X

സെല്‍ഫിഷ്

ന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുകയെന്ന മോഹം രാഷ്ട്രപതി ആകും വരെ കാത്തുവെക്കേണ്ട ആവശ്യം സ്മൃതി ഇറാനിക്കില്ല. പഠിച്ച കോളജും ലഭിച്ച ഡിഗ്രിയും ഓര്‍മയിലില്ലെന്നത് മേനിയായി• പങ്കു വെക്കുന്ന നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അലങ്കാരമല്ലാതേതുമല്ല. ഈ യോഗ്യത തന്നെയാവണം സ്മൃതിയെ വിദ്യാഭ്യാസത്തിന്റെ ചുമതല നല്‍കാന്‍ മോദിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. രോഹിത് വെമുല ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്ഥാനം തെറിച്ച സ്മൃതിക്ക് പക്ഷെ എവിടെയും അവഗണനയുണ്ടായിട്ടില്ല. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യാന്‍ പോലും ഒക്കില്ലെന്ന് വന്നാല്‍? രാഷ്ട്രപതിയില്‍ നിന്ന് വാങ്ങുന്നുവെന്നത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രത്യേകതയാണ്. അസുഖം ബാധിച്ച് കിടപ്പിലായപ്പോഴല്ലാതെ ഇതുവരെ ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതിമാരല്ലാതെ വിതരണം ചെയ്തിട്ടില്ല. ശങ്കര്‍ദയാല്‍ ശര്‍മയുടെയും പ്രതിഭാ പാട്ടീലിന്റെയും കാലത്ത്, അതും അസുഖം ബാധിച്ച് കിടപ്പിലായപ്പോഴാണ് മറ്റുള്ളവര്‍ പുരസ്‌കാരം സമ്മാനിച്ചത്.

മന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ വിനീതവിധേയരാകാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് ആകുമായിരുന്നില്ല. കാരണം സിനിമ ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സമൂഹത്തെ വിമര്‍ശിക്കുകയെന്ന ദൗത്യം കൂടി ഏത് സര്‍ഗാത്മകതക്കും പിന്നിലുണ്ട്. സിനിമക്ക് വിശേഷിച്ചും. ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സാമൂഹ്യ ദൗത്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതിരുന്നിട്ടില്ല. ആ നിലയില്‍ തന്നെയാണ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കണമെന്ന ആഗ്രഹം ഗാനഗന്ധര്‍വന്‍ യേശുദാസ് അടക്കം അവാര്‍ഡ് ജേതാക്കള്‍ ബന്ധപ്പെട്ടവരോട് രേഖാമൂലം ആവശ്യപ്പെട്ടത്. ഈ കത്തിനോട് നിഷേധാത്മക നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അതിനോട് രാജിയാവാനാണ്, ഒരു സെല്‍ഫിയെടുക്കാനുള്ള ആരാധകന്റെ ആവേശത്തോട് പോലും രാജിയാവാത്ത യേശുദാസ് തുനിഞ്ഞത്. രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ യേശുദാസും ജയരാജും ഒപ്പു വെച്ചിരിന്നുവെങ്കിലും ആവശ്യത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞവര്‍ക്ക് മുമ്പില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കാന്‍ ഗാനഗന്ധര്‍വന് മടിയുണ്ടായില്ല. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍ യാത്രക്കിടെ സെല്‍ഫി എടുത്തതിനെ വലിയ തോതില്‍ ആക്രമിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്ത യേശുദാസ് സെല്‍ഫിയെന്നാല്‍ സെല്‍ഫിഷാണെന്ന വ്യാഖ്യാനവും നല്‍കി.

നാലു വര്‍ഷം മുമ്പാണ് പെണ്‍കുട്ടികള്‍ ജീന്‍സിടരുത്, ആണുങ്ങളെപ്പോലെയാവരുത് എന്ന് ഉപദേശിച്ചത്. അപ്പോള്‍ നമുക്കൊരേയൊരു ഗാനഗന്ധര്‍വനേയുള്ളൂവെന്ന് കരുതി ആരും യേശുദാസിനെ ആക്രമിക്കാതിരുന്നില്ല. ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരത്തിന് എട്ട് തവണയും സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് 45 തവണയും അര്‍ഹനായ യേശുദാസ് ബഹിഷ്‌കരിച്ചിരുന്നുവെങ്കില്‍ ലോകം അത് ശ്രദ്ധിക്കുമായിരുന്നു, മന്ത്രിയുടെ അല്പത്തത്തിന് അത് പ്രഹരമാകുകയും ചെയ്യുമായിരുന്നു.

1961 മുതല്‍ ചലച്ചിത്ര സംഗീതലോകത്തെ കിരീടം വെക്കാത്ത രാജാവായ യേശുദാസ് മലയാളികളുടെ അഭിമാനബിംബമാണ്, യേശുദാസിനെ മൂളാത്തവരായി ആരും കേരളത്തിലില്ല. അങ്ങനെയൊരാളുണ്ടെങ്കില്‍ അയാള്‍ മലയാളിയുമല്ല. രാജ്യത്തെ പരമോന്നത പദവികളായ പദ്മ പുരസ്‌കാരങ്ങള്‍ മൂന്നെണ്ണം നല്‍കി രാജ്യം ആദരിച്ച യേശുദാസിന് ആസ്ഥാനഗായക പദവി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1970ല്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചതില്‍ പിന്നെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഗന്ധര്‍വ ശബ്ദം വിട്ടു നില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ യേശുദാസ് പാടിയതേതെല്ലാം എന്ന് കണ്ടുപിടിക്കുന്നതിനേക്കാള്‍ എളുപ്പം ഏതില്‍ പാടിയില്ല എന്ന് അന്വേഷിക്കുന്നതിനാണ്. കശ്മീരി, കൊങ്ങിണി, ആസാമി എന്നീ ഭാഷകളിലെ പാട്ടുകള്‍ക്ക് മാത്രമേ യേശുദാസ് ശബ്ദം നല്‍കാത്തതുള്ളൂ.

ശ്രീനാരായണഗുരുവിന്റെ പ്രശസ്തമായ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന വരികള്‍ പാടി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന യേശുദാസിന് ഇല്ലായ്മയുടെ വലിയ കഥ പറയാനുണ്ട്. പാട്ടുകാരനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകന് ആദ്യ ഗുരു പിതാവ് തന്നെ.പന്ത്രണ്ടാം വയസ്സില്‍ കച്ചേരി പാടിയ അദ്ദേഹം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം പാസായി. ദാരിദ്ര്യം മൂലം പഠനം ആഗ്രഹിച്ചുപോല്‍ തുടരാകാതിരുന്ന യേശുദാസിന്റെ ശബ്ദം ആകാശവാണി തിരസ്‌കരിച്ചതാണ്. ശബ്ദ പരിശോധനയില്‍ യേശുദാസ് പാസായില്ല. ഒന്നാമത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തില്‍ യേശുദാസിനായിരുന്നു ഒന്നാം സ്ഥാനം. അന്ന് മൃദംഗത്തില്‍ ഒന്നാമനായ പി.ജയചന്ദ്രന്‍ പിന്നീട് യേശുദാസിനോട് മത്സരിച്ച മലയാളത്തില്‍ പാടി. യേശുദാസ് ഇന്നും പാടുന്നു. മകന്‍ വിജയ് യേശുദാസ് പിന്നണിഗായകര്‍ക്കുള്ള പുരസ്‌കാരം വാങ്ങുമ്പോഴും മലയാളികളുടെ ദാസേട്ടന്റെ ശബ്ദം ഇടറിയിട്ടില്ല. 2006ലെ ഒരു ദിവസം യേശുദാസ് പാടി റിക്കാര്‍ഡ് ചെയ്തത് 16 പാട്ടുകളാണ്. ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയില്‍. നാലു ഭാഷകളിലായിരുന്നു ഗന്ധര്‍വ ശബ്ദമൊഴുകിയത്. ഇംഗ്ലീഷ്, അറബി, ലാറ്റിന്‍, റഷ്യന്‍ ഭാഷകളിലും അദ്ദേഹം പാടി. കത്തോലിക്കനാണെങ്കിലും സര്‍വമത സാരം ഉള്‍ക്കൊള്ളുന്ന യേശുദാസ് മംഗലാപുരം കൊല്ലൂര്‍ മൂകാംബികക്ഷേത്രം സന്ദര്‍ശിക്കും. എഴുപത് വയസ്സ് പൂര്‍ത്തിയായപ്പോള്‍ കൊല്ലൂര്‍ മൂകാംബികമ്മയ്ക്ക് പാട്ടുകൊണ്ടൊരു അര്‍ച്ചന നടത്താനും യേശുദാസ് ഉണ്ടായി. മാറാട് കടപ്പുറത്ത് സുഗതകുമാരിക്കൊപ്പം സമാധാനദൂതുമായി വന്ന അദ്ദേഹത്തിന് പക്ഷെ ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിലെ മലയാളിയുടെ ദൗത്യം തിരിച്ചറിയാതെ പോയി.

chandrika: