X
    Categories: Culture

പാഴ്മുറംകൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല

 

‘ഈ ജില്ലയില്‍ അതെല്ലാം പൊളിക്കാന്‍ ഒരുസബ്കലക്ടര്‍, ഒരുകോന്തന്‍.. ഇറങ്ങിയിരിക്കുകയല്ലേ. ഇവനെയൊക്കെ ഊളമ്പാറക്കയക്കണം. ഊളമ്പാറക്ക്. അല്ലാതെ നേരെചൊവ്വെയൊന്നും പോകൂല്ലാ. ഓ….ചിലര്‍ക്ക്
ഈ സബ്കലക്ടറുടെയാ പൊറുതി. പെമ്പിളൈ ഒരുമൈ സമരം നടന്നു. അന്നും സകലവൃത്തികേടുകളും നടന്നു. കാട്ടിലായിരുന്നു പണി. സുരേഷ്‌കുമാര്‍ ഉണ്ടല്ലോ .അന്നും ഇതുതന്നെയായിരുന്നു പണി. പൂച്ച, പഴയ നമ്മുടെ പൂച്ച. കെയ്‌സുകണക്കിനായിരുന്നു ബ്രാണ്ടി. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു കുടി. സകലപണിയും അന്നും നടന്നു. ഇവിടെ ചില ചാനലുകാരും കൂടെയുണ്ടായിരുന്നു. അന്ന് ഒരു ഡി.വൈ.എസ്.പിയും ഉണ്ടായിരുന്നു. എന്താ പേര്…’
ഇന്ത്യന്‍ ഭരണഘടനയോട് കൂറും വിധേയത്വവും പുലര്‍ത്തുമെന്നും ഭയമോ വിധേയത്വമോ കൂടാതെ ജനങ്ങള്‍ക്കുവേണ്ടി കൃത്യനിര്‍വഹണം നടത്തുമെന്നും ആണയിട്ടുപറഞ്ഞ് കേരളസംസ്ഥാനത്തെ മന്ത്രിക്കസേരയില്‍ കയറിയിരിക്കുന്ന ഒരു വ്യക്തിയില്‍നിന്നുണ്ടായതാണ് മേല്‍വാചകങ്ങള്‍. സ്വകാര്യസംഭാഷണങ്ങളില്‍ പോലും സാധാരണക്കാര്‍ പോലും പറയാന്‍ അറയ്ക്കുന്ന വാക്കുകള്‍ ഒരു ഉളുപ്പും കൂടാതെ തട്ടിവിട്ട വൈദ്യുതിവകുപ്പുമന്ത്രി എം.എം മണി ആദ്യം ഖേദപ്രകടനവും പിന്നീട് തന്റെ വാക്കുകള്‍ തന്നോട് വിരോധമുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിച്ചതാണെന്നുമൊക്കെയാണ് പറയുന്നത്. കയ്യോടെ പിടികൂടപ്പെട്ട ഒരു പ്രതിയുടെ തത്രപ്പാടിലുള്ള പുലമ്പലായി മാത്രമേ പിന്നീടുള്ള വാചകങ്ങളേ കാണാനാകൂ. മാത്രമല്ല, ഒരു തവണവായില്‍ നിന്നുവന്ന അബദ്ധമായി ഇതിനെ കാണാനാവില്ലെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ കേരളീയരുടെ മനോമുകുരങ്ങളില്‍ ഇപ്പോഴും ടിയാനെക്കുറിച്ച് മങ്ങാതെ കിടപ്പുണ്ട്. സ്വകാര്യകോളജിലെ വനിതാപ്രിന്‍സിപ്പലിനെപ്പറ്റിയും, സ്വാശ്രയകോളജ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമരത്തിനെത്തിയ സ്വന്തം പാര്‍ട്ടിക്കാരി കൂടിയായ മാതാവ് മഹിജയെപ്പറ്റിയും, ടി.പി ചന്ദ്രശേഖരനെ കൊന്നതിനെ ന്യായീകരിക്കാന്‍ സി.പി.എം മുമ്പും പാര്‍ട്ടി ശത്രുക്കളെ പട്ടികയുണ്ടാക്കി വകവരുത്തിയിട്ടുണ്ടെന്ന വിടുവായിത്തമൊക്കെ ഇതേ ശൈലിയില്‍ ജനം കേട്ടുതഴമ്പിച്ചവയാണ്. ഇതൊന്നും ഇപ്പോള്‍ ആവര്‍ത്തിക്കേണ്ടാത്തവിധം മലയാളികള്‍ മണി എന്ന ഇടുക്കിക്കാരനായ സി.പി.എം നേതാവിനെക്കുറിച്ച് കേശാദിപാദം വിലയിരുത്തിക്കഴിഞ്ഞതാണ്. അന്നെല്ലാം പക്ഷേ ഒരു പാര്‍ട്ടിനേതാവുമാത്രമായിരുന്നു മണി.
എന്നാല്‍ ഇവിടെ പ്രശ്‌നം അതല്ല. ഇത്തരത്തിലുള്ള മന്ത്രിയെ ന്യായീകരിക്കാന്‍ സര്‍ക്കാരിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രി തുടര്‍ച്ചയായി രംഗത്തുവന്നതാണ് കേരളീയരുടെയാകെ മാനം കെടുത്തുന്നത്. സത്യപ്രതിജ്ഞാലംഘനവും സ്ത്രീകളെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയുമൊക്കെ അധിക്ഷേപിക്കുകവഴി ക്രിമിനല്‍കുറ്റവും നടത്തിയ എം.എം മണിയുടേത് നാട്ടുഭാഷയാണെന്ന പിണറായി വിജയന്റെ നിയമസഭയിലെ മറുപടി ഇന്നലെ ഒരുപടി കൂടികടന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള കുറ്റപ്പെടുത്തല്‍വരെയായി. മലയാളികളുടെ ഭാഷാബോധത്തെയും സാംസ്‌കാരികമഹിമയെയും അപമാനിക്കല്‍കൂടിയാണിത്. മുമ്പ് യൂത്ത്‌കോണ്‍ഗ്രസ് സമരക്കാരെ വാടകക്കെടുത്തെന്ന് പറഞ്ഞും വക്കീലന്മാരുടെ തല്ലുകൊള്ളാന്‍ കോടതിയില്‍ വാര്‍ത്തശേഖരിക്കാന്‍ പോകേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയും മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചൊരു മുഖ്യമന്ത്രിയില്‍ നിന്നും ഇതിലധികം പ്രതീക്ഷിക്കാനില്ലായിരിക്കാം. എന്നാല്‍ ഈ മുഖ്യമന്ത്രിക്കും മന്ത്രിക്കും ഭരണഘടനാസ്ഥാനങ്ങളിലാണിരിക്കുന്നതെന്ന സാമാന്യമായ ബോധമെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ഇവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ വനിതാനേതാക്കളൊന്നടങ്കം മന്ത്രിക്കെതിരെ രംഗത്തുവരികയും പാര്‍ട്ടി സംസ്ഥാനനേതൃത്വം അച്ചടക്കനടപടി ആവശ്യപ്പെടുകയും ചെയ്ത നിലക്ക് എത്രയുംപെട്ടെന്ന് മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവമാണ് മുഖ്യമന്ത്രി കാണിക്കേണ്ടത്. സ്വകാര്യസംഭാഷണത്തിന്റെ പേരില്‍ ഒരുമന്ത്രിയുടെ രാജിവാങ്ങിയയാളാണ് താങ്കള്‍. സൂര്യനെ പാഴ്മുറംകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കരുത്.
ദൃശ്യമാധ്യമങ്ങളുടെ സജീവതയുള്ള ഇക്കാലത്ത് ഏതൊരു പ്രസംഗവും അതേപടി ഒപ്പിയെടുക്കാനും സംപ്രേഷണം ചെയ്യാനും കഴിയുമായിരിക്കെ ആടിനെ പട്ടിയാക്കുന്ന പണിക്ക് മുഖ്യമന്ത്രിയും കൂടി കൂട്ടുനില്‍ക്കരുതായിരുന്നു. നേരത്തെതന്നെ മൂന്നാര്‍ ഭൂമി കയ്യേറ്റവിഷയത്തില്‍ തന്റെ മന്ത്രിസഭയിലെ തന്നെ മറ്റൊരു മന്ത്രിയുമായി പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി താന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ കീഴിലെ പൊലീസ് സേന മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയതുപോലും അറിഞ്ഞില്ലെന്ന് പരസ്യമായി പറയുക വഴി കൂട്ടുത്തരവാദിത്തമില്ലെന്ന് സമ്മതിക്കുകയാണ് ചെയ്തത്. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍നയം അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അവരുടെമേല്‍ ഒരു കടിഞ്ഞാണുമില്ലെന്ന് പരസ്യമായി സ്മ്മതിക്കേണ്ടിവരുന്നത് കേരളത്തിലെ ആദ്യത്തെ സംഭവവും നാണക്കേടുമാണ്. മൂന്നാര്‍കയ്യേറ്റ വിഷയത്തില്‍ തൊട്ടാലെല്ലായ്്‌പോഴും ഉദ്യോഗസ്ഥര്‍ക്കുനേരെ ‘വാക്കത്തി’കളുമായി പാഞ്ഞടുക്കുന്ന മണിയും സി.പി.എം നേതാക്കളും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പച്ചയായി എല്ലാവര്‍ക്കും അറിവുള്ളതാണ്. സി.പി.എമ്മുകാരനായ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ 2008ല്‍ നടത്തിയ മൂന്നാര്‍ ഓപ്പറേഷന്റെ തലവന്റെ കാല്‍വെട്ടുമെന്ന് പറഞ്ഞത് ഇതേ സി.പി.എം നേതാക്കളായിരുന്നു. അന്നത്തെ ൗത്യസംഘത്തലവനെയാണ് കള്ളുകുടിയനായി മന്ത്രി ഇപ്പോള്‍ ചിത്രീകരിച്ചിരിക്കുന്നത്.
ജനാധിപത്യത്തില്‍ ജനത്തിനുനേരെ കൊഞ്ഞനം കുത്തുന്ന മന്ത്രി താനിരിക്കുന്ന കസേരയോടും ഭരണഘടനയോടും നീതിന്യായവ്യവസ്ഥിതിയോടും കൂടിയാണ് കോപ്രായങ്ങള്‍കാട്ടി മുക്രയിടുന്നത്. സാധാരണക്കാരനായ വ്യക്തിയാണെങ്കില്‍ കൂടി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പരസ്യമായി അപമാനിച്ചതിനും ശിക്ഷാര്‍ഹനായ ഒരു മന്ത്രിയെ ഇനിയും ആ പദവിയില്‍ തുടരാനനുവദിക്കുന്നത് നിയമപരമായും സാങ്കേതികമായും ധാര്‍മികമായും മാത്രമല്ല, കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും യോജിച്ചതല്ലെന്ന് ഓര്‍മിപ്പിക്കേണ്ടിവരുന്നതില്‍ ഖേദംതോന്നുന്നു. അധികാരം അമിതാധികാരത്തിലേക്കും അത് അഴിമതിയിലേക്ക് എത്തിച്ചേരുകയും ചെയ്യുമ്പോള്‍ തങ്ങളെ തിരഞ്ഞെടുത്തുവിട്ട പൗരന്മാരെ മറക്കുക ലോകത്തെല്ലായിടത്തും നാം കണ്ടുവരുന്ന പ്രവണതയാണ്. പശ്ചിമബംഗാളില്‍ തൊഴിലാളിവര്‍ഗപാര്‍ട്ടി ടാറ്റപോലെയുള്ള ഒരു കുത്തകമുതലാളിക്കുവേണ്ടി പാവപ്പെട്ട കര്‍ഷകരെ വെടിവെച്ചുകൊന്നതും ആ കക്ഷി പിന്നീട് ആ സംസ്ഥാനത്ത് കണികാണാന്‍ പോലുമാകാതെ വരികയും ചെയ്തതുമായ അനുഭവങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ട്. ഫാസിസം പോലെ അതിനിര്‍ണായകമായ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുന്ന ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലുള്ള മതനിരപേക്ഷപ്രസ്ഥാനങ്ങള്‍ ആ മഹത്കര്‍ത്തവ്യം മറന്നുകൊണ്ട് വിലകുറഞ്ഞ പ്രശ്‌നങ്ങളില്‍ അഭിരമിക്കുന്നത് കുറഞ്ഞപക്ഷം മതേതരമനസ്സുകളിലെങ്കിലും വലിയനീറ്റല്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ.

chandrika: