Connect with us

Video Stories

എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഇടതു മുന്നണി

Published

on

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയിട്ടുള്ള ത്രസിപ്പിക്കുന്ന നേട്ടം രാജ്യത്തെ മതേതര കക്ഷികള്‍ക്ക് മുഴുവന്‍ ആവേശവും പ്രതീക്ഷയും നല്‍കിയപ്പോള്‍ ഇടതു കക്ഷികള്‍ക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന് കനത്ത പ്രഹരമാണ് അത് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി യെ പോലെ തന്നെയോ അവരേക്കാള്‍ ഒരു പടികൂടി കടന്നുകൊണ്ടോ ഇങ്ങനെയൊരു വിധി ഉണ്ടാകരുതേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ വിധി അവരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപ്രസക്തമാക്കിക്കളയുന്ന രീതിയില്‍ ഒരു ഫീനികിസ് പക്ഷിയെ പോലെയുള്ള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു എന്നു മാത്രമല്ല അവരുടെ സമനില തെറ്റിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനാധിപത്യ വിശ്വാസികളെ ബോധ്യപ്പെടുത്തുന്നത്. ഇക്കാലമത്രയും തങ്ങള്‍ പെരുമ്പറമുഴക്കി നടന്നിരുന്ന എല്ലാ കാര്യങ്ങളും ഒരു നിമിഷം കൊണ്ട് പടിക്കുപുറത്തിട്ട് ഏതാനും തട്ടിക്കൂട്ട് സംഘങ്ങളെ മുന്നണിയിലെടുത്ത അവര്‍ ഇപ്പോള്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന ബി.ഡി.ജെ എസിനു മുന്നിലും വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്.
ഭൂരിപക്ഷ സമുദായങ്ങളേയും ന്യൂന പക്ഷ സമുദായങ്ങളേയും ഇക്കാലമത്രയും ചെയ്തതുപോലെ സമര്‍ത്ഥമായി കബളിപ്പിച്ചു നിര്‍ത്താന്‍ ഇനിയും തങ്ങളുടെ ചെപ്പടി വിദ്യകള്‍ക്കൊണ്ട് സാധിക്കുകയില്ലെന്ന ആശങ്ക അവരെ ഇപ്പോള്‍ വല്ലാതെ വേട്ടയാടുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെ ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വോട്ടുകളും ന്യൂനപക്ഷ തീവ്രവാദത്തെ ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കുന്ന, മുട്ടനാടുകളെ പരസ്പരം കൂട്ടിയിടിപ്പിച്ച് ചോരകുടിക്കുന്ന പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ റോള്‍ ജനം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് പല കൈവിട്ട കളികളിലേക്കും നീങ്ങാന്‍ പിണറായിയേയും കൂട്ടരേയും പ്രേരിപ്പിക്കുന്നത്. രാജ്യത്ത് വര്‍ഗീയ ഫാസിസം ഫണം വിടര്‍ത്തിയ കാലത്തും അതിനു മറുപടിയെന്നോണം ന്യൂന പക്ഷ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്തപ്പോഴുമെല്ലാം സി.പി.എം കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന തിരക്കിലായിരുന്നു. ഇരു ശക്തികളെയും ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ ന്യൂന പക്ഷ വോട്ടുകള്‍ കൃത്യമായി തങ്ങളുടെ പെട്ടിയില്‍ വീഴ്ത്തുന്ന തന്ത്രമാണ് അവര്‍ ഇക്കാലമത്രയും അനുവര്‍ത്തിച്ചു പോന്നത്. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുകയും നിരവധി തെരഞ്ഞെടുപ്പുകളില്‍ അവര്‍ അധികാരത്തിലേക്ക് ഈ കുറുക്കു വഴിയിലൂടെ കടന്നു കയറുകയും ചെയ്തു. സംസ്ഥാനത്ത് അവസാനമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളായിരുന്നു.
ഇരു തെരഞ്ഞെടുപ്പുകളിലും നാടിന്റെ വികസനമോ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളോ ചര്‍ച്ചയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച സി.പി.എമ്മിന്റെ കൈയ്യിലെ ആയുധങ്ങള്‍ വര്‍ഗീയ ധ്രുവീകരണവും അതു മറച്ചുപിടിക്കാനുള്ള ചില പൊടിക്കൈകളും മാത്രമായിരുന്നു. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയെ കുറിച്ചും ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ ന്യൂന പക്ഷ വര്‍ഗീയതയെ കുറിച്ചും അവര്‍ നടത്തിയ കുപ്രചരണങ്ങള്‍ ചില ഇടങ്ങളിലെങ്കിലും ഏറ്റു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ചിത്രം. ജനാധിപത്യ കേരളം കണ്ടെതില്‍ വെച്ചേറ്റവും വലിയ വികസനവും കരുതലും കാഴ്ച്ചവെച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മടങ്ങിവരവിനെ പോലും അപകടകരമായ ഈ ഫോര്‍മുലയിലൂടെ അവര്‍ പ്രതിരോധിച്ചു.
രാജ്യത്ത് അതിനിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിന്റെ കേളികെട്ട് ഉയരുമ്പോഴും സി.പി.എമ്മിന്റെ മനസിലിരുപ്പ് മറ്റൊന്നായിരുന്നില്ല. സംസ്ഥാനത്ത് അധികാരത്തിലേറിയിട്ട് കാലാവധിയുടെ പകുതിയോടടുത്തിട്ടും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനമല്ലാതെ ഒരു നേട്ടവും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് നേടിയ വിജയം അവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചതും മുന്നണി വിപുലീകരണത്തിലേക്കും വനിതാ മതിലിലേക്കും നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും. ഐ.എന്‍.എല്ലിനേയും കേരള കോണ്‍ഗ്രസിനേയും മുന്നണിയിലെടുത്തതിലൂടെ ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വെക്കുമ്പോള്‍ ബാലകൃഷ്ണപിള്ളയേയും വീരേന്ദ്ര കുമാറിനേയും ഒപ്പം ചേര്‍ത്ത് ഭൂരിപക്ഷ പിന്തുണയും ഉറപ്പു വരുത്തുന്നു. എന്നാല്‍ ഇതു കൊണ്ടൊന്നും കാര്യങ്ങള്‍ വരുതിയില്‍ വരില്ലെന്ന ബോധ്യമാണ് ബി.ഡി.ജെ എസുമായുള്ള ചങ്ങാത്തത്തിലെത്തി നില്‍ക്കുന്നത്.
ശബരിമല വിഷയത്തില്‍ പുരോഗമനം പറഞ്ഞ് കോടതിയില്‍ നിന്ന് സ്ത്രീ പ്രവേശനത്തിന് അനുകൂല വിധി നേടിയെടുത്ത് അതു നടപ്പാക്കാന്‍ സര്‍വ സജ്ജരായി നിന്ന അതേ സി.പി.എമ്മും എല്‍.ഡി.എഫുമാണ് അതുവഴി വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ ഒരു വിഭാഗത്തെ മാത്രം അണി നിരത്തി വര്‍ഗീയ മതില്‍ സൃഷ്ടിക്കുന്നതും എല്ലാ എതിര്‍പ്പുകളും മറികടന്ന് നാട്ടില്‍ വര്‍ഗീയതയുടെ വിഷലിപ്തങ്ങള്‍ ചീറ്റിയവരെ തലപ്പത്ത് കൊണ്ടു വരുകയും ചെയ്യുന്നത് . ബി.ഡി.ജെ.എസുമായുള്ള ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ ശേഷമാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചതും വെള്ളാപ്പള്ളി ബിജെപിയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ടുനിന്നതും. ബിജെപി പാളയത്തിലുള്ള തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ വനിതാ മതിലിനെ അനുകൂലിച്ച് പ്രതികരിച്ചത് മുന്നണി പ്രവേശനത്തിന് മുമ്പ് എല്‍ഡിഎഫ് നിലപാടുമായി ഐക്യപ്പെടുന്നതിന്റെ സൂചനയാണ്. തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പിയില്‍ അസ്വസ്ഥനാണെന്നതും അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത പദവികള്‍ ലഭിക്കാത്തതും സി.പി.എമ്മിന് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പിക്ക് ഏല്‍ക്കേണ്ടി വന്ന തിരിച്ചടിയും തുഷാറിന്റെ മനംമാറ്റത്തിന് പിന്നിലെ കാരണമായിട്ടുണ്ടാവും. എന്നാല്‍ ഏതു നിമിഷവും പരസ്പരം ചേക്കേറാന്‍ കഴിയുന്ന രണ്ടു ചില്ലകളായി സി.പി.എമ്മും ബി.ജെ.പിയും മാറിയിരിക്കുന്നു എന്ന നഗ്ന സത്യമാണ് ഈ കൂടുമാറ്റത്തിനുള്ള സൂചനകള്‍ ജനാധിപത്യ കേരളത്തിന് ബോധ്യപ്പെടുത്തിത്തരുന്നത്.
മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുത്തലാഖും ബഹുഭാര്യത്വവുമെല്ലാം നിയമം മൂലം നിരോധിക്കണമെന്നും അതിന് വിലങ്ങുതടിയായി നില്‍ക്കുന്ന ത് വ്യക്തിനിയമങ്ങളാണെങ്കില്‍ അവ പൊളിച്ചെഴുതണമെന്നും പരസ്യമായി പ്രഖ്യാപിച്ചവര്‍ തന്നെ അത്തരം വിഷയങ്ങളില്‍ മുതലക്കണ്ണീരുമായി വരുന്നതിന്റെ പിന്നിലുള്ള ഉദ്ദേശവും എന്താണെന്ന് അരി ആഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ മാശാ അല്ലാഹ് എന്ന സ്റ്റിക്കറൊട്ടിക്കുകയും കെ.എം ഷാജി എം.എല്‍.എയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ലഘുലേഖകള്‍ അച്ചടിച്ചിറക്കുകയും ചെയ്ത സി.പി.എം വര്‍ഗീയ ധ്രുവീകരണത്തിന്റെ പുതിയ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍ സാംസ്‌കാരിക കേരളം അതെല്ലാം തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending