X

കേരള ശേഷന്‍


‘കേരളത്തിലെ ജനങ്കളെ നാന്‍ അഭിനന്ദിക്കുന്നു. മുപ്പത് വറ്ഷത്തിനുശേഷം കേരളത്തിലെ ജനങ്ങള് ഏറ്റവും കൂടുതല് വോട്ട് ചെയ്തിരിക്കുന്നതാണ് ഇപ്പോള്‍. 77.68 ശതമാനം. ഇത് കാണിക്കുന്നത് അവരുടെ വലിയ അളവിലുള്ള റാഷ്ട്രീയ ബോധ്യമാണ്. സമാധാണപറമായ തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നിരിക്കുന്നത്.’ ടീക്കാറാം മീണ ഇത് പറഞ്ഞ് നാവ് ഉള്ളിലേക്കിട്ട് അഞ്ചുദിവസമായതേ ഉള്ളൂ. കേരളത്തില്‍ കഴിഞ്ഞകാലത്തൊന്നുമില്ലാത്ത തരത്തില്‍ ഈ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പൊലീസിലടക്കം കള്ളവോട്ടിന്റെ നിരവധി കഥകളാണ് പുറത്തുവന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യഓഫീസര്‍ ടീക്കറാം മീണക്ക് നേരത്തെ പറഞ്ഞതില്‍ ചെറിയ മാറ്റിപ്പറച്ചില്‍ നടത്തേണ്ടിവന്നു. ‘ശെറിയ ശെറിയ പ്രശ്‌നങ്ങള്‍ അവിടെയുമിവിടെയും നടന്നിട്ടുണ്ടാകാം. അതുകൊണ്ട് എല്ലാതും ശറിയായില്ല എന്ന് പറയാന്‍ കഴിയില്ല!’ ഹിന്ദി കലര്‍ന്ന മലയാളത്തില്‍ മീണ പറയും.
മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തില്‍ ഐ.എ.എസ് സേവനം തുടങ്ങിയിട്ട്. 1988 ബാച്ച് ഐ.എ.എസ്സുകാരനായ മീണ മലപ്പുറത്ത് സബ് കലക്ടറായി ആരംഭിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് അംപയര്‍ പദവിവരെ എത്തി. 2018 മാര്‍ച്ചിലാണ് സി.ഇ.ഒ ആയി നിയമിതനായത്. കേന്ദ്രത്തിലേക്ക് പോകുന്ന കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടാണ് മീണയെ ഈ കസേരയിലേക്ക് ആനയിച്ചത്. തിരുവനന്തപുരത്ത് പോളിങ് ബൂത്തില്‍ കൈക്ക് വോട്ട് ചെയ്തപ്പോള്‍ താമര ചിഹ്നത്തിലേക്ക് പോയെന്ന് വിവിപാറ്റ് യന്ത്രത്തില്‍ കണ്ടതായി പരാതിപ്പെട്ട യുവാവിനെതിരെ കേസെടുക്കാന്‍ മീണ ഉത്തരവിട്ടു. മീണ പറഞ്ഞു: എനിക്കെന്ത് ശെയ്യാന്‍ കഴിയും. നിയമം അങ്ങനെയാണ്. വെക്തിപറമായി പറഞ്ഞാല്‍ ഈ നിയമത്തോട് എനിക്ക് യോജിപ്പില്ല. എല്ലാം നാന്‍ ഒറ്റക്ക് ശെയ്യുന്നതല്ലല്ലോ. എന്തെങ്കിലും തെറ്റ് കണ്ടാല്‍ നടപടിയെടുക്കും.
കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മുകാരുടെ കള്ളവോട്ട് ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ വാര്‍ത്താസമ്മേളനം നടത്തി മീണ പറഞ്ഞു: കള്ളവോട്ട് നടന്നിട്ടുണ്ട്. ഒന്ന് ഒരു സി.പി.എം പഞ്ചായത്ത് മെംബറാണ്. അവര്‍ അന്വേഷണം കഴിയുന്നതുവരെ മാറി നില്‍ക്കണം. മറ്റ് രണ്ടു പേര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയും ജില്ലാസെക്രട്ടറിയുമൊക്കെ മീണക്കെതിരെ തിരിഞ്ഞു. മീണ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും താളത്തിന് തുള്ളുകയാണെന്ന് കോടിയേരി ആക്ഷേപിച്ചു. മീണ നയം വ്യക്തമാക്കി. എനിക്ക് ഏത് പാര്‍ട്ടിയാണെന്ന് അറിയേണ്ട കാര്യമില്ല. ആറ് തെറ്റ് ചെയ്താലും നിയമം നിയമത്തിന്റെ വഴിക്ക് പോകും. മുസ്്‌ലിംലീഗിനെതിരെ പരാതി വന്നപ്പോഴും ഇതുതന്നെയായിരുന്നു മീണയുടെ നിലപാട്. ടി.എന്‍ ശേഷന് സമാനമാണ് മീണയുടെ കേരളത്തിലെ ഇപ്പോഴത്തെ ജനകീയത.
മുപ്പതു കൊല്ലത്തിനിടെ മീണയില്‍ ആകെ ഉണ്ടായ മാറ്റം അല്‍പം തടിവെച്ചുവെന്നതുമാത്രം. തന്റെ ഗുരു താന്‍ മാത്രമാണെന്ന് മീണ പറയുന്നു. പിന്നെ പിതാവിന്റെ ധൈര്യവും. രാജസ്ഥാനിലെ സവായ് മധേപൂര്‍ ജില്ലയിലെ ആദിവാസി ഗ്രാമത്തില്‍നിന്നാണ് ഐ.എ.എസ് പട്ടം നേടി രാജ്യത്തെ സേവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. നിരക്ഷരനായ പിതാവിന് തനിക്കുവേണ്ടി ജ്യേഷ്ഠന്റെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ സഹിച്ച കദനത്തിന് കണക്കില്ല. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കുന്നവരോട് മീണ ചിരിച്ചുകൊണ്ടുപറയും, നിയമം നടപ്പാക്കുകയാണ് എന്റെ ജോലി. എന്തുതന്നെ വന്നാലും അത് ഞാന്‍ ശെയ്യും. ഈ നിശ്ചയദാര്‍ഢ്യത്തിനുപിന്നില്‍ മറ്റൊരു രഹസ്യവുമുണ്ട്. ഇന്നുവരെ കൈക്കൂലിയോ അനര്‍ഹമായതെന്തെങ്കിലുമോ കൈകൊണ്ട് തൊട്ടിട്ടില്ല. സംസ്ഥാന ആസൂത്രണ ബോര്‍ഡിലും പ്രധാനമന്ത്രിയുടെ ആസൂത്രണ സമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇത്രയും കാര്‍ക്കശ്യം പുലര്‍ത്തുന്ന ഐ.എ.എസ്സുകാര്‍ കേരളത്തില്‍ അധികമില്ല. ഇപ്പോഴും സ്വന്തം ഗ്രാമത്തില്‍ ചെല്ലുകയും സഹോദരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകയും ചെയ്യുന്ന മീണയുടെ വ്യക്തിജീവിതത്തെക്കുറിച്ച് മാധ്യമങ്ങള്‍ ഇപ്പോള്‍ കൊണ്ടാടുകയാണ്. നിലത്തിരുന്നേ ഭക്ഷണം കഴിക്കൂ എന്നതാണ് അതിലൊന്ന്.
മുമ്പൊരിക്കല്‍ തൃശൂരില്‍ മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ മീണയാണ് പ്രാസംഗികരില്‍ ഒരാള്‍. അല്ലാഹു അക്ബര്‍ എന്നാല്‍ അക്ബര്‍ ആണ് മഹാന്‍ എന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം തട്ടിവിട്ടു. പോരേ പൂരം. സദസ്സ് ഊറിച്ചിരിക്കവെ മുഖ്യാതിഥി ഡോ.സാക്കിര്‍ നായിക്ക് അദ്ദേഹത്തെ തിരുത്തുകയും മീണ തെറ്റ് ഏറ്റുപറയുകയും ചെയ്തു. വിദ്വേഷ പ്രസംഗത്തിന് ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ളയോട് ഉടക്കേണ്ടിവന്നപ്പോള്‍, പിള്ള തന്നോട് ഫോണില്‍ മാപ്പ് ചോദിച്ചുവെന്ന് തുറന്നടിച്ചതും മീണ. ആര് വിരട്ടിയാലും അടുത്ത തെരഞ്ഞെടുപ്പുവരെ തുടരുമെന്ന് മീണ പറയുന്നു.

web desk 1: