X

കാവിവല്‍ക്കരണത്തിന്റെ പിന്‍വാതില്‍ പ്രവേശം തടയണം

സംഘ്പരിവാര്‍ ആശയ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണ്. ആര്‍.എസ്.എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി സംഘടിപ്പിക്കുന്ന മത്സരപരീക്ഷയുടെ മറവിലാണ് കേരളത്തിലെ സ്‌കൂളുകളില്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയും ശാസ്ത്ര സത്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ സ്‌കൂളുകള്‍ വഴി യഥേഷ്ടം വിതരണം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും കുറ്റകരമായ മൗനം തുടരുകയാണ്. മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും വിവാദമാവുകയും ചെയ്തതോടെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പുസ്തകം വിതരണം ചെയ്ത ഒരു അധ്യാപകനോട് വിശദീകരണം ചോദിച്ചതായി ഡി.പി.ഐ വ്യക്തമാക്കിയിരുന്നു. അനുമതിയില്ലാതെയാണ് പുസ്തകം വിതരണം ചെയ്തതെന്നാണ് ഡി.പി.ഐ ഉന്നയിക്കുന്ന അവകാശവാദം. സ്‌കൂള്‍ അധികൃതരോ പ്രധാനാധ്യാപകനോ അറിയാതെ ഒരു അധ്യാപകന് സ്വന്തം താല്‍പര്യത്തിന്റെ പുറത്ത് എങ്ങനെ ഇത്തരത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യാനും അതിന്റെ പേരില്‍ പണപ്പിരിവ് നടത്താനും കഴിയുന്നു എന്ന ചോദ്യത്തിന് കൂടി വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നല്‍കേണ്ടതുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യാപകമായി ഇത്തരത്തിലുള്ള പുസ്തകം വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഒരു അധ്യാപകനെതിരെ മാത്രം നടപടി ഒതുക്കുന്നതിലെ വിദ്യാഭ്യാസ വകുപ്പിന്റെ താല്‍പര്യവും സംശയകരമാണ്.
സ്വാതന്ത്ര്യ സമരത്തേയും ദേശീയ പ്രസ്ഥാനങ്ങളേയും ദേശീയ നേതാക്കളേയും വികലമായി ചിത്രീകരിക്കുകയും വിദ്യാര്‍ത്ഥികളില്‍ മതവിദ്വേഷം കുത്തിവെക്കുകയും ചെയ്യുന്നതാണ് അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ള പുസ്തകങ്ങള്‍. 1773ല്‍ ഒരുപറ്റം സന്യാസിമാരാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യ സ്വാതന്ത്ര്യ സമരം നയിച്ചതെന്നാണ് പുസതകത്തില്‍ ഒരു ഭാഗത്ത് പറയുന്നത്. ബ്രിട്ടീഷുകാര്‍ക്ക് വിടുപണി ചെയ്യുകയും കൊളോണിയല്‍ ഭരണത്തെ വാഴ്ത്തിപ്പാടുകയും ചെയ്തതാണ് ആര്‍.എസ്.എസ് പാരമ്പര്യം എന്നിരിക്കെ, ഈ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിച്ച് തങ്ങളാണ് സ്വാതന്ത്ര്യ സമരത്തിന്റെ പ്രായോജകരെന്ന് വരുത്തിത്തീര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെയും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അനേകം മഹത്തുക്കളേയും അവഹേളിക്കുന്നതാണിത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രണ്ടുതവണ ആര്‍.എസ്.എസ് നേതാവായിരുന്ന ഗോള്‍വാള്‍ക്കറെ കണ്ട് മഹാത്മാഗാന്ധിയെ നേരിടാന്‍ സഹായം തേടിയെന്നാണ് മറ്റൊരു വാദം. ദേശീയ നേതാക്കളെ ഇവ്വിധം അവഹേളിക്കാന്‍ ഔദ്യോഗിക സര്‍ക്കാര്‍ സവിധാനങ്ങള്‍ ദുരുപയോഗിക്കപ്പെടുമ്പോള്‍ വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന സര്‍ക്കാറും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. ശ്രീരാമ ജന്മസ്ഥലമായ അയോധ്യയിലും ശ്രീകൃഷ്ണ ജന്മസ്ഥലമായ മഥുരയിലും മുസ്്‌ലിംകള്‍ ക്ഷേത്രം തകര്‍ത്ത് പള്ളി പണിതു തുടങ്ങിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചെറു പ്രായത്തിലെ വിദാര്‍ത്ഥികളുടെ നിഷ്‌കളങ്ക മനസ്സില്‍ മതവൈരത്തിന്റെ വിത്തെറിയാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അത്തരം നടപടികളെ കണ്ടില്ലെന്ന് നടിക്കുന്നതും മൃദുനിലപാട് സ്വീകരിക്കുന്നതും ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തും.
യാഥാര്‍ത്ഥ്യവുമായോ ചരിത്ര സത്യങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത ഇത്തരം വാദങ്ങളില്‍ പലതും ആര്‍.എസ്.എസും സംഘ്പരിവാര്‍ സംഘടനകളും നേരത്തെതന്നെ ഉന്നയിച്ചുവരുന്നുണ്ട്. നുണ നൂറുതവണ ആവര്‍ത്തിച്ച് സത്യമാക്കുകയെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇതിലൂടെ നടപ്പാക്കുന്നത്. ഐതിഹ്യങ്ങളും പുരാണ കഥകളും അതിലെ കഥാപാത്രങ്ങളും ചരിത്രവസ്തുതകളാണെന്ന് വരുത്തിത്തീര്‍ക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ മാറ്റിപ്പണിയാനുമുള്ള ഗൂഢ നീക്കങ്ങള്‍ വര്‍ഷങ്ങളായി സംഘ്പരിവാര്‍ നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളെ കാവിവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ നടന്നുവരുന്നുണ്ട്. സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളിലും പിന്‍വാതില്‍ വഴി അതിനുള്ള നീക്കം നടക്കുന്നുവെന്ന് വേണം ഇപ്പോഴത്തെ സംഭവങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍.
വിദ്യാഭാരതി നടത്തിവരുന്ന സംസ്‌കൃത ജ്ഞാനി പരീക്ഷക്കു വേണ്ടി തയ്യാറാക്കിയതാണ് സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള പുസ്തകം. വിദ്യാഭാരതിയുടെ സ്‌കൂളുകളില്‍ മാത്രമാണ് നേരത്തെ ഈ പരീക്ഷ നടത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടി ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ തുടങ്ങിയത്. വിദ്യാഭ്യാസ വകുപ്പ് അറിയാതെ ഇത് എങ്ങനെ സാധ്യമായി എന്ന ചോദ്യം പ്രസക്തമാണ്. മൃദുസംഘ്പരിവാര്‍ നിലപാടുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഇതിനകം തന്നെ സംസ്ഥാനത്തിന് ചീത്തപ്പേര് കേള്‍പ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് കൂടി ആ ദിശയിലേക്ക് നീങ്ങുന്നത് കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്ക് ഭൂഷണമാകില്ല. ചരിത്രനിഷേധവും ശാസ്ത്രനിഷേധവും പഠിപ്പിക്കാനും മതിവിദ്വേഷം പ്രചരിപ്പിക്കാനും വിദ്യാഭ്യാസ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന്റെ താല്‍പര്യങ്ങളെയല്ല പ്രതിനിധീകരിക്കുന്നത്. വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്നത് പോലുള്ള പമ്പര വിഡ്ഢിത്തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുസ്തക രൂപത്തില്‍ അച്ചടിച്ചുവിതരണം ചെയ്യുന്നതിലെ ഗുരുതരാവസ്ഥ കണക്കിലെടുക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ മൗനത്തിന്റെ ഗര്‍ത്തത്തില്‍ ഒളിക്കാതെ നിലപാട് വ്യക്തമാക്കാന്‍ ഇടുതപക്ഷ സര്‍ക്കാറും വിദ്യാഭ്യാസ മന്ത്രിയും തയ്യാറാവേണ്ടതുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിലോ, കേവലം അച്ചടക്ക നടപടിയിലോ ഒതുക്കാതെ, മതവൈരം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാനും ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.

chandrika: