X

കാല്‍പ്പന്തിന്റെ അറേബ്യന്‍ വീരഗാഥ

ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ കാല്‍പ്പന്തിന്റെ ഭാവിഭൂമിയായി കാണുന്നത് ഏഷ്യാ വന്‍കരയെയാണ്. യൂറോപ്പും ലാറ്റിനമേരിക്കയും സോക്കറിനെ നെഞ്ചിലേറ്റുമ്പോള്‍, അതിന്റെ കച്ചവട സാധ്യതകളെ സാംശീകരിക്കുമ്പോള്‍ അതവര്‍ക്ക് നിലനില്‍പ്പിന്റെര ബിസിനസ് മുഖമാണെങ്കില്‍ ഏഷ്യക്കാര്‍ക്ക് ഫുട്‌ബോളെന്നാല്‍ അത് ജീവനും വായുവുമാണെന്ന തിരിച്ചറിയില്‍ നിന്നുമാണ് ഫിഫ ഏഷ്യയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. ഇന്ത്യ എന്ന വലിയ മഹാരാജ്യത്തിന് ഫിഫ ആദ്യമായി അനുവദിച്ച അണ്ടര്‍ 17 ലോകകപ്പ് ഗംഭീരവിജയമായിരുന്നു. കാണികളുടെ പിന്തുണയില്‍, മല്‍സര നിലവാരത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഇന്ത്യന്‍ പതിപ്പ് ചരിത്രത്തില്‍ ഇടം നേടിയതിന് പിറകെയാണ് ഫിഫയുടെ ക്ലബ് ലോകകപ്പ് അബുദാബിയില്‍ അരങ്ങേറിയത്. രണ്ടാഴ്ച്ച ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ ദിവസം സമാപിച്ചപ്പോള്‍ സംഘടനാ രംഗത്ത് അബുദാബിക്കും യു.എ.ഇക്കും ഏഷ്യക്കും അത് മറ്റൊരു പൊന്‍തൂവലായി. പരിതാകളില്ലാതെയാണ് മഹാമേള റയല്‍ മാഡ്രിഡിന്റെ കിരീടധാരണയില്‍ കലാശിച്ചത്.
ഫിഫയുടെ ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്നത് വന്‍കരകളിലെ ചാമ്പ്യന്മാരാണ്. ആറ് വന്‍കരാ ചാമ്പ്യന്മാരും പിന്നെ ആതിഥേയരുടെ ചാമ്പ്യന്‍ ക്ലബും ഉള്‍പ്പെടുന്ന ഫോര്‍മാറ്റാണ്് ക്ലബ് ലോകകപ്പിന്റേത്. ഇത്തവണ അബുദാബിയിലും അല്‍ ഐനിലുമായിരുന്നു മല്‍സരങ്ങള്‍. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ആകര്‍ഷണം. പ്രതീക്ഷിക്കപ്പെട്ടത് പോലെ അവര്‍ കപ്പ് സ്വന്തമാക്കുകയും ചെയ്തു. പക്ഷേ റയലിന്റെ കപ്പ് നേട്ടത്തെക്കാള്‍ യു.എ.ഇക്ക്് അഭിമാനിക്കാനുളളത് രണ്ട് കാര്യങ്ങളിലാണ്. അതില്‍ പ്രധാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതെ ഫിഫ ക്ലബ് ലോകകപ്പ് നടത്താനായി എന്നതാണ്. ഫിഫയുടെ മറ്റ് മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും വിഭിന്നമാണ് ക്ലബ് ലോകകപ്പ്. വലിയ സംഘാടക പങ്കാളിത്തം ഈ ചാമ്പ്യന്‍ഷിപ്പിനില്ല. വലിയ സ്‌പോണ്‍സര്‍മാരില്ല. പലപ്പോഴും മല്‍സരങ്ങള്‍ വിരസമാവാറുമുണ്ട്. പക്ഷേ അബുദാബിയിലും അല്‍ഐനിലും എല്ലാ മല്‍സരങ്ങളും ഗംഭീരമായി. റയലിന്റെ സൂപ്പര്‍ നിരയില്‍ നിന്നംു ആതിഥേയരായ അല്‍ജസീറയിലേക്ക് വരുമ്പോള്‍ കളിയുടെ നിലവാരം ഉയര്‍ന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സേമയും സൈനുദ്ദീന്‍ സിദാനുമെല്ലാമുള്ള റയല്‍ സംഘം ആറ് ദിവസങ്ങള്‍ അബുദാബിയില്‍ തങ്ങി. ഒരു താരവും പരാതി പറഞ്ഞില്ല. സംഘാടനത്തിന് നല്ല മാര്‍ക്ക്് നല്‍കിയാണ് എല്ലാ വന്‍കരകളിലെയും ചാമ്പ്യന്മാര്‍ അബുദാബി വിട്ടത്.
രണ്ടാമത്തെ വലിയ നേട്ടം അബുദാബിക്കുള്ളത് അവരുടെ സ്വന്തം ക്ലബായ അല്‍ജസീറയുടെ സെമി ബെര്‍ത്താണ്. രണ്ട് വമ്പന്മാരെ മറികടന്നാണ് റയല്‍ മാഡ്രിഡിനെ പോലെ ഒരു സൂപ്പര്‍ ടീമിനെതിരെ അവര്‍ സെമിയില്‍ രംഗത്ത് വന്നത്. റയലിനെതിരെ ഗംഭീര പ്രകടനം നടത്താനായതാണ് വലിയ വാര്‍ത്ത. സെമിയില്‍ എല്ലാവരും പ്രതീക്ഷിച്ചത് ഏകപക്ഷീയ മല്‍സരമായിരുന്നെങ്കില്‍ പ്രത്യാക്രമണ ഫുട്‌ബോളിന്റെ ചാരുത തെളിയിച്ച പോരാട്ടമായിരുന്നു ജസീറയുടേത്. റയലിനെ ബഹുമാനിക്കുകയും എന്നാല്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ഓടിക്കയറി അപകടം വിതക്കുകയും ചെയ്യുന്ന അല്‍ ജസീറാ ശൈലിക്ക് വന്‍ പിന്തുണയാണ് ലഭിച്ചത്.
അറേബ്യന്‍ ഫുട്‌ബോളിന് ഭാവിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ക്ലബ് ലോകകപ്പ്. യൂറോപ്യന്‍ ക്ലബുകളെ വിലക്കെടുത്ത്, യൂറോപ്യന്‍ താരങ്ങള്‍ക്ക് കോടികള്‍ നല്‍കി കളിപ്പിച്ച് ഫുട്‌ബോള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നവരായിരുന്നു അറബികള്‍. അതിനൊരു മാറ്റാമാവാം ക്ലബ് ലോകകപ്പ്. മനസ്സ് വെച്ചാല്‍ അറേബ്യന്‍ ക്ലബുകള്‍ക്കും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാനാവുമെന്നാണ് അലി കാഷിഫി നയിച്ച അല്‍ ജസീറ തെളിയിച്ചത്. യു.എ.ഇ ദേശീയ ടീമിന്റെ ഗോള്‍ക്കീപ്പറാണ് കാഷിഫി. പക്ഷേ റയലിനെതിരെ അദ്ദേഹം 45 മിനുട്ട് നടത്തിയ പ്രകടനം അനിതരസാധാരണമായിരുന്നു.
അടുത്ത ലോകകപ്പിന് അറേബ്യന്‍ ലോകത്ത് നിന്ന് അഞ്ച് ടീമുകളുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം. സഊദി അറേബ്യ മികച്ച ടീമിനെയാണ് റഷ്യയില്‍ അവതരിപ്പിക്കുന്നത്. റഷ്യന്‍ ലോകകപ്പിന് ശേഷം 2022 ലെ ലോകകപ്പ് നടക്കാന്‍ പോവുന്നത് ഖത്തറാണ്. ആദ്യമായാണ് ഫിഫ ലോക ചാമ്പ്യന്‍ഷിപ്പിന് ഒരു അറബ് രാജ്യം ആതിഥേയത്വം വഹിക്കുന്നത് എന്നതും കാണാതിരിക്കരുത്. ഇത്തരത്തില്‍ ഫുട്‌ബോളിന് വേണ്ടി സ്വയം സമര്‍പ്പിക്കുന്ന അറബ് ലോകം ഇനി സ്വന്തം താരങ്ങളെ സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലെത്തിയാല്‍ യൂറോപ്പിനും ലാറ്റിനമേരിക്കക്കുമെല്ലാം വെല്ലുവിളി ഉതിര്‍ക്കാന്‍ അറേബ്യന്‍ ഏഷ്യന്‍ ടീമുകള്‍ക്കാവും. ഏഷ്യക്ക് നല്‍കുന്ന അവസരങ്ങള്‍ ഗംഭീരമാവുമ്പോള്‍ ഫിഫ മാത്രമല്ല ഫുട്‌ബോള്‍ ലോകവും അതില്‍ സന്തോഷിക്കുന്നു. റയല്‍ കളിച്ചത് അബുദാബിയിലാണ്. 2009 ല്‍ മെസിയുടെ ബാര്‍സിലോണ കളിച്ചത് ഇവിടെ തന്നെ. അങ്ങനെ ലോകോത്തര താരങ്ങളുടെ പ്രധാന മല്‍സരവേദിയായി ഗള്‍ഫ് നാടുകള്‍ മാറുമ്പോള്‍ ഏഷ്യക്കാര്‍ എന്ന നിലയില്‍ നമുക്കും അഭിമാനിക്കാം. ഏഷ്യന്‍ ഫുട്‌ബോളിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളും ഉണരുമ്പോള്‍ കാല്‍പ്പന്ത് വിപണി നമുക്ക് സ്വന്തമാവുകയാണ്.

chandrika: