X
    Categories: Culture

കളിക്കളങ്ങള്‍ മാതൃകയാവണം

കളിക്കളങ്ങളില്‍ രക്തം ചിന്തരുത് എന്ന മുദ്രാവാക്യത്തിന് കാലപ്പഴക്കമുണ്ട്. പുരാതന ഒളിംപിക്‌സുകളില്‍ മല്ലയുദ്ധങ്ങളും ദ്വന്ദ്വയുദ്ധങ്ങളും മല്‍സരക്കളങ്ങളെ രക്തക്കളങ്ങളായി മാറ്റിയപ്പോള്‍ കായികമെന്നത് രക്തവേദിയല്ല സമാധാന വേദിയാണെന്ന് പ്രഖ്യാപിച്ചത് ആധുനിക ഒളിംപിക്‌സിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഫ്രഞ്ചുകാരന്‍ പിയറി ഡി ഗോബര്‍ട്ടിനാണ്. മല്‍സരങ്ങളില്‍ വീറും വാശിയും സ്വാഭാവികമാണ്. പക്ഷേ അതെല്ലാം കളിനിയമങ്ങളെ ബഹുമാനിച്ചും പ്രതിയോഗികളെ അംഗീകരിച്ചുമാണ്. വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പരസ്പര ശത്രുത പ്രകടിപ്പിക്കരുതെന്ന മുദ്രാവാക്യം എല്ലാ ഗെയിമുകളിലുമുണ്ട്. എന്നാല്‍ സമീപകാലത്തായി നമ്മുടെ മല്‍സരവേദികളില്‍ നടക്കുന്ന ചില പ്രവണതകള്‍ മല്‍സരങ്ങളുടെ അന്തസിനെ ബാധിക്കുന്നു എന്ന് പറയാതെ വയ്യ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയും ലാറ്റിനമേരിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങളും യൂറോപ്യന്‍ ലീഗുകളിലെ താരങ്ങളുടെ വെല്ലുവിളികളും കളിക്കളങ്ങളിലെ സമാധാനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പര വാര്‍ത്തകളില്‍ സ്ഥാനം നേടിയത് ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മലുള്ള വാഗ്വാദങ്ങളുടെ പേരിലായിരുന്നു-അതും ക്യാപ്റ്റന്മാര്‍. ക്രിക്കറ്റ് എന്നാല്‍ അത് ഒരു കാലത്ത് ജെന്റില്‍മാന്‍സ് ഗെയിം-അഥവാ മാന്യന്മാരുടെ ഗെയിം എന്ന പേരില്‍ അറിയപ്പെട്ടതാണ്. വെളുത്ത വസ്ത്രങ്ങളില്‍ മാത്രം കളിച്ച സമാധാനത്തിന്റെ കളി. പക്ഷേ ക്രിക്കറ്റ് വെളുപ്പില്‍ നിന്ന് കളറിലേക്ക് മാറിയപ്പോള്‍ ഗെയിമിന്റെ മാന്യതയെല്ലാം ചോര്‍ന്ന് പോയിരിക്കുന്നു. സമീപകാലത്തായി ആ ചോര്‍ച്ചയുടെ ആഴവും വര്‍ധിച്ചിരിക്കുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് നടന്ന പൂനെയില്‍ കണ്ടത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലിയും ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തും തമ്മിലുള്ള വാദപ്രതിവാദങ്ങളായിരുന്നു. ഈ തുടക്കം പരമ്പരയെ മൊത്തം ബാധിച്ചു. എല്ലാ വേദികളിലും താരങ്ങള്‍ കൊമ്പ് കോര്‍ത്തു. ഒടുവില്‍ പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്മിത്ത് തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചു. വിരാത് കോലിയും തന്റെ പെരുമാറ്റത്തെ ന്യായീകരിച്ചുമില്ല. പരമ്പരക്കൊടുവില്‍ വെടി നിര്‍ത്തിയെങ്കിലും കളി തല്‍സമയം വീക്ഷിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ടീമിലെ സീനിയര്‍ താരങ്ങള്‍ തമ്മിലുള്ള വഴിവിട്ട പെരുമാറ്റം നല്‍കിയത് നല്ല ചിന്തകളല്ല.

ലോക ഫുട്‌ബോളിനെ നയിക്കുന്ന ഫിഫയുടെ മുദ്രാവാക്യം തന്നെ ഫെയര്‍ പ്ലേ എന്നതാണ്. പക്ഷേ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ ലാറ്റിനമേരിക്കയില്‍ പുരോഗമിക്കുമ്പോള്‍ കാല്‍പ്പന്ത് ലോകത്തെ വാഴ്ത്തപ്പെട്ട താരമായ സാക്ഷാല്‍ ലിയോ മെസി തന്നെ മോശം പെരുമാറ്റത്തിന് വിലക്കപ്പെട്ട കാഴ്ച്ചയാണ്. അര്‍ജന്റീനയും ചിലിയും തമ്മില്‍ നടന്ന യോഗ്യതാ മല്‍സരത്തിനിടെ ബ്രസീലുകാരനായ ലൈന്‍ റഫറിയോട് മെസി മോശമായി പെരുമാറി എന്നതിന്റെ പേരില്‍ അദ്ദേഹത്തെ നാല് രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നാണ് ഫിഫ വിലക്കിയിരിക്കുന്നത്. വിലക്ക് പ്രാബല്യത്തില്‍ വന്ന ആദ്യ മല്‍സരത്തില്‍ തന്നെ മെസിയെ കൂടാതെ കളിച്ച അര്‍ജന്റീന ബൊളീവിയയോട് പരാജയപ്പെടുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന അര്‍ജന്റീനക്ക് അടുത്ത വര്‍ഷം ലോകകപ്പ് തന്നെ കളിക്കാനാവുമോ എന്ന ശക്തമായ സംശയവും ഉയരുന്നു. വന്‍കരയില്‍ നിന്നും ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് നേരിട്ട് യോഗ്യത. അഞ്ചാം സ്ഥാനത്ത് വരുന്നവര്‍ പ്ലേ ഓഫ് കളിക്കണം. മെസിയില്ലാതെയാണ് അടുത്ത മൂന്ന് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കേണ്ടത്. പ്രതിയോഗികളാണെങ്കില്‍ ശക്തരുമാണ്. ഈ സാഹചര്യത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരുടെ സംഘത്തെ റഷ്യയില്‍ കാണാനാവുമോ എന്ന സംശയം ഉയരുമ്പോള്‍ കളിക്കളത്തിലെ പെരുമാറ്റദൂഷ്യം ഗൗരവതരത്തില്‍ ചര്‍ച്ച ചെയ്യെപ്പടണം.
മെസി ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. കളിക്കളത്തില്‍ മാത്രമല്ല പുറത്തും മാന്യനായ താരം. അദ്ദേഹം ഒരു പ്രതിയോഗിയോടും റഫറിയോടും മോശമായി പെരുമാറിയതായി അറിവില്ല. പക്ഷേ ചിലിക്കെതിരായ മല്‍സരം കഴിഞ്ഞ ശേഷം മടങ്ങുമ്പോള്‍ അദ്ദേഹം റഫറിയോട് കയര്‍ക്കുന്നതിന്റെ വിഡീയോ വ്യക്തമാണ്. ഈ വീഡിയോയാണ് അദ്ദേഹത്തെ ചതിച്ചതും. 2006 ലെ ലോകകപ്പ് ഫൈനല്‍ ഫുട്‌ബോള്‍ ലോകം മറന്നിട്ടില്ല. അന്ന് കലാശപ്പോരാട്ടത്തില്‍ ഇറ്റലിയുടെ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസി ഫ്രാഞ്ച് നായകന്‍ സൈനുദ്ദിന്‍ സിദാനെ വാക്കുകളാല്‍ പ്രകോപിതനാക്കുകയും തുടര്‍ന്ന് സിദാന്‍ നടത്തിയ ഹെഡ് ബട്ടില്‍ അദ്ദേഹം തന്നെ ചുവപ്പ് കാര്‍ഡുമായി പുറത്താവുന്നതും എല്ലാവരും കണ്ടതാണ്. സിദാന്റെ നിറമുളള കരിയറിന് അത്തരത്തില്‍ ഒരു സമാപനം ആരും പ്രതീക്ഷിച്ചിരുന്നില്ല. അത് കളിക്കളത്തിലെ താരങ്ങള്‍ തമ്മിലുളള മോശം പെരുമാറ്റത്തിന്റെ ശക്തമായ തെളിവായിരുന്നു. മെസിയെ ആരോ പ്രകോപിപ്പിച്ചോ എന്ന് വ്യക്തമല്ല. പ്രകോപനം കൂടാതെ അദ്ദേഹം കയര്‍ക്കില്ല എന്നതും സത്യം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് കളിക്കളങ്ങളെ മോശമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഫിഫയും മറ്റ് ഗെയിമുകളുടെ ആഗോള അസോസിയേഷനുകളും കര്‍ക്കശമായി തന്നെ കാര്യങ്ങളെ കാണണം. മെസിയെ പോലെ ഒരു താരത്തിനെതിരെ എടുത്ത നടപടി പക്ഷേ ഗെയിമിനെ തന്നെ ബാധിക്കുമെന്നിരിക്കെ മെസിയെ പോലെ ഒരാള്‍ ഏത് സ്വാധീനത്താലാണ് അത്തരത്തില്‍ പെരുമാറിയതെന്നും പരിശോധിക്കപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടുതാണ്. കളിക്കളങ്ങള്‍ എന്നും മാന്യതയുടെ വേദികളാവണം. താരങ്ങള്‍ സൗഹൃദത്തിന്റെ അംബാസിഡര്‍മാരും.

chandrika: