X

ചോരപ്പുഴകള്‍ ഇനിയും താങ്ങാനാകുമോ

മനുഷ്യ സംസ്‌കൃതികളുടെ അനുപമ പൂങ്കാവനമായി പരിണമിച്ചതാണ് മഹത്തായ നമ്മുടെ നാട്. ലോകത്ത് അന്യത്ര ദര്‍ശിക്കാനാകാത്ത മതേതരത്വ, ജനാധിപത്യ സങ്കല്‍പങ്ങള്‍ ഭാരതമണ്ണില്‍ ആഴ്്ന്നിറങ്ങാന്‍ പ്രേരകമായത് ഈ സംസ്‌കാര സങ്കലനം. കാലഗതിയുടെ ശപ്തവേളകളില്‍ രാഷ്ട്ര നേതാക്കളുടെ രക്തസാക്ഷിത്വത്തിലൂടെയും എണ്ണമറ്റ നിരപരാധികളുടെ ജീവത്യാഗങ്ങളിലൂടെയും നഷ്ടമേറെ സംഭവിച്ചെങ്കിലും ഇന്നാടിനെ തകര്‍ക്കാനും ഇല്ലാതാക്കാനും പരിശ്രമിച്ച ദേശവിരുദ്ധവിഷവിത്തുകളെ ഒറ്റക്കെട്ടായിനിന്ന് പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ജനതക്ക് സാധിതമായിരുന്നു. എന്നാല്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍പോലും ആ അഭിമാനസ്തംഭങ്ങളെയെല്ലാം വിട്ടെറിഞ്ഞ് നിഷാദ യുഗത്തിലേക്ക് നമ്മുടെ നാട് ചരിക്കുകയാണോ എന്ന ഭീതി ഓരോ ഇന്ത്യക്കാരന്റെയും മനോമുകുരങ്ങളെയുംഅലട്ടുന്ന ഘട്ടമാണിത്. സ്വാതന്ത്ര്യ സമരകാലം മുതല്‍ രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന പിന്നാക്ക-ദലിത് ജനവിഭാഗങ്ങളെയും മത ന്യൂനപക്ഷങ്ങളെയും ഭീഷണിപ്പെടുത്തിയും അരിഞ്ഞുവീഴ്ത്തിയും സാമൂഹിക മേഖലകളില്‍ നിന്നകറ്റി അരങ്ങുവാണ സവര്‍ണ ഭൂവുടമാശക്തികള്‍ അധികാരത്തിലിരിക്കുമ്പോള്‍ മേല്‍പ്രകടിത ഉത്കണ്ഠയെ നിസ്സാരമായി തള്ളിക്കളയാനാകില്ല.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 1992 ഡിസംബര്‍ ആറിന് തകര്‍ത്ത അഞ്ഞൂറു കൊല്ലത്തോളം പഴക്കമുള്ള ബാബരി മസ്്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന വാദം ഉന്നയിക്കുകയാണ് ഏറെനാളായി രാജ്യത്തെ ഹിന്ദുത്വ ശക്തികളും അതിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും അവരുടെ സര്‍ക്കാരുകളും. പള്ളി തകര്‍ക്കപ്പെട്ടശേഷം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ 2010ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയിന്മേലുള്ള അപ്പീലുകള്‍ പരിഗണിക്കുന്ന സുപ്രീംകോടതി 2019 ജനുവരി ആദ്യവാരം വിചാരണ തീയതി നിശ്ചയിക്കാമെന്ന് വിധിച്ചിരിക്കെ, അതിനെതിരെ സംഘ്പരിവാരവും അവരുടെ സന്യാസിമാരും കേന്ദ്ര മന്ത്രിമാരും രാമക്ഷേത്രം ഉടന്‍ പണിയുമെന്ന വാദവുമായി രംഗത്തുവന്നിരിക്കുന്നത് രാജ്യത്തെ നിയമങ്ങളും സമാധാനവും അവര്‍ക്ക് ബാധകമല്ലെന്ന തോന്നലാണ് പൊതുവില്‍ ഉണ്ടാക്കിയിട്ടുള്ളത്. ശാസ്ത്രീയ അടിത്തറയില്ലെങ്കിലും അയോധ്യയിലെ ബാബരി മസ്ജിദ് നിര്‍മിച്ചത് 13 ലക്ഷത്തോളം വര്‍ഷം മുമ്പ് ത്രോതായുഗത്തില്‍ ശ്രീരാമന്‍ ജനിച്ച ഭൂമിയിലാണെന്ന വാദമാണ് സംഘ്പരിവാരം ഉന്നയിക്കുന്നത്. സുപ്രീംകോടതിയില്‍ നടക്കുന്നത് ബാബരി മസ്ജിദ് നിലനിന്ന 2.27 ഏക്കര്‍ ഭൂമി ആരുടെ ഉടമസ്ഥതയിലാണ് എന്ന തര്‍ക്കമാണ്. നേരത്തെ വിധി പറയണമെന്ന യു.പി സര്‍ക്കാരിന്റെ വാദത്തെ സുപ്രീംകോടതി നേരിട്ടത് ,’ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മുന്‍ഗണനകളുണ്ട്’ എന്നു പറഞ്ഞാണ്. ഉചിതമായ ബെഞ്ച് വിചാരണത്തീയതി നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു. കേവലമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ ഉന്നതനീതിപീഠം തയ്യാറല്ല എന്നതാണ് ഒക്ടോബര്‍ 30ലെ ഉത്തരവ് ബോധ്യപ്പെടുത്തുന്നത്. ജനുവരിയില്‍ വിചാരണ തിയ്യതി നിശ്ചയിച്ചാല്‍തന്നെ വിചാരണതീരാന്‍ മാസങ്ങളെടുക്കും. അതുകൊണ്ടത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗപ്പെടില്ല. ഹൈന്ദവ വിശ്വാസികള്‍ ബി.ജെ.പിക്ക് വോട്ടുബാങ്ക് മാത്രമാണ്. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് നിര്‍വാഹകസമിതിയോഗത്തിനുശേഷം വിഷയത്തില്‍ ഹിന്ദുക്കളുടെ വികാരത്തെ കോടതി അപമാനിക്കുകയാണെന്നാണ് അതിന്റെ ജനറല്‍ സെക്രട്ടറി ഭയ്യാജോഷി വിളിച്ചുപറഞ്ഞത്. കേന്ദ്ര നിയമമന്ത്രിമാരായ ഉമാഭാരതിയും ഗിരിരാജ് സിംഗും പറയുന്നത് കേന്ദ്രം നിയമമോ ഓര്‍ഡിനന്‍സോ ഇറക്കണമെന്നാണ്. പ്രധാനമന്ത്രി ഗൂഢമായ മൗനം പാലിക്കുമ്പോള്‍ ബി.ജെ.പി അധ്യക്ഷനും രാജ്യസഭാംഗവുമായ അമിത്ഷാ വ്യംഗ്യമായി ഭീഷണിപ്പെടുത്തുന്നത്, പാലിക്കാന്‍ കഴിയാത്ത വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കരുതെന്നാണ്. ഭരണഘടനയെതൊട്ട് സത്യപ്രതിജ്ഞചെയ്ത അയോധ്യ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് ദീപാവലി കഴിഞ്ഞാല്‍ ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നാണ്. മുമ്പ് മസ്ജിദ് സംരക്ഷിക്കുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പുകൊടുത്തത് മറ്റൊരു ബി.ജെ.പി മുഖ്യമന്ത്രിയായിരുന്നുവെന്നത് മറക്കരുത്. അതിലും ഒരുപടി കടന്നാണ് യോഗിയുടെ ജനവിരുദ്ധപ്രസ്താവം. കര്‍സേവകര്‍ മസ്ജിദ് പൊളിച്ച ഡിസംബര്‍ആറിന് ക്ഷേത്രം പണിയാരംഭിക്കുമെന്ന് സന്യാസിമാരും ആയിരക്കണക്കിന് നിരപരാധികളുടെ മരണത്തിനിടയാക്കിയ കലാപത്തിന് വഴിവെച്ച 1992ലെ രാമക്ഷേത്ര പ്രസ്ഥാനത്തിന്് സമാനമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്‍.എസ്.എസും പറയുന്നു. ഇത് നാടിനെയും ജനങ്ങളെയും സാമൂഹികദ്രോഹികള്‍ക്ക് എറിഞ്ഞുകൊടുക്കലിന് തുല്യമാണ്. ഭരണഘടനക്കും നാടിനും നേര്‍ക്കുള്ള വെല്ലുവിളിയാണ്. ഇനിയും കലാപങ്ങളും രക്തപ്പുഴകളും താങ്ങാനുള്ള ശേഷി ഇന്ത്യക്കില്ല. ജനങ്ങളുടെ സൈ്വര്യജീവിതവും ക്ഷേമവും ഉറപ്പുവരുത്തേണ്ട ആളുകളില്‍നിന്നുതന്നെയാണ് ഇത്തരം പ്രകോപനങ്ങളും വെല്ലുവിളികളും ഉണ്ടാകുന്നത് എന്നത് വിരോധാഭാസമായി തോന്നാം. ഇതിനെതിരെ ഇവര്‍ നടപടിയെടുക്കുമെന്ന് കരുതുന്നത് മൗഢ്യമാകും.
രാജ്യത്തെ സാമ്പത്തികമായി നിലംപരിശാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിത്യവൃത്തിക്കാരായ തൊഴിലാളികളുടെയും കര്‍ഷകരുടെയും ചെറുകിട വ്യാപാരി വ്യവസായികളുടെയും നെഞ്ചില്‍ തീ കോരിയിട്ടാണ് ഓരോ ദിനവും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനകം 20 സംസ്ഥാനങ്ങള്‍ കൈക്കലാക്കിയെങ്കിലും വരാനിരിക്കുന്ന അഞ്ച് സംസ്ഥാനനിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ കാര്യം പന്തിയല്ല. ഇതാണ് രാമക്ഷേത്ര നിര്‍മാണത്തിന് തയ്യാറാകാനുള്ള ആഹ്വാനത്തിന് പിന്നിലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. രാമക്ഷേത്രം പണിയുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ് പ്രകടനപത്രികയില്‍ വാഗ്ദാനംചെയ്തത് നാലര വര്‍ഷവും കഴിയാത്തതിനാല്‍ ഇപ്പോള്‍ നടപ്പാക്കുകയാണെന്ന് വരുത്തുകയാണ് ലക്ഷ്യം. ഇതുവഴി പൊതുജനശ്രദ്ധ അവരുടെ ദൈനംദിന ജീവിതപ്രയാസങ്ങളില്‍നിന്ന് തിരിക്കാമെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍. കേവലം 33 ശതമാനം മാത്രം വോട്ടുകൊണ്ട് അധികാരത്തിലേറിയ തങ്ങള്‍ക്ക് ഇനി അതിനേക്കാള്‍ താഴെ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്ന് ഉറപ്പുള്ളതിനാലാണിത്. മുസ്്‌ലിംകള്‍ നൂറ്റാണ്ടുകളോളം ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദിനെയും ഹിന്ദുമത വിശ്വാസത്തെയും അധികാരാരോഹണത്തിന്റെ ചവിട്ടുപടിയാക്കുകയാണ് സംഘ്പരിവാരം. തീവ്ര ഹിന്ദുത്വവാദികള്‍ക്ക് രാഷ്ട്രശരീരത്തില്‍ ഇടമില്ലെന്ന് തെളിയിക്കപ്പെടേണ്ട നിര്‍ണായക അവസരമാണിത്. നീതിന്യായ സംവിധാനത്തെ മാത്രമാണ് മുസ്‌ലിംകളുള്‍പെടുന്ന മതേതര വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കാകെയും ഇനി ആശ്രയിക്കാനുള്ളത്. കോടതിയുടെ അന്തിമാഭിപ്രായം വരുന്നതുവരെയോ ജനകീയ കോടതിയുടെ വിധി വരുന്നതുവരെയോ കാത്തിരിക്കാതെ നിയമമോ ഓര്‍ഡിനന്‍സോ ഇറക്കുന്നതിനെ കോടതിയലക്ഷ്യവും രാജ്യദ്രോഹവുമായേ കാണാനാകൂ.

chandrika: