X

ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണം

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി ഷുഹൈബ് എടയന്നൂരിനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസില്‍ പൊലീസ് അന്വേഷണം പ്രഹസനമായതോടെ സി.ബി.ഐ അന്വേഷിക്കണമെന്ന പൊതു ആവശ്യത്തിന് പ്രസക്തിയേറുന്നു. നേതാക്കളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കുകയാണ് താന്‍ ചെയ്തതെന്നും രക്ഷപ്പെടുത്തുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയെന്നുമുള്ള ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ കേസിനെ വഴിതിരിച്ചുവിടാനുള്ള ‘ട്വിസ്റ്റ്’ മാത്രമാണ്. ആകാശും രജിന്‍ രാജും നിരപരാധികളാണെന്നും പൊലീസ് വിളിച്ചതു പ്രകാരം സ്റ്റേഷനിലേക്കു പോകുകയായിരുന്ന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമുള്ള ആകാശിന്റെ പിതാവ് വഞ്ഞേരി രവിയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ ദുരൂഹതകള്‍ ഇരുണ്ടുകൂടിയിട്ടുണ്ട്. ഇക്കാര്യത്തില്‍കൂടി സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില്‍ കണ്ണൂര്‍ പൊലീസിന്റെ പതിവു ഉപചാര ചടങ്ങുകളില്‍ മാത്രം ഷുഹൈബ് വധക്കേസ് ഒതുങ്ങുമെന്ന കാര്യം തീര്‍ച്ച. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നിരാഹാര സമരം തുടരട്ടെ എന്ന യു.ഡി.എഫ് നേതൃയോഗ തീരുമാനം ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ്. അതിനാല്‍ സമഗ്രമായ അന്വേഷണത്തിന് കരുത്തുറ്റ ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിക്കുകയല്ലാതെ സര്‍ക്കാറിന്റെ മുമ്പില്‍ മറ്റു വഴികളില്ല. കളങ്കംപേറുന്ന രക്തരക്ഷസുകളെ പേടിച്ച്, പൊലീസ് തിരക്കഥക്ക് കാത്തുനില്‍ക്കുകയാണ് പിണറായിയുടെ ഉദ്ദേശ്യമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ തീക്കാറ്റില്‍ സര്‍ക്കാര്‍ ആടിയുലയുക തന്നെ ചെയ്യുമെന്നു ഓര്‍മപ്പെടുത്തട്ടെ.
‘ഷുഹൈബ് വധക്കേസില്‍ ആകാശും രജിനും നിരപരാധികളാണ്. കൊലപാതകം നടക്കുമ്പോള്‍ ഇരുവരും ക്ഷേത്രത്തിലായിരുന്നു. ഇവരെ കേസില്‍ കുടുക്കിയതാണ്. പൊലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്കു പോയപ്പോഴാണ് അറസ്റ്റു ചെയ്തത്. അല്ലാതെ ഓടിച്ചിട്ടു പിടികൂടിയതല്ല. സംഭവത്തിനു ശേഷം പാര്‍ട്ടിയെ സമീപിച്ചു. കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കാനാണു പാര്‍ട്ടി പറഞ്ഞത്. ബോംബ് കേസില്‍ ബി.ജെ.പി പ്രചാരണം മൂലമാണ് ആകാശ് ഒളിവില്‍ പോയത്. ആരോപണങ്ങള്‍ പൊലീസ് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണ്. താന്‍ അന്വേഷിച്ചപ്പോഴും ആകാശിന് കേസുമായി ബന്ധമില്ലെന്നാണ് മനസിലാക്കാനായത്. ആകാശും രജിനും നല്‍കിയ മൊഴി സമ്മര്‍ദങ്ങളുടെ ഫലമാണ്. കേസില്‍ പ്രതികളെ ഉണ്ടാക്കുകയാണ് പൊലീസ് ചെയ്തതെന്ന് സംശയിക്കുന്നു.’- ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയുടെ വെളിപ്പെടുത്തലുകള്‍ ഇവ്വിധമാണ്. ഇതു ശരിയാണെങ്കില്‍ നേരത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെയുള്ളവര്‍ ആരോപിച്ചതു പോലെ ‘ഡമ്മി’ പ്രതികളാണ് ഇപ്പോള്‍ പൊലീസ് വലയിലുള്ളത്. അങ്ങനെയെങ്കില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തപ്പെട്ട എം.വി ആകാശിനെ തന്നെ ‘ഡമ്മി’യാക്കി മുഖം രക്ഷപ്പെടുത്താനായിരിക്കും സി.പി.എമ്മിന്റെ നീക്കം. കൊലപ്പെടുത്താനല്ല, കാലു വെട്ടാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ആകാശിന്റെയും രജിന്‍ രാജിന്റെയും മൊഴി നേതാക്കളെ സംരക്ഷിക്കാനുള്ള കുബുദ്ധിയായി കാണണം. കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കട്ടെ എന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് കേസ് നീട്ടിക്കൊണ്ടുപോകാനും വിചാരണയുടെ കാലവിളംബത്തിനിടയില്‍ ഇവര്‍ പ്രതികളല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി കുറ്റവിമുക്തരാക്കിയേക്കാമെന്നുമുള്ള തിരക്കഥയാണ് സി.പി.എം ആവിഷ്‌കരിക്കുന്നത്. കേസിലെ ഗൂഢാലോചകരും യഥാര്‍ത്ഥ പ്രതികളും മാന്യന്മാരായി വിലസുകയും ‘ഡമ്മി’കള്‍ കേസും കൂട്ടുമായി പാര്‍ട്ടിയുടെ വീരപുരുഷരായി വിരാചിക്കുകയും ചെയ്യുന്ന പതിവുരീതി ഷുഹൈബ് വധത്തിലും സി.പി.എം പിന്തുടരുന്നുവെന്നര്‍ത്ഥം.
ഷുഹൈബിനെ വെട്ടിക്കൊന്ന സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ഷുഹൈബിന്റെ സുഹൃത്ത് നൗഷാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആകാശിന്റെ ആകാര വടിവുള്ള ഒരാളും സംഘത്തിലില്ലായിരുന്നുവെന്നും അഞ്ചുപേരല്ല, നാല് ചെറുപ്പക്കാരാണ് കൊല നടത്തിയതെന്നും നൗഷാദ് തുറന്നു പറഞ്ഞതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ ആകാശ് തില്ലങ്കേരി എങ്ങനെ പ്രതിയായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടേണ്ടതുണ്ട്. മാത്രമല്ല, കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ അരിച്ചുപെറുക്കിയെന്നു അവകാശപ്പെടുന്ന അന്വേഷണത്തലവന് കൊലയാളി സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? കഴിവുകേടു കൊണ്ടാണെന്നു വിശ്വസിക്കുന്നതിനേക്കാള്‍ ഭേദം ഒത്തുകളിയാണെന്ന് വിചാരിക്കുന്നതായിരിക്കും ഉചിതം. തിരച്ചിലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രതികളെ പിടികൂടിയെന്ന ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ വാദത്തിലും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കേസില്‍ കുടുക്കിയെന്ന വഞ്ഞേരി രവിയുടെ വാദത്തിലും പൊരുത്തക്കേടുകള്‍ കടന്നുകൂടിയത് എങ്ങനെയാണ്? ഇതെല്ലാം കേസന്വേഷണത്തിലെ ദുരൂഹത വെളിവാക്കുന്നതാണ്. ഇക്കാര്യങ്ങളിലെ ചുരുളഴിക്കാനാണ് കേസന്വേഷണം സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഇതിന് ബലം നല്‍കാനാണ് കെ. സുധാകരന്‍ നിരാഹാര സമരം തുടരുന്നതും. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ കേസ് സി.ബി.ഐക്കു വിടാമെന്ന് ഇന്നലെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുനല്‍കിയ മന്ത്രി എ.കെ ബാലന്റെ വാക്കുകള്‍ക്ക് ചില്ലിക്കാശിന്റെ വിലയുണ്ടെങ്കില്‍ സി.ബി. ഐ അന്വേഷണത്തിന് ഉത്തരവിടേണ്ട സമയം കഴിഞ്ഞു. സര്‍വകക്ഷി യോഗമെന്ന പേരില്‍ പൊറാട്ടു നാടകം നടത്തി കണ്ണൂരില്‍ സമാധാന ജീവിതം തകര്‍ക്കുന്ന ദുര്‍ഭൂതങ്ങളെ വേദിയിലിരുത്തിയ സര്‍ക്കാര്‍ കേസന്വേഷണത്തില്‍ ആത്മാര്‍ത്ഥതയും ജാഗ്രതയുമില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇനിയൊരാളും അക്രമ രാഷ്ട്രീയത്തിന്റെ കൊലക്കത്തിയില്‍ പിടിഞ്ഞുവീണ് മരിക്കാതിരിക്കാന്‍ മാത്രം ജനാധിപത്യ പ്രതിരോധം ഉയര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്. ഷുഹൈബിനെ ഇറച്ചിവെട്ടും വിധം നടുറോഡില്‍ കൊന്നുതള്ളിയ സി.പി.എം കാപാലികരെ അധികാര ഹുങ്കിന്റെ കരിമ്പടത്തിനുള്ളില്‍ നിന്ന് പുറത്തുകൊണ്ടുവരാനുള്ള സമരത്തില്‍ കേരളമൊന്നടങ്കം ഐക്യപ്പെടട്ടെ, സത്യസന്ധമായ അന്വേഷണത്തിനുള്ള ശക്തമായ ശബ്ദങ്ങളുയരട്ടെ, ഷുഹൈബിനും കുടുംബത്തിനും നീതി ലഭിക്കട്ടെ.

chandrika: