X

# മീടൂ ആരോപിതര്‍ കീഴടങ്ങണം

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയടക്കം രാജ്യത്തെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ലൈംഗികാരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ അവരെയെല്ലാം നിയമത്തിന്റെ വഴിക്ക് കൊണ്ടുവരേണ്ടത് ഭരണഘടനാപരമായി അനിവാര്യമായിരിക്കയാണ്. മന്ത്രി എം.ജെ അക്ബറിനെതിരെ ഒരു ഡസനിലധികം വനിതകളാണ് ലൈംഗിക പീഡനാരോപണവുമായി രംഗത്തുവന്നിട്ടുള്ളത്. ഹോളിവുഡില്‍ ആരംഭിച്ച ‘മീ ടൂ ഹാഷ്ടാഗ്’ പ്രചാരണം ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വികേന്ദ്രീകരിക്കപ്പെട്ട് പ്രസ്ഥാനമായി ഗ്രാമ തലങ്ങളിലേക്ക്‌വരെ വ്യാപിക്കുകയാണ്. മുന്‍കാലങ്ങളില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളാണ് സ്ത്രീകള്‍, പല പ്രായത്തിലുള്ളവരും, ഇപ്പോള്‍ തുറന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ തൊഴിലിടങ്ങളിലെ പീഡനത്തിനെതിരായി 2103ല്‍ നിര്‍മിച്ച നിയമം നിലവിലുണ്ടായിട്ടുപോലും ഇത്തരം പരാതികളില്‍ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കാണ് ഇക്കാര്യത്തില്‍ മറ്റാരേക്കാളും ഉത്തരവാദിത്തമുള്ളതെന്നത് വിശേഷിച്ച് ഓര്‍മപ്പെടുത്തേണ്ടതില്ല.
ന്യൂയോര്‍ക്ക് ആസ്ഥാനമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മജ്‌ലി പുയി കാംപ്, മന്ത്രി അക്ബര്‍ പത്രാധിപരായിരുന്ന ഏഷ്യന്‍ ഏജ് പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗസാല വഹാബ് തുടങ്ങി പതിനഞ്ചോളം സ്ത്രീകള്‍ അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നുവെന്നത് അക്ബര്‍ ചെയ്യുന്നതുപോലെ പുച്ഛിച്ചുതള്ളാന്‍ മാത്രമുള്ളതല്ല. എല്ലാ സ്ത്രീകളും ചേര്‍ന്ന് അക്ബറിനും ബി.ജെ.പിക്കുമെതിരെ ഗൂഢാലോചന നടത്തി എന്ന ന്യായം തൊണ്ടതൊടാതെ വിഴുങ്ങാന്‍ രാജ്യത്തെ ജനങ്ങളെല്ലാം വിഡ്ഢികളാണോ. മന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ഇതുവരെയും ബി.ജെ.പിയും പ്രധാനമന്ത്രിയും സ്വീകരിച്ചിട്ടുള്ളതെന്ന് അവരുടെ പ്രതികരണങ്ങളും പ്രതികരണമില്ലായ്മയും കൊണ്ടുതന്നെ വ്യക്തമാണ്. നിയമ നടപടിക്കുമുമ്പ് തന്റെ ഭരണഘടനാപദവി സ്വയം ഒഴിഞ്ഞുപോകാനുള്ള ധാര്‍മിക ബോധമാണ് അക്ബര്‍ കാട്ടേണ്ടത്. ആരോപണങ്ങള്‍ സത്യമാണെന്നതിന് തെളിവില്ലെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ നിലപാടും മോദിയുടെ മൗനവും വ്യക്തമാക്കുന്നത് അക്ബറിനെ അവര്‍ സംരക്ഷിക്കുമെന്നുതന്നെയാണ്. ഇവരാണ് രാജ്യത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും മാനവും ജീവനും കാക്കുമെന്ന് വായിട്ടടിക്കുന്നത്. ജമ്മുവില്‍ കത്വയിലെ പെണ്‍കുട്ടി ക്ഷേത്രത്തിനകത്ത് മാനഹാനിക്കിരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ക്കുവേണ്ടി എന്തെല്ലാം കോപ്രായങ്ങളാണ് കോടതിയിലടക്കം കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആളുകള്‍ കാട്ടിക്കൂട്ടിയതെന്ന് ജനം മറന്നിട്ടില്ല. അതിനാല്‍ അക്ബറിന്റെ കാമ ഭ്രാന്തില്‍നിന്നും ജീവിതമെങ്കിലും തിരിച്ചുകിട്ടിയവര്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതുപോലും അസ്ഥാനത്താകും.
കേരളത്തിലും സിനിമാ, മാധ്യമ മേഖലകളില്‍നിന്ന് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും അവയിലും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അനങ്ങുന്ന മട്ടില്ല. രണ്ട് സി.പി.എം നിയമസഭാസാമാജികരാണ് രണ്ടു മാസത്തിനിടെ വനിതാ സഹപ്രവര്‍ത്തകരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തപ്പെട്ടത്. പി.കെശശിക്കും നടന്‍ കൂടിയായ മുകേഷിനുമെതിരെ പക്ഷേ ചെറു വിലനക്കാന്‍ പോലും കേരളത്തിലെ സര്‍ക്കാര്‍ രാഷ്ട്രീയനൈതിക ബോധം പ്രകടിപ്പിക്കുന്നില്ല. മറ്റൊരു നടിയും പരസ്യമായി ആരോപണം ഉന്നയിച്ചു. മീ ടൂ ആരോപണം ഉയര്‍ന്നുവരുമ്പോള്‍ ഹിന്ദി സിനിമാമേഖലയില്‍ പ്രമുഖ നിര്‍മാതാക്കളും സംവിധായകരും നടീനടന്മാരുമൊക്കെ ആരോപണ വിധേയരായവരെ സെറ്റില്‍നിന്നും പ്രൊജക്ടില്‍നിന്നും പുറത്താക്കുകയും അവര്‍ക്കെതിരെ സിനിമ പോലും നിര്‍ത്തിവെച്ച് നിയമനടപടിക്ക് തയ്യാറെടുക്കുകയും ചെയ്യുമ്പോള്‍ കേരളത്തിന്റെ പുരോഗമന മുഖംമൂടി സാമൂഹിക മാധ്യമങ്ങളിലും സമൂഹത്തിലും അഴിഞ്ഞുവീഴുകയാണ്. പ്രധാനമന്ത്രിയെപോലെ മുഖ്യമന്ത്രിക്കും വിഷയത്തില്‍ നാവനങ്ങുന്നില്ല. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം ശക്തമായ രണ്ടു നിയമനിര്‍മാണങ്ങളാണ് സ്ത്രീകളുടെ സുരക്ഷയുടെയും അഭിമാനത്തിന്റെയും കാര്യത്തില്‍ പാര്‍ലമെന്റില്‍ 2012ലും 2013ലുമായി രാജ്യംഒറ്റക്കെട്ടായി പാസാക്കിയെടുത്തത്. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ വളരെ ഗൗരവതരത്തില്‍ കൈകാര്യം ചെയ്യപ്പെടണമെന്ന് നിയമം അനുശാസിക്കുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലും പ്രസ്ഥാനത്തിനകത്തുംനിന്ന് നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതത് സ്ഥാപനങ്ങള്‍ക്കകത്ത് പ്രത്യേക പരാതി അതോറിറ്റി ഉണ്ടാക്കണമെന്ന് നിയമം അനുശാസിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ബസ്സിലെ പ്രഥമ ശുശ്രൂഷാപെട്ടിയുടെ അവസ്ഥയാണതിന്. സംവിധാനം ഇല്ലെന്നതും പരാതികളില്‍ നടപടിയുണ്ടാകുന്നില്ലെന്നതും പോയിട്ട് പരാതിപ്പെട്ടയാളെ കൂടുതല്‍ മാനസികമായി തളര്‍ത്തുന്ന രീതിയാണ് ഇന്നുണ്ടാകുന്നത്. അടുത്തിടെ നടന്ന ഒരു പഠനം തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം മുമ്പത്തേതിലും കൂടുതല്‍ കേരളത്തില്‍ വര്‍ധിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. ഭയാനകമായ ഡല്‍ഹി നിര്‍ഭയ സംഭവത്തിനുശേഷവും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 32 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2013ലെ നിമയത്തില്‍ പറയുന്ന തൊഴിലിടം എന്നതിന്റെ നിര്‍വചനം തര്‍ക്ക വിഷയമാണ്. സിനിമാചിത്രീകരണ സ്ഥലവും ലേഖകരും ക്യാമറാമാന്മാരും ജോലി ചെയ്യുന്ന പൊതുസ്ഥലവും ഇതിന്റെ നിര്‍വചനത്തില്‍പെടുന്നുണ്ടോ?
ആരോപണമുന്നയിക്കുന്ന സ്ത്രീകളില്‍ പലരും തൊഴില്‍പരമായും ജീവിതപരമായും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിയെന്നതിനാലായിരിക്കാം പൂര്‍വകാല പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ധൈര്യം കാട്ടുന്നത് എന്ന് നാം തിരിച്ചറിയണം. എത്ര വര്‍ഷം മുമ്പത്തെ സംഭവമാണെന്ന് കണക്കാക്കിയല്ല പരാതികളില്‍ നിയമ നടപടി സ്വീകരിക്കപ്പെടേണ്ടത്. ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍പോലും സംസ്ഥാന പൊലീസിന് കഴിയുന്നില്ലെന്നിരിക്കെയാണ്, സിനിമാരംഗത്തെ ഒരു സഹപ്രവര്‍ത്തക പേരുവെച്ച് തനിക്ക് 19 വര്‍ഷം മുമ്പ് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പരസ്യമായി മുകേഷിന്റെ ചിത്രം സഹിതം മീ ടൂ പോസ്റ്റ് ചെയ്തത്. മറിച്ച് കോണ്‍ഗ്രസ് എം.എല്‍.എ എ.വിന്‍സെന്റിനെതിരെ ഏതോ വീട്ടമ്മ പരാതി പറഞ്ഞയുടന്‍ അദ്ദേഹത്തെ രാത്രിക്കുരാത്രി പിടിച്ച് അഴിക്കകത്തിട്ട സര്‍ക്കാരാണ് ഇതെന്നും വിസ്മരിക്കാനാകില്ല. നീതിയുടെ ഈ ഇരട്ട മുഖമാണ് ലൈംഗിക കാപാലികര്‍ക്ക് പൂര്‍വാധികം ഊര്‍ജം നല്‍കുന്നത്.

chandrika: