X
    Categories: Views

ലോക ജനത ഫലസ്തീനൊപ്പം

യു.എസ് – സയണിസ്റ്റ് അച്യുതണ്ടിന്റെ ഗൂഢ നീക്കങ്ങളെ തള്ളിപ്പറഞ്ഞ് ലോകം ഫലസ്തീനിലെ പീഡിതര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യു.എന്‍ രക്ഷാ സമിതി യോഗത്തിലെ കാഴ്ചകള്‍. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടിയെ ഇസ്രാഈല്‍, യു.എസ് പ്രതിനിധികള്‍ ഒഴികെയുള്ളവരെല്ലാം ഒരേ രീതിയിലാണ് രക്ഷാസമിതി യോഗത്തില്‍ എതിര്‍ത്തത്. ഫലസ്തീന്‍ എന്ന രാഷ്ട്രത്തിന്റെ അസ്തിത്വവും നിലനില്‍പ്പും പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷവുമാണ് ആഗോള സമൂഹം താല്‍പര്യപ്പെടുന്നതെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറപ്പെടുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൈക്കൊണ്ടത്. ലോക രാഷ്ട്രങ്ങളുടേയും പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ള ലോകനേതാക്കളുടേയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു നടപടി. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജൂത പ്രീണനത്തിനു വേണ്ടി മുന്നോട്ടു വെച്ച വാഗ്ദാനമാണ് മറ്റൊരു തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് ട്രംപ് നിറവേറ്റിയിരിക്കുന്നത്. എന്നാല്‍ അത് പശ്ചിമേഷ്യയിലും അറബ് ലോകത്തും ആഗോള മുസ്്‌ലിം മനസ്സിലും സൃഷ്ടിക്കുന്ന മുറിപ്പാട് ചെറുതല്ല.

പശ്ചിമേഷ്യയുടെ ഉറക്കം കെടുത്തിക്കൊണ്ടായിരുന്നു ഇസ്രാഈല്‍ എന്ന ജൂത രാഷ്ട്രത്തിന്റെ പിറവി തന്നെ. വിശുദ്ധ ഗേഹമായ ബൈതുല്‍ മുഖദ്ദിസ് ഉള്‍പ്പെടുന്ന ഫലസ്തീന്റെ മണ്ണ് അനധികൃത കുടിയേറ്റങ്ങളിലൂടെയും സൈനിക നടപടികളിലൂടെയും ഘട്ടം ഘട്ടമായി കവര്‍ന്നെടുത്ത് സ്വന്തം വിസ്തൃതി കൂട്ടിയ ഇസ്രാഈല്‍, മേഖലയുടെ സമാധാനാന്തരീക്ഷത്തെ എല്ലാ കാലത്തും തുരങ്കംവെച്ചുകൊണ്ടിരുന്നു. ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ജറൂസലേമിന്റെ പടിഞ്ഞാറു ഭാഗമാണ് ആദ്യം നിയന്ത്രണത്തില്‍ കൊണ്ടുവന്നത്. 1967ല്‍ ആറു ദിവസങ്ങളിലായി നടത്തിയ ഏകപക്ഷീയ സൈനിക നടപടിയിലൂടെ കിഴക്കന്‍ ജറസൂലേമിന്റെ നിയന്ത്രണവും ഇസ്രാഈല്‍ കൈപിടിയിലൊതുക്കി. ആഗോള സമൂഹത്തിന്റെ കടുത്ത എതിര്‍പ്പും ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യമുള്ള പോരാട്ടവീര്യവുമാണ് ജറൂസലേമിന്റെ പൂര്‍ണ നിയന്ത്രണം ഇസ്രാഈലിന്റെ കൈകകളില്‍ ഒതുങ്ങുന്നതിന് അല്‍പമെങ്കിലും പ്രതിരോധം തീര്‍ത്തത്. 1980ലെ ജറൂസലേം നിയമ പ്രഖ്യാപനത്തിലൂടെ ഐക്യ ജറൂസലേം നിലവില്‍ വന്നതായും ജറൂസലേം ആയിരിക്കും ഇനിമുതല്‍ തങ്ങളുടെ തലസ്ഥാനമെന്നും ഇസ്രാഈല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോക രാഷ്ട്രങ്ങളോ ഫലസ്തീന്‍ ഭരണകൂടമോ ഇത് അംഗീകരിച്ചിരുന്നില്ല. ഇസ്രാഈലിന്റെ ഈ പ്രഖ്യാപനത്തിന് നിയമപരമായ പിന്തുണ നല്‍കുകയാണ് ട്രംപ് ഭരണകൂടം ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ

നയപരമായ തീരുമാനം എന്ന നിലയിലല്ല, പശ്ചിമേഷ്യയിലും അറബ് ലോകത്തും സംഘര്‍ഷം വിതയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന നിലയില്‍ വേണം ട്രംപിന്റെ നീക്കത്തെ വീക്ഷിക്കാന്‍. ഭരണപരമായ തീരുമാനം എന്നതിനപ്പുറത്ത് ലോകം മുഴുവനുമുള്ള യു.എസ് എംബസികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി, മുന്‍കൂട്ടി സമയം നിശ്ചയിച്ച് മഹത്തായൊരു തീരുമാനത്തിന്റെ വിളംബരമെന്ന കണക്കെയാണ് വിവാദ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. സാധ്യമായ എല്ലാ രീതിയിലും പ്രകോപനം അഴിച്ചുവിടുക എന്നതാണ് യു.എസ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ആര്‍ക്കും ബോധ്യപ്പെടുന്നതായിരുന്നു ഈ നടപടികള്‍. അതുകൊണ്ടു തന്നെയാണ് ട്രംപിന്റെ നടപടിയെ അതേ നാണയത്തില്‍ തന്നെ ലോക രാഷ്ട്രങ്ങള്‍ എതിര്‍ക്കുന്നതും.

യു.എന്‍ രക്ഷാ സമിതി യോഗത്തിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ട്രംപിന്റെ നീക്കത്തെ ഒരു നിലയ്ക്കും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളെ തികടം മറിക്കാന്‍ മാത്രം ഉപകരിക്കുന്ന നടപടി എന്നാണ് മധ്യപൂര്‍വേഷ്യന്‍ മേഖലയിലെ യു.എന്‍ നയതന്ത്ര പ്രതിനിധി നിക്കോളായ് മ്ലഡ്‌നോവ് ട്രംപിന്റെ തീരുമാനത്തെ വിശേഷിപ്പിച്ചത്.

ജറൂസലേം എന്നത് മുസ്്‌ലിം, ക്രൈസ്തവ, ജൂത വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായക സ്ഥാനമുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു വിഭാഗത്തിന് മാത്രമായി ഇതിന്റെ നിയന്ത്രണം കൈമാറുക എന്നത് ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഫലമായി സാധ്യമല്ല. ജറൂസലേമിനെ സംയുക്ത തലസ്ഥാനമാക്കി നിലനിര്‍ത്തിക്കൊണ്ട് ഫലസ്തീനും ഇസ്രാഈലും അടങ്ങുന്ന ദ്വിരാഷ്ട്ര പരിഹാര സമവാക്യമാണ് നേരത്തെ യു.എസ് ഭരണകൂടം ഉള്‍പ്പെടെ മുന്നോട്ടു വെച്ചിരുന്നത്. ബറാക് ഒബാമ പ്രസിഡണ്ടായിരിക്കെ, ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് ലോക സമൂഹത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈസ്രാഈല്‍ തന്നെയാണ് അന്ന് ആ നീക്കത്തെ അട്ടിമറിച്ചത്. ഒബാമയുടെ നിര്‍ദേശത്തെ ട്രംപ് അന്ന് പരസ്യമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

തങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമില്ലാത്ത ജറൂസലേമിനെ തീവ്രവാദികള്‍ ലക്ഷ്യം വെച്ചേക്കാമെന്നും അത് സ്വന്തം പൗരന്മാരുടെ ജീവന് ഭീഷണിയാണെന്നുമുള്ള വാദമായിരുന്നു അന്ന് ഇസ്രാഈല്‍ ഉയര്‍ത്തിയത്. ജറൂസലേമിന്റെ നിയന്ത്രണം പൂര്‍ണമായി കൈവശപ്പെടുത്താനും ബൈതുല്‍ മുഖദ്ദിസിന്റെ മണ്ണിലേക്ക് മുസ്്‌ലിം സമൂഹത്തിന് എക്കാലത്തേക്കും പ്രവേശനം കൊട്ടിയടക്കാനുമുള്ള ജൂത തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. അതിന് വളംവെച്ചു നല്‍കുന്ന തീരുമാനമാണ് യു.എസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് രണ്ടു പതിറ്റാണ്ടായി ഫലസ്തീനിന്റെ മണ്ണില്‍ പുതിയ ആസൂത്രിത കുടിയേറ്റങ്ങള്‍ ഇസ്രാഈലിന് സാധ്യമായിരുന്നില്ല. അത്തരം നടപടികള്‍ക്ക് ഇസ്രാഈലിന് ഒത്താശ ചെയ്യുക കൂടിയാണ് ട്രംപിന്റെ ലക്ഷ്യം. ഈ വര്‍ഷമാദ്യം പുതിയ കുടിയേറ്റ പദ്ധതിക്ക് നെതന്യാഹു മന്ത്രിസഭ അംഗികാരം നല്‍കിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഗസ്സ ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രാഈല്‍ നടത്തുന്ന റോക്കറ്റാക്രമണം, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനല്ല, മറിച്ച് പുതിയ കുടിയേറ്റങ്ങള്‍ക്ക് നിലമൊരുക്കാനാണെന്നു വേണം വിശ്വസിക്കാന്‍. രണ്ടാം ഇന്‍തിഫാദ(വിമോചന സമരത്തിന്)ക്ക് ഹമാസ് നല്‍കിയ ആഹ്വാനത്തിന് പ്രസക്തി ഏറുന്നതും അതുകൊണ്ടാണ്. ആഗോള സമൂഹം ഉയര്‍ത്തുന്ന എതിര്‍പ്പിലൂടെ മാത്രമേ ഫലസ്തീനിന്റെ മണ്ണിലെ ഇസ്രാഈല്‍ അധിനിവേശവും ക്രൂരതയും ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂ. ട്രംപിന്റെ നടപടിക്കെതിരെ വിവിധ ലോക രാഷ്ട്രങ്ങളില്‍ യു.എസ് എംബസികളിലേക്ക് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണ്. ഉപരോധവും സൈനിക നടപടിയും കൊണ്ട് നിരന്തരം വേട്ടയാടപ്പെട്ടിട്ടും തളരാതെ, പിറന്ന മണ്ണിനു വേണ്ടി ഒരു ജനത നടത്തുന്ന തുല്യതയില്ലാത്ത പോരാട്ടത്തെ ലോകം അംഗീകരിക്കുന്നതിന്റെ തെളിവാണിത്. യു.എന്‍ രക്ഷാ സമിതിയില്‍ ലോക രാഷ്ട്രങ്ങള്‍ കൈക്കൊണ്ട നിലപാടും വേട്ടക്കാരനൊപ്പമല്ല, വേട്ടയാടപ്പെടുന്നവനോടൊപ്പമാണ് തങ്ങളെന്ന് ഉറക്കെ വിളിച്ചു പറയുന്നതാണ്.

chandrika: