X

കേരളം കേള്‍ക്കാന്‍ കൊതിച്ച വിധി

കൊടും കുറ്റവാളികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും മുമ്പില്‍ രാജ്യം ഒരിക്കല്‍കൂടി നമിക്കുകയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പെരുമ്പാവൂരിലെ രാജേശ്വരിക്കൊപ്പം കേരളമാകെ കാതോര്‍ത്തു കാത്തിരുന്ന വിധിയില്‍, ജിഷയെ കാമാഗ്നിയില്‍ കടിച്ചുകീറി കൊന്നുതള്ളിയ അമീറുല്‍ ഇസ്‌ലാമിന് കഠിന തടവും കഴുമരവുമാണ് ശിക്ഷ. അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കിരാതകൃത്യത്തിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ വിധി പ്രസ്താവം രാജ്യത്തെ നീതി നിര്‍വഹണ സംവിധാനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണ്. ‘നീതിപീഠത്തിനു മുമ്പില്‍ ദൈവത്തെ കാണുന്നതു പോലെ’ എന്ന ജിഷയുടെ അമ്മ രാജേശ്വരിയുടെ പ്രതികരണം കോടതിയുടെ ആത്മാഭിമാനത്തിന് അലങ്കാരപ്പട്ടമാണ്. പഴുതടച്ച കേസന്വേഷണവും ശാസ്ത്രീയ തെളിവുകളുടെ ശക്തമായ സമര്‍ത്ഥനവും കോടതിയുടെ കൃത്യമായ ജാഗ്രതയും സമഞ്ജസമായി സമ്മേളിച്ചതാണ് ജിഷ വധക്കേസിലെ സുപ്രധാന വിധി. ഇനി ഒരു കുറ്റവാളിയും ഇവ്വിധം പൈശാചികത പ്രാപിച്ചു പെണ്‍കുട്ടികളെ പിച്ചിച്ചീന്തി വലിച്ചെറിയാതിരിക്കാന്‍ ഈ വിധി പാഠമാകട്ടെ എന്ന് ആശിക്കുകയും ആശ്വസിക്കുകയും ചെയ്യാം.
പത്തൊമ്പതു മാസത്തെ നിയമ പോരാട്ടങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവിലാണ് ഏറെ പ്രമാദമായ കേസില്‍ കീഴ്‌ക്കോടതി വിധി പറഞ്ഞിരിക്കുന്നത്. കൊലക്കുറ്റത്തിന് ഐ.പി.സി 302 വകുപ്പ് പ്രകാരം വധശിക്ഷയും മാനഭംഗത്തിന് 376 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും പിഴയും 376 (എ) പ്രകാരം മരണ കാരണമായ പീഡന കുറ്റത്തിന് 10 വര്‍ഷം കഠിന തടവും പിഴയും 449 വകുപ്പ് പ്രകാരം അന്യായമായി തടഞ്ഞുവച്ചതിന് ഏഴു വര്‍ഷം കഠിന തടവും വീട്ടില്‍ അതിക്രമിച്ചു കടന്നതിന് ഒരു വര്‍ഷം തടവും പിഴയും ഉള്‍പ്പെടെ വധശിക്ഷയും അഞ്ചുലക്ഷം രൂപ പിഴയുമാണ് അമീറുല്‍ ഇസ്്‌ലാമിന് കോടതി ശിക്ഷ വിധിച്ചത്. ദൃസാക്ഷി മൊഴികളേക്കാള്‍ ശാസ്ത്രീയ- സാഹചര്യ തെളിവുകളുടെ പിന്‍ബലത്തിലാണ് കോടതി വിധി എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. നൂറോളം സാക്ഷികളെ വിസ്തരിച്ചെങ്കിലും രക്തം, ഉമിനീര്, നഖം, മുടി, പല്ല് തുടങ്ങിയവടക്കം ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ടുകളാണ് പ്രതിക്കുമേല്‍ അഞ്ചു വകുപ്പുകളില്‍ കുറ്റം കണ്ടെത്തിയത്. അതുകൊണ്ടു തന്നെ മേല്‍ക്കോടതികളില്‍ അപ്പീലിനു പോയാലും പ്രതിഭാഗത്തിന് പ്രോസുക്യൂഷന്‍ വാദങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടേണ്ടി വരുമെന്ന കാര്യം തീര്‍ച്ച. നിയമങ്ങളുടെ നൂലിഴയിലൂടെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ മുഖം പ്രോസിക്യൂഷന്റെ ഗുരുതര വീഴ്ചയായി കണ്‍മായാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേല്‍ക്കോടതിയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന പാഠം ഇനിയും വിസ്മരിക്കരുത്.
2016 ഏപ്രില്‍ 28ന് വൈകീട്ട് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയില്‍ വൈകീട്ടാണ് നിയമ വിദ്യാര്‍ത്ഥിയായ ജിഷ ദാരുണമായി കൊല്ലപ്പെടുന്നത്. കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗത്തിന് ശ്രമിച്ച അമീറുല്‍ ഇസ്്‌ലാം ചെറുത്തുനിന്ന ജിഷയെ രഹസ്യഭാഗങ്ങള്‍ ഉള്‍പ്പെടെ ശരീരത്തില്‍ മാരകമായി മുറിവേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം പൊലീസെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ രാത്രി തന്നെ അതീവ രഹസ്യമായി മൃതദേഹം മറവു ചെയ്തതു മുതല്‍ ഇതുസംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടു. നാലു ദിവസങ്ങള്‍ക്കു ശേഷമാണ് ഇതിന്റെ നിജസ്ഥിതിയെ കുറിച്ച് പൊലീസ് പുറത്തു പറയുന്നതും അന്വേഷണം ആരംഭിക്കുന്നതും. യു.ഡി.എഫ് സര്‍ക്കാര്‍ വിഷയം ഗൗരവമായി ഏറ്റെടുക്കുകയും ഉന്നതതല സംഘത്തെ അന്വേഷണത്തിനായി നിയമിക്കുകയും ചെയ്തു. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പ്രാഥമികാന്വേഷണമാണ് കേസില്‍ പിന്നീട് കണ്ടത്. തുടക്കത്തില്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളിയിലേക്ക് അന്വേഷണ സംഘം വിരല്‍ ചൂണ്ടുകയും ലൈംഗിക പീഡനം നടന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് പ്രതിയുടെ ചെരുപ്പ് കണ്ടെത്തുകയും അതടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുകയും ഒടുവില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ പൊലീസ് നടപടികളെ പരിഹസിക്കുകയും ദലിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ദുരുപയോഗപ്പെടുത്താന്‍ ഇടതുപക്ഷം ആവനാഴിയിലെ അവസാന അസ്ത്രവും ഉപയോഗിച്ചത് കേരളം കണ്ടു. യു.ഡി.എഫിന്റെ സമുന്നത നേതാവിനെതിരെ കള്ളക്കഥ പ്രചരിപ്പിച്ച് ആത്മരതിയടയുകയായിരുന്നു ഇടതുപക്ഷം. എന്നാല്‍ സംഭവസ്ഥലത്തെ കൗണ്‍സിലര്‍ മുതല്‍ എം.എല്‍.എയും എം.പിയും ഉള്‍പ്പെടെയുള്ള ഇടതു പ്രതിനിധികള്‍ക്കു നേരെ ജനരോഷം ആളിക്കത്തിയപ്പോള്‍ ആക്ഷേപങ്ങളും ആരോപണങ്ങളുമെല്ലാം അവരെ തന്നെ തിരിഞ്ഞുകൊത്തി. ജിഷ വധക്കേസ് പ്രധാന പ്രചാരണായുധമായി ഉപയോഗപ്പെടുത്തിയ ഇടതുപക്ഷം കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്‌തെങ്കിലും അധികാരത്തില്‍ വന്നതിനു ശേഷം കേസിന്റെ മെല്ലെപ്പോക്കില്‍ നിരന്തരം പഴികേള്‍ക്കുകയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ പ്രാഥമിക കണ്ടെത്തലുകള്‍ക്കും ഫോറന്‍സിക് തെളിവുകള്‍ക്കുമപ്പുറം പറയത്തക്ക പുരോഗതി ഈ കേസില്‍ ഇടതു സര്‍ക്കാറിന് അവകാശപ്പെടാനാവില്ല. മാത്രവുമല്ല, പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച ഏഴു പ്രധാന കുറ്റകൃത്യങ്ങളില്‍ അഞ്ചെണ്ണമാണ് കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചത്. ഈ ഏഴു കുറ്റകൃത്യങ്ങളും തെളിയിക്കപ്പെടുന്ന ശാസ്ത്രീയ-സാഹചര്യ തെളിവുകളെല്ലാം യു.ഡി.എഫ് സര്‍ക്കാറിന്റെ അന്വേഷണ സംഘം കണ്ടെത്തിയതാണ് എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും സര്‍ക്കാറിന്റെ സ്ത്രീ സുരക്ഷാ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് ആത്മപ്രശംസ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം അപഹാസ്യനാവുകയാണ്. ശാസ്ത്രീയ കുറ്റാന്വേഷണ സംഘത്തിന്റെ വിജയമാണിതെന്നു തറപ്പിച്ചു പറയുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സാമാന്യബോധം പോലും മുഖ്യമന്ത്രിക്കില്ലാതെ പോയത് നാണക്കേടാണ്.
കേസിന്റെ വിധി കേട്ടയുടനെ എട്ടുകാലി മമ്മൂഞ്ഞി ചമയുന്ന ഇടതുപക്ഷത്തിന് ജിഷ വധത്തിനു ശേഷം (പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍) ഇന്നുവരെ സംസ്ഥാനം കണ്ട സ്ത്രീ പീഡന കേസുകളെ കുറിച്ച് എന്തുപറയാനുണ്ട്?. സമീപകാലങ്ങളിലെ സംസ്ഥാനത്തിന്റെ സ്ത്രീ സുരക്ഷാ വീഴ്ചകളെ കുറിച്ചുള്ള ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കും ഇതുസംബന്ധമായി പൊതുസമൂഹം ചര്‍ച്ചക്കെടുത്ത സമയവും കേരളത്തിലെ പ്രബുദ്ധജനതക്ക് നന്നായറിയാം. ഇത്തരം വിലകുറഞ്ഞ അവകാശവാദങ്ങള്‍ക്കപ്പുറം ഇനിയും ഈ കേസിലെ നീതിയെയും നിയമത്തെയും പരിരക്ഷിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പ്രതിഭാഗത്തിന്റെ മുമ്പില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും പ്രതീക്ഷയായുണ്ട്. അവിടെ നിയമത്തിന്റെ പഴുതിലൂടെ പ്രതി രക്ഷപ്പെട്ടുകൂടാ. വധശിക്ഷയുടെ മാനവികതയെയും പരിഷ്‌കൃത സമൂഹത്തിലെ പ്രസക്തിയെയും കുറിച്ച് ലോകത്ത് ചര്‍ച്ചകള്‍ സജീവമെങ്കിലും ഇത്തരം കൊടുംകുറ്റവാളികള്‍ക്ക് ഇതല്ലാതെ മറ്റെന്തു ശിക്ഷ? അതിനാല്‍ കരഞ്ഞുണങ്ങിയ കണ്ണുകളുമായി കേരള ജനത പ്രാര്‍ത്ഥിച്ചു നേടിയ കോടതിവിധിയെ പരിരക്ഷിക്കാന്‍ കൂടുതല്‍ കരുതലുണ്ടാകുമെന്നാണ് പ്രതീക്ഷ.

chandrika: