X

സഫീറിന്റെ ഘാതകര്‍ രക്ഷപ്പെട്ടുകൂടാ

ജനാധിപത്യത്തില്‍ ഭരിക്കാന്‍ ജനം നല്‍കുന്ന അവസരം അവരെ അരുംകൊല ചെയ്യാന്‍ ഉപയോഗിക്കുന്നത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ താന്തോന്നിത്തമാണ്. അധികാരത്തണലില്‍ ജനത്തിനെതിരെ എന്തും ചെയ്യാമെന്നാണ് ഇടതുമുന്നണിക്കാര്‍ കരുതുന്നത് എന്നതിന്റെ ഉദാഹരണമാണ് ഞായറാഴ്ച രാത്രി മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ ഇരുപത്തി മൂന്നുകാരനായ സഫീറിന്റെ അതിക്രൂരമായ വധം. ഭരണകക്ഷിയായ സി.പി.ഐയുടെ ഗുണ്ടകളാണ് കൊലക്ക് പിന്നിലെന്ന് ഇതിനകം വ്യക്തമായെങ്കിലും ഘാതകര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുമോ എന്നത് കണ്ടറിയണം. യൂത്ത്‌ലീഗ് പ്രവര്‍ത്തകനും എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റും മണ്ണാര്‍ക്കാട് നഗരസഭാകൗണ്‍സിലര്‍ സിറാജുദ്ദീന്റെ മകനുമാണ് സഫീര്‍ എന്ന ചുറുചുറുക്കുള്ള യുവാവ്. കുന്തിപ്പുഴയില്‍ സ്വന്തം തുണിക്കടയിലിരിക്കെ രാത്രി ഒന്‍പതു മണിയോടെ കുത്തേറ്റ സഫീറിന് വൈകാതെ സ്വകാര്യ ആസ്പത്രിയില്‍ മരണത്തിന് കീഴടങ്ങേണ്ടിവന്നു. രണ്ടു ദിവസം മുമ്പ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ദാരുണ സംഭവത്തിന്റെ അലയൊലി മാറുന്നതിനുമുമ്പാണ് അതേമണ്ഡലത്തില്‍ കിലോമീറ്ററുകള്‍ അകലെ മറ്റൊരു യുവാവിനെ ഒരുകൂട്ടം രക്തദാഹികള്‍ കൂട്ടക്കശാപ്പ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ രാഷ്ട്രീയമായി കൊലചെയ്യപ്പെടുന്ന രണ്ടാമത്തെ യുവാവാണ് സഫീര്‍. ഫെബ്രുവരി 12ന് ഇതുപോലൊരു രാത്രിയുടെ മറവിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുപ്പതുകാരനായ ഷുഹൈബ് കണ്ണൂര്‍ എടയന്നൂരില്‍ ദാരുണമായി വെട്ടിയരിയപ്പെട്ടത്. മൃദു ഹിന്ദുത്വത്തിന്റെ ത്രാസൊപ്പിക്കാന്‍ മത പണ്ഡിതരുടെ അറസ്റ്റിലും മുസ്‌ലിം ചെറുപ്പക്കാരുടെ കൊലപാതകങ്ങളിലും പയറ്റുന്ന രാഷ്ട്രീയം പിടികിട്ടാതിരിക്കാതിരിക്കില്ലെന്ന് ഭരണക്കാര്‍ തിരിച്ചറിയുക.
പതിവുപോലെ രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഇരയാണ് സഫീര്‍. കുന്തിപ്പുഴക്കരികെ മത്സ്യമാര്‍ക്കറ്റിലും കളി സ്ഥലത്തും കോളജിലുമായി നിലനിന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് വിവരം. മാര്‍ക്കറ്റില്‍ സി.പി.ഐയുടെ കുത്തകക്കെതിരെ സഫീര്‍ പ്രതികരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ യത്‌നിച്ച വ്യക്തിത്വവുമായിരുന്നു സഫീര്‍. ചെറുപ്രായത്തില്‍തന്നെ സ്വന്തം ദേശത്തോടും സമൂഹത്തോടും സഫീറിനുണ്ടായ അര്‍പ്പണ ബോധം ജീവന്‍ കവര്‍ച്ച ചെയ്യപ്പെടുന്നതിലേക്ക് എത്തുമെന്ന് ആരും നിനച്ചില്ല. കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സഫീറിന്റെ ജീവന്‍ ഇരുട്ടിന്റെ തണലുപയോഗിച്ച് കമ്യൂണിസ്റ്റ് കാപാലികര്‍ കവര്‍ന്നെടുത്തുകളഞ്ഞത്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇരുട്ടില്‍ നിമിഷനേരം കൊണ്ട് അക്രമികള്‍ മുങ്ങി എന്നത്. സി.പി.ഐയുടെ ക്വട്ടേഷന്‍ വധമെന്ന നിഗമനത്തിലേക്ക് എത്തിച്ചേരേണ്ടിവരും.
സി.പി.ഐയുടെ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിക്ക് ഈ നരഹത്യയിലുള്ള പങ്ക് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പാര്‍ട്ടിക്ക് മേഖലയില്‍ വലിയ സ്വാധീനമൊന്നുമില്ലാത്തതിനാല്‍ ജനപിന്തുണയുണ്ടാക്കാന്‍ ഏതു കൈവിട്ട കളിക്കും തയ്യാറാകുക എന്നത് കമ്യൂണിസ്റ്റ് പ്രവര്‍ത്തന ശൈലിയാണ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ പലതും പറഞ്ഞ് വലിക്കുകയാണ് സി.പി.ഐയുടെ പ്രവര്‍ത്തനരീതി. വലിയവായില്‍ ആശയാദര്‍ശങ്ങള്‍ പറയുകയും അതേസമയം സഹോദരങ്ങളെ വെട്ടിനുറുക്കുകയും ചെയ്യുക എന്നത് ഇവരുടെ പതിവു ശൈലിയാണ്. കണ്ണൂരിലും തിരുവനന്തപുരത്തും സി.പി.എമ്മാണ് ഇത് നിര്‍വഹിക്കുന്നതെങ്കില്‍ മണ്ണാര്‍ക്കാട്, തൃശൂര്‍ ജില്ലയിലെ ചില മണ്ഡലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ജോലി ചെയ്യുന്നത് സി.പി.ഐ എന്ന വലതുകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആളുകളാണ്. ആദര്‍ശം വയറുനിറക്കുന്നില്ലെന്ന് തിരിച്ചറിയുന്ന അണികളും നേതാക്കളും അധികാരം ധനസമ്പാദനത്തിന് ഉപയോഗിക്കുകയും അതിന് തടസ്സംനില്‍ക്കുന്നവരെ പച്ചയ്ക്ക് വെട്ടിക്കൊല്ലുകയും ചെയ്യുന്ന രീതി നാട്ടുകാര്‍ കണ്ടും അനുഭവിക്കുകയും ചെയ്തുവരുന്നു.
സഫീറിനെതിരെ ഇതേ കടയില്‍വെച്ച് ബോംബെറിഞ്ഞു പരിക്കേല്‍പിച്ചു. പിന്നീടൊരിക്കല്‍ തലക്ക് അടിച്ചുപരിക്കേല്‍പിച്ചു. എട്ടു തുന്നലുകളാണ് അതിന് വേണ്ടിവന്നത്. പിതാവ് സിറാജുദ്ദീനെയും ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ ആക്രമിക്കുകയുണ്ടായി. ഈ സംഭവത്തില്‍ ഒന്നിലും പ്രതികളെ പിടികൂടാന്‍ ഇവരുടെ പൊലീസിന് സാധിച്ചില്ല. ലളിതമല്ല അത്. തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലും നിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് വരുന്ന വിളികളില്‍ പ്രതികളെ സംരക്ഷിക്കണമെന്ന ഉപദേശവും താക്കീതുമാണ് അടങ്ങുന്നത്. സാമൂഹികോദ്ധാരണത്തിനുള്ള പാര്‍ട്ടി പ്രവര്‍ത്തനം ക്വട്ടേഷന് വഴിമാറുന്നത് ഇതുകൊണ്ടാണ്. കൊലപാതകം പുത്തരിയല്ലാത്തത് ‘ഞങ്ങളുടെ പൊലീസ്’ എന്ന ചിന്ത കാരണവും. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, പാര്‍ട്ടി വിട്ടവര്‍ തുടങ്ങി ഏതാണ്ടെല്ലാ കക്ഷികളുമായും കമ്യൂണിസ്റ്റുകാര്‍ ഏറ്റുമുട്ടുന്നത് ഈ അധികാരത്തിന്റെ ഇന്ധനത്തിലാണ്.
സഫീര്‍ കൊല്ലപ്പെട്ട രാത്രി മണിക്കൂറുകള്‍ കഴിയുംമുമ്പേതന്നെ മൃതദേഹം കിടക്കുന്ന ആസ്പത്രിയുടെ കോമ്പൗണ്ടില്‍വരെ ലാത്തിച്ചാര്‍ജ് നടത്തി മനോവീര്യം കാട്ടാന്‍ പിണറായിയുടെ പൊലീസിന് സാധിച്ചത് ഏത് പിന്‍ബലത്തിലായിരുന്നു. സംഭവത്തില്‍ രോഗികള്‍ക്കും മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കും വ്യാപകമായ പരിക്കേറ്റു. എം.എസ്.എഫ് ജില്ലാപ്രസിഡന്റടക്കം പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരില്‍പെടുന്നു. സ്വാഭാവികമായും ഈ നിസ്സഹായാവസ്ഥക്കെതിരെ യു.ഡി.എഫ് നടത്തിയ ഇന്നലത്തെ താലൂക്കുതല ഹര്‍ത്താലില്‍ പ്രകോപനം സൃഷ്ടിച്ച് ഇരകള്‍ക്കുനേരെയുള്ള ആയുധമാക്കാന്‍ ശ്രമിച്ച കുബുദ്ധികളെയും വെറുതെ വിട്ടുകൂടാ. മുസ്‌ലിംലീഗ് എക്കാലത്തും സമാധാനത്തിന്റെ പക്ഷത്താണ് എന്നത് കേരളീയ സമൂഹത്തിന് ബോധ്യമുള്ളതാണ്. ജനാധിപത്യത്തില്‍ ഭരണഘടന അനുവദിച്ചുതന്നിരിക്കുന്ന പ്രവര്‍ത്തന-പ്രതിഷേധ സ്വാതന്ത്ര്യം തടയുന്ന ഘട്ടങ്ങളില്‍ അതിനെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ ആകില്ല. സഫീര്‍ വധക്കേസിലെ കുറ്റവാളികളെ തുറങ്കിലടച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങികൊടുക്കാനാകട്ടെ അധികാരികളുടെ ഇനിയത്തെ ശ്രമം; ഒരു ജീവന്‍ തിരിച്ചുനല്‍കാന്‍ കഴിയില്ലെങ്കിലും. ഭരണകൂടത്തിനും നീതിന്യായവ്യവസ്ഥക്കും അതിന് കഴിയുന്നില്ലെങ്കില്‍ വൈകാതെ തോന്ന്യാസികളുടെ വെള്ളരിക്കാപ്പട്ടണമായി സാക്ഷര കേരളം മാറിപ്പോയാല്‍ അത്ഭുതമില്ല.

chandrika: