X

നീരവ് മോദി നിയമം വിഴുങ്ങുകയോ?

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിമുവ്വായിരം കോടിയോളം രൂപയുടെ വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി മാളത്തിലിരുന്ന് നിയമത്തെ കൊഞ്ഞനം കുത്തുന്നത് നിസ്സാരമായി കണ്ടുകൂടാ. സമന്‍സ് അയക്കുകയും സി.ബി.ഐ മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ‘സൗകര്യമില്ലെ’ന്ന് അറിയിച്ച നീരവ് മോദിയെ പിടിച്ചുകെട്ടി കല്‍ത്തുറുങ്കിലടക്കാന്‍ നീതി-നിയമ സംവിധാനങ്ങള്‍ ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു. വന്‍ തട്ടിപ്പു നടത്തിയ കൊള്ളക്കാരനു മുമ്പില്‍ നട്ടെല്ലു വളഞ്ഞു കുമ്പിട്ടുനില്‍ക്കുന്ന അന്വേഷണ ഏജന്‍സികള്‍ രാജ്യത്തിന് തീരാകളങ്കമാണ്. അധികാരികളുടെ ഇച്ഛക്കൊത്ത് അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് നീരവ് മോദിയുടെ പുതിയ വെല്ലുവിളിയും വീരവാദവും.
ഏതു രാജ്യത്താണെങ്കിലും അവിടത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന സി.ബി.ഐ ആവശ്യത്തെ പുച്ഛിച്ചുതള്ളിയ കാട്ടുകള്ളനെ കയ്യാമംവെക്കാന്‍ ഇനിയും കാലവിളംബമരുത്. അഴിമതിക്കാരെയും കൊള്ളക്കാരെയും കണക്കിനു ശിക്ഷിക്കുമെന്നു വീമ്പു പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് യാദൃച്ഛികതയോ നിസ്സഹായതയോ ആയി കരുതാനാവില്ല. അധികാര വഴി എളുപ്പമാക്കിയതിന്റെ ഉപകാര സ്മരണയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗതയെന്ന് നിസ്സംശയം പറയാനാകും. തട്ടിപ്പു നടത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും കുറ്റവാളിയുടെ രോമം പോലും തൊടാന്‍ കഴിയാത്ത കറ്റാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാറിന് വിടുവേല ചെയ്യുന്നത് അങ്ങേയറ്റം ആപത്കരമാണ്. വെട്ടിപ്പു നടത്തിയവര്‍ സുരക്ഷിതരായി തടിച്ചുകൊഴുക്കുന്ന മോദി ഭരണത്തില്‍ വിജയ് മല്യയുടെ സുഖജീവിതം നരവ് മോദിക്കും സാധ്യമായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.
‘ഈ സര്‍ക്കാര്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുത്തുവരുന്ന സര്‍ക്കാരാണ്. തുടര്‍ന്നും കര്‍ശന നടപടികള്‍ ഉണ്ടാകും’ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണിത്. നീരവ് മോദിയെയോ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാതട്ടിപ്പിനെയോ കുറിച്ചു നേരിട്ടു പരാമര്‍ശിക്കാതെ നടത്തിയ മോദിയുടെ പ്രസ്താവന വിടുവായത്തമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നതു സഹിക്കുകയില്ലെന്നു പരിതപിച്ച പ്രധാനമന്ത്രി പിന്നീട് ഇക്കാര്യത്തില്‍ ഒരക്ഷരവും ഉരിയാടിയിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ കൂട്ടുകച്ചവടമാണിതെല്ലാം എന്ന കാര്യം സുതരാം വ്യക്തമാണ്.
എന്‍.ഡി.എ ഭരണത്തില്‍ നീരവ് മോദിയടക്കം ഇന്ത്യയിലെ വമ്പന്‍ കോടീശ്വരന്‍മാര്‍ ബാങ്കുകളെ കബളിപ്പിച്ച് ദശകോടികള്‍ തട്ടിയെടുത്ത കുംഭകോണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രണ്ടാം യു.പി.എ സര്‍ക്കാരിനുമേല്‍ ടുജി സ്‌പെക്ട്രം അഴിമതിയുടെ കളങ്കം ചാര്‍ത്തി അധികാരം പിടിച്ച നരേന്ദ്ര മോദിയുടെ ഭരണം അവസാനത്തിലെത്തി നില്‍ക്കുമ്പോള്‍ ചാകര കണക്കെ കുംഭകോണക്കഥകള്‍ ഒന്നിന് പിറകെ ഒന്നൊന്നായി രാജ്യം കേള്‍ക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദി 12,636 കോടി രൂപ തട്ടിയ കേസിനു പിന്നാലെ വിക്രം കോത്താരി അഞ്ച് പൊതുമേഖല ബാങ്കുകളെ കബളിപ്പിച്ച് 3,695 കോടി തട്ടിയെടുത്ത വാര്‍ത്തയും പുറത്തായി. തൊട്ടുപിന്നാലെ ഡല്‍ഹിയിലെ ദ്വാരക ജ്വല്ലറി ഗ്രൂപ്പിനെതിരെ ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനെ കബളിപ്പിച്ച് 390 കോടി രൂപ തട്ടിയ കേസും ഉയര്‍ന്നു. ഇതിനിടെയാണ് സിറ്റി യൂണിയന്‍ ബാങ്കില്‍ 12 കോടിയലധികം വെട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത വന്നത്. ഇങ്ങനെ സാമ്പത്തിക കുംഭകോണങ്ങള്‍ ഒന്നടങ്കം പുറത്തുവരുന്നത് ധനകാര്യ സ്ഥാപനങ്ങളുടെ മാത്രം പിഴവായി എങ്ങനെ വിലയിരുത്താനാവും? അങ്ങനെയെങ്കില്‍ നൂല്‍ പൊട്ടിയ മാലയില്‍ നിന്ന് മുത്തുകള്‍ അടര്‍ന്നു വീഴും പോലുള്ള അഴിമതിക്കഥകളും വെട്ടിപ്പു വാര്‍ത്തകളും ഇപ്പോള്‍ മാത്രം പുറത്തുവരുന്നത് എന്തുകൊണ്ടാണ്? ഭരണകൂടം ഒത്താശ ചെയ്തിട്ടല്ലാതെ ഇത്തരം കൊടും തട്ടിപ്പുകള്‍ രാജ്യത്ത് നടക്കില്ല. ഇവ്വിധം കേസുകളില്‍പ്പെട്ടവരില്‍ ഏറെയും ബി.ജെ.പിയോടൊ നരേന്ദ്ര മോദിയോടൊ അടുപ്പം പുലര്‍ത്തുന്നവരാണ് എന്ന കാര്യം പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. നീരവ് മോദിയെ സ്വന്തം സ്വീകരണ മുറിയില്‍ സല്‍ക്കരിച്ച നരേന്ദ്ര മോദി തന്നെയാണ് ഈ തട്ടിപ്പു കമ്പനിയിലെ മുഖ്യ സൂത്രധാരന്‍. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി പഞ്ചാബ് ബാങ്കില്‍ 90 കോടി രൂപ നിക്ഷേപിച്ചതായുള്ള വാര്‍ത്തകള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.
ന്യൂയോര്‍ക്കിലുണ്ടെന്നു കരുതപ്പെടുന്ന നീരവ് മോദിയെ പിടികൂടി സത്യസന്ധമായി ചോദ്യം ചെയ്താല്‍ ബി.ജെ.പിയുമായുള്ള ഈ കൂട്ടു കൃഷിയുടെ ലാഭക്കഥകള്‍ പുറം ലോകമറിയും. എന്നാല്‍ ഇതിനുള്ള അവസരം ഇല്ലാതാക്കുകയും വിജയ് മല്യയെ പോലെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്താല്‍ തത്കാലം രക്ഷപ്പെടാമെന്നായിരിക്കും കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. നീരവ് മോദിയുടെ തട്ടിപ്പ് 20,000 കോടിയിലധികം വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതെല്ലാം ബോധ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുന്ന മോദി സര്‍ക്കാറിനെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വായ്പത്തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുവകകള്‍ ഈട് നല്‍കിയാണ് നീരവ് മോദി ഇത്രയും തുക വെട്ടിപ്പ് നടത്തിയിട്ടുള്ളത്. വായ്പയെടുത്ത സ്ഥാപനങ്ങളില്‍ മിക്കവയും നാമമാത്ര ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നവയുമാണ്. അതിനാല്‍ കുറ്റവാളായില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ നികത്താനാവുന്നതല്ല ഈ നഷ്ടങ്ങളത്രയും. ഏതു വെട്ടിപ്പു നടന്നാലും അതിന്റെ പാപക്കറ കഴുകിക്കളയാന്‍ പാവങ്ങളുടെ വിയര്‍പ്പുകണങ്ങള്‍ വേണ്ടി വരുമെന്നര്‍ത്ഥം. ഭരണകൂടം ഇതിന് കൂട്ടുനില്‍ക്കുകകൂടി ചെയ്താല്‍ കട്ടുമുടിച്ചു കൊഴുത്തു തടിക്കുന്ന ഈ കൊമ്പനാനകളെ ആരു ചങ്ങലക്കിടും?

chandrika: