X

കാക്കിക്കുള്ളില്‍ കടുവാക്കൂട്ടമോ?

പ്രതീകാത്മക ചിത്രം

പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് കേരളാ പൊലീസ് ക്യാമ്പില്‍ നിന്നു ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. വരാപ്പുഴയില്‍ വീടാക്രമണ കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊന്നുവെന്ന വിവരം പുറത്തറിഞ്ഞതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് കാക്കിക്കുള്ളിലെ കടുവാക്കൂട്ടങ്ങളെ കുറിച്ച് പുറംലോകമറിയുന്നത്. ശ്രീജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ മൂന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ് പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘമാണിതെന്ന് ചുരുളഴിയുന്ന കേസുകള്‍ കഥപറയുന്നുണ്ട്. വരാപ്പുഴയില്‍ തന്നെ മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മുകുന്ദന്റെ കൊലപാതകത്തിനു പിന്നിലും ഇതേ കടുവാസംഘമാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഈ ആളെക്കൊല്ലി കൂട്ടങ്ങള്‍ക്കെതിരെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുമ്പ് ഡി.ജി.പിക്കു നല്‍കിയ റിപ്പോര്‍ട്ട് ഗൗനിക്കാത്തതാണ് വീണ്ടുമൊരു കസ്റ്റഡി മരണത്തിന്റെ വേദനയിലേക്ക് കേരളത്തെ നയിച്ചത്. കുത്തഴിഞ്ഞു കുത്തുപാളയെടുത്ത ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തങ്ങള്‍ക്ക് അടുത്തകാലത്തൊന്നും അടക്കമുണ്ടാകില്ല എന്നതാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ലോക്കല്‍ പൊലീസിന്റെ അധികാരത്തില്‍ കടന്നുകയറിയും മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്നു കൈക്കൂലി വാങ്ങിയും അറസ്റ്റിലായ ഇടുക്കിയിലെ ഇതുപോലുള്ള സ്‌ക്വാഡംഗങ്ങളെ മുമ്പ് കേരളം കണ്ടതാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് കൈകാര്യ കര്‍ത്താവുമായ ഇതേ കാലയളവില്‍ തന്നെയാണ് ഇടുക്കിയിലെ കടുവാക്കൂട്ടങ്ങള്‍ കുരുക്കിലായത്. അന്ന് എ.വി ജോര്‍ജ് ഇടുക്കിയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നു എന്ന മാറ്റം മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് എ.ഡി.ജി.പിക്കു ലഭിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അടയിരുന്നത് ഗുരുതരമായ വീഴ്ചയായി കാണണം. എസ്.ഐയുടെ അനുമതിയില്ലാതെ വീടുകയറി പ്രതികളെ പിടികൂടുക, സ്റ്റേഷനിലുള്ള മറ്റു പൊലീസുകാരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുക, ലോക്കല്‍ പൊലീസ് അറിയാതെ രഹസ്യനീക്കം നടത്തുക, പ്രതികളെ പിടികൂടി മര്‍ദിച്ച ശേഷം ബന്ധപ്പെട്ട സ്റ്റേഷനില്‍ ഏല്‍പിക്കുക തുടങ്ങിയ ചെയ്തികളാണ് ടൈഗര്‍ ഫോഴ്‌സില്‍ നിന്നുണ്ടാകുന്നത്. പൊലീസ് ചട്ടത്തിനു വിരുദ്ധമായി വിലസുന്ന ഈ സംഘത്തിന് റൂറല്‍ എസ്.പി എല്ലാ പരിരക്ഷയും നല്‍കുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടിയത് ആര്‍.ടി.എഫ് ആണെന്ന് ഒരിടത്തും വെളിപ്പെടുത്താതെയായിരുന്നു എ.വി ജോര്‍ജ് ഇവരെ ചിറകിനടിയില്‍ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഏറെ വിവാദമാവുകയും യഥാര്‍ത്ഥ കൊലയാളികള്‍ക്കായി ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തതോടെയാണ് ഒടുവില്‍ ആര്‍.ടി.എഫ് എന്ന കടുവാസംഘം വലയിലായത്.
ശ്രീജിത്തിന്റെ ജീവനെടുത്ത ആളെക്കൊല്ലി സംഘം കൊലവിളി മുഴക്കി നിലനില്‍ക്കുന്നത് ആശങ്കയോടെയാണ് കേരളം നോക്കിക്കാണുന്നത്. പിരിച്ചുവിട്ടാലും പല രൂപത്തില്‍ തിരിച്ചുവരുന്ന ഇത്തരം സംഘങ്ങളുടെ കൊടുംക്രൂരതയില്‍ ഇനിയെത്ര ജീവന്‍ പൊലിഞ്ഞുപോവുമെന്ന് ഒരു നിശ്ചയവുമില്ല. തല്ലാന്‍ പറഞ്ഞാല്‍ തല്ലാനും കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലാനും ഇറങ്ങിപ്പുറപ്പെടുന്ന കടുവാസംഘങ്ങള്‍ എറണാകുളത്ത് മാത്രമല്ല, എല്ലായിടത്തുമുള്ളതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. പലയിടത്തും പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഷാഡോ പൊലീസും കമ്മീഷണര്‍ സ്‌ക്വാഡുമെല്ലാം ഇതിന്റെ മറ്റു പതിപ്പുകളാണ്. കണ്ണൂരില്‍ സി.ഡി പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെട്ട ഇടിയന്‍ സംഘവും ഇതുതന്നെ. കയ്യില്‍ കിട്ടുന്നവരെ എങ്ങനെ വേണമെങ്കിലും കയറിപ്പെരുമാറാനുള്ള അധികാരമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. നിയമംവിട്ട് കയറിനിരങ്ങുന്ന ഈ നരനായാട്ട് സംഘത്തിന്റെ കാട്ടാളത്തമാണ് ശ്രീജിത്തിന്റെ ദാരുണമായ മരണത്തിന് കാരണം. ഉരുട്ടിക്കൊലയാണെന്ന് തെളിയിക്കും വിധമാണ് പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്നാംമുറക്ക് വേണ്ടി ആയുധം ഉപയോഗിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ശ്രീജിത്തിന്റെ രണ്ടു തുടകളിലും പേശികളിലുമുള്ള ചതവ് ഇതിന് ബലം നല്‍കുന്നതാണ്. കഠിനമായ ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉപയോഗിച്ച് ഉരുട്ടിക്കൊന്നു എന്നതിലേക്കാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വെളിച്ചം വീശുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളില്‍ ഇത് പറയുന്നുണ്ട്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതല്‍ മൂന്നു ദിവസം ക്രൂരമായ മര്‍ദനം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോടതി ഉത്തരവുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് പൊലീസുകാരുടെ ഈ കിരാത മര്‍ദനം. അറസ്റ്റിനും കസ്റ്റഡിയില്‍ വെക്കുന്നതിനും സുപ്രീംകോടതിയുടെ നിബന്ധനകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത് എന്നത് സുപ്രീംകോടതി മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്. കസ്റ്റഡിയിലുള്ള സ്ഥലവും അറസ്റ്റിന്റെ വിവരങ്ങളും ബന്ധുക്കളെയൊ സുഹൃത്തുക്കളെയൊ അറിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ പലപ്പോഴും മര്‍ദനമേറ്റ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളപ്പോഴാണ് ഇത്തരക്കാരുടെ വീട്ടുകാരെ വിവരമറിയിക്കുന്നത്. ശ്രീജിത്തിന്റെ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. മാത്രമല്ല, ഒരിറ്റു ദാഹജലത്തിനു വേണ്ടി വാവിട്ടു കരയുന്ന മകനു വെള്ളം നീട്ടിയ അമ്മയെ എസ്.ഐ ബലമായി തടഞ്ഞുവെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള വെളിപ്പെടുത്തിയിട്ടുണ്ട്. എത്രമേല്‍ ക്രൂരമാണ് കേരളത്തിലെ പൊലീസുകാരുടെ മനസ് എന്നതിന്റെ മകുടോദാഹരണമാണിത്. നക്‌സലൈറ്റ് രാജന്റെയും തിരുവവന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ ഇരുമ്പുദണ്ഡ് കൊണ്ട് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെയും ഷീല വധക്കേസില്‍ കസ്റ്റഡിയിലിരിക്കെ മൂന്നാം മുറയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെയും പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് പാറശ്ശാല പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജീവിന്റെയും പുറം ലോകമറിയാതെ പൂഴ്ത്തിവച്ച സിബിയുടെയും സന്ദീപിന്റെയും വിനീഷിന്റെയും റോബിന്റെയും ദാരുണ മരണങ്ങളില്‍ ഇനിയും പൊലീസ് പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം 23 കസ്റ്റഡി മരണങ്ങളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. സുരക്ഷിത കേരളമെന്ന വാഗ്ദത്തവുമായി അധികാരത്തിലേറിയ ഇടതു സര്‍്ക്കാറിന്റെ ഭരണകാലത്താണ് പാവങ്ങളെ ഇങ്ങനെ പൊലീസ് ഉരുട്ടിയും ചവിട്ടിയും ക്രൂരമായി കൊന്നൊടുക്കുന്നത്. ഇതിനായി കുറെ കാക്കിക്കടുവകളും. ലജ്ജിക്കുക കേരളമേ… ലജ്ജിച്ചു തലതാഴ്ത്തുക.

chandrika: