X

ഫെയ്‌സ്ബുക്ക് അനുവദിച്ച കടന്നുകയറ്റം

പ്രകാശ് ചന്ദ്ര

ഫെയ്‌സ്ബുക്കില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം വന്‍ വിവാദമായി കത്തിപ്പടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനു വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്‌സ് തെരഞ്ഞെടുപ്പ് കാലത്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് വിവാദത്തില്‍ മുന്നില്‍. സംഭവം ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക്‌സക്കര്‍ബര്‍ഗ് പോലും സ്ഥീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയത്തിനു വിപുലമായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതിനു പല മാര്‍ഗങ്ങളുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ അനലിറ്റിക്‌സ് ഉപയോഗിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഏതു മത വിഭാഗത്തിലുള്ള ആളുകളാണ് ഓരോ പ്രദേശങ്ങളും താമസിക്കുന്നതെന്ന വിവരം ഡിജിറ്റലായി അറിയാന്‍ സാധിക്കും. ഇതിലൂടെ വര്‍ഗീയ ധ്രുവീകരണം നടത്താനും വോട്ടുപിടിക്കാനും കഴിയും. അവര്‍ക്ക് താല്‍പര്യമുള്ള വിവാദപരമായ മത വിഷയങ്ങളും അനലിറ്റികസില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുണ്ട്.
ഒരു ലൊക്കേഷനില്‍ നിന്നുള്ള വ്യക്തികളുടെ ആക്റ്റിവിറ്റി ഏറ്റവും കൂടുതല്‍ നടക്കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേജുമായി ബന്ധപ്പെട്ടാണെന്ന വിവരം അനലിറ്റികസില്‍ നിന്നും ലഭിക്കും. ഇവരുടെ പ്രായം, ലിംഗം തുടങ്ങിയവ മനസിലാക്കം. പൊതുവായി താല്‍പര്യങ്ങളുള്ള വിഷയങ്ങളും മനസിലാക്കി അതിനുസരിച്ച് പ്രചാരണം നടത്താന്‍ സാധിക്കും. പാര്‍ട്ടിക്കതിരെ പ്രാദേശികമായി ഉയരുന്ന ജനവികാരത്തിന്റെ പരിച്ഛേദം ഫെയ്‌സ്ബുക്കില്‍ നിന്ന് ലഭിക്കും. ഒരു ലൊക്കേഷനില്‍ നിന്നുള്ള പോസ്റ്റുകള്‍, റിയാക്ഷന്‍സ് തുടങ്ങിയവയുടെ അനലിറ്റികസ് ഉപയോഗിച്ചാണ് ഇതു സാധ്യമായി മാറുന്നത്. ആ ഡാറ്റ വഴി തങ്ങള്‍ക്കതിരെയായ ജനവികാരം മാറ്റിയെടുക്കുന്നതിനുള്ള ശ്രമം നടത്തായി രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നമോയെന്ന പേരില്‍ ബ്രാന്റയായി അവതരിപ്പിച്ചതും സൈബര്‍ പ്രചാരണമാണ്. അനുവാദമില്ലാത്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നതാണ് ആരോപണങ്ങള്‍.
പല ഇടങ്ങളിലായി ചിതറിക്കിടക്കുന്നവരെ ബന്ധിപ്പിച്ച് അവരുടെ ചിന്താമണ്ഡലങ്ങളെ ഏകോപിപ്പിക്കാന്‍ വഴിതുറന്ന ഇന്റര്‍നെറ്റിന്റെയും അത് പ്രദാനം ചെയ്യുന്ന നവമാധ്യമങ്ങളുടെയും സാധ്യതകളും പരിമിതികളുമാണ് പുതിയ കാലത്തെ വേട്ടയാടുന്നത്. എന്തും വിളിച്ചു പറയുന്നതിനും അവ പൊതുജനശ്രദ്ധയിലെത്തിക്കുന്നതിനും വ്യക്തികള്‍ക്ക് പുതുവഴികള്‍ തുറന്നുകൊണ്ടാണ് നവമാധ്യമങ്ങള്‍ ശ്രദ്ധേയമായത്.
ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ നെറ്റ്‌വര്‍ക്കിലൂടെ രഹസ്യങ്ങള്‍ കൈമാറുന്നതിന് ആഗോള വ്യാപകമായ സാധ്യതകളുമുണ്ട്. ഇവിടെ രഹസ്യം കൈമാറുന്ന വിസില്‍ ബ്ലോവറെ കണ്ടെത്തുക എളുപ്പമല്ല. വിക്കിപീഡിയയുടെ പ്രവര്‍ത്തനംപോലെ, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എവിടെനിന്നും ഉപയോഗിക്കാവുന്ന സംവിധാനമാണത്.
വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ബിസിനസ്സാണ് ഫെയ്‌സ്ബുക്ക് നടത്തുന്നത്. നിങ്ങളുടെ വിവരങ്ങള്‍ കൊയ്‌തെടുത്ത് അത് പരസ്യദാതാക്കള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ ഫെയ്‌സ്ബുക്ക് കോടിക്കണക്കിന് ഡോളറുകളാണ് സമ്പാദിക്കുന്നത്. തങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ലൈക്കോ ഷെയറോ ആണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഹാക്കര്‍മാരും സുരക്ഷാ ഗവേഷകരും ഡാറ്റാ അനലിസ്റ്റുമെല്ലാം വളരെയധികം കാര്യങ്ങള്‍ അതില്‍ നിന്ന് കരസ്ഥമാക്കുന്നുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന കാര്യങ്ങള്‍വരെ അതിലുള്‍പ്പെടുന്നു.
ജനങ്ങളുടെ മനശാസ്ത്ര വിവരങ്ങള്‍ ശേഖരിക്കാന്‍ പണ്ടുകാലത്ത് വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കില്‍ ഇന്ന് ഈ വിവരശേഖരത്തിലെ ഏറ്റവും വലിയ നിധിയാണ് ഫെയ്‌സ്ബുക്ക്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ ജീവിതത്തെയും സ്വപ്‌നങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ വലിയ അളവില്‍ നല്‍കുന്നു. ഇത്തരം വിവരങ്ങള്‍ ദോഷകരമായി ഉപയോഗിക്കുമ്പോള്‍ അത് ആപത്താണ്. സമൂഹത്തെ ഭിന്നിപ്പിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനുമൊക്കെയാണ് ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു രാജ്യം തന്നെ ഇല്ലാതാകാന്‍ ഇതു മതി. അത് സംഭവിക്കാനാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചത്. കമ്പനി നിങ്ങളുടെ വിവരങ്ങള്‍ വില്‍ക്കുക മാത്രമല്ല ചെയ്തത്. നിങ്ങളെ പഠിക്കുന്നതിനായി അക്കാദമിക് റിസര്‍ച്ചര്‍മാര്‍ക്ക് ഫെയ്‌സ്ബുക്ക് 2000ന്റെ തുടക്കം മുതല്‍ അനുവാദം നല്‍കിയിട്ടുണ്ട്. ലളിതമായ ചോദ്യങ്ങള്‍ ചോദിച്ച്, വ്യക്തിത്വത്തെയും ആശയങ്ങളെയും മുന്‍കൂട്ടി പ്രവചിക്കാനായി നിരവധി മനഃശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും തങ്ങളുടെ തൊഴില്‍ വിശകലനം ചെയ്തിട്ടുണ്ട്. ഒരു ലേഖനം വായിക്കാനുപയോഗിക്കുന്ന വെബ് ബ്രൗസര്‍ വരെ നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നതാണ്. 2015 ല്‍, അക്കാദമിക് റിസര്‍ച്ചര്‍ അലക്‌സാണ്ടര്‍ കോഗന് സ്വന്തം ക്വിസ് തയ്യാറാക്കാന്‍ ഫെയ്‌സ്ബുക്ക് അനുമതി നല്‍കി. പേര്, പ്രൊഫൈല്‍ ചിത്രം, വയസ്സ്, ലിംഗഭേദം, ജന്മദിനം എന്നിങ്ങനെയുള്ള നിങ്ങളുടെ പൊതു വിവരങ്ങള്‍ എല്ലാം പിടിച്ചെടുക്കാന്‍ മറ്റ് ക്വിസുകള്‍ പോലെ, അദ്ദേഹത്തിനു കഴിഞ്ഞു. ടൈംലൈനില്‍ നിങ്ങള്‍ പോസ്റ്റുചെയ്തതും മുഴുവന്‍ സുഹൃത്തുക്കളുടെയും പട്ടികയും നിങ്ങളുടെ എല്ലാ ഫോട്ടോകളും നിങ്ങളെ ടാഗുചെയ്ത ഫോട്ടോകളും വിദ്യാഭ്യാസ ചരിത്രവും ജന്മനാടും ഇപ്പോഴത്തെ വാസസ്ഥലവും ലൈക് ചെയ്തതും നിങ്ങളുടെ വെബ്ബ്രൗസറും മുന്‍ഗണനാ ഭാഷയും ഉള്‍പ്പെടെ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ വരെ അതില്‍പെടും. ഫെയ്‌സ്ബുക്ക് നയത്തിന്് എതിരാണെങ്കിലും അദ്ദേഹം ശേഖരിച്ച വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്‌സക്ക് കൈമാറുകയായിരുന്നു.

chandrika: