X

കായികാഭ്യാസ വിനോദങ്ങള്‍ ശാരീരിക, മാനസിക ആരോഗ്യത്തിന്

പി. മുഹമ്മദ് കുട്ടശ്ശേരി

കളികള്‍ക്കും കായികാഭ്യാസങ്ങള്‍ക്കും വലിയ പ്രാധാന്യവും പ്രോത്സാഹനവുമാണ് ഇന്ന് ലോകം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇവയിലെ ചില ദോഷവശങ്ങളോട് വിയോജിക്കുന്നുവെങ്കിലും പൊതുവില്‍ ഇവയിലെ നന്മകള്‍ അംഗീകരിക്കുന്നു. കാരണം ‘നല്ലതെല്ലാം അനുവദിക്കുകയും ചീത്തയായത് നിരോധിക്കുകയും ചെയ്യുന്നു’ എന്നതാണല്ലോ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന തത്വം.
കളികളും വിനോദങ്ങളും പൊതുവില്‍ മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു എന്നതാണ് മതത്തിന്റെ ദൃഷ്ടിയില്‍ അവയില്‍ കാണുന്ന പ്രഥമ നന്മ. ആരാധനകള്‍ മുറപോലെ നിര്‍വഹിക്കാനും, തന്റെയും കുടുംബത്തിന്റെയും ജീവിതോപാധികള്‍ സമ്പാദിക്കാന്‍ അധ്വാനിക്കാനും, വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാനുമെല്ലാം നല്ല ആരോഗ്യം വേണം. ആരോഗ്യം സ്രഷ്ടാവ് മനുഷ്യന് നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹമാണെന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു. അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ്. ‘നിന്റെ ശരീരത്തോട് നിനക്ക് ചില കടമകളുണ്ട്’ പ്രവാചകന്‍ ഉണര്‍ത്തുന്നു. ആദ്യമായി മനുഷ്യന്‍ ‘നാം നിങ്ങള്‍ക്ക് നല്‍കിയ നല്ല ആഹാരം ഭക്ഷിക്കുക’ എന്ന കല്‍പ്പന പാലിക്കണം. ചീത്തയായ ഒന്നും മനുഷ്യന്‍ തിന്നാന്‍ പാടില്ലെന്നും മതം നിര്‍ദ്ദേശിക്കുന്നു. ആരോഗ്യ പോഷണത്തിന് ഉപകരിക്കുന്നത് മാത്രം ഭക്ഷിക്കുകയും മദ്യം, പന്നി മാംസം, രക്തം, ശവം തുടങ്ങി ആരോഗ്യത്തിന് ദോഷം ചെയ്യുന്നത് കൊണ്ട് മതം നിരോധിച്ച വസ്തുക്കളെയെല്ലാം വര്‍ജിക്കുകയും ചെയ്യുക. ആരോഗ്യത്തിന് ഹാനികരമെന്ന് തെളിയിക്കപ്പെട്ടത് കൊണ്ടാണ് പുകവലി മതത്തിന്റെ ദൃഷ്ടിയില്‍ നിഷിദ്ധമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. കീടനാശിനികള്‍ ചേര്‍ത്ത വിഷാംശം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതാണ് ഇന്ന് മനുഷ്യനു ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ‘നിങ്ങള്‍ തിന്നുക; കുടിക്കുക; അമിതമാകരുത്’ ഖുര്‍ആന്‍ ഉപദേശിക്കുന്നു. ‘മനുഷ്യന്‍ നിറക്കുന്ന ഏറ്റവും ചീത്തയായ പാത്രം വയര്‍ ആണ്’ എന്ന് പ്രവാചകന്‍ (സ) പ്രസ്താവിച്ചതിന്റെ പൊരുള്‍ വ്യക്തമാണ്. വയറിനെ മൂന്നായി വിഭജിക്കാനും പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നു. ഒരു ഭാഗം ഭക്ഷണത്തിന്. രണ്ടാമത്തെ ഭാഗം വെള്ളത്തിന്. മൂന്നാമത്തെ ഭാഗം കാലിയായി വിടുക. ഇന്ന് അധിക രോഗങ്ങളും ഭക്ഷണ ക്രമത്തിലെ അപാകങ്ങളില്‍ നിന്നാണ് ഉടലെടുക്കുന്നതെന്ന സത്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്.
ശാരീരികാരോഗ്യത്തിന്റെ അത്ര തന്നെ പ്രാധാന്യം മാനസികാരോഗ്യത്തിനുമുണ്ട്. മനസിന് ശക്തിയേകാന്‍ സുദൃഢമായ ദൈവവിശ്വാസം അനിവാര്യമാണ്. ജീവിതത്തിലെ പ്രയാസങ്ങളെ തരണം ചെയ്യാന്‍ അത് കരുത്തേകുന്നു. ബന്ധപ്പെട്ടവരുടെ മരണം, സാമ്പത്തിക പ്രയാസം, പ്രകൃതി വിപത്തുകള്‍, ഭയം തുടങ്ങിയ പരീക്ഷണങ്ങളുണ്ടാകുമ്പോള്‍ ക്ഷമ അവലംബിച്ച് അവയെ തരണം ചെയ്യാന്‍ സ്രഷ്ടാവ് കല്‍പിക്കുന്നു. ബന്ധപ്പെട്ടവര്‍ക്ക് ജീവഹാനി സംഭവിക്കുമ്പോള്‍ ‘നമ്മളെല്ലാം ദൈവത്തിനുള്ളവര്‍. അവന്റെ സന്നിധാനത്തേക്ക് തിരിച്ചു പോകുന്നവര്‍’ എന്ന് വിശ്വാസി സമാശ്വസിക്കണം. മനസിന് സന്തോഷവും ധൈര്യവുമേകാന്‍ നമസ്‌കാരത്തിന് അസാധാരണമായ ശക്തിയുണ്ട്. ‘എന്റെ മനം കുളിര്‍മ നമസ്‌കാരത്തിലാണ്’-പ്രവാചകന്‍ പറയുന്നു. ബാങ്ക് വിളിക്ക് സമയമാകുമ്പോള്‍ അദ്ദേഹം ബിലാലിനോട് പറയും: ‘ബിലാല്‍, നമ്മെ സമാശ്വാസിപ്പിക്കൂ!’. അസ്വസ്ഥത മനുഷ്യപ്രകൃതിയില്‍ ഊട്ടപ്പെട്ട സ്വഭാവമാണെന്നും നമസ്‌കരിക്കുന്നവര്‍ക്കാണ് അതില്‍ നിന്ന് രക്ഷ ലഭിക്കുകയെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വെറും ഒരു ചടങ്ങ് എന്ന നിലക്കുള്ള നമസ്‌കാരത്തിന് ഈ പ്രതിഫലനമൊന്നുമുണ്ടാവുകയില്ല. ഭക്തിയോടെ, മനസ്സാന്നിധ്യത്തോടെ, മറ്റു ചിന്തകളില്‍ നിന്നെല്ലാം മുക്തമായി നമസ്‌കാരം നിര്‍വഹിക്കുമ്പോഴേ അത് മനസിനെ സ്വാധീനിക്കുകയുള്ളൂ. പ്രാര്‍ത്ഥന മനുഷ്യന് അത്ഭുതകരമാംവിധം ധൈര്യവും ആശ്വാസവും നല്‍കുന്നു.
‘അല്ലാഹു ഇറക്കിയ എല്ലാ രോഗത്തിനും അവന്‍ മരുന്നും ഇറക്കിയിട്ടുണ്ട്’ -പ്രവാചകന്‍ പറയുന്നു. അതുകൊണ്ട് രോഗം വന്നാല്‍ ചികിത്സ തേടണമെന്നത് മതനിയമമാണ്. എന്നാല്‍ സ്രഷ്ടാവ് ഈ പ്രകൃതിയില്‍ നിക്ഷേപിച്ച മരുന്നിനെ ആശ്രയിക്കാതെ മന്ത്രവാദികളെയും മറ്റും ചിലര്‍ രോഗമുക്തിക്കായി ആശ്രയിക്കുന്നു. അത്തരക്കാരുടെ പീഡനങ്ങളേറ്റ് രോഗം മൂര്‍ച്ഛിക്കുന്നവരും ജീവഹാനി സംഭവിക്കുന്നവരുമുണ്ട്. എത്ര സ്ത്രീകള്‍ക്ക് മാനം നഷ്ടപ്പെടുന്നു. ഇതിനു ശരിയായ ചികിത്സാ ബോധം സമൂഹത്തില്‍ വളര്‍ത്തുകയാണ് വേണ്ടത്.
കലാകായിക വിനോദങ്ങളും മാനസികോല്ലാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഉപകരിക്കണം. ഇവയില്‍ മത തത്വങ്ങള്‍ക്കും വിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായതോ, വ്യക്തിക്കും സമൂഹത്തിനും ദോഷം ചെയ്യുന്നതോ ആയ വല്ലതുമുണ്ടെങ്കില്‍ വിശ്വാസികള്‍ സ്വാഭാവികമായും അവയില്‍ നിന്നകന്നു നില്‍ക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഒറ്റയടിക്ക് എല്ലാതരം കായിക കലാപ്രവര്‍ത്തനങ്ങളോടും മുഖം തിരിച്ചുനില്‍ക്കുന്ന പ്രവണതക്ക് ന്യായീകരണമില്ല. അല്ലാഹുവിനുള്ള ആരാധനകള്‍ മുറപോലെ നിര്‍വഹിക്കാനും, സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കാനും നല്ല ആരോഗ്യം അനിവാര്യമാണ്. ‘ശക്തനായ വിശ്വാസിയാണ് ദുര്‍ബ്ബലനായ വിശ്വാസിയേക്കാള്‍ ഉത്തമം’-പ്രവാചകന്‍ പറയുന്നു.
വിശ്വാസികള്‍ക്ക് ആരാധനയും പ്രാര്‍ത്ഥനയും കീര്‍ത്തനവും ഖുര്‍ആന്‍ പാരായണവും മാത്രമേ പാടുള്ളു എന്നില്ല. ‘നിങ്ങള്‍ ഇടക്കിടക്ക് മനസ്സിന് ഉല്ലാസം നല്‍കുക’ -പ്രവാചകന്‍ ഉപദേശിക്കുന്നു. അദ്ദേഹത്തിന്റെ കാലത്ത്, ആയോധന മുറകളെല്ലാം വശമുള്ളവരായിരുന്നു അനുയായികള്‍. വാള്‍പയറ്റ്, കുന്തപ്രയോഗം, അമ്പെയ്ത്ത് തുടങ്ങിയവ അതില്‍ ഉള്‍പ്പെടും. കുട്ടികള്‍ക്ക് അമ്പെയ്ത്തും നീന്തലും പഠിപ്പിക്കാന്‍ അദ്ദേഹം ഉപദേശിച്ചിരുന്നു. റുകാന എന്ന ഗുസ്തി വീരനുമായി പ്രവാചകന്‍ മല്‍പിടുത്തം നടത്തി അയാളെ വീഴ്ത്തിയ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മദീന പള്ളിയുടെ അങ്കണത്തില്‍ നടന്നിരുന്ന ആയുധപ്പയറ്റ് പത്‌നി ആയിശ(റ)ക്ക് കൂടെ നിന്ന് നബി(സ) കാണിച്ചുകൊടുത്തു. തിരുമേനിയും പത്‌നിയും ഓട്ടമത്സരം നടത്തി. നടത്തത്തിന്റെ പ്രാധാന്യം ഇന്ന് ഡോക്ടര്‍മാര്‍ ഊന്നിപ്പറയുന്നു. തിരുമേനി നല്ലൊരു നടത്തക്കാരനായിരുന്നു. ഒരു കുന്നിന്‍ മുകളില്‍ നിന്ന് താഴോട്ട് ഇറങ്ങിവരും പോലെ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ നടത്തം. കുട്ടികളുടെ ഓട്ടമത്സരം അദ്ദേഹം ആസ്വദിക്കുകയും മുന്നിലെത്തുന്നവരെ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു.
ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് പ്രവാചകന്റെ കാലത്തുണ്ടായിരുന്ന കായിക വിനോദങ്ങളുടെ പരിഷ്‌കൃത രൂപങ്ങള്‍ പലതും ഇന്ന് നിലവിലുണ്ട്. അവയില്‍ വ്യക്തമായും മത തത്വങ്ങള്‍ക്ക് നിരക്കാത്തതും വ്യക്തിക്കോ സമൂഹത്തിനോ ദോഷം ചെയ്യുന്നതുമായ വല്ലതുമുണ്ടെങ്കില്‍ അതിനോട് മാത്രമാണ് വിശ്വാസികള്‍ അകലം പാലിക്കേണ്ടത്.
ഇപ്പോള്‍ ലോകകപ്പിന് വേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരം നടക്കുകയാണ്. മത തത്വങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സഊദി അറേബ്യയുടെ ടീം ആദ്യദിനത്തിലെ തന്നെ കളിക്കാരില്‍ ഉള്‍പ്പെടുന്നു. നല്ലൊരു ശാരീരിക വ്യായാമമായ ഫുട്‌ബോള്‍ കളി രാജ്യാതിര്‍ത്തികളെയും മത-ജാതി-വര്‍ണ-വര്‍ഗ വ്യത്യാസങ്ങളെയും അതിജീവിക്കുന്ന മതസൗഹാര്‍ദ്ദവും കൂട്ടായ്മയും വളര്‍ത്താന്‍ ഉപകരിക്കുന്ന രാഷ്ട്രാന്തരീയ കായിക മത്സരമാണ്. അതുകൊണ്ട് തന്നെ ഇന്ന് കുട്ടികളിലും മുതിര്‍ന്നവരിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലുമെല്ലാം ഫുട്‌ബോള്‍ ആവേശം ദൃശ്യമാകുന്നു. അത് മറ്റു കടമകളെ ബാധിക്കാത്തേടത്തോളം കാലമേ ആക്ഷേപാര്‍ഹമല്ലാതിരിക്കുന്നുള്ളു. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ശക്തിപ്പെടുത്താനുതകണം എല്ലാ നല്ല കായിക വിനോദങ്ങളും.

chandrika: