X

കലിതുള്ളുന്ന കാലവര്‍ഷം

കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് കടല്‍ക്ഷോഭവും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറില്‍ അതിതീവ്ര മഴ വര്‍ഷിച്ച കേരളത്തില്‍ അസാധാരണ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഒന്നു കണ്ണുതെറ്റിയാല്‍ എല്ലാം തകര്‍ന്നു തരിപ്പണമാകും വിധത്തിലാണ് കാറ്റും മഴയും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റില്‍ കടല്‍ രൗദ്രഭാവംപൂണ്ടു നില്‍ക്കുന്നു. തീരദേശത്ത് പാര്‍ക്കുന്നവര്‍ നെഞ്ചിടിപ്പോടെയാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ ഇരുപതോളം മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലവെള്ളപ്പാച്ചിലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. കൃഷിയിടങ്ങളും പുരയിടങ്ങളും നഷ്ടപ്പെട്ടവര്‍ ഏറെയാണ്. പലയിടങ്ങളിലും കുത്തൊഴുക്കില്‍പെട്ട് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞില്ലാതാവുകയും മരങ്ങളും വൈദ്യുതി കമ്പികളും പൊട്ടിവീണ് തടസം നേരിട്ടതിനാല്‍ ഗതാഗത മേഖല നിശ്ചലമാവുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ജാഗ്രതക്കുറവ് വിപത്തുകളുടെ വ്യാപ്തി വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലാവാത്തതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആളപായം വര്‍ധിക്കാനിടയായത്. ദുരന്തം സംഭവിച്ചതിനു ശേഷമുള്ള നെട്ടോട്ടങ്ങളേക്കാള്‍ ദുരന്തം വരാതിരിക്കാനുള്ള ശക്തമായ കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.

ഇടവപ്പാതിയില്‍ തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കഴിഞ്ഞ ഒരാഴ്ചയായി തുള്ളിമുറിയാതെ പെയ്തുകൊണ്ടിരിക്കുകയാണ്. ഭൂമധ്യരേഖക്കു തെക്കുള്ള ഉച്ചമര്‍ദ മേഖലയില്‍ നിന്നും അതിവേഗതയിലാണ് കാലവര്‍ഷക്കാറ്റിന്റെ സഞ്ചാരം. ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നും വടക്കു-പടിഞ്ഞാര്‍ ദിശയിലേക്ക് ശക്തമായി കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട മഴ ഇടതടവില്ലാതെ പെയ്തുതീരുന്നതാണ് കേരളത്തിന്റെ കടലുകളില്‍ ക്രമാതീതമായ ജലനിരപ്പിന്റെ നിദാനം. കാലവര്‍ഷക്കാറ്റിന് വേഗത കൂടുന്നതോടെ കടല്‍ക്ഷോഭം രൂക്ഷമാവുകയും ചെയ്യുന്നുണ്ട്. തീരദേശത്ത് മിക്കയിടങ്ങളിലും കടല്‍ഭിത്തികള്‍ തകര്‍ത്തെറിഞ്ഞ് വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്. കടല്‍ഭിത്തി ഇല്ലാത്തിടങ്ങളിലെ തീരവാസികള്‍ കാലവര്‍ഷം കനത്തതോടെ വീടുവിട്ടിറങ്ങേണ്ടി വന്നിട്ടുണ്ട്. കടല്‍ ക്ഷോഭിച്ചു നില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് പുറപ്പെടാനാവാതെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി തുടരുന്ന കടല്‍ക്ഷോഭത്തോടൊപ്പം ട്രോളിങ് നിരോധനവും കൂടിയായതിനാല്‍ കടലോര മേഖല വറുതിയുടെ വറച്ചട്ടിയിലാണ് കഴിയുന്നത്. ക്ഷാമം കാരണം മത്സ്യവില കുതിച്ചുയരുന്നത് പൊതുജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ട്രോളിങ് കാലത്ത് സാധാരണ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടക്കാറുണ്ടെങ്കിലും കടല്‍ക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കാരണങ്ങളെല്ലാം തീരദേശ ജനതയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്.

മലയോര മേഖല ഉരുള്‍പൊട്ടലിന്റെ ഭീതിവിട്ടുമാറാതെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. ഇവിടങ്ങളില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിത്യദുരന്തമായി മാറിയിരിക്കുകാണ്. ഇന്നലെ താമരശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവഹാനിയടക്കം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കൊടുങ്ങല്ലൂരില്‍ അഞ്ചു വീടുകള്‍ ഒഴുകിപ്പോയി. ഈ വീടുകളിലെ പതിനാറോളം പേരെ കാണാതായതായും സംശയമുണ്ട്. കോഴിക്കോട്ട് ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് അഞ്ഞൂറോളം പേരെയാണ് സുരക്ഷാ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ സത്വര നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഏതു നിമിഷവും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പത്തു താലൂക്കുകളും മിതസാധ്യതയുള്ള 25 താലൂക്കുകളും സംസ്ഥാനത്തുണ്ട്. 2016ലെ ദുരന്ത നിവാരണ ആസൂത്രണ രേഖയില്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങളുണ്ട്. ഇത് സര്‍ക്കാര്‍ മേശപ്പുറത്ത് വിശ്രമിക്കുന്നു എന്നതല്ലാതെ ഈ കാലവര്‍ഷക്കെടുതിയിലും ഇതില്‍നിന്നു പാഠമുള്‍ക്കൊള്ളാന്‍ സര്‍ക്കാറിനായിട്ടില്ല. കോഴിക്കോട്ടും വയനാട്ടിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള ജീവഹാനിയും നാശനഷ്ടവും ഇതാണ് തെളിയിക്കുന്നത്. ഏറെ അപകട സാധ്യതയുള്ള ഇടുക്കിയിലെയും പാലക്കാട്ടെയും സ്ഥിതിയും ഇതില്‍ നിന്നു ഭിന്നമല്ല. സാധ്യതാ പ്രദേശങ്ങളില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായിക്കഴിഞ്ഞു. മിക്കയിടങ്ങളിലും സൂചനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് കഴിക്കന്‍ മേഖല മുന്‍ വര്‍ഷങ്ങളിലെ ഉരുള്‍പൊട്ടലുകളുടെ തുടര്‍ച്ചയാണ് ഇത്തവണയുമുണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ 5607 ച.കി.മീ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന ആസൂത്രണ രേഖയുടെ മുന്നറിയിപ്പ് പ്രകാരമാണ് സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടത്. മലയോര മേഖലയില്‍ അതീവ ശ്രദ്ധയോടെയുള്ള കരുതല്‍ നടപടികള്‍ വേഗത്തിലാക്കുകയും വേണം. കോഴിക്കോട് താമരശേരി ചുരം ഇടിഞ്ഞ് ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. ഇതോടെ വയനാട് ജില്ല ഒറ്റപ്പെട്ട അവസ്ഥയിലാണ്. എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ വയനാട്ടുകാര്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടാല്‍ ഇതിന് വിഘാതം സൃഷ്ടിക്കും. ഫലമോ കൂടുതല്‍ ദുരന്തത്തിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങുക.
24 സെ.മീറ്റര്‍ വരെ മഴ തുടര്‍ച്ചയായി ലഭിക്കുന്നതിനാല്‍ സംസ്ഥാനത്തെ കടല്‍ ജലനിരപ്പ് ഉയരുകയും തോടും പുഴയും ആറും കിണറും കുളങ്ങളുമെല്ലാം നിറഞ്ഞൊഴുകുകയും ചെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇത്തവണ നേരത്തെ തന്നെ കാലവര്‍ഷപ്പെയത്ത് സംസ്ഥാനത്ത് തുടങ്ങിയിരുന്നു. ദീര്‍ഘകാല ശരാശരിയുടെ 97 മുതല്‍ 102 ശതമാനം വരെ മഴ ലഭിക്കുമെന്ന ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) പ്രവചനം പുലരുന്നതുപോലെയാണ് നിലയ്ക്കാതെയുള്ള മഴ. അതിനാല്‍ ലഭിച്ചതിനേക്കാളേറെ ശക്തിയില്‍ കാറ്റും മഴയും ഇനിയും പ്രതീക്ഷിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറും ദുരന്ത നിവാരണ അതോറിറ്റിയും കൈമെയ് മറന്ന് കാലവര്‍ഷക്കെടുതികളെ നേരിടാന്‍ കര്‍മസജ്ജമാകണം. സര്‍ക്കാറും സംവിധാനങ്ങളും കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന് കാവലിരുന്നാല്‍ മാത്രമേ വലിയ വിപത്തുകളില്‍ നിന്ന് നാടിനെ രക്ഷിക്കാനാവൂ.

chandrika: