X

കാവിയേമാന്‍


കയ്യിലിരിപ്പ് മുഴുവന്‍ ശുദ്ധസംഘിത്തരമാണ്. കേരളത്തിലെ ഐ.പി.എസ്പ്രമുഖനായിട്ടും എന്തേ ചൊറിയുംകുത്തി വീട്ടിലിരിക്കുന്നു എന്നു ചോദിച്ചാല്‍ സ്വതവേയുള്ള തല്ലുകൊള്ളിത്തരമെന്ന് ഇങ്ങ് കോട്ടയത്തുകാര്‍ പറയും. പൊലീസ് മേധാവിയല്ലെങ്കിലും അതിനുതക്ക റാങ്കുണ്ട് മൂപ്പിലാന്. അഴിമതിക്കെതിരെ പടവാളേന്തിയിട്ടും അഴിമതിവിരുദ്ധ വീരനായ പിണറായി ഏമാന്‍ പിടിച്ചങ്ങ് സസ്‌പെന്റ് ചെയ്തുകളഞ്ഞു. ചതി. ഒന്നല്ല, മൂന്നുവട്ടം. പോരാളിക്ക് പോര് ഒഴിഞ്ഞൊരു നേരമുണ്ടോ. മുട്ടാവുന്ന മുട്ടുകളൊക്കെ മുട്ടി. ഒടുവില്‍ കൊല്ലം ഒന്നു പിന്നിടുമ്പോള്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ രൂപത്തില്‍ നീതി വീട്ടിലെത്തി. നല്ല കാലത്തുണ്ടാക്കിയ നാലു പണംകൊണ്ട് പറമ്പിലിത്തിരി കപ്പയും നട്ടിരിക്കുമ്പഴാ ട്രിബ്യൂണലിന്റെ ജൂലൈ 28ലെ ഉത്തരവ്. ടിയാന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് പിണറായിയോട് സി.എ.ടി ജഡ്ജി ഏമാന്‍.അതും കാത്തിരിപ്പ് തുടങ്ങിയിട്ട് ദിനം അഞ്ചായി. ന്യൂസ്‌മേക്കിംഗാണ് ജേക്കബ് തോമസിന്റെ വീക്‌നെസ്. കിടിലന്‍ ഡയലോഗ് കേട്ട് സിനിമാകൊട്ടകയിലെ പോലെ നാലു പേര്‍ കയ്യടിക്കണം. പൊലീസുകാരെയും സിവില്‍ സര്‍വീസിലെ കീഴ്ജീവനക്കാരെയും എന്തിന് അധികാര കേന്ദ്രങ്ങളെയുമൊക്കെ വിറപ്പിച്ചുനിര്‍ത്തുന്നതാണ് അതിന്റെ ഒരു ത്രില്‍. അല്ലാതെന്ത് ഐ.പി.എസ് നല്ല ഒന്നാന്തരം കാര്‍ഷിക ഗവേഷണ പണി വേണ്ടെന്നുവെച്ചിട്ടാണ് കാക്കിയണിഞ്ഞത്. സിവില്‍ സര്‍വീസില്‍ ഐ.എ.എസിന് മാര്‍ക്ക് തികഞ്ഞില്ലെങ്കില്‍ കയറ്റിവിടുന്നതാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസ്. എന്നാല്‍ പഴയ ഐ.എ.എസ് മോഹം വിട്ടൊഴിയുന്നില്ല. ഐ.എം.ജിയിലും ഗതാഗത കോര്‍പറേഷനിലുമൊക്കെയായി കാക്കിയിട്ട നേരം സര്‍വീസില്‍ നന്നേകുറഞ്ഞു. വക്കാണത്തരം കാരണം മാസാമാസം ലാവണംവിട്ട് ഓടേണ്ടിവന്നു ടിയാന്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാന ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ തലവനാക്കി നിയമിച്ചത്. കിട്ടിയ അപേക്ഷകളുടെയൊക്കെ മേലെ ചുവപ്പുമഷി കോറിയിട്ടു. അതോടെ #ാറ്റുകളും കെട്ടിടങ്ങളുമൊക്കെ പണിതീര്‍ന്നിട്ടും തുറക്കാന്‍ പറ്റാത്ത അവസ്ഥയായി. കൊച്ചി പോലുള്ള മഹാനഗരത്തില്‍ ഇതിന്റെ പുകില്‍ പറയാനുണ്ടോ. താന്‍ ചെയ്തത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലെന്നായി ഏമാന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ ജേക്കബ് തോമസിന്റെ നടപടികളെ വിമര്‍ശിച്ചു. മുഖ്യമന്ത്രി അപമാനിച്ചെന്നായി ജേക്കബ്. തനിക്ക് മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ അനുമതി തരണമെന്നുമായി മൂപ്പിലാന്‍. അക്കാലത്താണ് 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായെത്തുന്നത്. യു.ഡി.എഫിനെതിരെ ഹാലിളക്കിയ വീരനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായി ഇരട്ടച്ചങ്ക്. പിടിച്ചങ്ങ് വിജിലന്‍സിന്റെ തലപ്പാവ് നല്‍കി. പിറ്റേന്ന് ചുകപ്പും മഞ്ഞയും കാര്‍ഡുകളുമായി വിജിലന്‍സ് തലവന്‍ പത്രക്കാര്‍ക്കുമുമ്പില്‍. കേരളത്തിലെ അഴിമതി ഇതാ എന്നെന്നേക്കുമായി അന്ത്യശ്വാസം വലിക്കാന്‍ പോകുന്നുവെന്ന് ജനം. സിവില്‍ സര്‍വീസിലെ തന്നെ തന്റെ സഹപ്രവര്‍ത്തകരിലേക്കായി അടുത്ത പ്രയോഗം. ഇപ്പോഴത്തെ ചീഫ്‌സെക്രട്ടറി ടോം ജോസ് അടക്കമുള്ളവരെ അഴിമതിക്കേസില്‍ കുടുക്കാനായി അളവുകോലുമായി ജൂനിയര്‍മാരെ വിട്ടു. ഇതിനിടെ കര്‍ണാടകയിലും കൊച്ചിയിലുമൊക്കെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ പുറത്തായി. മുമ്പ് പോര്‍ട്ട് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ അഴിമതിയും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. തന്റെ തത്തയുടെ കാലൊടിച്ചവര്‍ ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നായി പിണറായി മുഖ്യന്‍. ഇതുപറഞ്ഞ് മാസം തികയുംമുമ്പേ സ്വജനപക്ഷപാതത്തിന് രാജിവെച്ച പിണറായിയുടെ സ്വന്തം മന്ത്രി ഇ.പി ജയരാജനെതിരെ കേസെടുത്തു ജേക്കബിലാന്‍. കൊത്തിക്കോളൂ, മുറത്തില്‍ കയറേണ്ടെന്ന് പിണറായിയും. അതിനെതിരെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി എഴുതലായി അടുത്ത പരിപാടി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ജീവനക്കാരന് എഴുതാനാകില്ലെന്നൊന്നും നോക്കിയില്ല. പുസ്തകം പ്രകാശനത്തിന് വരാമെന്നേറ്റ മുഖ്യനതാ സസ്‌പെന്‍ഷനുമായി വരുന്നു. ആറു മാസത്തിനുശേഷം വീണ്ടും കിട്ടി, സര്‍ക്കാരിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍. മൈക്ക് കിട്ടിയപ്പോള്‍ പിണറായിയും അഴിമതിക്കാരനാണെന്ന രീതിയില്‍ ഒരു തട്ട്.
23 കൊല്ലമായി താന്‍ ആര്‍.എസ്.എസ് അനുഭാവിയാണെന്നാണ് ഏമാന്റെ താമര വിപ്ലവം പറച്ചില്‍. സ്വയം സേവനമാണ് എസ്.എസ്സെന്നും അതില്‍ അഭിമാനമുണ്ടെന്നുമായി. അറുപതാകുന്നു, ലോക്‌സഭയിലേക്കൊരു കൈ നോക്കാമെന്ന് വെച്ചപ്പോള്‍ വരട്ടെയെന്നായി ബി.ജെ.പിക്കാര്‍. ശ്രീറാം വിളിക്കുന്നതില്‍ തെറ്റില്ലെന്നും പുതിയ വെളിപാട്. ഇതുവരെ കുടിച്ചതും തിന്നതുമെല്ലാം ഇംഗ്ലീഷായിരുന്നിട്ടും സംഘ ബാധയേറ്റതുകാരണം അതിനോട് വിരക്തിയാണത്രെ. മുണ്ട് മാത്രമേ ഇനി ഉടുക്കൂ. ഷര്‍ട്ട് കേരളീയമല്ലല്ലോ എന്ന് ചോദിച്ചവരോട് യോഗമസില്‍ പെരുപ്പിക്കും. വെള്ളമുണ്ടുടുത്ത് ചെളിയുള്ള പാടത്തുകൂടി നടക്കുന്ന ചിത്രങ്ങള്‍ യഥേഷ്ടം എടുപ്പിച്ചെങ്കിലും മുണ്ട് മടക്കിക്കുത്താന്‍ കൂടിയുള്ളതാണെന്ന് പക്ഷേ പിടിയില്ല. ഏതായാലും അങ്ങ് ഡല്‍ഹിയിലെ കട്ടില് കണ്ടാണ് ഈ വിളയാട്ടമൊക്കെ. വേലിയില്‍ കിടന്ന പാമ്പാണല്ലോ ഭഗവാനേ.. എന്നാണ് മാര്‍ക്‌സിസ്റ്റുകാരുടെയും ബി.ജെ.പിക്കാരുടെയും അടക്കംപറച്ചില്‍.

web desk 1: