രി ജെറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. കഴിഞ്ഞ എഴുപതു വര്‍ഷത്തോളമായി അമേരിക്ക പിന്തുടര്‍ന്നുവന്ന ഫലസ്തീന്‍ നയത്തോടുള്ള വ്യക്തമായ വ്യതിയാനമാണ് ഇതിലൂടെ ട്രംപ് ലോക ജനതക്കുമുമ്പില്‍ സംക്രമിപ്പിച്ചിരിക്കുന്നത്. അതിലുപരി തീര്‍ത്തും നിരാലംബരായി, ഉരുക്കുമുഷ്ടിയുടെ ഇരകളാക്കപ്പെട്ട് ജീവിതം തള്ളിനീക്കുന്ന ഒരു ജനതയോടുള്ള തന്റെ കറതീര്‍ന്ന ധാര്‍ഷ്ട്യവും താന്തോന്നിത്തവും. ഇതാദ്യമായാണ് ഒരു രാജ്യം തര്‍ക്കപ്രദേശമായ ജെറുസലേമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റുമെന്ന് പ്രഖ്യാപിക്കുന്നത്. തീക്കളിതന്നെയാണ് ട്രംപ് കളിച്ചിരിക്കുന്നത്. പ്രസിഡന്റിനെ മാനസികപരിശോധനക്ക് വിധേയനാക്കണമെന്ന് അമേരിക്കക്കാര്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ഇസ്‌ലാമോഫോബിയ ബാധിച്ച് കണ്ണും കാതും മനസ്സും നഷ്ടപ്പെട്ടിരിക്കുകയാണ് ട്രംപിന്. ആറുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിനിടെയെല്ലാം ട്രംപ് പ്രകടിപ്പിച്ച വികാരം മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരെയായിരുന്നു. ഇതിന്റെ ഭാഗമായാണ് സുരക്ഷയുടെ കാരണം പറഞ്ഞ് ഏഴു രാജ്യങ്ങളിലെ മുസ്‌ലിംകളുടെ അമേരിക്കയിലേക്കുള്ള വരവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. ഇസ്രാഈലിന് ജെറുസലേം തലസ്ഥാനമായി നല്‍കുമെന്ന പ്രഖ്യാപനവും തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. റിപ്പബ്ലിക്കരുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക്‌പെന്‍സും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സ്റ്റേറ്റ് സെക്രട്ടറി റെക് ടില്ലേഴ്‌സണ്‍, ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് ജാറദ്കുഷ്‌നര്‍ എന്നിവരും ട്രംപ് ഇസ്രാഈല്‍ അംബാസഡറായി നിയോഗിച്ച ഡേവിഡ് ഫ്രീഡ്മാനുമെല്ലാം ട്രംപിന്റെ തലതിരിഞ്ഞ ഫലസ്തീന്‍ നയത്തിന്റെ മുന്നണിപ്പോരാളികളായിരുന്നുവെന്നത് സത്യം. വെറും ഉത്തരവ് പ്രഖ്യാപിക്കുക എന്ന കൃത്യം മാത്രമേ യഥാര്‍ഥത്തില്‍ ട്രംപിന് ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. അതാണ് ഫലസ്തീനില്‍ മാത്രമല്ല, അറബ്- പശ്ചിമേഷ്യന്‍ മേഖലയിലാകെ കരിനിഴല്‍ പരത്തിയിരിക്കുന്നത്. ഇതിനകംതന്നെ ഇസ്രാഈല്‍ കയ്യടക്കിവെച്ചിരിക്കുന്ന പ്രദേശങ്ങളിലാകെ ഫലസ്തീന്‍ ജനതയുടെയാകെ പ്രതിഷേധം അലയടിച്ചുതുടങ്ങി. വെസ്റ്റ്ബങ്കിലും ജോര്‍ദാനിലും ഇറാഖിലും ഇറാനിലുമെല്ലാം ട്രംപിനെതിരായ പ്രതിഷേധക്കൊടുങ്കാറ്റാണ് ഉയര്‍ന്നിരിക്കുന്നത്. ഇസ്രാഈലാകട്ടെ കൂറ്റന്‍ ടാങ്കുകള്‍ പ്രദേശത്തേക്ക് അയച്ചിരിക്കുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അറബ് രാജ്യത്തലവന്മാരും വാര്‍ത്താമാധ്യമങ്ങളും ട്രംപിന്റെ നടപടി തലതിരിഞ്ഞതാണെന്നും ഇത് മേഖലയില്‍ പുതിയ സംഘര്‍ഷത്തിന് തുടക്കമിടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഹമാസ് പോലുള്ള സംഘടനകള്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം കൂടി വന്നതോടെ അമേരിക്ക വിതച്ചത് അറബ് ലോകത്ത് കൊയ്യുന്നുവെന്നാണ് അനുമാനിക്കേണ്ടത്. മേഖലയിലെ തീവ്രവാദസംഘടനകള്‍ അമേരിക്കയെയും ഇസ്രാഈലിനെയും സായുധമായി നേരിടാനുള്ള സാധ്യത കാണുന്നവരുമുണ്ട്. 2012നു ശേഷമുള്ള മൂന്നാമതൊരു ഇന്‍തിഫാദ (വിമോചന പ്രക്ഷോഭം) തുടങ്ങുമെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സ്ഥലമെന്ന നിലക്ക് അന്താരാഷ്ട്ര മേല്‍നോട്ടത്തിന് കീഴിലാണ് ജെറുസലേം.1948ലെ അറബ്-ഇസ്രാഈല്‍ യുദ്ധത്തില്‍ പടിഞ്ഞാറന്‍ ജെറുസലേം ഇസ്രാഈല്‍ കയ്യടക്കി. കിഴക്കന്‍ ജെറുസലേം ജോര്‍ദാനും. 1967ല്‍ ജോര്‍ദാനില്‍ നിന്ന് ഇസ്രാഈല്‍ ഇത് തിരികെ കയ്യടക്കി. പിന്നീട് 1980ല്‍ ജെറുസലേമിനെയാകെ ഇസ്രാഈല്‍ തലസ്ഥാനമായി സ്വയം പ്രഖ്യാപിച്ചു. മക്കക്കും മദീനക്കും ശേഷം മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യ മസ്ജിദായ മസ്ജിദുല്‍ അഖ്‌സ സ്ഥിതിചെയ്യുന്ന സ്ഥലമെന്ന നിലക്ക് ലോകത്തെ ഇരുനൂറു കോടിയോളം വരുന്ന മുസ്‌ലിംകളുടെയാകെ പുണ്യനഗരം കൂടിയാണ് ജെറുസലേം.

പതിറ്റാണ്ടുകളായി പൗരത്വം പോലുമില്ലാതെ ഇസ്രാഈലിന്റെ കാരുണ്യത്തില്‍ കഴിയേണ്ട ഗതികേടിലാണ് ഫലസ്തീന്‍കാര്‍. മ്യാന്മാറിലെ രോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് സമാനമായ അവസ്ഥയിലാണ് കാലങ്ങളായി ഫലസ്തീന്‍കാര്‍ അറബ്‌ലോകത്ത് കഴിഞ്ഞുകൂടുന്നത്. കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി സ്വന്തം രാഷ്ട്രം എന്ന സ്വപ്‌നത്തിലാണ് ഇവര്‍. ഇതെല്ലാം ഒറ്റയടിക്ക് തരിപ്പണമാക്കിയിരിക്കുകയാണ് ട്രംപിന്റെ മറ്റൊരു കറുത്ത ഡിസംബര്‍ ആറിലെ പ്രഖ്യാപനം. തന്റെ മുന്‍ഗാമികള്‍ ചെയ്യാന്‍ ഭയപ്പെട്ടത് താന്‍ ചെയ്യുന്നുവെന്ന വീമ്പിളക്കലും ട്രംപ് നടത്തിയിട്ടുണ്ട്. ‘ചരിത്രപരമായ വിജയം’ എന്ന വാക്കുകള്‍ കൊണ്ടാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുമല്ലാതെ യൂറോപ്യന്‍ യൂണിയനിലെ യു.എസ് സഖ്യരാഷ്ട്രങ്ങള്‍ പോലും തീരുമാനത്തെ പിന്തുണക്കില്ലെന്ന് വ്യക്തമായ നിലക്ക് തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയാണ് ട്രംപ് ചെയ്യേണ്ടതെങ്കിലും അതിനുള്ള മൂല്യബോധം അദ്ദേഹത്തിനില്ലെന്ന് തെളിയിക്കപ്പെട്ടതാണ്. പോപ്പ് ഫ്രാന്‍സിസും ഐക്യരാഷ്ട്ര രക്ഷാസമതിയും ട്രംപിന്റെ തീരുമാനത്തെ അപലപിക്കുകയാണ്.

2005ല്‍ ജെറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് പ്രമേയം തന്നെ ജൂതലോബിയുടെ ശ്രമഫലമായിരുന്നു. അമേരിക്കയിലെയും ഇസ്രാഈലിലെയും തീവ്ര ജൂതലോബിയാണ് തീരുമാനത്തിന് പിന്നിലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ട്രംപിനെ അധികാരത്തിലെത്തിച്ചതിലും ഈ ലോബിയുടെ പങ്ക് വലുതാണ്. അമേരിക്ക കാലാകാലങ്ങളായി ജൂതന്മാരുടെ കയ്യിലാണെന്നതിന് തെളിവാണ് യു.എന്നില്‍ പല തവണയായി വന്ന ഇസ്രാഈല്‍ വിരുദ്ധ പ്രമേയങ്ങളെ വീറ്റോ ചെയ്ത ആ രാജ്യത്തിന്റെ നടപടികള്‍. ഒരു ജനത എന്ന നിലയില്‍ ലോകത്ത് ഇത്രയും ദു:സ്വാധീനമുള്ള വംശം വേറെയില്ല. വെറുപ്പാണ് അതിന്റെ പ്രത്യയശാസ്ത്രം. സ്വാതന്ത്ര്യകാലഘട്ടം മുതല്‍ ഫലസ്തീനെ സാമാന്യനീതിയുടെ പേരില്‍ പിന്തുണച്ചുവരുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെങ്കിലും ജൂത ഭരണകൂടത്തിന് സമാനമായ നിലപാടുകളാണ് നരേന്ദ്രമോദി ചെയ്തുവരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ ട്രംപിനെതിരായ എങ്ങും തൊടാതെയുള്ള പ്രസ്താവം. കടുത്ത ഒരുവാക്ക് പ്രയോഗിക്കാന്‍പോലും ത്രാണിയില്ലാതെ രാജ്യ സ്‌നേഹത്തെ ട്രംപിന്റെ കാല്‍കീഴില്‍ അടിയറവെച്ചിരിക്കുകയാണോ മോദിയും കൂട്ടരും. ലോക ജനാധിപത്യത്തിന്റെ നെറുകെയില്‍ നിലകൊള്ളുന്ന നമുക്ക് ഇത് നാണക്കേടാണ്. നീതി പുലര്‍ന്നു കാണുന്നതുവരെ ലോക ജനതയുടെ പോരാട്ടം തുടരട്ടെ എന്നുമാത്രമാണ് ഇത്തരുണത്തില്‍ ആഗ്രഹിക്കാനും പ്രാര്‍ഥിക്കാനുമുള്ളത്.

chandrika: