X
    Categories: Sports

ദേശീയ വോളി: കേരള വനിതകള്‍ ഫൈനലില്‍

 

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്

തമിഴ്‌നാടിനെ അനായാസം മറികടന്ന് കേരളവനിതകള്‍ ദേശീയ വോളിബോള്‍ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ആതിഥേയരായ കേരളം അയല്‍ക്കാരെ കീഴടക്കിയത്. സ്‌കോര്‍(25-14, 25-17, 25-21). ഇതോടെ തുടര്‍ച്ചയായി പത്താംഫൈനലിലേക്കാണ് കേരളം യോഗ്യതനേടിയത്. ആദ്യരണ്ട് സെറ്റില്‍ എതിരാളികളില്‍ നിന്ന് കാര്യമായ പരീക്ഷണം നേരിടാതിരുന്ന കേരളം മൂന്നാംസെറ്റില്‍മാത്രമാണ് അല്‍പമെങ്കിലും വിയര്‍ത്തത്.
ഗ്രൂപ്പ്ഘട്ടം മുതല്‍ മിന്നുംഫോമില്‍ കളിക്കുന്ന അഞ്ജു ബാലകൃഷ്ണന്‍, ക്യാപ്റ്റന്‍ ജി. അഞ്ജുമോള്‍, അഞ്ജലി ബാബു എന്നിവരുടെ സ്മാഷുകളാണ് കേരളത്തിന് പോയന്റുകള്‍ നേടികൊടുത്തത്. എസ്.രേഖയും അവസരത്തിനൊത്തുയര്‍ന്നു. ലിബറോയുടെ റോളിലെത്തിയ അശ്വതി രവീന്ദ്രന്‍ നിറംമങ്ങിയപ്പോള്‍ മൂന്നാംസെറ്റില്‍ ഫാത്തിമ റുക്‌സാനയ്ക്ക് കോച്ച് അവസരം നല്‍കി. രണ്ടാം സെറ്റില്‍ കേരള താരങ്ങളായ അഞ്ജലി ബാബു, അനുശ്രീ എന്നിവര്‍ തുടര്‍ച്ചയായി സര്‍വുകള്‍ നഷ്ടപ്പെടുത്തി. അനുശ്രീയുടെ അഞ്ച് സ്മാഷുകളും രേഖ, അഞ്ജലി ബാബു, അഞ്ജു ബാലകൃഷ്ണന്‍, ക്യാപ്റ്റന്‍ അഞ്ജു മോള്‍ എന്നിവരുടെ സ്മാഷുകളും 25-17ന് രണ്ടാം സെറ്റും കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. ഇരുടീമുകളും പതിഞ്ഞ കളിപുറത്തെടുത്തതോടെ ആദ്യ രണ്ട് സെറ്റുകള്‍ സെമി ആവേശത്തിലേക്ക് ഉയരാഞ്ഞത് കാണികളില്‍ നിരാശയുണ്ടാക്കി.
മൂന്നാം സെറ്റില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന തമിഴ്‌നാട് തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയാണ് മുന്നേറിയത്. 6-6, 7-7 ഒപ്പത്തിനൊപ്പവും കേരളം ചെറിയ മാര്‍ജിനില്‍ മുന്നേറ്റവും തുടര്‍ന്നു. 21-20ല്‍ എത്തിയ സെറ്റില്‍ എസ്.ജിനിയുടെ മികച്ച പ്ലേസിങില്‍ 25-21ന് കേരള വനിതകള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. തമിഴ്‌നാടിന് വേണ്ടി ഐശ്വര്യ, സംഗീത എന്നിവര്‍ സ്‌കോര്‍ ചെയ്ത് മൂന്നാം സെറ്റില്‍ മികച്ച കളി പുറത്തെടുത്തു. ഇന്ന് വൈകുന്നേരം മൂന്ന്മണിക്ക് നടക്കുന്ന റെയില്‍വേസ് മഹാരാഷ്ട്ര സെമിഫൈനല്‍ വിജയികളുമായി കേരളം ഫൈനലില്‍ ഏറ്റുമുട്ടും.
പുരുഷവിഭാഗം സെമിഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ കേരള പുരുഷടീം ഇന്ന് വൈകുന്നേരം അഞ്ചിന് തമിഴ്‌നാടിനെ നേരിടും. ബുധനാഴ്ച വൈകുന്നേരമാണ് കലാശപോരാട്ടം. വോളിബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് ട്രേഡ്‌സെന്ററില്‍ നടന്ന ചടങ്ങില്‍ അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച വോളിബോള്‍ താരങ്ങളേയും പരിശീലകരേയും ആദരിച്ചു.
അതേസമയം അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിന് അനുകൂലമായി പ്ലകാര്‍ഡുകളേന്തിയാണ് ഇന്നലെ കാണികള്‍ ഗ്യാലറിയിലെത്തിയത്. ആദരിക്കല്‍ചടങ്ങില്‍ ടോമിന് ക്ഷണമുണ്ടായിരന്നെങ്കിലും അസോസിയേഷനുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് താരം പങ്കെടുത്തില്ല.

chandrika: