X
    Categories: columns

മതത്തെ മറയാക്കി തടിതപ്പേണ്ട

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാരും സി.പി.എമ്മും അകപ്പെട്ടിരിക്കുന്ന അഴിയാക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ഖുര്‍ആനെയും ഇസ്്‌ലാമിനെയും മറയാക്കാനുള്ള വിദ്യ അവരുടെ പതിനെട്ടാമത്തെ അടവാണ്. മുസ്‌ലിംലീഗിനെയും മുസ്‌ലിം സംഘടനകളെയുംകൂടി വിമര്‍ശിച്ചും വിവാദത്തിലേക്ക് വലിച്ചിഴച്ചും സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തിറങ്ങിയത് അങ്ങേയറ്റത്തെ മത വിരുദ്ധതയാണ്. മുമ്പ് ശരീഅത്ത്‌വിഷയത്തിലും ബാബരി മസ്ജിദ് പ്രശ്‌നത്തിലും സ്വീകരിച്ച ദുഷ്ടബുദ്ധിയാണ് വിശുദ്ധ ഖുര്‍ആനെ ദുരുപയോഗിച്ചുകൊണ്ടുള്ള സി.പി.എം നേതാക്കളുടെ പുതിയ പ്രസ്താവനയിലും മുഴച്ചുനില്‍ക്കുന്നത്. ‘ഖുര്‍ആനോടോ’ എന്ന തലക്കെട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനം വീണുകിട്ടിയ അധികാരം നിലനിര്‍ത്തുന്നതിനും നാലുവോട്ടിനും വേണ്ടിയുള്ള അവസാനത്തെ അടവ് മാത്രമാണ്. കയ്യോടെ പിടികൂടപ്പെട്ടപ്പോള്‍ കളവ് മറയ്ക്കാന്‍ ഖുര്‍ആനെ മുന്നില്‍നിര്‍ത്തുന്നത് ശരിയാണോ എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെപോലെ ഒരു മതേതരരാഷ്ട്രീയകക്ഷി ആത്മപരിശോേധന നടത്തണം. കള്ളക്കടത്തുകേസില്‍ കസ്റ്റംസ് കേസെടുക്കുകയും എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ചോദ്യംചെയ്യുകയും ചെയ്തിട്ടും ഇനിയും ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജീലിലിന്റെ രാജിയുണ്ടാകാത്തത് പുഴുത്തുനാറിയ അധികാര മോഹമാണ്. കേവലം ഏഴു മാസത്തെ മന്ത്രിക്കസേരക്കുവേണ്ടി എത്ര അഗാധതയിലേക്കും താഴാമെന്നതിന് തെളിവാണ് ജലീലിന്റെയും മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ സാഹസം. ഇതിലൂടെ ആ പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും കൂടുതല്‍ കൂടുതല്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയാണെന്ന് തിരിച്ചറിയാനാവാത്തത് അവരുടെ അധികാരമത്തിന്റെ നേര്‍സാക്ഷ്യമാണ്.
സ്വര്‍ണക്കള്ളക്കടത്തുവഴി കയ്യോടെ പിടികൂടപ്പെട്ട മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും പ്രതികളായ സ്വപ്‌ന സുരേഷിനെയും കൂട്ടരെയും ആദ്യ ഘട്ടത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ച സി.പി.എമ്മും സര്‍ക്കാരും ഇപ്പോള്‍ ജലീലിനുവേണ്ടിയാണ് പഴി മുഴുവന്‍ ഏറ്റുവാങ്ങുന്നത്. സി.പി.എമ്മുകാരന്‍പോലുമല്ലാത്തയൊരാള്‍ക്കുവേണ്ടി എന്തിനാണ് സി.പി.എം വിഴുപ്പ് ചുമക്കുന്നതെന്നതിനുത്തരം തേടുമ്പോള്‍ മുഖ്യമന്ത്രിയിലേക്കും മറ്റ് ഉന്നതരിലേക്കും കേസെത്താതിരിക്കാനുള്ള കുബുദ്ധിയിലേക്കാണതെത്തുന്നത്. ഒരോ തവണ വീതം ഇ.ഡിയും പിന്നീട് എന്‍.ഐ.എയും ചോദ്യം ചെയ്തിട്ടും കസ്റ്റംസ് കേസെടുത്തിട്ടും മന്ത്രി തന്റെ അധികാരസ്ഥാനത്തുനിന്ന് ഇറങ്ങാന്‍ തയ്യാറാകാത്തതിന്കാരണം മുഖ്യമന്ത്രിക്ക് ജലീലിനോട് പലബാധ്യതകളും ഉള്ളതിനാലാണെന്നാണ് ഉയരുന്ന മറ്റൊരാക്ഷേപം. അതെന്താണെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രിതയ്യാറാകണം. മന്ത്രിമാരായ ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരിലേക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനിലേക്കും കേസെത്താതിരിക്കാനുള്ള അടവായും ഇതിനെ കാണാം. ജനരോഷം മുഴുവന്‍ ജലീലിലേക്ക് കേന്ദ്രീകരിച്ച് ശ്രദ്ധതിരിക്കാനുള്ള ശ്രമം. മാധ്യമ പ്രവര്‍ത്തകരെ വെട്ടിച്ചും പരിഹസിച്ചും ഇരുട്ടിന്റെ മറവില്‍ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി ജലീലിന് ഇനിയൊരു നിമിഷംപോലും ധാര്‍മികമായി ആ കസേരയിലിരിക്കാനവകാശമില്ല.
സി.പി.എമ്മും മുഖ്യമന്ത്രിയും ഇതിലേക്ക് ഖുര്‍ആനെ വലിച്ചിഴക്കുന്നത് കൗതുകകരമാണ്. ഖുര്‍ആനെതിരെയാണ് യു.ഡി.എഫും അതിന്റെ നേതാക്കളും മുസ്്‌ലിംലീഗുമെന്നാണ് സി.പി.എം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതില്‍ യുഗങ്ങള്‍ കഴിഞ്ഞാലും ജനങ്ങളെയോ യു.ഡി.എഫിന്റെ അണികളെയോ കിട്ടാന്‍ പോകുന്നില്ല. അപ്പോഴാണ് ബി.ജെ.പിയെയും മുസ്‌ലിം ലീഗിനെയും ചാരി തടിതപ്പാനുള്ളശ്രമം. സ്വര്‍ണക്കടത്താണ് വിഷയമെന്നിരിക്കെ ഖുര്‍ആനാണ് പ്രശ്‌നമെന്ന് വരുത്താന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നാണ് കോടിയേരി പറയുന്നത്. കഴിഞ്ഞ നാലു മാസമായി തുടരുന്ന സ്വര്‍ണക്കടത്തു കേസിലെവിടെയെങ്കിലും കടത്തപ്പെട്ട അനധികൃത സ്വര്‍ണത്തെക്കുറിച്ചല്ലാതെ അതുകൊണ്ടുവന്ന ബാഗേജിലെ സാധനത്തെക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടോ? ഖുര്‍ആനും ഈത്തപ്പഴവും മറ്റു പലതും ക്രിമിനലുകള്‍ കള്ളക്കടത്തിനായി ഉപയോഗപ്പെടുത്തിയിരിക്കാം. അതേക്കുറിച്ചാണ് എന്‍.ഐ.എയും കസ്റ്റംസും ഇ.ഡിയുമെല്ലാം അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഖുര്‍ആനെക്കുറിച്ച് മാത്രം സംസാരിക്കുന്ന സി.പി.എം നേതാക്കളുടെ ഉദ്ദേശ്യം മതവികാരം ചൂഷണം ചെയ്യാനാകുമോ എന്നാണ്. ജലീലിനെ യാതൊരു തത്വദീക്ഷയുമില്ലാതെ മന്ത്രിക്കസേരയിലിരുത്തിയ മുഖ്യമന്ത്രിയും സി.പി.എമ്മും അദ്ദേഹത്തിന്റെ വഴിവിട്ട ഇടപാടുകളെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെതന്നെ മതത്തെ ദുരുപയോഗിക്കുകയാണ്. സി.പി.എമ്മിന്റെ വര്‍ഗീയരാഷ്ട്രീയത്തിന്റെ ഉപകരണമായി ജലീലും തരംതാഴ്ന്നിരിക്കുന്നു. ഇതിന്റെഭാഗമായി മുസ്‌ലിംലീഗിനെയും പി.കെ കുഞ്ഞാലിക്കുട്ടിയെയുംവരെ വാക്കുകളാല്‍ ആക്രമിക്കാന്‍ കോടിയേരി തയ്യാറായത് വിലകുറഞ്ഞതായി. ബി.ജെ.പിയുമായി മുസ്‌ലിംലീഗ് കൂട്ടുചേരുന്നുവെന്നുവരെ തട്ടിവിടാന്‍ കോടിയേരി തയ്യാറായത് അദ്ദേഹത്തിന്റെകാലത്ത് സി.പി.എം അവസാനിക്കുന്നുവെന്ന ബേജാറ് കൊണ്ടാണ്. കേരളം എന്നോ മറന്നുകഴിഞ്ഞ മാറാട് കൂട്ടക്കൊലയെവരെ എടുത്തിടാന്‍ കോടിയേരി മുന്നോട്ടുവന്നത് നാടിനെന്തുസംഭവിച്ചാലും അധികാരംവേണമെന്ന ലാക്കുകൊണ്ടാണ്.
കേന്ദ്രത്തിലെ അധികാരലബ്ധിക്കായി ബി.ജെ.പിയുമായി കൂട്ടുകൂടിയ സി.പി.എമ്മിന്റെ അടവുകളിലൊന്നാണ് ഇതും. രാജ്യത്താദ്യമായി ഒരു മന്ത്രിയെ എന്‍.ഐ.എ കള്ളക്കടത്തുകേസില്‍ ചോദ്യംചെയ്തിട്ടും രായ്ക്കുരാമാനം പിടിച്ചുപുറത്തിടാന്‍ കഴിയാത്തതിനുപിന്നില്‍ സ്വന്തം പാര്‍ട്ടിയുടെ കേന്ദ്ര സമിതിയംഗമായ ഇ.പി ജയരാജനേക്കാളും എന്‍.സി.പിക്കാരായ സി.കെ ശശീന്ദ്രനെയും തോമസ്ചാണ്ടിയെയുംകാള്‍ ജലീലുമായി പിണറായിക്കും സി.പി.എമ്മിനും എന്ത് ബാന്ധവമുള്ളതുകൊണ്ടാണ്? ഈ കോവിഡ്കാലത്ത് എം.എല്‍.എമാരടക്കമുള്ള പ്രതിഷേധക്കാരുടെ തല തല്ലിപ്പൊട്ടിച്ച് ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിനെ വിനാശകാലേ വിപരീത ബുദ്ധി എന്നേ കരുതുന്നുള്ളൂ.

 

 

web desk 1: