X

തര്‍ക്കങ്ങള്‍ക്കിടെ ഭരണം മറക്കരുത്

സ്വജനപക്ഷപാതം മുതല്‍ മൂന്നാര്‍ കയ്യേറ്റം വരെയുള്ള വിഷയങ്ങളില്‍ തട്ടി പതിനൊന്നു മാസമായി സംസ്ഥാന ഭരണം കുത്തഴിഞ്ഞു കിടക്കുകയാണ്. മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന മന്ത്രിമാരുടെ കഴിവുകേടുകളും ആഭ്യന്തര വകുപ്പുള്‍പ്പെടെ സുപ്രധാന വകുപ്പുകളുടെ വീഴ്ചകളും ഒന്നിനുപിറകെ മറ്റൊന്നായി വിവാദമുയര്‍ത്തുന്നതിലൂടെ ഉടലെടുത്ത ഭരണ സ്തംഭനം തെല്ലൊന്നുമല്ല ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കൊടും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായ വിലക്കയറ്റവും റേഷന്‍ ലഭ്യതക്കുറവും ക്രമസമാധാന തകര്‍ച്ചയും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നതു കാണാന്‍ പിണറായി സര്‍ക്കാറിന് സമയം കിട്ടുന്നില്ല. സമീപ കാലങ്ങളില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗങ്ങളത്രയും തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി മാത്രമാകുന്നതില്‍ നിന്നു തന്നെ മനസിലാക്കാം ഇടതുസര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ ആഴം. മുന്നണിയെ വിടാതെ പിന്തുടരുന്ന പടലപ്പിണക്കങ്ങളും മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ഗുരുതരമായ ആരോപണങ്ങളും വകുപ്പുകളില്‍ നിന്ന് ഉടലെടുക്കുന്ന ക്ഷന്തവ്യമല്ലാത്ത ക്രമക്കേടുകളും ചര്‍ച്ച ചെയ്യാനല്ലാതെ, ജനജീവിതത്തെ സ്പര്‍ശിക്കുന്ന വികസനഗന്ധിയായ ഒരു വിഷയത്തിലും ഈ സര്‍ക്കാറിന് ക്രിയാത്മകമായി ഇടപെടാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പതിനൊന്നു മാസത്തിനിടെ കൂടിയ നിയമസഭാ സമ്മേളനങ്ങള്‍ പോലും ജനോപകാരപ്രദമാക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവ് നടപ്പുസമ്മേളനത്തില്‍പോലും പ്രകടമാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വ കുറവും വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും ഭരണത്തെ പിറകോട്ടുവലിക്കുന്നു എന്ന യാഥാര്‍ഥ്യം മൂന്നാര്‍ കുടിയൊഴിപ്പിക്കലിലും കണ്ടു. ആദ്യ സഭാ സമ്മേളനത്തിന്റെ സ്മരണ പുതുക്കാന്‍ പഴയ നിയമസഭാ മന്ദിരത്തില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ എക്‌സൈസ് മന്ത്രി അവതരിപ്പിച്ച മദ്യ ലഭ്യതയുടെയും വരുമാനത്തിന്റെയും കണക്കുകളും ഇത് സാക്ഷ്യപ്പെടുത്തുന്നു. നയവും നിലപാടുകളുമില്ലാതെ, വീക്ഷണങ്ങളും വൈഭവവുമില്ലാതെയാണ് പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ ഭരണത്തെ പതുക്കെ തള്ളിനീക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ‘കുരിശി’ല്‍ തട്ടി ഭരണം സ്തംഭിച്ചു നില്‍ക്കുമ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മുഖ്യമന്ത്രി കേവലം നോക്കുകുത്തിയാകുന്നത് സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണെന്ന് പറയാതെ വയ്യ. മികച്ച കപ്പിത്താനു മാത്രമേ കാറ്റിലും കോളിലും പെടാതെ കപ്പലിനെ കരക്കടുപ്പിക്കാനാവൂ എന്ന പാഠം ഇനിയെങ്കിലും ഇടതു മുന്നണി പഠിക്കുന്നതു നന്ന്.
രണ്ടു പ്രധാന കാരണങ്ങളാണ് ഭരണ സ്തംഭനത്തിലേക്ക് കേരളത്തെ നയിച്ചത്. കാര്യക്ഷമമല്ലാത്ത ഭരണ നിര്‍വഹണമാണ് ഇതില്‍ പ്രധാനം. വിവിധ തട്ടുകളിലുള്ള സര്‍ക്കാര്‍ ജീവനക്കാരാണ് മറ്റൊരു ഘടകം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് നേര്‍ വിപരീതമായാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ശരിയാംവണ്ണം നടന്നിരുന്ന സംവിധാനങ്ങള്‍ പോലും ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു. സര്‍വ മേഖലകളിലെയും സ്വജനപക്ഷപാതം ഭരണ സുതാര്യത മരീചികയാക്കി. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന വ്യവസായ മന്ത്രിക്ക് ഇക്കാരണത്താല്‍ പുറത്തുപോകേണ്ടി വന്നു. ഇതേ കാലയളവില്‍ രണ്ടു മന്ത്രിമാര്‍ക്കെതിരെ ഇവ്വിഷയത്തില്‍ ഗുരുതരമായ ആരോപണമുയര്‍ന്നു. തദ്ദേശ സ്വയംഭരണ മന്ത്രിക്കെതിരെ കഴിഞ്ഞ ദിവസമാണ് ഇക്കാരണം ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി ലഭിച്ചിട്ടുള്ളത്. ക്രമസമാധാനത്തകര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ഗ്രാഫ് ദൈനംദിനം ഉയരുകയാണ് എന്നത് ഭീതി വളര്‍ത്തിയിരിക്കുകയാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സംസ്ഥാനത്ത് 1,75,000 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരെയുള്ള പീഡന കേസുകളാണ് ഏറെയും. കൊടും കുറ്റവാളികളെ ജയിലില്‍ നിന്നു തുറന്നുവിടാന്‍ മനസുവെച്ച സര്‍ക്കാറിനു കുഴലൂത്തു നടത്തുകയാണ് ക്രമസമാധാനപാലകര്‍. കാക്കിക്കുള്ളില്‍ കാവി കളസമണിഞ്ഞ ചില ക്രമസമാധാന പാലകര്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാലൂട്ടി വളര്‍ത്തുകയാണ്. പിറന്നുവീണ പെണ്‍കുഞ്ഞിനു മുതല്‍ പടുവൃദ്ധകള്‍ക്കുവരെ മാനാഭിമാനത്തോടെ ജീവിക്കാന്‍ കഴിയാത്ത നാടായി സംസ്ഥാനം പരിവര്‍ത്തിക്കപ്പെട്ടു. നവ കേരളം കെട്ടിപ്പടുക്കാനൊരുമ്പെട്ടവര്‍ നിഷ്‌ക്രിയരായി നില്‍ക്കുന്ന നാണക്കേടാണ് കേരളത്തെ ഇവ്വിധം അരക്ഷിതാവസ്ഥയിലെത്തിച്ചത്. സര്‍ക്കാറിന്റെ പല പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിവളര്‍ത്തുകയും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് വളം വെച്ചു കൊടുക്കുകയും ചെയ്യുന്നു. ഭരണം സക്രിയമല്ലാതിരിക്കുമ്പോള്‍ ഉടലെടുക്കുന്ന സ്വാഭാവിക പ്രക്രിയകള്‍ സമൂഹത്തിന്റെ സ്വസ്ഥതയെ തകര്‍ക്കുമെന്നത് തിരിച്ചറിയാന്‍ വിവേകശാലികളായ ഭരണാധികാരികളില്ലാതെ പോയതാണ് നാടിന്റെ ശാപം.
ഐ.പി.എസ്, ഐ.എ.സ് തലം മുതല്‍ താഴേ തട്ടിലുള്ള ജീവനക്കാര്‍ വരെ അസംതൃപ്തരായാണ് കഴിയുന്നത്. തങ്ങളുടെ ഇംഗിതത്തിനൊത്തു തുള്ളുമെന്ന് കരുതി ടി.പി സെന്‍കുമാറിനു പകരം ഡി.ജി.പിയായി നിയമിച്ച ലോക്‌നാഥ് ബെഹ്‌റ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച സെന്‍കുമാറിനെ പൊറുക്കാതിരിക്കാനാവില്ലെന്ന് ഇന്നലെ നിയമ സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പിച്ചു കഴിഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ വരുത്തിവച്ച വിനകള്‍ സര്‍ക്കാറിനെ തിരിഞ്ഞുകൊത്തുകയും ചെയ്യുന്നു. കെ.എ.എസ് നടപ്പാക്കുന്നതിനെതിരെ സെക്രട്ടറിയേറ്റില്‍ രൂപപ്പെട്ട സമരത്തിന്റെ വീര്യം ഇപ്പോഴും അടങ്ങിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങള്‍ വരെ ഇതിന്റെ അലയൊലികള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ജീവനക്കാരുടെ അഭാവവും നിസ്സഹകരണവും ഭരണസ്തംഭനത്തിന് ആക്കം കൂട്ടുന്നു. ഭരണസ്തംഭനം ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷം മാത്രമല്ല, ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പിണറായി വിജയന് കുലുക്കമില്ല.
ഫയല്‍ നീക്കം അസാധാരണമായി വൈകുന്നുവെന്ന് മാസങ്ങള്‍ക്ക് മമ്പ് സര്‍ക്കാര്‍ വിലയിരുത്തിയതാണ്. നിയമ വകുപ്പ് ഒഴികെയുള്ളിടത്ത് ഫയല്‍ നീക്കത്തില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് പൊതുഭരണ വകുപ്പും കണ്ടെത്തിയിരുന്നു. ജില്ലാ ഭരണകൂടം മുതല്‍ താഴോട്ടും ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി. പല കലക്്ടറേറ്റുകളിലും സെക്രട്ടറിമാരുടെയും അസി. സെക്രട്ടറിമാരുടെയും അഭാവം ഭരണ നിര്‍വഹണത്തെ സാരമായി ബാധിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥിതിയും തഥൈവ. ജീവല്‍ പ്രശ്‌നങ്ങളുമായി ഭരണകൂടങ്ങളെ സമീപിക്കുന്ന സാധാരണക്കാരാണ് ഇതുകൊണ്ട് പ്രയാസപ്പെടുന്നത്. വരള്‍ച്ച വിതച്ച ദുരിതത്തിനിടയില്‍ ജീവിതം തീക്ഷ്ണമാകുമ്പോള്‍ ഭരണകൂട നിസംഗത നിസാരമായി കണ്ടുകൂടാ. തര്‍ക്കങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമിടയില്‍ പൊതുജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ കാണാതെ പോകുന്നത് കൊടുംക്രൂരതയാണ്. ഭരണാധികാരികള്‍ പ്രതിബദ്ധത പുലര്‍ത്തേണ്ടത് പൊതുജനങ്ങളോടാണ്. എന്നാല്‍ അത് പാര്‍ട്ടിയോടും മുന്നണിയോടും മാത്രമായി ചുരുങ്ങുമ്പോഴാണ് നാട് നിശ്ചലമാകുന്നത്. സങ്കുചിതത്വത്തിന്റെ ഈ നീരാളിക്കൈകളിലമര്‍ന്നാണ് ഇന്നു കേരളം നരകിക്കുന്നത്. ഇതില്‍നിന്നുള്ള മോചനം സാധ്യമാകണം.

chandrika: