X
    Categories: Views

മൂക്ക് മുറിച്ചും മുടക്കാം

ങ്ങളുടെ പൂര്‍വികര്‍ ചോരകൊണ്ട് രചിച്ച ചരിത്രത്തെ കറുപ്പണിയിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഞങ്ങള്‍ കോലം കത്തിക്കുക മാത്രമല്ല, കൊല്ലുകയും ചെയ്യുമെന്നും പ്രഖ്യാപിക്കുമ്പോഴും ഇതൊക്കെ എത്ര കണ്ടിരിക്കുന്നൂ എന്ന മട്ടിലാണ് സഞ്ജയ് ലീലാ ബന്‍സാലി. ചരിത്രത്തിലും പാടിപ്പതിഞ്ഞ ഇതിഹാസ കാവ്യങ്ങളിലും ഭാവനയുടെ തിരുത്തുമായി വന്നവര്‍ എത്ര പേരാണ്. നോവലുകളായി, കാവ്യങ്ങളായി കഥകളായി, നാടകങ്ങളും സിനിമകളുമായി. ഈ വ്യതിയാനങ്ങളെ വിവാദങ്ങളാക്കി മാറ്റുക എളുപ്പം. അവ പക്ഷേ പണം വാരിക്കൊടുത്ത അനുഭവമാണ് ബോളിവുഡിലെ ഏറ്റവും പ്രമുഖ സിനിമക്കാരനായ സഞ്ജയ് ലീലാ ബന്‍സാലിക്ക്.

2013ല്‍ ഗോലിയോന്‍ കീ രാസലീല-രാംലീല എന്ന സിനിമയുമായി ബന്‍സാലിയെത്തിയപ്പോള്‍ വിവാദം കൂടെ. ചിത്രത്തിന്റെ ആദ്യ പേര് രാംലീല എന്നായിരുന്നു. ഷേക്‌സ്പിയറിന്റെ റോമിയോ ജൂലിയറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിനിമക്ക് രാംലീല എന്ന് പേരിട്ടത് ഭഗവാന്‍ ശ്രീരാമനെ ഇകഴ്ത്തലാണെന്ന് വാദിക്കാനാളുണ്ടായി. ഡല്‍ഹി ഹൈക്കോടതി സ്റ്റേ നല്‍കിയ ഈ ചിത്രം ലഖ്‌നോ കോടതി നിരോധിച്ചു. എന്നാല്‍ 2013ലെ ചരിത്ര സാമ്പത്തിക വിജയമാണ് ചിത്രം നേടിയത്. 2015ല്‍ രണ്‍വീറും ദീപിക പദുകോണും നായികാനായകരായി എത്തിയ ബാജിറാവു മസ്താനി ഉണ്ടാക്കിയ പുകിലും ചില്ലറയല്ല. ബാജിറാവു മറാത്തക്കാരനാണ്. രണ്ടാം ഭാര്യയായെത്തുന്ന മസ്താനി ബാജിറാവുവിന്റെ മനം കവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മസ്താനി രജപുത്ര സ്ത്രീയാണെന്നും അല്ല ഹൈദരാബാദ് നൈസാമിന്റെ മകളാണെന്നും പറയുന്നതു കൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആളേറെയുണ്ടായി. വിവാദങ്ങളൊഴിയാതിരുന്ന ചിത്രം പണം വാരുന്നതിലും അംഗീകാരത്തിലും ചരിത്രം സൃഷ്ടിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനടക്കം ഏഴ് എണ്ണം ലഭിച്ച ഈ ചിത്രം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയില്‍ സ്ഥലം പിടിക്കുകയും ചെയ്തു. പദ്മാവതി ഈ വഴിയിലെ മൂന്നാമത്തെയെങ്കിലും ചിത്രമാണ്.

ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജപുത്രരുടെ മാത്രമല്ല, ഹിന്ദുക്കളുടെയാകെ അഭിമാനത്തിന് നേരെയുള്ള ചോദ്യമായി പദ്മാവതിയിലെ ഒരു പാട്ട് സീനിനെ അവതരിപ്പിക്കുകയാണ് സംഘ്പരിവാരം. അഞ്ച് സംസ്ഥാനങ്ങളില്‍ ചിത്രം നിരോധിച്ചു കഴിഞ്ഞു. 150 കോടിയിലേറെ രൂപ ചെലവ് ചെയ്ത് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടേത് തന്നെ. രജപുത്ര മുഗള കൊട്ടാരങ്ങളും മട്ടുപ്പാവുകളും ഉദ്യാനങ്ങളും നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഏറെ സമയമെടുത്തു. രാജ വസ്ത്രങ്ങളും ആഭരണങ്ങളും വിസ്മയിപ്പിക്കുന്നതാണ്. 400 കിലോ സ്വര്‍ണാഭരണങ്ങളാണ്, ഏറ്റവും പഴയ ഡിസൈനുകളില്‍ തയ്യാറാക്കിയത്. ദീപികയുടെ പ്രതിഫലം തന്നെ 13 കോടി രൂപയാണ്. ബോളിവുഡിലെ വിലയേറിയ നായികയായി ദീപിക മാറി. രണ്‍വീറിനും ഷാഹിദിനുമെല്ലാം പത്ത് കോടി. ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ച ഡിസംബര്‍ ഒന്നിന് ഭാരത്ബന്ദ് പ്രഖ്യാപിക്കുമെന്നായിരുന്നു രജപുത്രരുടെ സംഘടനയായ കര്‍ണി സേന പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണ വേളയില്‍ രണ്ടു തവണ ഷൂട്ടിങ് സെറ്റ് ആക്രമിക്കപ്പെട്ടു. ബന്‍സാലിയെയും ആക്രമിച്ചു. ബന്‍സാലിയുടെയും ദീപികയുടെയും തലക്ക് പത്ത് കോടി രൂപ ഇനാം പ്രഖ്യാപിച്ച നേതാക്കള്‍ നിയമത്തിന് മുന്നില്‍ പോറലേല്‍ക്കാതെ നടക്കുന്ന നാടാണിത്. ശൂര്‍പ്പണഖയെ ചെയ്ത പോലെ ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് ഒരു പുരാണ വിജ്ഞാനി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

1296ല്‍ ജനിച്ച് 1316 വരെ ജീവിച്ച ഡല്‍ഹി സുല്‍ത്താനാണ് അലാവുദ്ദീന്‍ ഖില്‍ജി. മറ്റുപല നാട്ടുരാജാക്കന്മാരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതിനിടെ ചിറ്റോറിലെ രതന്‍സിങിനെയും തോല്‍പിക്കുന്നു. രതന്‍സിങിന്റെ ഭാര്യയായിരുന്നു സുന്ദരിയായ റാണി പദ്മിനി. മുഗളരുടെ കൈകളില്‍ പെടുമെന്നായപ്പോള്‍ മറ്റു സ്ത്രീകളോടൊപ്പം റാണി പദ്മിനി ആത്മഹത്യ ചെയ്തുവെന്ന കഥയുണ്ട്. ഖില്‍ജി ചിറ്റോര്‍ ആക്രമിക്കുന്നതിന് കാരണം റാണി പദ്മിനിയായിരുന്നുവെന്ന് ചരിത്രം സമ്മതിക്കുന്നില്ലെങ്കിലും ഖില്‍ജിയുടെ മരണത്തിന് രണ്ട് നൂറ്റാണ്ടിന് ശേഷം സൂഫി കവി മാലിക് മുഹമ്മദ് ജയാസി രചിച്ച പദ്മാവതി പറയുന്നു. ഇതില്‍ പിടിച്ചാണ് 2008ല്‍ പദ്മാവതിയെ ബാലെയാക്കി പാരീസില്‍ ബന്‍സാലി അവതരിപ്പിച്ചത്. മികച്ച കൈയടി ലഭിച്ച ഈ സംരംഭം 2017ല്‍ ചലച്ചിത്ര രൂപം തേടുകയായിരുന്നു. പദ്മാവതി സാങ്കല്‍പിക കഥാപാത്രമാണ്. ഘൂമര്‍ എന്ന് തുടങ്ങുന്ന പാട്ടില്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് മുമ്പില്‍ പദ്മാവതി നൃത്തം ചെയ്യുന്ന ദൃശ്യമുണ്ട്. രജപുത്ര സ്ത്രീകള്‍ ആരുടെയും മുന്നില്‍ നൃത്തം ചെയ്യില്ലെന്നാണ് കര്‍ണി സേനയും ഹരിയാനയിലെയും രാജസ്ഥാനിലെയും മന്ത്രിമാരടക്കമുള്ളവരും പറയുന്നത്.

ബധിരരും മൂകരുമായ മാതാപിതാക്കളോട് സംവദിക്കാന്‍ പാടൂപെടുന്ന മകളെ അവതരിപ്പിക്കുന്ന ഖാമോഷിയിലൂടെയാണ് സഞ്ജയ് ലീലാ ബന്‍സാലി ബോളിവുഡില്‍ സംവിധായകനായി വരുന്നത്. അര്‍ഥഗര്‍ഭമായ ബാധിര്യം ബാധിച്ച കേന്ദ്ര സര്‍ക്കാറിനെ ഇപ്പോള്‍ ബന്‍സാലി കാണുന്നു. ഹംദില്‍ദെ ചുംകെ സനം, ദേവദാസ്, ബ്ലാക്ക്, സവാരിയ, മേരികോം തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്രലോകം ബന്‍സിലാലിനെ വണങ്ങുന്നു. ദേശീയ പുരസ്‌കാരങ്ങളും ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും പിന്നാലെപ്പിന്നാലെ വന്ന ബന്‍സാലിക്ക് പദ്മശ്രീ നല്‍കിയത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ്. ഇതിനകം ലോകം അംഗീകരിച്ചു കഴിഞ്ഞ സിനിമയെ പഴമുറം കൊണ്ട് തടഞ്ഞു നിര്‍ത്താനാവില്ലെന്ന് രാഷ്ട്രീയ നേതൃത്വത്തിന് അറിയാം. അതിനിടയില്‍ നിലത്തുവീഴുന്ന ചോര നക്കാം എന്ന സൃഗാലസൂത്രത്തിന് മുന്നില്‍ നമിക്കാതെ വയ്യല്ലോ.

chandrika: