X

ആ മുന്‍ മുഖ്യമന്ത്രിമാര്‍ എന്താണ് ചെയ്തത്


ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും ചിരകാല ഫാസിസ്റ്റ് നയത്തോട് താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ളതാണ്. പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് മുസ്‌ലിംകളാണ് ബഹുഭൂരിപക്ഷവും എന്നതും ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രത്യേക അജണ്ടക്ക് പാത്രീഭൂതമായി എന്നതിലും അല്‍ഭുതത്തിന് അവകാശമില്ല. സ്വാതന്ത്ര്യകാലം മുതല്‍ക്കേ കശ്മീരി ജനതക്ക് രാഷ്ട്രം കനിഞ്ഞുനല്‍കിയ പ്രത്യേക പദവിയാണ് ഭരണഘടനയിലെ 370-ാം വകുപ്പും തല്‍സംബന്ധമായ പ്രത്യേക പൗരാവകാശങ്ങളും. അതാണ് നരേന്ദ്രമോദി-അമിത്ഷാ സര്‍ക്കാര്‍ ഒരു സു(?) പ്രഭാതത്തില്‍ പൊടുന്നനെ ഇല്ലാതാക്കിയത്. എന്നാല്‍ അതിനുശേഷം കഴിഞ്ഞ 42 ദിവസമായി ഈ കേന്ദ്ര ഭരണപ്രദേശത്തെ ഒരു കോടിയിലധികം വരുന്ന ജനതയെ ഉരുക്കുമുഷ്ടികൊണ്ട് മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് എന്തുകാരണത്താലാണെന്നാണ് ഇനിയുമാര്‍ക്കും മനസ്സിലാകാത്തത്.
പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതുടര്‍ന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രികൂടിയായ ലോക്‌സഭാംഗം ഫറൂഖ്അബ്ദുല്ല മാധ്യമ പ്രവര്‍ത്തകരെ സ്വവസതിയില്‍വെച്ച് കണ്ട് കേന്ദ്ര നടപടിയിലുള്ള അനിഷ്ടം അറിയിക്കുകയുണ്ടായി. ലോക്‌സഭയില്‍ ഫറൂഖ് അബ്ദുല്ലയുടെ അസാന്നിധ്യം സഹ എം.പിമാര്‍ സ്പീക്കറോട് ചൂണ്ടിക്കാട്ടുകയുംചെയ്തു. കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ചോദ്യത്തിന് ആഭ്യന്തര വകുപ്പുമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.’ഞാന്‍ എത്ര തവണയായി പറയുന്നു. ഫറൂഖ് അബ്ദുല്ലയെ കരുതല്‍ തടങ്കലില്‍ വെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇനിയും പത്തു തവണവരെ അത് ആവര്‍ത്തിക്കാന്‍ തയ്യാറാണ്’. എന്നാല്‍ ഞായറാഴ്ച ഭരണവൃത്തങ്ങളില്‍നിന്ന് പുറത്തുവന്നവാര്‍ത്ത അമിത്ഷാ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതായിരിക്കുന്നു. ഫറൂഖ് അബ്ദുല്ലയെയും അദ്ദേഹത്തിന്റെ പുത്രനും മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയെയും മറ്റൊരു മുന്‍മുഖ്യമന്ത്രി മെഹബൂബ് മുഫ്തിയെയും ഭരണകൂടം തടങ്കലില്‍വെച്ചിരിക്കുകതന്നെയാണ്. മാത്രമല്ല, കശ്മീരില്‍ ഇതാദ്യമായി ഒരു രാഷ്ട്രീയ നേതാവിനെതിരെ പൊതുസുരക്ഷാനിയമം(പി.എസ്.എ) ചാര്‍ത്തി അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നു. ഫറൂഖ് അബ്ദുല്ലയുടെ വീടുതന്നെ പ്രത്യേക ഉത്തരവിലൂടെ തടവറയാക്കി മാറ്റിയിരിക്കുന്നു. ഉമറിന്റെയും മെഹബൂബയുടെയും സ്ഥിതിയെക്കുറിച്ചും വിവരമൊന്നുമില്ലെന്ന് മാത്രമല്ല, ഫറൂഖ് അബ്ദുല്ലയുടെ വീടിനുമുന്നില്‍ ഇരുമ്പുവളയങ്ങള്‍ക്കിടയില്‍ സായുധ സൈനികര്‍ നിലകൊള്ളുന്ന ചിത്രമാണ് സര്‍ക്കാര്‍ വാര്‍ത്താഏജന്‍സിയായ പി.ടി.ഐ പുറത്തുവിട്ടിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വസ്തുതയെന്തെന്നാല്‍, ഈ മുന്‍മുഖ്യമന്ത്രിമാര്‍ ചെയ്ത തെറ്റെന്താണെന്ന് ഇരുഭരണകൂടങ്ങളും ഇതുവരെയും പുറത്തുവിട്ടിട്ടില്ല എന്നതാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞയുടന്‍ ഇറക്കിയ പ്രസ്താവനകളില്‍ ജനങ്ങള്‍ സംയമനത്തോടെ ഇരിക്കണമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി നേതാക്കള്‍ ആഹ്വാനംചെയ്തിരുന്നത്. അപ്പോള്‍ നേതാക്കള്‍ സര്‍ക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തതായി പറയാന്‍ കഴിയില്ല. ഇനി മുന്‍മുഖ്യമന്ത്രിമാര്‍ തെറ്റുചെയ്തുവെന്ന് കണ്ടെത്തിയാല്‍ തന്നെയും പൊതുവായ ഇന്ത്യന്‍ ക്രിമിനല്‍ നിയമം ബാധകമാക്കപ്പെട്ട നിലക്ക് ഇവരെ കോടതിയില്‍ ഹാജരാക്കിയാണോ തടവില്‍വെച്ചിരിക്കുന്നതെന്ന് അറിയേണ്ടതല്ലേ. ഇവരുടെ ഒരാളുടെയും ചിത്രങ്ങള്‍ ഔദ്യോഗിക ഏജന്‍സികള്‍പോലും പുറത്തുവിടാത്തതെന്തുകൊണ്ടാണ്?
ദേശീയസുരക്ഷാഉപദേഷ്ടാവിന്റെ നേരിട്ടുള്ള കാര്‍മികത്വത്തില്‍ കഴിഞ്ഞ ഒരുമാസത്തിലധികമായി ഈ കേന്ദ്ര ഭരണപ്രദേശത്ത് തുടര്‍ന്നുവരുന്ന വ്യാപകമായ അറസ്റ്റുകളും മൗലികാവകാശലംഘനങ്ങളും അടിയന്തിരാവസ്ഥക്കാലത്തെയാണ് ഓര്‍മിപ്പിക്കുന്നത്. ഇതിനകം നാനൂറോളം പേര്‍ക്കെതിരെ പി.എസ്.എ ചാര്‍ത്തിയതായാണ് അനൗദ്യോഗികവിവരം. മൊബൈല്‍ ഫോണ്‍ നിരോധനത്തിലും വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഏര്‍പെടുത്തിയ വിലക്കിലും കശ്മീര്‍ ജനത അക്ഷരാര്‍ത്ഥത്തില്‍ ശ്വാസംമുട്ടുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ 81 കാരനായ മുന്‍ മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ ജീവിതം ഊഹിക്കാവുന്നതേ ഉള്ളൂ. ഒഴിഞ്ഞുകിടക്കുന്ന വിദ്യാലയങ്ങളുടെ ചിത്രങ്ങള്‍ ഇതിനകം ചില മാധ്യമങ്ങള്‍ പുറത്തുവിട്ടതും ആളൊഴിഞ്ഞ പൊതുസ്ഥലങ്ങളിലെ സൈനിക സാന്നിധ്യവും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്നെയാണോ ഇതെന്ന് സന്ദേഹിപ്പിക്കുന്നു. നീതിപീഠത്തെയാണ് പലരും ആശ്വാസത്തിനായി സമീപിച്ചിരിക്കുന്നത്. മുന്‍ സി.പി.എം എം.എല്‍.എ മുഹമ്മദ്‌യൂസഫ് തരിഗാമിക്കുവേണ്ടി ഹര്‍ജി നല്‍കിയ പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയെ അദ്ദേഹത്തെ നേരില്‍ ചെന്നു കാണാന്‍ ആഗസ്ത് 28ന് അനുവദിച്ചെങ്കിലും കര്‍ശന വിലക്കിലായിരുന്നു സന്ദര്‍ശനം. രോഗിയായ തരിഗാമിയെ ചികില്‍സക്ക് ഡല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ പോലും കോടതിക്ക് ഉത്തരവിടേണ്ടിവന്നു. കോണ്‍ഗ്രസിന്റെയും മറ്റും നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷകക്ഷി നേതാക്കള്‍ ഗവര്‍ണറുടെപ്രസ്താവന വിശ്വസിച്ച് ശ്രീനഗറില്‍ വിമാനമിറങ്ങിയെങ്കിലും സുരക്ഷാകാരണം പറഞ്ഞ് തിരിച്ചയച്ചു. രാജ്യസഭാഎം.പിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഗുലാംനബി ആസാദിനുപോലും സന്ദര്‍ശനാനുമതി ലഭിച്ചത് ചീഫ് ജസ്റ്റിസിന്റെ ഇടപെടലിലാണ്. വേണ്ടിവന്നാല്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. വൈകിയെങ്കിലും തിങ്കളാഴ്ച ചീഫ്ജസ്റ്റിസ് നടത്തിയ പരാമര്‍ശം പ്രതീക്ഷക്ക് വകനല്‍കുന്നു. പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ ഇടപെടലിന് ഇടയാക്കിയത് കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്ന മോദി സര്‍ക്കാരിന്റെ വന്‍ പാളിച്ചയാണ്. ജനങ്ങളെ വരിഞ്ഞുകെട്ടിക്കൊണ്ട് ലോകത്തൊരു ഭരണകൂടത്തിനും അധികകാലം മുന്നോട്ടുപോകാനായിട്ടില്ലെന്ന ചരിത്രം മറക്കരുത്.

web desk 1: