X
    Categories: Video Stories

തീ തീറ്റിക്കുന്ന തീവണ്ടി യാത്ര

തീവണ്ടി എന്ന പേരിന് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാകുകയാണ് ഇപ്പോള്‍ നമ്മുടെ ഓരോ ട്രെയിന്‍യാത്രയും. അത്യാവശ്യകാര്യങ്ങള്‍ക്കായി വിവിധ ദിക്കുകളിലേക്ക് പോകേണ്ടിവരുന്ന ജനങ്ങളുടെ മനസ്സില്‍ തീ കോരിയിടുകയാണ് വൈകിയോടുന്ന ഓരോ ട്രെയിനും. ഇതിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി നിരന്തരം പരാതിപ്പെടുകയാണ് കേരളത്തിലെ ട്രെയിന്‍യാത്രക്കാര്‍. എന്നിട്ടും പരിഹാരം ബധിരകര്‍ണങ്ങളില്‍ പതിക്കുന്നതാണ് അനുഭവം. സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും ഒരേപോലെയാണ് ഏതാനും മാസങ്ങളായി വൈകിയോട്ടം പതിവാക്കിയിരിക്കുന്നത്. പൊതു-സ്വകാര്യഓഫീസ് ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ദിവസവേതനത്തിനും മറ്റുമായി സമയവും കയ്യില്‍ പിടിച്ചുകൊണ്ട് യാത്രതിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വൈകിയോട്ടം എന്നത് തൊഴിലിനെയും വരുമാനത്തെയും വരെ ബാധിക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. വൈകിയോട്ടം മുമ്പേ പതിവാണെങ്കിലും പാളം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വൈകിയോട്ടം. എന്നാല്‍ ഇത് ജനങ്ങള്‍ ഏറ്റെടുക്കേണ്ട കുറ്റമാണോ? മലയാളികള്‍ കൃത്യമായി ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവരാണെന്നിരിക്കെ നിശ്ചിതസമയം ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ബാധ്യത റെയില്‍വെക്ക് തന്നെയാണ്. ഇത് സാധ്യമാകുന്നില്ലെന്നതാണ് പരാതിക്ക് അടിസ്ഥാനം.
ട്രെയിനുകളുടെ പാളംതെറ്റല്‍ മൂലമുണ്ടാകുന്ന അപകടങ്ങളാണ് പാളം മാറ്റുന്നതിന് കാരണമായിട്ടുള്ളതെന്നത് ശരിതന്നെ. ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ആര്‍ക്കും ട്രെയിനുകളില്‍ യാത്രചെയ്യാന്‍ കഴിയുകയുമില്ല. അടുത്തിടെയായി കേരളത്തില്‍ നിരവധി ട്രെയിന്‍അപകടങ്ങളുണ്ടായി. ഇവ ചരക്കുട്രെയിനുകളാണ് എന്നതാണ് ഒരുആശ്വാസം. ഇതുമൂലവും നിരവധി മണിക്കൂറുകള്‍ ട്രെയിനുകളില്‍ ഇരിക്കേണ്ട അവസ്ഥയുണ്ടായി. വിള്ളലുകളാണ് കേരളത്തിലെ ഗുഡ്‌സ് ട്രെയിനുകളുടെ പാളംതെറ്റലിന് കാരണമായി പറഞ്ഞിരുന്നത്. പാലക്കാടിനും തിരുവനന്തപുരത്തിനുമിടയില്‍ നൂറിലധികം ഇടത്ത് പാളം വിണ്ടതായി റെയില്‍വെ തന്നെ സമ്മതിക്കുന്നുണ്ട്. ഇക്കാരണത്താലാണ് പാളം പുതുക്കിപ്പണിയുക എന്ന ദൗത്യത്തിലേക്ക് റെയില്‍വെ ചിന്തിച്ചുതുടങ്ങിയതും നടപ്പിലാക്കിത്തുടങ്ങിയതും. എന്നാല്‍ അതിനും ഇരകളാകുന്നത് അതേ ട്രെയിന്‍യാത്രക്കാരെന്നുവരികില്‍ അത് ക്രൂരമെന്നല്ലാതെന്ത് പറയാന്‍? പ്രതിദിനം അരകിലോമീറ്റര്‍ എന്ന രീതിയില്‍ മാറ്റി സ്ഥാപിക്കുമെന്നായിരുന്നു റെയില്‍വെയുടെ അറിയിപ്പ്. എന്നാല്‍ 2016ല്‍ തുടങ്ങിയ ജോലി ഇനിയെപ്പോള്‍ തീരുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് റെയില്‍വെയും യാത്രക്കാരും. റെയില്‍വെയുടെ ആധുനിക യന്ത്രസാമഗ്രികളുപയോഗിച്ച് പാളങ്ങള്‍ ട്രാക്കിലേക്ക് സ്ഥാപിക്കുന്ന ജോലി ശ്രമകരം തന്നെയെന്നതില്‍ സംശയമില്ല. പക്ഷേ സുരക്ഷക്കുവേണ്ടി എത്രകാലത്തേക്ക് ഈ വൈകിയോട്ടം സഹിക്കേണ്ടിവരും. 52 കിലോഗ്രാം ഉണ്ടായിരുന്ന പാളത്തിന്റെ ഭാരം 60 ആക്കി കൂട്ടിയാണ് സ്ഥാപിക്കുന്നത് എന്നതിനാല്‍ അതിനനുസരിച്ച് സ്ലീപ്പറുകളും മാറ്റേണ്ടിവരുന്നുവെന്നാണ് റെയില്‍വെ പറയുന്നത്. അപകടസാധ്യത മുന്‍നിര്‍ത്തി നവീകരണ ജോലികളോട് സഹകരിക്കണമെന്നാണ് അവരുടെ അഭ്യര്‍ത്ഥന. സ്വകാര്യകരാര്‍ കമ്പനികളെയാണ് ജോലി ഏല്‍പിച്ചിരിക്കുന്നത്. മഴയുള്‍പ്പെടെ പണി നീണ്ടുപോകുന്നതിന് പലകാരണങ്ങളും കരാറുകാര്‍ക്ക് നിരത്താനുണ്ടാകുമെങ്കിലും യാത്രക്കാരോട് മറുപടി പറയേണ്ടത് റെയില്‍വെയാണ്. ടിക്കറ്റ് കൊടുത്തതിന് ശേഷം സര്‍വീസ് റദ്ദാക്കുന്നതടക്കമുള്ള സംഭവങ്ങള്‍ എത്രകേരളം കാണുന്നു. രാത്രികാലത്തുള്ള വണ്ടികള്‍ മാത്രമാണ് ഇപ്പോള്‍ കുറെയൊക്കെ കൃത്യസമയം പാലിച്ച് ഓടിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവ രണ്ടുമണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. കാസര്‍കോട്ട് 6.45ന് എത്തേണ്ട മാവേലി എക്‌സ്പ്രസ് 9.45നാണ് കഴിഞ്ഞദിവസം എത്തിയത്. വെരാവല്‍ വൈകിയത് ഏഴുമണിക്കൂറും. ആലപ്പുഴ-ധന്‍ബാദ്, കൊച്ചുവേളി, കേരള, മംഗലാപുരം-ചെന്നൈ, മംഗലാപുരം-തിരുവനന്തപുരം, വേണാട് മുതലായ അവശ്യസര്‍വീസുകളുടെ വൈകിയോട്ടം ചില്ലറപൊല്ലാപ്പല്ല യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നത്. തിരൂരില്‍ യുവാവ് ജീവനക്കാരെ ആക്രമിച്ചതും അപായച്ചങ്ങല വലിച്ചതുമൊക്കെ രോഷം മൂത്താലത് എത്രത്തോളം എന്നതിന് തെളിവാണ്. കോഴിക്കോടിനും ഷൊര്‍ണൂരിനും ഇടയില്‍ പാളം മാറ്റുന്നതിനോടൊപ്പം പുതിയ പാലംപണിയും നടന്നുവരികയാണ്. പകല്‍ നാലുമണിക്കൂറാണ് പണികള്‍ക്കായി മാറ്റിവെക്കുന്നത്. ഇതില്‍ പകുതിയും പാളത്തിലേക്ക് യന്ത്രസാമഗ്രികള്‍ എത്തിക്കുന്നതിനുള്ള ജോലിയായി പോകുന്നു. വൈകിയോടുന്നതിന് പകരമായി മെമു സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം അധികൃതര്‍ പരിഗണിക്കുന്നേയില്ല. മുന്‍കൂട്ടി അറിയിക്കുന്ന സമയവും കൃത്യമായി പാലിക്കപ്പെടണം.
പ്രതിദിനം രണ്ടരകോടിജനങ്ങളാണ് ഇന്ത്യന്റെയില്‍വെയില്‍ യാത്രചെയ്യുന്നത്. ചരക്കുസേവനം 30 ലക്ഷംടണ്ണും. യൂറോപ്പിലും റഷ്യയിലും മറ്റും ആകാശട്രെയിനുകളുടെ കാലമാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള റെയില്‍വെ സംവിധാനങ്ങള്‍ അമേരിക്കയില്‍ ഇന്നും അതേപടി തുടരുന്നുണ്ട്. കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ കോടികളുടെ ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ മുംബൈയില്‍ പ്ലാറ്റ്‌ഫോമിനടുത്തുള്ള നടപ്പാലം പൊട്ടിവീണ് മുപ്പതോളം പേരാണ് മരിച്ചത്.
റെയില്‍വെയുടെ സൗകര്യങ്ങള്‍ എത്രകണ്ട് കാലപ്പഴക്കമുള്ളവയാണെന്ന് ഇത് വിളിച്ചോതുന്നു. ലോകത്തെ ഏറ്റവും വലിയ നീളമുള്ള റെയില്‍വെയുള്ള നമുക്ക് എന്തുകൊണ്ട് സാമാന്യ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള രീതിയില്‍ റെയില്‍വെയെ മാറ്റിയെടുക്കാനാവുന്നില്ല? കൊല്ലം പെരുമണ്‍, കോഴിക്കോട് കടലുണ്ടി പോലുള്ള വന്‍ദുരന്തങ്ങള്‍ക്ക് വേദിയായ നാടാണ് ഈ കൊച്ചു കേരളം. ഇനിയും ഒരപകടം സംഭവിക്കരുതേ എന്നുതന്നെയാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. ജീവനുകള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന കൊടുക്കുമ്പോള്‍ തന്നെ കൂടുതല്‍ കൃത്യതയോടെ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വെ തയ്യാറാകണം. ആളില്ലാ ലെവല്‍ ക്രോസുകളില്ലാതാവുന്നതോടെ അപകടങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാനായിട്ടുണ്ട്. പാലക്കാട്-പൊള്ളാച്ചി പാതയില്‍ മീറ്റര്‍ഗേജ് മാറ്റാന്‍ വേണ്ടിമാത്രം ഏഴു വര്‍ഷമാണെടുത്തത്. പുതിയ പാത ഉദ്ഘാടിച്ചപ്പോഴോ നിലവിലുണ്ടായിരുന്ന നാലു ട്രെയിനിന് പകരം മൂന്നായി ചുരുങ്ങി. കേരളത്തിലെ സ്ഥലമെടുപ്പിനെക്കുറിച്ച് പരാതിപ്പെടുന്ന കേന്ദ്രമന്ത്രിക്ക് ഇതേക്കുറിച്ചൊന്നും മിണ്ടാട്ടമില്ല. കോച്ച് ഫാക്ടറി പോലുള്ള വാഗ്ദാനങ്ങള്‍ പതിറ്റാണ്ട് കഴിയുമ്പോഴും ഏട്ടിലൊതുങ്ങുമ്പോള്‍ വൈകിയോട്ടവും കൂടിയായതോടെ റെയില്‍വെയോടുളള മലയാളിയുടെ അകല്‍ച്ചയെ നീരസത്തോടെ എടുത്തിട്ട് കാര്യമില്ല. പൊതുമേഖലയായതുകൊണ്ടുമാത്രം ഇന്ത്യന്‍ റെയില്‍വെയെ പരമാവധി സഹിക്കുന്നവരാണ് രാജ്യത്തെ പൗരന്മാരും വിശിഷ്യാ മലയാളികളും. അവരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്ന് മാത്രമാണ് ബന്ധപ്പെട്ടവരെ ഉണര്‍ത്തിക്കാനുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: