X

എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഇടതു മുന്നണി

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയിട്ടുള്ള ത്രസിപ്പിക്കുന്ന നേട്ടം രാജ്യത്തെ മതേതര കക്ഷികള്‍ക്ക് മുഴുവന്‍ ആവേശവും പ്രതീക്ഷയും നല്‍കിയപ്പോള്‍ ഇടതു കക്ഷികള്‍ക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന് കനത്ത പ്രഹരമാണ് അത് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി യെ പോലെ തന്നെയോ അവരേക്കാള്‍ ഒരു പടികൂടി കടന്നുകൊണ്ടോ ഇങ്ങനെയൊരു വിധി ഉണ്ടാകരുതേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ വിധി അവരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപ്രസക്തമാക്കിക്കളയുന്ന രീതിയില്‍ ഒരു ഫീനികിസ് പക്ഷിയെ പോലെയുള്ള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു എന്നു മാത്രമല്ല അവരുടെ സമനില തെറ്റിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനാധിപത്യ വിശ്വാസികളെ ബോധ്യപ്പെടുത്തുന്നത്. ഇക്കാലമത്രയും തങ്ങള്‍ പെരുമ്പറമുഴക്കി നടന്നിരുന്ന എല്ലാ കാര്യങ്ങളും ഒരു നിമിഷം കൊണ്ട് പടിക്കുപുറത്തിട്ട് ഏതാനും തട്ടിക്കൂട്ട് സംഘങ്ങളെ മുന്നണിയിലെടുത്ത അവര്‍ ഇപ്പോള്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന ബി.ഡി.ജെ എസിനു മുന്നിലും വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്.
ഭൂരിപക്ഷ സമുദായങ്ങളേയും ന്യൂന പക്ഷ സമുദായങ്ങളേയും ഇക്കാലമത്രയും ചെയ്തതുപോലെ സമര്‍ത്ഥമായി കബളിപ്പിച്ചു നിര്‍ത്താന്‍ ഇനിയും തങ്ങളുടെ ചെപ്പടി വിദ്യകള്‍ക്കൊണ്ട് സാധിക്കുകയില്ലെന്ന ആശങ്ക അവരെ ഇപ്പോള്‍ വല്ലാതെ വേട്ടയാടുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെ ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വോട്ടുകളും ന്യൂനപക്ഷ തീവ്രവാദത്തെ ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കുന്ന, മുട്ടനാടുകളെ പരസ്പരം കൂട്ടിയിടിപ്പിച്ച് ചോരകുടിക്കുന്ന പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ റോള്‍ ജനം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് പല കൈവിട്ട കളികളിലേക്കും നീങ്ങാന്‍ പിണറായിയേയും കൂട്ടരേയും പ്രേരിപ്പിക്കുന്നത്. രാജ്യത്ത് വര്‍ഗീയ ഫാസിസം ഫണം വിടര്‍ത്തിയ കാലത്തും അതിനു മറുപടിയെന്നോണം ന്യൂന പക്ഷ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്തപ്പോഴുമെല്ലാം സി.പി.എം കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന തിരക്കിലായിരുന്നു. ഇരു ശക്തികളെയും ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ ന്യൂന പക്ഷ വോട്ടുകള്‍ കൃത്യമായി തങ്ങളുടെ പെട്ടിയില്‍ വീഴ്ത്തുന്ന തന്ത്രമാണ് അവര്‍ ഇക്കാലമത്രയും അനുവര്‍ത്തിച്ചു പോന്നത്. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുകയും നിരവധി തെരഞ്ഞെടുപ്പുകളില്‍ അവര്‍ അധികാരത്തിലേക്ക് ഈ കുറുക്കു വഴിയിലൂടെ കടന്നു കയറുകയും ചെയ്തു. സംസ്ഥാനത്ത് അവസാനമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളായിരുന്നു.
ഇരു തെരഞ്ഞെടുപ്പുകളിലും നാടിന്റെ വികസനമോ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളോ ചര്‍ച്ചയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച സി.പി.എമ്മിന്റെ കൈയ്യിലെ ആയുധങ്ങള്‍ വര്‍ഗീയ ധ്രുവീകരണവും അതു മറച്ചുപിടിക്കാനുള്ള ചില പൊടിക്കൈകളും മാത്രമായിരുന്നു. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയെ കുറിച്ചും ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ ന്യൂന പക്ഷ വര്‍ഗീയതയെ കുറിച്ചും അവര്‍ നടത്തിയ കുപ്രചരണങ്ങള്‍ ചില ഇടങ്ങളിലെങ്കിലും ഏറ്റു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ചിത്രം. ജനാധിപത്യ കേരളം കണ്ടെതില്‍ വെച്ചേറ്റവും വലിയ വികസനവും കരുതലും കാഴ്ച്ചവെച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മടങ്ങിവരവിനെ പോലും അപകടകരമായ ഈ ഫോര്‍മുലയിലൂടെ അവര്‍ പ്രതിരോധിച്ചു.
രാജ്യത്ത് അതിനിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിന്റെ കേളികെട്ട് ഉയരുമ്പോഴും സി.പി.എമ്മിന്റെ മനസിലിരുപ്പ് മറ്റൊന്നായിരുന്നില്ല. സംസ്ഥാനത്ത് അധികാരത്തിലേറിയിട്ട് കാലാവധിയുടെ പകുതിയോടടുത്തിട്ടും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനമല്ലാതെ ഒരു നേട്ടവും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് നേടിയ വിജയം അവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചതും മുന്നണി വിപുലീകരണത്തിലേക്കും വനിതാ മതിലിലേക്കും നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും. ഐ.എന്‍.എല്ലിനേയും കേരള കോണ്‍ഗ്രസിനേയും മുന്നണിയിലെടുത്തതിലൂടെ ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വെക്കുമ്പോള്‍ ബാലകൃഷ്ണപിള്ളയേയും വീരേന്ദ്ര കുമാറിനേയും ഒപ്പം ചേര്‍ത്ത് ഭൂരിപക്ഷ പിന്തുണയും ഉറപ്പു വരുത്തുന്നു. എന്നാല്‍ ഇതു കൊണ്ടൊന്നും കാര്യങ്ങള്‍ വരുതിയില്‍ വരില്ലെന്ന ബോധ്യമാണ് ബി.ഡി.ജെ എസുമായുള്ള ചങ്ങാത്തത്തിലെത്തി നില്‍ക്കുന്നത്.
ശബരിമല വിഷയത്തില്‍ പുരോഗമനം പറഞ്ഞ് കോടതിയില്‍ നിന്ന് സ്ത്രീ പ്രവേശനത്തിന് അനുകൂല വിധി നേടിയെടുത്ത് അതു നടപ്പാക്കാന്‍ സര്‍വ സജ്ജരായി നിന്ന അതേ സി.പി.എമ്മും എല്‍.ഡി.എഫുമാണ് അതുവഴി വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ ഒരു വിഭാഗത്തെ മാത്രം അണി നിരത്തി വര്‍ഗീയ മതില്‍ സൃഷ്ടിക്കുന്നതും എല്ലാ എതിര്‍പ്പുകളും മറികടന്ന് നാട്ടില്‍ വര്‍ഗീയതയുടെ വിഷലിപ്തങ്ങള്‍ ചീറ്റിയവരെ തലപ്പത്ത് കൊണ്ടു വരുകയും ചെയ്യുന്നത് . ബി.ഡി.ജെ.എസുമായുള്ള ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ ശേഷമാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചതും വെള്ളാപ്പള്ളി ബിജെപിയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ടുനിന്നതും. ബിജെപി പാളയത്തിലുള്ള തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ വനിതാ മതിലിനെ അനുകൂലിച്ച് പ്രതികരിച്ചത് മുന്നണി പ്രവേശനത്തിന് മുമ്പ് എല്‍ഡിഎഫ് നിലപാടുമായി ഐക്യപ്പെടുന്നതിന്റെ സൂചനയാണ്. തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പിയില്‍ അസ്വസ്ഥനാണെന്നതും അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത പദവികള്‍ ലഭിക്കാത്തതും സി.പി.എമ്മിന് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പിക്ക് ഏല്‍ക്കേണ്ടി വന്ന തിരിച്ചടിയും തുഷാറിന്റെ മനംമാറ്റത്തിന് പിന്നിലെ കാരണമായിട്ടുണ്ടാവും. എന്നാല്‍ ഏതു നിമിഷവും പരസ്പരം ചേക്കേറാന്‍ കഴിയുന്ന രണ്ടു ചില്ലകളായി സി.പി.എമ്മും ബി.ജെ.പിയും മാറിയിരിക്കുന്നു എന്ന നഗ്ന സത്യമാണ് ഈ കൂടുമാറ്റത്തിനുള്ള സൂചനകള്‍ ജനാധിപത്യ കേരളത്തിന് ബോധ്യപ്പെടുത്തിത്തരുന്നത്.
മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുത്തലാഖും ബഹുഭാര്യത്വവുമെല്ലാം നിയമം മൂലം നിരോധിക്കണമെന്നും അതിന് വിലങ്ങുതടിയായി നില്‍ക്കുന്ന ത് വ്യക്തിനിയമങ്ങളാണെങ്കില്‍ അവ പൊളിച്ചെഴുതണമെന്നും പരസ്യമായി പ്രഖ്യാപിച്ചവര്‍ തന്നെ അത്തരം വിഷയങ്ങളില്‍ മുതലക്കണ്ണീരുമായി വരുന്നതിന്റെ പിന്നിലുള്ള ഉദ്ദേശവും എന്താണെന്ന് അരി ആഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ മാശാ അല്ലാഹ് എന്ന സ്റ്റിക്കറൊട്ടിക്കുകയും കെ.എം ഷാജി എം.എല്‍.എയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ലഘുലേഖകള്‍ അച്ചടിച്ചിറക്കുകയും ചെയ്ത സി.പി.എം വര്‍ഗീയ ധ്രുവീകരണത്തിന്റെ പുതിയ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍ സാംസ്‌കാരിക കേരളം അതെല്ലാം തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

chandrika: