X

സംസ്‌കാര സംഗമ ഭൂമിയില്‍ സാഭിമാനം

 

ചരിത്രമുഹൂര്‍ത്തമാണിത്്. ബഹുഭാഷാ-സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ പാലക്കാട്ടുനിന്ന് ചന്ദ്രിക പ്രസിദ്ധീകരണമാരംഭിച്ചിരിക്കുന്നു. ചന്ദ്രികയുടെ പതിമൂന്നാമത് എഡിഷനായി, പാലക്കാട്ടുകാരുടെ സ്വന്തം ചന്ദ്രികയായി. ടിപ്പുസുല്‍ത്താന്റെയും, കുഞ്ചന്‍നമ്പ്യാരൂടെയും എം.ടിയൂടെയും ഒ.വി വിജയന്റെയും ജീവിത യാത്രയുടെ മുദ്രകള്‍ പതിഞ്ഞ മലയാണ്മയുടെ ഹൃദയ ഭൂമിയില്‍, ആശയ സമ്പത്തിന്റെയും ആത്മാഭിമാനത്തിന്റെയും അക്ഷരത്തലയെടുപ്പോടെ ചന്ദ്രിക വീണ്ടുംവരുന്നു, കൂടുതല്‍ ഉള്ളടക്കത്തോടെയും പുതുമോടിയോടെയും. കൂടുതല്‍ അരികത്തേക്ക്, കൂടുതല്‍ ആത്മവിശ്വാസത്തോടെ. അന്യായങ്ങളോട് കലഹിച്ചും സമൂഹത്തിന് അര്‍ഹമായത് നേടിക്കൊടുക്കുമെന്നുള്ള ദൃഢപ്രതിജ്ഞ പുതുക്കിക്കൊണ്ടും ആ വിശ്വാസം പരസ്പരം പകര്‍ന്നുനല്‍കിക്കൊണ്ടും.
എട്ടരപതിറ്റാണ്ടോളംമുമ്പ്് 1934 മാര്‍ച്ച് 26 ലെ ബലിപെരുന്നാള്‍ സുദിനത്തില്‍ തലശ്ശേരിയില്‍ ഉദയം ചെയ്ത അധ:സ്ഥിത-പിന്നാക്ക പതിതകോടികളുടെ ജിഹ്വ ഇപ്പോള്‍ കേരളത്തിന്റെ നെല്ലറകൂടിയായ പാലക്കാട്ടേക്ക് വരുമ്പോള്‍ ഇതിഹാസഭൂമിയില്‍ മറ്റൊരു ചരിത്രദൗത്യംകൂടിനിറവേറപ്പെടുകയാണ്. ബലിപെരുന്നാളിന്റെ രണ്ടാംദിനത്തില്‍ അത്യന്തം ലളിതവും അതേസമയം പ്രൗഢഗംഭീരവുമായി മലപ്പുറം പാണക്കാട്ട് നടന്ന ഊഷ്മളമായ ചടങ്ങിലാണ് മുസ്‌ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷനും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ പാലക്കാട് -കോയമ്പത്തൂര്‍ പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചന്ദ്രികയുടെ ആശയഗംഭീരവും വിവരസാങ്കേതികവുമായ കുതിപ്പിന്റെ പാന്ഥാവിലെ പുതുനാഴികക്കല്ലാണിത്. എഴുപത്തൊന്നാം സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടുവെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന പരിപാടി സംസ്ഥാനം നൂറ്റാണ്ടിനിടെ നേരിട്ട കൊടുംപ്രളയത്തിന്റെ, ഇരുന്നൂറില്‍പരം മനുഷ്യരുടെ ജീവഹാനിയുടെ പശ്ചാത്തലത്തില്‍ കേരള നാടിന്റെ പുനര്‍നിര്‍മാണത്തിന് കൈകോര്‍ക്കാനുള്ള ആഹ്വാനം കേട്ട് ആഘോഷപ്പൊലിമയാര്‍ന്ന ചടങ്ങുകളും പ്രചാരണ ഘോഷങ്ങളും മാറ്റിവെച്ച് അതീവ ലളിതമായി നിര്‍വഹിക്കുകയായിരുന്നു. ചന്ദ്രികയുടെ അഭ്യുദയകാംക്ഷികളെല്ലാം ഈ സാഹചര്യത്തിലെ പരിപാടി മാറ്റത്തെ ഔചിത്യപൂര്‍വം ഉള്‍ക്കൊള്ളുകയും അഭിവാദ്യം നേരുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ-സാമൂഹികപൊതുമണ്ഡലങ്ങളിലെ പ്രമുഖരുടെയും പഴയതും പുതിയതുമായ തലമുറകളുടെയും സംഗമവേദിയായി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന ജില്ല എന്നതിനുപുറമെ പരമ്പരാഗതമായ കാരണങ്ങളാലും ഭൂശാസ്ത്രപ്രത്യേകതകള്‍കൊണ്ടും വിവിധ സമുദായങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അന്നമൂട്ടിയ മണ്ണാണ് പാലക്കാട്. മാപ്പിളമാരും റാവുത്തര്‍മാരും പഠാണികളും തമിഴ് ബ്രാഹ്മണരുമൊക്കെ തോളോടുതോള്‍ ചേര്‍ന്ന് വിയര്‍പ്പൊഴുക്കിയ നിളാനദിക്കര. അവിഭക്തപാലക്കാട് ജില്ല ഉള്‍പെടുന്ന മലബാര്‍ പ്രവിശ്യയില്‍നിന്നാണ് ഇന്നത്തെ തമിഴ്‌നാടായ പഴയ മദ്രാസ് നിയമസഭയിലേക്ക് മതന്യൂനപക്ഷസമുദായത്തില്‍നിന്ന് നിരവധി അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുസ്്‌ലിംലീഗിനെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതിനുശേഷം ആദ്യമായി ഖാഇദേമില്ലത്ത് ഇസ്്മായില്‍സാഹിബ് പാലക്കാടിന്റെ അതിര്‍ത്തിപ്രദേശമായ പുതുനഗരത്തില്‍ വന്ന് ഉയര്‍ത്തിയ ഹരിതപതാക ഇന്ന് അതിരുകളില്ലാതെ കേരളത്തിലും രാജ്യത്താകെയും പാറിപറക്കുന്നു. ഇവിടെതന്നെയാണ് തൊഴിലാളി യൂണിയനടക്കമുള്ള കരുത്തുറ്റ പ്രസ്ഥാനങ്ങള്‍ നട്ടുപിടിപ്പിച്ചതും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മതിയായ അക്ഷരജ്ഞാനംപോലുമില്ലാതിരുന്ന നിര്‍ഭാഗ്യരും നിത്യദരിദ്രരുമായ സമൂഹത്തെ പ്രബുദ്ധമാക്കിയും സ്വപ്‌ന സാക്ഷാല്‍ക്കാരങ്ങളിലേക്കുയര്‍ത്തിയുമാണ് അവരുടെ പരിദേവനങ്ങളെയൊക്കെയും വെളുത്ത പ്രതലത്തിലെ കറുത്ത മഷിയിലാക്കിക്കൊണ്ട് അധികാരത്തിന്റെ കോട്ടകൊത്തങ്ങളിലേക്ക് ചന്ദ്രിക തൂലിക ചലിപ്പിച്ചത്. അക്ഷരങ്ങള്‍ അഗ്നിസ്ഫുലിംഗങ്ങളായ ദിനരാത്രങ്ങള്‍. ഈ പത്രം മുസ്്‌ലിംലീഗ് അടക്കമുള്ള പിന്നാക്ക ന്യൂനപക്ഷ പ്രസ്ഥാന നേതാക്കളുടെ പടവാളും പടച്ചട്ടയുമായതും കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ നിര്‍ണായകമായ ഭാഗഭാക്കായതും മറ്റൊന്നും കൊണ്ടല്ല. കേരള നവോത്ഥാന നായകരിലൊരാളായ സീതിസാഹിബ് അടക്കം പലരും നേരിട്ടും ചന്ദ്രികയുടെ പുറങ്ങളിലൂടെയും പതിതജനകോടികളുമായി ഹൃദയത്തിന്റെ ഭാഷയില്‍ സംവദിച്ചു. വെള്ളപ്പട്ടാളത്തിന്റെയും ഭൂ ജന്മിമാരുടെയും നുകങ്ങള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടതു മുതല്‍ മലബാര്‍ കലാപാനന്തരകാലത്ത് പിറന്ന മണ്ണുപോലും അന്യാധീനപ്പെട്ട പശ്ചാത്തലത്തില്‍ ദരിദ്ര ലക്ഷങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ആശ്രയബിന്ദുവായി ചന്ദ്രിക. പിന്നീട് തൊഴില്‍ തേടി അവര്‍ മണലാരണ്യങ്ങളിലേക്ക് പോയപ്പോഴും വിരല്‍തുമ്പില്‍ പിടിച്ച് കൂടെനിന്നു, നില്‍ക്കുന്നു.
തനിക്ക് ആദ്യമായി കിട്ടിയ എഴുത്തിന്റെ പ്രതിഫലം ചന്ദ്രികയില്‍നിന്നാണെന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ജ്ഞാനപീഠജേതാവ് എം.ടി വാസുദേവന്‍നായര്‍ മുതല്‍ സാംസ്‌കാരിക-മാധ്യമലോകത്തെ പല പ്രമുഖരുടെയും എഴുത്തുതൊട്ടിലുമായിരുന്നു ചന്ദ്രിക. എണ്ണമറ്റ രചനകളുടെയും പ്രതിഭകളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പൊതുമണ്ഡലത്തിലെയും മതസാമൂഹികരംഗങ്ങളിലെയും സ്ഥാപനങ്ങളുടെയും ഇന്ധനമായി അത് നിലകൊള്ളുന്ന പതിതകോടികളുടെ പുനരുത്ഥാനത്തിനുള്ള നിലപാട് തറയായി ചന്ദ്രിക. മലപ്പുറം ജില്ലയും കോഴിക്കോട് ഫാറൂഖ്‌കോളജും കാലിക്കറ്റ് സര്‍വകലാശാലയും കരിപ്പൂര്‍ വിമാനത്താവളവുമൊക്കെ ആ നീണ്ട പട്ടികയിലെ വിരലിലെണ്ണാവുന്നവ മാത്രം. തീവ്രവര്‍ഗീയതയുടെ സമകാലികത്തിലും ചന്ദ്രികയുടെ പ്രതിരോധമാണ് വൈകാരിക വിക്ഷോഭങ്ങളിലേക്ക് ഇടംതിരിഞ്ഞു പോകുമായിരുന്ന ഒരു സമൂഹത്തെ സംയമനത്തിന്റെ നേര്‍വഴിയില്‍ പിടിച്ചുനിര്‍ത്തിയത്. ഇതിനൊക്കെ പ്രതിഭയും പ്രയത്‌നവും പകര്‍ന്ന കെ.എം. സീതി സാഹിബ്, സത്താര്‍ സേട്ട് സാഹിബ്, സി.പി. മമ്മുക്കേയി, എ.കെ. കുഞ്ഞിമായിന്‍ ഹാജി, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സി.എച്ച്. മുഹമ്മദ്‌കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങി ചന്ദ്രികയുടെ സാരഥ്യം വഹിച്ച അസംഖ്യം പൂര്‍വസൂരികളെ നന്ദിപൂര്‍വം സ്മരിക്കട്ടെ. തൊട്ടടുത്ത തമിഴ്‌നാട്ടിലെ കോയമ്പത്തൂരടക്കമുള്ള വ്യാവസായികപട്ടണങ്ങളിലേക്കുകൂടിയാണ് പാലക്കാട്ടെ ചന്ദ്രിക ഇനിയെത്തുക. മതന്യൂനപക്ഷപിന്നാക്ക ജനതയുടെ ആവേശമായ ചന്ദ്രികയുടെ ചിരപ്രശോഭിതമായ ഉന്നതിക്ക്് സര്‍വവിധ അകമഴിഞ്ഞ പിന്തുണയും പാലക്കാട്ടെയും തമിഴ്‌നാട്ടിലെയും രാജ്യത്തും ലോകത്താകെയുമുള്ള മതേതര ജനവിഭാഗങ്ങളില്‍ നിന്ന് പത്രബന്ധുക്കളില്‍ നിന്ന് തുടര്‍ന്നും ലഭിക്കുമെന്ന ശുഭപ്രതീക്ഷയോടെ.

chandrika: