X

ന്യൂനപക്ഷ ശാക്തീകരണത്തിന്റെ അനിവാര്യതയില്‍ ഇന്ത്യ

അഡ്വ. അഹമ്മദ് മാണിയൂര്‍

ഇന്ത്യയില്‍ ന്യൂനപക്ഷ വിവക്ഷയിലെ മുഖ്യ പരിപ്രേക്ഷ്യം മുസ്‌ലിംകളാണ്. ജനസംഖ്യയുടെ ഇരുപത്തിയേഴ് ശതമാനം വരുന്ന അവര്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം നിര്‍ണായകമായ വോട്ടുബേങ്കും ആണ്, മുസ്‌ലിം വോട്ടുകള്‍ അനുകൂലമായാലും പ്രതികൂലമായാലും അത് പാര്‍ട്ടികള്‍ക്ക് വിജയത്തിന് അടിസ്ഥാനം ആകാറുണ്ട്.2017 മാര്‍ച്ചിലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടുകള്‍ ബി.ജെ.പിക്ക് എതിരായിരുന്നിട്ടും അവ മറ്റു പലര്‍ക്കുമായി ഭിന്നിച്ചു പോയത് ബി.ജെ.പി.ക്ക് ഗുണകരമായി. മുന്‍കാലങ്ങളില്‍ ഏകീകൃതമായി കോണ്‍ഗ്രസ്സിനൊ സമാജ്‌വാദി പാര്‍ട്ടികള്‍ക്കോ അനുകൂലമായിരുന്ന ഘട്ടങ്ങളില്‍ അവരും അധികാരത്തില്‍ വന്നു. ഗുജറാത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ഷയിക്കുകയും ചെയ്തു. 2018 ജനുവരിയിലെ രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചനയും ഇതുതന്നെയാണ്. വോട്ടുകളിലെ നിര്‍ണ്ണായകത്തം കൊണ്ടുതന്നെയാണ് മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ രാഷ്ട്രീയ സംഘടനകള്‍ മത്സരിക്കുന്നത്. മുസ്‌ലിംവിരുദ്ധ നിലപാടുകളുള്ള ബി.ജെ.പി പോലും ന്യൂനപക്ഷ മോര്‍ച്ചയും മുസ്‌ലിംമഞ്ചും ഉണ്ടാക്കിയിട്ടുണ്ടല്ലോ. മുസ്‌ലിം പേരുള്ളവരെ തേടിപ്പിടിച്ച് സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ബി.ജെ.പി. യില്‍ ആദരിക്കപ്പെടുന്ന മുക്താര്‍ അബ്ബാസ് നഖ്‌വിയെയോ, ഷാനവാസ് ഹുസൈനയോ, എ.ജെ. അക്ബറിനെയോ ഒന്നും മുസ്‌ലിംസമൂഹം അവരുടെ പ്രതിനിധികളായി കാണുന്നില്ലെന്നതും യാഥാര്‍ത്ഥ്യം. മുസ്‌ലിംകളെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ തങ്ങള്‍ക്ക് വോട്ടു ചെയ്യാറില്ലെന്ന് ബി.ജെ.പിയുടെ കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് മുമ്പൊരിക്കല്‍ പറഞ്ഞതിന്റെ പൊരുളും അതാണ്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ഏകീകരണമില്ലായ്മയാണ് വിവിധ മുഖ്യധാരാ പാര്‍ട്ടികളുടെ കരുക്കളാക്കപ്പെടാനുള്ള ദുര്‍ഭഗതയിലേക്ക് അവരെ എത്തിച്ചത്.
വിഭജനത്തിന്നും സ്വാതന്ത്ര്യലബ്ധിക്കും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്‌ലിംകളുടെ ഒരു വലിയ രാഷ്ട്രീയ ശാക്തീകരണ ചേരിയായിരുന്നു ആള്‍ ഇന്ത്യാ മുസ്‌ലിംലീഗ്. രാജ്യത്ത് വളരെ തുച്ഛം മാത്രമായിരുന്ന വിദ്യാസമ്പന്നരും വരേണ്യരുമായ മുസ്‌ലിം നവോത്ഥാന ചിന്തകരുടെ ദീര്‍ഘകാലത്തെ പ്രയത്‌നഫലമായി ഉരുത്തിരിഞ്ഞു വന്നതാണ് ആ രാഷ്ട്രീയ ശാക്തീകരണം. 600 വര്‍ഷക്കാലം രാജ്യത്തിന്റെ അധീശാധികാരികളായിരുന്ന മുസ്‌ലിംകളെ സ്ഥാനഭ്രഷ്ടരാക്കിയും വധിച്ചും അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷുകാരോടുള്ള കടുത്ത പകയും അയിത്തവും ബ്രിട്ടീഷ് ഇന്ത്യയുടെ തുടക്കത്തില്‍ മുസ്‌ലിംകളെ പൊതുധാരയില്‍ നിന്നകറ്റി. സാമൂഹിക വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഇംഗ്ലീഷുകാരോടു മതപരമായി തന്നെ ഭ്രഷ്ട് കല്പിച്ച് അകന്നുനിന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ ആ അകല്‍ച്ചയുടെ ആഴം വളര്‍ന്നു. മുസ്‌ലിംമേതര സമൂഹങ്ങള്‍ ബ്രിട്ടീഷ് സാഹചര്യങ്ങളുമായി ഒത്തിണങ്ങി മുന്നേറുകയും ചെയ്തു. അക്കാലത്ത് ഹൈന്ദവസമൂഹം നേടിയ ഉല്‍ക്കര്‍ഷയുടെ മഹനീയമായ ഒരു ഉല്‍പന്നമാണ് സ്വാമി വിവേകാനന്ദന്‍.
മുസ്‌ലിംകളെ അതിദയനീയമായ ശോചനീയാവസ്ഥയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന് പൊതുധാരയില്‍ മറ്റുള്ളവരോടൊപ്പം ചുവടുചേര്‍ന്നു നില്‍ക്കാന്‍ പ്രാപ്തരാക്കുകയായിരുന്നു അന്നത്തെ മുസ്‌ലിം ഉല്‍ക്കര്‍ഷേച്ഛുക്കളുടെ ലക്ഷ്യം. ഉന്നതനിലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും ജോലി ലഭിക്കുകയും ചെയ്തിരുന്ന അലീഗറിലെ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ബംഗാളിലെ അബ്ദുല്‍ ലത്തീഫ്, സയ്യിദ് അമീറലി തുടങ്ങിയവരായിരുന്നു അതിന് മുന്‍പന്തിയില്‍. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രഷ്ട് മാറ്റി ആ രംഗത്തേക്ക് കൈപിടിച്ചു ഉയര്‍ത്തിക്കൊണ്ടുവരികയാണ് മുസ്‌ലിം സമൂഹത്തിന്റെ ഉയിര്‍പ്പിന്ന് ആവശ്യമെന്ന് മനസ്സിലാക്കി സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ അലീഗറില്‍ ആംഗ്ലോ മുഹമ്മദന്‍ ഓറിയന്റല്‍ കോളജ് സ്ഥാപിച്ചു. പിന്നീട് അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നപേരില്‍ വിശ്വോത്തര സര്‍വകലാശാലയായി വളര്‍ന്ന ആ വിദ്യാലയത്തിന്റെ അകത്തളങ്ങളിലായിരുന്നു ഇന്ത്യയില്‍ മുസ്‌ലിം സാമൂഹിക രാഷ്ട്രീയ ശാക്തീകരണത്തിനുള്ള ചര്‍ച്ചകള്‍ ശക്തമായത്.
1905 ല്‍ കര്‍സണ്‍ പ്രഭു ബംഗാള്‍ പ്രവിശ്യയെ വിഭജിച്ച് ഉണ്ടാക്കിയ കിഴക്കന്‍ ബംഗാള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യയായി. കിഴക്കന്‍ ബംഗാളിലെ പ്രവിശ്യാ കൗണ്‍സില്‍ ലക്ഷ്യമിട്ട് മുസ്‌ലിംകളുടെ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ 1905 ഒക്‌ടോബര്‍ 16 ന് ഡാക്കയിലെ നവാബ് സലീമുള്ളയുടെ നേതൃത്വത്തില്‍ മുഹമ്മദന്‍ പ്രോവിന്‍ഷ്യല്‍ യൂനിയന്‍ രൂപീകരിച്ചു. അതു വിപുലപ്പെടുത്തി ബ്രിട്ടീഷ് ഇന്ത്യയെ മുഴുവന്‍ ലക്ഷ്യം വെച്ച് 1906 ഡിസംബര്‍ 30 ന് ഡാക്കയില്‍ വെച്ചുതന്നെ ആള്‍ ഇന്ത്യാ മുസ്‌ലിംലീഗ് രൂപീകരിക്കപ്പെട്ടു.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഒരു മുസ്‌ലിം രാഷ്ട്രീയ സംഘടിതശക്തിയായിത്തന്നെ രാജ്യമൊട്ടുക്കും അത് വ്യാപനവും നേടി. തുടക്കത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ആയിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇരട്ട അംഗത്വവും അനുവദിച്ചിരുന്നു. ക്രമേണ രണ്ടു പാര്‍ട്ടികളും വൈരികളുമായി. മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ പോലുള്ളവരുടെ നേതൃത്വം ബൗദ്ധികതലത്തില്‍ പാര്‍ട്ടിയെ ശക്തമാക്കി. മുഹമ്മദലി ജിന്ന തലപ്പത്തെത്തിയതോടെ മുസ്‌ലിംലീഗ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്ന് സമശീര്‍ഷകമായി നിന്നുകൊണ്ടുതന്നെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും മുന്നില്‍ നിന്നു. രാജ്യം മുഴുവനും പ്രവിശ്യാ കൗണ്‍സിലുകളിലും പ്രാതിനിധ്യം നേടി – മതപരമായ അസ്തിത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാട്ടങ്ങള്‍ നടത്തി. സ്വതന്ത്ര ഇന്ത്യയില്‍ ഇപ്പോഴും മുസ്‌ലിംകള്‍ അനുഭവിക്കുന്ന വിശ്വാസപരമായ നിയമസ്വാതന്ത്ര്യങ്ങള്‍ മിക്കതും ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പിലാക്കപ്പെട്ടവയാണ്. 1937 ലെ മുസ്‌ലിം ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് 1939 ലെ ഡിസ്സൊലൂഷന്‍ ഓഫ് മുസ്‌ലിം മാര്യേജ് ആക്ട് എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. 1943-ല്‍ മലബാറിലും മുസ്‌ലിംലീഗ് പ്രവര്‍ത്തനം തുടങ്ങി. ഒരു മുസ്‌ലിം സാമൂഹിക രാഷ്ട്രീയ ഏകശിലാശക്തി എന്ന നിലയില്‍ ആള്‍ ഇന്ത്യാ മുസ്‌ലിംലീഗിന്റെ പിന്‍ബലവും ഇച്ഛാശക്തിയും എത്ര ബലവത്തായിരുന്നു എന്നതിന്ന് തെളിവാണല്ലൊ വിഭജനം.
വിഭജനവും അധികാര കൈമാറ്റവും പൂര്‍ത്തിയായതോടെ മുഹമ്മദലി ജിന്നയും പ്രധാന നേതാക്കളും പ്രവര്‍ത്തകരും പാക്കിസ്ഥാനിലേക്ക് പോകുകയും മുസ്‌ലിംലീഗ് പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിച്ച മുസ്‌ലിംകള്‍ തീര്‍ത്തും വിഷമത്തിലുമായി. വടക്കെ ഇന്ത്യ മുഴുക്കെ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. മുസ്‌ലിംകള്‍ തികഞ്ഞ അനാഥത്തത്തിലും അരക്ഷിതാവസ്ഥയിലും ആയി. സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരികളില്‍ ചാലിട്ടൊഴുകിയ മനുഷ്യരക്തത്തിന്റെ ചെന്തിപ്പൂകളില്‍ ഗാന്ധിജിക്ക് നിരാഹാരം കിടക്കേണ്ടതായിപ്പോലും വന്നുവല്ലോ. കലാപങ്ങള്‍ക്ക് അറുതി വരുത്താനും കലാപ ബാധിതരുടെ കണ്ണീരൊപ്പാനും പ്രധാനമന്ത്രി നെഹ്രുവും അബ്ദുല്‍കലാം ആസാദിനെ പോലുള്ള സഹപ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിക്കുമ്പോഴും ഭരണസാരഥ്യത്തിലെ ഉത്തരവാദപ്പെട്ട ചിലര്‍ ആക്രമികളോടൊപ്പം നില്‍ക്കുന്നുവെന്ന തിരിച്ചറിവും മര്‍ദ്ദിത ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം നിരാശരാക്കി.
അത്തരം ഒരു ദയനീയാവസ്ഥയില്‍ രാജ്യത്തെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉയിര്‍പ്പിനും അവകാശ സംരക്ഷണത്തിനും രാഷ്ട്രീയ ശാക്തീകരണത്തിന്റെ അനിവാര്യത ചിന്താവിഷയമായി. സ്വതന്ത്ര ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യവുമായി ഇണങ്ങുന്ന ഒരു മതേതര ജനാധിപത്യ ന്യൂനപക്ഷ കൂട്ടായ്മ ഉണ്ടാക്കണമെന്നായിരുന്നു പൊതുവില്‍ ഉയര്‍ന്നുവന്ന അഭിപ്രായം. അതുപ്രകാരം 1948 മാര്‍ച്ച് 10 ന് മദ്രാസില്‍ വെച്ച് മുഹമ്മദ് ഇസ്മായില്‍ സാഹിബ് പ്രസിഡന്റായി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കപ്പെട്ടു. അഖിലേന്ത്യാതലത്തില്‍ പതിതരുടെ ഒരു മതേതര രാഷ്ട്രീയ സാമൂഹിക ശാക്തീകരണമാണ് സംഘടനയിലൂടെ ലക്ഷ്യമിട്ടതെങ്കിലും വടക്കെ ഇന്ത്യയില്‍ അത് ചലനങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാല്‍ മദ്രാസിലും മലബാറിലും പാര്‍ട്ടിക്ക് നല്ല സ്വീകാര്യത ലഭിച്ചു. 1952 ല്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ തന്നെ മദിരാശി പ്രവിശ്യാസഭയിലേക്ക് മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തില്‍ ഇടവിട്ടാണെങ്കിലും സഖ്യകക്ഷികളോടൊപ്പം ഭരണപങ്കാളിത്തവും വഹിച്ചുവരുന്നു. രാജ്യസഭയിലും ലോക്‌സഭയിലും തുടര്‍ച്ചയായ പ്രാതിനിധ്യവും നിലനിര്‍ത്തുന്നുണ്ട്.
ദേശീയതലത്തില്‍ വേരുകള്‍ പായിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെങ്കിലും ദേശീയ മതേതരകക്ഷികളുമായി സഖ്യമുണ്ടാക്കാനും ദേശീയതലത്തില്‍ തന്നെ മുസ്‌ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും സംരക്ഷണ നടപടികള്‍ കൈക്കൊള്ളാനും പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. 1985 ല്‍ പ്രസിദ്ധമായ ഷാബാനു കേസില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉളവായ ശരീഅത്ത് നിയമപ്രതിസന്ധിയില്‍ മതാവകാശ സംരക്ഷണം മുന്‍നിര്‍ത്തി കേന്ദ്ര ഗവര്‍മെന്റിനെക്കൊണ്ട് നിയമനിര്‍മ്മാണം നടത്തിക്കാനും 1986 ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണ നിയമം നടപ്പിലാക്കിക്കാനും സാധിച്ചു. പാര്‍ലമെന്റ് അംഗവും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജി.എം. ബനാത്ത്‌വാല പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചായിരുന്നു ഈ നിയമം. നിയമനിര്‍മ്മാണ സഭകളില്‍ മുസ്‌ലിംലീഗിന്റെ ആധുനിക കാലഘട്ടത്തിലെ അതിപ്രധാനമായ ഒരു നേട്ടമായി ഈ നിയമം വിലയിരുത്തപ്പെടുന്നു.
രാജ്യത്തെ മുസ്‌ലിംകള്‍ ഇപ്പോള്‍ ആശങ്കയോടെ നോക്കിക്കാണുന്ന ഏക സിവില്‍ കോഡ,് ഗോവധ നിരോധനം, മുത്തലാഖ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ ഒരു രാഷ്ട്രീയ പ്രതിരോധ ശബ്ദം മുസ്‌ലിം ലീഗിന്റേതല്ലാതെ മറ്റൊന്നും ഇല്ല. മുസ്‌ലിം താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരുപാട് മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ ഉണ്ടായെങ്കിലും അവയില്‍ പലതും പേരില്‍പോലും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. നിലവിലുള്ളവയാകട്ടെ ന്യൂനപക്ഷ മതേതര വോട്ടുകള്‍ ശിഥിലമാക്കാനും അതുവഴി ബി.ജെ.പിക്ക് ഗുണം ലഭിക്കാനുമാണ് സഹായകമായിട്ടുള്ളത്. 2017 ലെ യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്‍പതോളം ന്യൂനപക്ഷ നിര്‍ണായക നിയോജക മണ്ഡലങ്ങളില്‍ ബി.ജെ.പി. ഇത്തരത്തില്‍ വിജയിച്ചു കയറിയിട്ടുണ്ട്. അവ ഏകീകരിക്കപ്പെട്ട നിലയില്‍ മറ്റ് മതേതര വോട്ടുകള്‍ക്കൊപ്പം കോണ്‍ഗ്രസ്സിനോ സമാജ്‌വാദി പാര്‍ട്ടികള്‍ക്കൊ ലഭിച്ചിരുന്നുവെങ്കില്‍ യു.പിയില്‍ ബി.ജെ.പി. അധികാരത്തില്‍ വരില്ലായിരുന്നു. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഈ ദുര്‍ഗതിയുണ്ടായി. കേന്ദ്രത്തോടൊപ്പം ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് അധികാരം ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ തീര്‍ച്ചയായും അവര്‍ ഭരണഘടനയില്‍ ഭേദഗതികള്‍ കൊണ്ടുവരികയും ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുകയും ചെയ്യും. മതേതര ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നിയുള്ള ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണം ദേശീയ തലത്തില്‍ തന്നെ പരിപുഷ്ടിപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്ക് ഇതെല്ലാം വിരല്‍ ചൂണ്ടുന്നു. അത്തരം ഒരു ഏകീകൃത ന്യൂനപക്ഷ രാഷ്ട്രീയ പിന്‍ബലത്തില്‍ മാത്രമെ ഇന്നത്തെ ഇന്ത്യയില്‍ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും മതേതര ശക്തികള്‍ക്ക് അസ്തിത്വം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരം ഒരു ഏകീകരണത്തിന് മൂന്‍കൈയെടുക്കാന്‍ മതേതരവിശ്വാസികള്‍ ഉറ്റുനോക്കുന്നത് മുസ്‌ലിം ലീഗിനെയാണ്.

chandrika: