X
    Categories: MoreNews

രക്തപ്പുഴയൊഴുകുന്ന ഇരുണ്ട പൂന്തോട്ടം

അസര്‍ബെയ്ജാന്‍-അര്‍മീനിയ അതിര്‍ത്തിയിലെ കാടുനിറഞ്ഞ പര്‍വ്വത മേഖലയാണ് ഇരുണ്ട പൂന്തോട്ടമെന്ന് അര്‍ത്ഥമുള്ള നഗോര്‍ണ-കരാബാഖ്. സംഘര്‍ഷത്തിന്റെ രക്തക്കറകള്‍ ഇരുള്‍ വീഴ്ത്തിയ ഭൂപ്രദേശമെന്ന നിലയില്‍ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ആ പേര് ഇണങ്ങും. യുദ്ധങ്ങളും പടയോട്ടങ്ങളുമായി മേഖലക്ക് സ്വസ്ഥത ലഭിച്ച കാലം ചുരുക്കം. ശാന്തമെന്ന് തോന്നിയപ്പോഴും സജീവ അഗ്നിപര്‍വ്വതം പോലെ അസ്വസ്ഥമായിരുന്നു അവിടം. സെപ്തംബര്‍ 27 മുതല്‍ വീണ്ടും വെടിയൊച്ച മുഴങ്ങുമ്പോള്‍ ആശങ്കയുടെ പുകച്ചുരുളുകള്‍ വ്യാപിക്കുകയാണ്. സ്വഭാവിക പൊട്ടിത്തെറിയെന്ന മട്ടിലായിരുന്നു ലോകത്തിന്റെ ആദ്യ പ്രതികരണം. പക്ഷെ, വന്‍ശക്തികള്‍ ഇരുപക്ഷത്തുമായി നിലകൊണ്ടതോടെ യുദ്ധത്തിന്റെ ഗതിയും സ്വഭാവവും മാറുകയാണ്. മുതലെടുപ്പിന് തക്കംപാര്‍ത്ത് അമേരിക്കയും ഇസ്രാഈലും ദക്ഷിണ കാക്കസസില്‍ വട്ടമിടുന്നുണ്ട്. അവസരം ലഭിക്കുമ്പോള്‍ രക്തംകുടിക്കാനായി അവരും പറന്നിറങ്ങും.

സാമ്രാജ്യത്വ അധിനിവേശങ്ങളുടെയും വംശീയാക്രമണങ്ങളുടെയും ആഭ്യന്തര സംഘര്‍ഷത്തിന്റെയും ജനകീയ കലാപങ്ങളുടെയും കേന്ദ്രമായിരുന്നു എക്കാലവും നഗോര്‍ണ-കരാബാഖ് മേഖല. റോമന്‍, പേര്‍ഷ്യന്‍, ഉസ്മാനിയ, റഷ്യന്‍, സോവിയറ്റ് ശക്തികളുടെ ബലപരീക്ഷണത്തിന് പലവട്ടം വേദിയായി. അവരുടെ പിന്മാറ്റത്തിന് ശേഷം അസര്‍ബെയ്ജാനും അര്‍മീനിയക്കുമിടയില്‍ കടിച്ചുവലിക്കപ്പെടുകയാണ്. 1980കളില്‍ സോവിയറ്റ് യൂണിയന്റെ ശക്തിക്ഷയത്തോടെ തുടങ്ങുന്നു അതിനുവേണ്ടിയുള്ള അവകാശത്തര്‍ക്കങ്ങള്‍. ഔദ്യോഗികമായി അസര്‍ബെയ്ജാന്റെ ഭാഗമാണിത്. 1988ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കുമ്പോള്‍തന്നെ സ്വയം ഭരണ പദവി റദ്ദാക്കി അര്‍മീനിയയില്‍ ചേരാന്‍ നഗോര്‍ണ-കരാബാഖ് മേഖല അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. ഈ നീക്കത്തെ അസര്‍ബെയ്ജാന്‍ ശക്തമായി എതിര്‍ത്തു. അര്‍മീനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുണ്ടെന്നത് മാത്രമായിരുന്നു അത്തരമൊരു പ്രമേയത്തിന്റെ അടിസ്ഥാനം. സോവിയറ്റ് തകര്‍ച്ചക്ക്‌ശേഷം അര്‍മീനിയയും അസര്‍ബെയ്ജാനും സ്വതന്ത്ര രാഷ്ട്രങ്ങളായി മാറിയപ്പോള്‍ തര്‍ക്കം രൂക്ഷമായി. 1991ല്‍ മേഖലയെ ചൊല്ലിയുള്ള സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് നയിച്ചു. അര്‍മീനിയന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ അര്‍മീനിയന്‍ വിമതര്‍ അസര്‍ബെയ്ജാനുമായി വര്‍ഷങ്ങളോളം യുദ്ധം ചെയ്തു. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്ത യുദ്ധം 1994ല്‍ യു.എന്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് അവസാനിച്ചത്. പക്ഷെ, സമാധാന കരാറുണ്ടാക്കിയിരുന്നില്ല. നഗോര്‍ണ-കരാബാഖ് മേഖലയില്‍ അര്‍മീനിയന്‍ വിമതര്‍ പിടിമുറുക്കുകയും സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. മേഖലയില്‍ സ്വാധീനമുള്ള റഷ്യക്കും യൂറോപ്യന്‍ ശക്തികള്‍ക്കും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിച്ചില്ല. അവര്‍ അതിന് മുന്‍കൈയെടുത്തില്ലെന്ന് പറയുന്നതാവും ശരി. തര്‍ക്കത്തില്‍ സ്വാര്‍ത്ഥവും സങ്കുചിതവുമായ താല്‍പര്യങ്ങള്‍ അവരെ നിയന്ത്രിക്കുന്നുണ്ടെന്നത് തന്നെ അതിന് കാരണം.
സ്വതന്ത്ര റിപ്പബ്ലിക്കെന്ന നിലയില്‍ ഐക്യരാഷ്ട്രസഭയും ആഗോളസമൂഹവും നഗോര്‍ണ-കരാബാഖിനെ അംഗീകരിച്ചിട്ടില്ല. അര്‍മീനിയന്‍ വംശജരുടെ രക്ഷക്കെന്ന പേരില്‍ അര്‍മീനിയന്‍ പട്ടാളക്കാരുടെ സാന്നിധ്യമാണ് സമാധാന നീക്കങ്ങള്‍ക്കുള്ള പ്രധാന തിരിച്ചടി. സ്വന്തം പരമാധികാരത്തിനു കീഴിലുള്ള മേഖലക്കുമേല്‍ അസര്‍ബെയ്ജാന്‍ അവകാശവാദമുന്നയിക്കുന്നതില്‍ തെറ്റില്ല. ജനസംഖ്യയില്‍ 90 ശതമാനവും അര്‍മീനിയന്‍ വംശജരാണെന്നതുകൊണ്ട് മാത്രം നഗോര്‍ണ-കരാബാഖ് അര്‍മീനിയയുടേത് ആകുന്നില്ല. അസര്‍ബെയ്ജാന്റെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമാധാനപൂര്‍ ണമായ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിന്പകരം വിമതര്‍ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നല്‍കി തീയില്‍ എണ്ണയൊഴിക്കുകയാണ് അര്‍മീനിയ ചെയ്യുന്നത്. 2016ല്‍ 200ഓളം പേര്‍ കൊല്ലപ്പെട്ട യുദ്ധത്തിന്‌ശേഷം ആദ്യമായാണ് അര്‍മീനിയയും അസര്‍ബെയ്ജാനും മുഖാമുഖം ഏറ്റുമുട്ടുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ സംഘര്‍ഷം പുകഞ്ഞുതുടങ്ങിയിരുന്നെങ്കിലും കോവിഡ് ഭീതിയെത്തുടര്‍ന്ന് ആളിപ്പടര്‍ന്നില്ലെന്ന് മാത്രം. ഒറ്റപ്പെട്ട ഏറ്റുമുട്ടല്‍ ഉണ്ടായെങ്കിലും വാര്‍ത്തയായില്ല. ജൂലൈയില്‍ 16 പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. സെപ്തംബര്‍ 27നാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ തുടക്കം. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. അവകാശവാദങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. യുദ്ധമുന്നണിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സിറിയയിലും ലിബിയയിലും സൈനികമായി ഇടപെട്ട് അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയ തുര്‍ക്കി അസര്‍ബെയ്ജാന് തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജ് ലാവ്‌റോവിന്റെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചക്കൊടുവിലാണ് വിദേശകാര്യ മന്ത്രിമാര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചത്. പക്ഷെ, അതിന്‌ശേഷവും ആക്രമണം തുടര്‍ന്നു. വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ പേരില്‍ പരസ്പരം പഴിചാരി. വന്‍ശക്തികള്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് അസര്‍ബെയ്ജാന്റെ ആരോപണം. ഭൂപ്രദേശം തിരിച്ചുപിടിക്കാതെ യുദ്ധം അവസാനിപ്പിക്കേണ്ടതില്ലെന്ന് ശാഠ്യം തുര്‍ക്കിക്കുമുണ്ട്. സാമ്പത്തികമായി അസര്‍ബെയ്ജാന്‍ അല്‍പം ഭേദപ്പെട്ട സ്ഥിതിയിലാണിപ്പോള്‍. പ്രതിരോധ രംഗത്ത് അവര്‍ക്കത് ആത്മവിശ്വാസം പകരുന്നുമുണ്ട്.

തുര്‍ക്കിയുടെ സഹായം അസര്‍ബെയ്ജാന് ശക്തി പകരുമ്പോള്‍ നഗോര്‍ണ-കരാബാഖ് വിമതര്‍ അര്‍മീനിയയിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. റഷ്യയുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അര്‍മീനിയക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. അസര്‍ബെയ്ജാനെ തുറന്ന് എതിര്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് മോസ്‌കോ. രണ്ട് രാജ്യങ്ങളുമായും നല്ല ബന്ധമാണ് റഷ്യ പുലര്‍ത്തിപ്പോന്നിരുന്നത്. അര്‍മീനിയക്ക് ആവശ്യമായ എണ്ണയും വാതകവും നല്‍കുന്നത് റഷ്യയാണെന്ന് മാത്രമല്ല, അവര്‍ക്കവിടെ സൈനിക താവളവുമുണ്ട്. യൂറോപ്യന്‍ ശക്തികള്‍ക്ക് പക്ഷപാതമുണ്ടെങ്കിലും അവരും ആശയക്കുഴപ്പത്തിലാണ്. ഫ്രാന്‍സ് അര്‍മീനിയയെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ ജര്‍മന്‍ സ്വരം വ്യത്യസ്തമാണ്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുര്‍ക്കിയാണെന്നാണ് ഫ്രാന്‍സിന്റെ അഭിപ്രായം. തുര്‍ക്കി വഴി സിറിയന്‍ വിമത പോരാളികള്‍ അസര്‍ബെയ്ജാനെ സഹായിക്കാന്‍ എത്തുന്നുണ്ടെന്ന് അര്‍മീനിയ ആരോപിക്കുന്നു. നിഷ്പക്ഷ സ്വഭാവം ഉപേക്ഷിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രണ്ടുപക്ഷത്തുമായി അണിനിരന്നാല്‍ യുദ്ധം കൂടുതല്‍ രക്തരൂഷിതമാകും. പ്രത്യാഘാതങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഒത്തുതീര്‍പ്പിന് വഴങ്ങുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ശ്രദ്ധ അനിവാര്യമായിരിക്കുന്നു. കാഴ്ചക്കാരായി നില്‍ക്കുന്നതിന് പകരം ക്രിയാത്മകമായ ഇടപെടലാണ് അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

 

chandrika: