X

മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി: സാബിര്‍ ഗഫാര്‍ പ്രസിഡണ്ട്; സി.കെ സുബൈര്‍ ജനറല്‍ സെക്രട്ടറി

പ്രസിഡണ്ട് സാബിര്‍ ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ട്രഷറര്‍ എം.കെ മുഹമ്മദ് യൂനുസ്

ബംഗളൂരു: മുസ്്‌ലിം യൂത്ത്ലീഗ് ദേശീയ പ്രസിഡണ്ടായി സാബിര്‍ ഗഫാറിനെ(പശ്ചിമ ബംഗാള്‍)യും ജനറല്‍ സെക്രട്ടറിയായി സി.കെ സുബൈറിനെ(കേരളം)യും ട്രഷററായി എം.കെ മുഹമ്മദ് യൂനുസിനെ(തമിഴ്നാട്)യും തെരഞ്ഞെടുത്തു. ആസിഫ് അന്‍സാരി (ഡല്‍ഹി), അഡ്വ.ഫൈസല്‍ ബാബു (കേരളം), സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര), സാമ്പശിവ റാവു (ആന്ധ്രപ്രദേശ്), ഉമര്‍ ഇനാംദാര്‍ (കര്‍ണാടക) എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. ഇംറാന്‍ അശ്റഫി (മഹാരാഷ്ട്ര), നസ്രത്തുല്ലഖാന്‍ (തമിഴ്നാട്), മംപ്രീത് സിങ് (മഹാരാഷ്ട്ര), മുഫ്തി സയ്യിദ് ആലം (ജാര്‍ഖണ്ഡ്), മുഹമ്മദ് ഖാലിദ് റാസ (രാജസ്ഥാന്‍) എന്നിവര്‍ ജോ. സെക്രട്ടറിമാരുമാണ്.
പശ്ചിമ ബംഗാള്‍ സംസ്ഥാന മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റാണ് ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാബിര്‍ ഗഫാര്‍. മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി ഷഹന്‍ഷ ജഹാംഗീന്റെ പുത്രനാണ്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ സുബൈര്‍ എം.എസ്.എഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്‌ലിം യൂത്ത്ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട എം.കെ മുഹമ്മദ് യൂനുസ് തമിഴ്നാട് സംസ്ഥാന മുസ്്‌ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി, കൊല്ലപ്പടി മുനിസിപ്പല്‍ കൗണ്‍സിലര്‍ പദവികള്‍ വഹിക്കുന്നു. മുന്‍ എം.എല്‍.എ ഖലീലു റഹ്്മാന്റെ പുത്രനാണ്.
‘മതേതര ഇന്ത്യയെ സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ ബംഗളൂരു സര്‍പുട്ടണ്ണചെട്ടി ടൗണ്‍ ഹാളില്‍ നടന്ന മുസ്‌ലിംലീഗ് ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് മുസ്്ലിം യൂത്ത്ലീഗിന്റെ പ്രഥമ ദേശീയ കമ്മിറ്റി നിലവില്‍ വന്നത്. 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ സംബന്ധിച്ചു. സ്ഥാനാരോഹണ ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. സാബിര്‍ ഗഫാര്‍ സ്വാഗതവും സി.കെ സുബൈര്‍ നന്ദിയും പറഞ്ഞു.

chandrika: