X

ജന പടയൊരുക്കം കണ്ട് വിറളിപിടിച്ച സര്‍ക്കാര്‍

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ഐക്യജനാധിപത്യമുന്നണിയുടെ നിരന്തര സമരമുഖങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെയും അതിന്റെ രാഷ്ട്രീയനേതൃത്വത്തെയും കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ നേതാക്കളെ പൊതുസമൂഹത്തിനുമുന്നില്‍ താറടിച്ചുകാണിക്കാനുള്ള പാഴ്ശ്രമം. നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച പടയൊരുക്കം ജാഥയുടെ ഇതുവരെയുള്ള പ്രവര്‍ത്തക-ജനപങ്കാളിത്തം ഇരുസര്‍ക്കാരുകളുടെയും ഭാവിയെ ചോദ്യംചെയ്യുകയാണ്. ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടന്ന ഉത്തരമേഖലാസ്വീകരണ സമ്മേളനം പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ബാഹുല്യംകൊണ്ട് റെക്കോര്‍ഡിടുന്നതായി. ജാഥ ഇന്നലെ സ്വാതന്ത്ര്യ സമര പോരാളികളുടെ നിണമണിഞ്ഞ മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചതോടെ അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് ദര്‍ശിക്കാനാകുന്നത്. ഇതിനിടെയാണ് ഒരു തട്ടിപ്പുകാരിയുടെ കത്തിന്റെ പേരില്‍ യു.ഡി.എഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി താറടിച്ച് തങ്ങളുടെ അധികാരസിംഹാസനം ആണിയടിച്ചുറപ്പിക്കാമെന്ന് ഇടതുമുന്നണി മിഥ്യാസ്വപ്‌നം കാണുന്നത്.
പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തല ക്യാപ്റ്റനും കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ജനതാദള്‍, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, സി.എം.പി തുടങ്ങിയ ഘടകക്ഷികളുടെ നേതാക്കള്‍ അംഗങ്ങളുമായ ജാഥയുടെ കാലിക പ്രസക്തിയാണ് ഇത്ര വലിയ വിജയത്തിന് ഹേതുവായിട്ടുള്ളത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും അതിവര്‍ഗീയതയും കൊണ്ട് രാജ്യത്തെ അന്ധകാര യുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന നരേന്ദ്രമോദി സര്‍ക്കാരും ആര്‍.എസ്.എസ്സിനും മദ്യ-വിദ്യാഭ്യാസ മുതലാളിമാര്‍ക്കും പ്രകൃതി ചൂഷകര്‍ക്കും ഭൂമികയ്യേറ്റക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് ജനജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും സിംഗൂരും നന്ദിഗ്രാമും സൃഷ്ടിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നതായിരുന്നു യു.ഡി.എഫ് പടയൊരുക്കത്തിന്റെ ഓരോ വേദിയും. കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബിനുവേണ്ടി ഡല്‍ഹിയില്‍ ചെന്ന് മുതലക്കണ്ണീര്‍ പൊഴിച്ചവര്‍ കൊടിഞ്ഞി ഫൈസലും റിയാസ് മുസ്്‌ലിയാരും കണ്‍മുന്നില്‍വെച്ച് ആര്‍.എസ്.എസ് കൊലക്കത്തിക്കിരയായി പിടഞ്ഞുവീണുമരിച്ചതിനെക്കുറിച്ച് മൗനം പാലിക്കുന്നതിലെ വൈരുധ്യമാണ് പടയൊരുക്കം അനാവരണം ചെയ്തത്. ഇതിനുപുറമെയാണ് രണ്ടുമന്ത്രിമാര്‍ അഴിമതി-ലൈംഗികക്കേസുകളില്‍ പെട്ട് പുറത്തുപോകേണ്ടിവന്നിരിക്കുന്നതും മൂന്നാമതൊരാള്‍ നെല്‍വയലും കായലും കയ്യേറി നികത്തിയതിന് പിണറായി മുഖ്യന്റെ സംരക്ഷണ കവചത്തിനകത്ത് സ്വസ്ഥമായി അന്തിയുറങ്ങുന്നതും. നിലമ്പൂരില്‍ മലയും പ്രകൃതിസമ്പത്തും ആദിവാസിഭൂമിയും കയ്യേറി വാട്ടര്‍തീംപാര്‍ക്ക് നിര്‍മിച്ചവര്‍ക്കും സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്കും ഔദ്യോഗിക ലാളനയും. വാതക പൈപ്പുലൈനിനുവേണ്ടി പാവപ്പെട്ടവരുടെ കിടപ്പാടങ്ങള്‍ തോക്കുചൂണ്ടി പിടിച്ചെടുക്കുന്നു. കോഴിക്കോട്ട് ഉത്തരമേഖലാ സ്വീകരണ പരിപാടിയില്‍ പ്രസിദ്ധ ചരിത്രകാരന്‍ എം.ജി.എസ്, നടന്‍ മാമുക്കോയ തുടങ്ങിയവര്‍ മുന്നണിയുടെ ആദരവ് ഏറ്റുവാങ്ങാനെത്തിയെന്നതും ഈ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികവും നൈതികവുമായ ആദര്‍ശാശയത്തിന്റെ പിന്‍ബലത്തെയാണ് പ്രകടമാക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് മദ്യവ്യാപനനയത്തിനെതിരെ യു.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരവും ജനദ്രോഹ സര്‍ക്കാരുകള്‍ക്കുള്ള കനത്ത താക്കീതായാണ് കലാശിച്ചത്.
ഇതിന്റെയെല്ലാം വിറളിപ്പാടില്‍ ജനനേതാക്കളുടെ പ്രതിച്ഛായ മലീമസമാക്കി അവതരിപ്പിക്കുകയാണ് ഇടതുമുന്നണിയുടെ ഹീനതന്ത്രം. നാലരവര്‍ഷം മുമ്പ് ടീംസോളാര്‍ എന്ന പേരില്‍ തട്ടിപ്പു കമ്പനിയുമായി സര്‍ക്കാരിലെ ചിലരെയും ജനനേതാക്കളെയും പാട്ടിലാക്കി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയ ദമ്പതികളുടെ വലയില്‍ വീഴാന്‍ സര്‍ക്കാരിന്റെ ശമ്പളംപറ്റുന്ന ചിലര്‍ നിന്നുകൊടുത്തുവെന്നത് നേരുതന്നെ. പക്ഷേ അതിന്റെ ചുവടുപിടിച്ചുള്ള, ഒരുകോടതിയിലും വിലപ്പോകാത്ത റിപ്പോര്‍ട്ടാണ് ഇടതുമുന്നണിക്ക് വീണുകിട്ടിയ തുറുപ്പുചീട്ട്. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ അരനൂറ്റാണ്ടായുള്ള തകര്‍ക്കാനാവാത്ത പ്രതിച്ഛായാണ് രാഷ്ട്രീയദുഷ്ടലാക്കിന് ഇരയാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് കഴിഞ്ഞദിവസം സഭയില്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍നടപടികളും തെളിവാണ്. 1073 പേജ് വരുന്ന പ്രസ്തുത റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിനുമുമ്പ് രാഷ്ട്രീയ നിധിപോലെ ആര്‍ത്തട്ടഹസിച്ച സര്‍ക്കാരും ഇടതുമുന്നണിയും പഴയ നിലപാടില്‍ നിന്ന് പിറകോട്ടുപോകാന്‍ നിര്‍ബന്ധിതമായിരിക്കുകയാണിപ്പോള്‍. എ.ജിയുടെയും ഡി.ജി.പിയുടെയും നിയമോപദേശങ്ങള്‍ കേട്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ള ഒരു ഡസനോളം പേര്‍ക്കെതിരെ ക്രിമിനല്‍-വിജിലന്‍സ് കേസെടുക്കാനും ജയിലിലിടക്കാനും മുതിര്‍ന്നവര്‍ക്ക് അന്വേഷണം നടത്തുമെന്ന് മാത്രം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയേണ്ടി വന്നിരിക്കുന്നത് കേരളത്തിന്റെ മഹത്തായ രാഷ്ട്രീയ പാരമ്പര്യം മറികടക്കാനാവില്ലെന്ന് വന്നതിനാലാണ്. സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശമാകട്ടെ സോളാര്‍കേസ് പ്രതി സരിത ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ക്കുമേല്‍ കേസെടുക്കാനാവില്ലെന്നതാണ്. പലതവണ മാറ്റിയെഴുതിയ സരിതയുടെ കത്താണ് ജുഡീഷ്യല്‍ കമ്മീഷന്‍ ഔദ്യോഗിക റിപ്പോര്‍ട്ടിന് ആധാരമാക്കിയതെന്നതും ഏറെ ചോദ്യങ്ങള്‍ക്ക് വഴിവെക്കുന്നു. മുന്‍ ജയില്‍ ഡി.ജി.പി പോലും തള്ളിക്കളഞ്ഞ പേരാണ് ഉമ്മന്‍ചാണ്ടിയുടേത്. അഴിമതിനിരോധന നിയമവും ഇന്ത്യന്‍ പീനല്‍കോഡും അനുസരിച്ച് കേസെടുക്കുമെന്നും അതിനായി എ.ഡി.ജി.പി രാജേഷ് ദിവാന്‍ തലവനായി കമ്മീഷനെ വെക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ജുഡീഷ്യല്‍ കമ്മീഷനെ പോലും രാഷ്ട്രീയ നെറിവുകേടിന് ദുരുപയോഗിച്ചവര്‍ തങ്ങളുടെതന്നെ കീഴിലുള്ള പൊലീസിന്റെ കൈകാലുകള്‍ കെട്ടിയിടില്ലെന്നാരുകണ്ടു. ഒരു ജില്ലാകലക്ടറുടെ ജുഡീഷ്യല്‍ അധികാരമുള്ള റിപ്പോര്‍ട്ടിനുപോലും പുല്ലുവില കല്‍പിച്ചവരില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കാനാകുമോ.?
പാവപ്പെട്ടവരുടെ നികുതിയുടെ കോടികള്‍ മറിയുന്ന ഔദ്യോഗിക മേഖലയില്‍ സവിശേഷമായ സൂക്ഷ്മത വേണമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ പാര്‍ട്ടിയംഗത്തെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ജില്ലാസെക്രട്ടറിമാരുടെയും 324 കോടി കോഴ വാങ്ങിയവരുടെയും കൂട്ടരുടെ തീട്ടൂരത്തില്‍ ഒരു ജനമുന്നണിയെ മറിച്ചുവീഴ്ത്താമെന്ന് ധരിക്കുന്നതിലും വലിയ വിഡ്ഢിത്തം വേറെയില്ലെന്ന് ഓര്‍മിപ്പിക്കട്ടെ.

chandrika: