X

ജനാധിപത്യ ഇന്ത്യയുടെ ഉരുക്കു പട്ടേലര്‍

നജീബ് കാന്തപുരം

ഉദ്വേഗം നിറഞ്ഞ ഒരു ക്രിക്കറ്റ് മാച്ചിന്റെ അവസാനത്തെ ഓവറിലെ പിരിമുറുക്കമായിരുന്നു ചൊവ്വാഴ്ച രാത്രി രാഷ്ട്രീയ ബോധമുള്ള ഓരോ ഇന്ത്യക്കാരന്റേയും മനസില്‍. മാറിയും മറിഞ്ഞും വന്ന സൂചനകള്‍ക്കൊടുവില്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ പാതിരാത്രിയും കടന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉരകല്ലായി മാറിയ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയം പ്രഖ്യാപിച്ചുകൊണ്ട് അഹമ്മദ് പട്ടേല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. ‘സത്യമേവ ജയതേ’ കൂരിരുട്ടിനിടയിലും സത്യത്തിന്റെ പ്രകാശനാളം അണയാതെയിരിക്കുന്നുവെന്ന വലിയ പ്രത്യാശയാണ് അഹമ്മദ് പട്ടേലിന്റെ വിജയം. സ്വാഭാവികമായും വീറും വാശിയുമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാ അംഗത്വത്തിനുവേണ്ടി ഇത്തവണ അതിസമര്‍ത്ഥമായ ചുവടുവെപ്പുകളാണ് നടത്തിയത്. പഴുതുകളടച്ച ആക്രമണത്തിലൂടെ അഹമ്മദ് പട്ടേല്‍ വിജയമുറപ്പിച്ചപ്പോള്‍ മലര്‍ന്നടിച്ചുവീണത്, ഒരാള്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന അഹങ്കാരത്തിന്റെ ആള്‍രൂപമായ അമിത്ഷയാണ്.

നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും തട്ടകമായ ഗുജറാത്തില്‍ മണിപവറും മസില്‍ പവറും ഒന്നിച്ചുചേരുന്ന ഗര്‍വില്‍ എല്ലാം വിലക്കെടുക്കാവുന്ന സൗകര്യങ്ങളുടെ ഉത്തുംഗതയില്‍, സകല ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിയ കുതിരക്കച്ചവടത്തിന്റെ കൊമ്പൊടിച്ചാണ് അഹമ്മദ് പട്ടേല്‍ ജനാധിപത്യ ഇന്ത്യയുടെ ഉരുക്കു പട്ടേലരായി തിരിച്ചുവന്നിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മോദിസത്തിന്റെ ജൈത്രയാത്രക്ക്, പിറന്നമണ്ണില്‍ തന്നെ ലഭിച്ച ഈ ചുവപ്പ് കാര്‍ഡ്, വരും ദിവസങ്ങളില്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനുള്ള വലിയ ഇന്ധനമാകുമെന്നുറപ്പാണ്.

ഗുജറാത്തില്‍ നിന്ന് പട്ടേലിനെ തടയുക എന്നത് അമിത്ഷാക്കും ബി.ജെ.പിക്കും സുപ്രധാനമായ ഒരു ലക്ഷ്യമായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷകരെല്ലാം ഈ ചടുലമായ നാടകത്തെ വിവക്ഷിച്ചതും. ഗുജറാത്തില്‍ തങ്ങളുദ്ദേശിച്ചതിനപ്പുറം ഒരു ഈച്ചയും പറക്കില്ലെന്നതു തന്നെയായിരുന്നു അമിത്ഷായുടെ അവകാശവാദം. അതിന്റെ മുനയൊടിക്കാതെ ഒരു ചുവടും മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസിനും കഴിയുമായിരുന്നില്ല. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ അതിസമര്‍ത്ഥമായ നാടകങ്ങളാണ് അരങ്ങേറിയത്. നാടകാന്തം അടിയറവ് പറയേണ്ടിവന്ന അമിത് ഷാ, വരാനിരിക്കുന്ന കൊടുങ്കാറ്റുകളെ ഭയക്കുന്നുമുണ്ട്.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി വിരുദ്ധ മുന്നണി ദുര്‍ബലമാകുന്നുവെന്ന ആശങ്കകള്‍ കനക്കുന്നതിനിടയിലാണ് അശനിപാതം പോലെ ബീഹാറില്‍ വന്‍ കുതിരക്കച്ചവടം നടന്നത്. ഒന്നിച്ചുനിന്ന് വര്‍ഗീയതയെ തുരത്തിയതിന്റെ നല്ല പാഠമായി മാറിയ ബീഹാര്‍, നിതീഷ് കുമാറിന്റെ കുതികാല്‍ വെട്ടോടെ അസ്തമിച്ചപ്പോള്‍ മതേതര ശക്തിയുടെ തിരിച്ചുവരവിനുള്ള പ്രത്യാശകളെയാണ് തല്ലിക്കെടുത്തിയത്. ആ നിരാശകള്‍ക്കിടയിലാണ് ഗുജറാത്തില്‍ നിന്ന് തന്നെ വിജയത്തിന്റെ ഇരട്ടി മധുരം ലഭിച്ചിരിക്കുന്നത്.

ബി.ജെ.പി കേവലം തീവ്ര വര്‍ഗീയത മാത്രമല്ല, ഒരു രാഷ്ട്രീയ ഗുണ്ടായിസം കൂടിയാണെന്ന ബോധ്യം ആര്‍ക്കാണില്ലാത്തത്? അധികാരത്തിനും തെരഞ്ഞെടുപ്പ് ജയത്തിനും ഏത് വൃത്തികെട്ട അടവുകളും പയറ്റാന്‍ യാതൊരു മടിയുമില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. രാഷ്ട്രീയത്തിലെ എല്ലാ നന്മകളെയും അവര്‍ തല്ലിക്കെടുത്തുകയാണ്. രാഹുല്‍ ഗാന്ധിയെ ശാരീരികമായി ആക്രമിക്കുന്നിടത്തോളം പകയുടെ രാഷ്ട്രീയം വളര്‍ന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഗുജറാത്തില്‍ കഴിഞ്ഞാഴ്ച അരങ്ങേറിയത്. എതിരാളികളെ കായികമായി നേരിടുകയും അവസാനിപ്പിച്ചുകളയുകയും ചെയ്യുന്ന ഫാഷിസ്റ്റ് രീതി തുടരുമ്പോള്‍ ജനാധിപത്യം കൊണ്ട് മറുപടി പറയാന്‍ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.
ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ഇപ്പോഴും നാട്ടില്‍ സംഭവിക്കുന്നതൊന്നും അറിയുന്നില്ലെന്നതാണ് യഥാര്‍ത്ഥ ദുഃഖം. കോടിക്കണക്കിന് ദരിദ്രനാരായണന്മാര്‍ക്ക് അന്നന്നത്തെ ജീവിതത്തിലപ്പുറത്തുള്ള ഒരു രാഷ്ട്രീയ സങ്കല്‍പ്പവുമില്ല. അവര്‍ ആട്ടിത്തെളിച്ചുനടക്കുന്ന കാലികളുടെ വിവേകത്തിനപ്പുറത്തുള്ള ഒരു വിവേകവും സ്വന്തമായില്ല. അതുകൊണ്ട് തന്നെ ഗ്രാമ മുഖ്യരായ ഇടയന്മാരുടെ നിലപാടുകള്‍ക്കനുസരിച്ച് ഇവര്‍ പോളിങ് ബൂത്തുകളിലേക്കും തെളിക്കപ്പെടുകയാണ്. സ്വന്തം നിലപാട് നിശ്ചയിക്കാന്‍പോലും കഴിയാതെ ഈ പാവങ്ങളുടെ മനസ്സിലാണ് ബി.ജെ.പി അതിസമര്‍ത്ഥമായി പകയുടെ വിത്തു പാകുന്നത്.

വികസിത രാഷ്ട്രമെന്ന ഉദാത്തമായ സ്വപ്‌നമുള്ള ഒരു ഭരണാധികാരിക്കും സ്വന്തം നാട്ടില്‍ വെറിയുടെ വിത്ത് മുളപ്പിക്കാനാവില്ല. വെറുപ്പും പകയും പൂത്തുലഞ്ഞാല്‍ കത്തിയമരുക സ്വന്തം നാടാണെന്ന് ആര്‍ക്കാണ് തിരിച്ചറിയാനാവാത്തത്? അപ്പോള്‍ ഒരു ക്ഷേമ രാഷ്ട്രം എന്ന വിദൂരസ്വപ്‌നം പോലും ബി.ജെ.പിക്കില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. സ്വന്തം നാട് കത്തിച്ചാമ്പലാക്കുന്ന കാട്ടുതീ ഊതിപ്പടര്‍ത്തുന്ന ഒരു സംഘം, രാജ്യാധികാരം കയ്യാളുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. പരിചിത പ്രജ്ഞരായ നേതൃത്വം മതേതര ചേരിക്കുണ്ടായിട്ടും ഇത്തരമൊരു രാജ്യതാല്‍പര്യത്തിനു വേണ്ടി ഒന്നിച്ചിരിക്കാനാവുന്നില്ലെന്നതാണ് മറ്റൊരു ദുഃഖം.

മതേതര ചേരിയുടെ ഏകീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഇനിയും കരുത്തുപകരേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. രാജ്യത്തെ സമഗ്രമായി ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. എന്നാല്‍ ഒറ്റക്കുനിന്ന് ഇത് വിജയിപ്പിക്കാനുള്ള ആരോഗ്യം ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നത് തിരിച്ചറിയണം. രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന നേതാക്കളെ ഒന്നിച്ചിരുത്തി മതേതര ബദല്‍ എന്ന ആശയത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ജോലിയാണ് ഇപ്പോള്‍ നടക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവനവന്റെ ബോഡിസം അവസാനിപ്പിച്ച് മതേതര ഏകീകരണം എന്ന വിശാല താല്‍പര്യത്തിലേക്ക് ഉയരണം. ഇന്ത്യയിലെ ബഹുഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും യഥാര്‍ത്ഥ മതേതര സങ്കല്‍പ്പത്തിന്റെ ആശയം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. കോര്‍പറേറ്റ് വിപണികള്‍ റീട്ടെയിലര്‍മാരെ വിഴുങ്ങുംപോലെ ഓരോ സംസ്ഥാനത്തും പ്രാദേശിക പാര്‍ട്ടികളെ ബി.ജെ.പി വിഴുങ്ങുമെന്ന ബോധ്യവും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ കപ്പല്‍ മുങ്ങും മുമ്പ് ഓട്ടയടക്കാന്‍ ആരും കൂട്ടാക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇടതുപക്ഷമുള്‍പ്പെടെ ഇക്കാര്യത്തില്‍ ബുദ്ധിശൂന്യമായ നിലപാടാണ് കൈക്കൊള്ളുന്നത്. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സ്വന്തം നേതാവ് സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്കയക്കാന്‍ കൂട്ടാക്കാത്ത സി.പി.എം നടപടി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ലോക്‌സഭയില്‍ വ്യക്തമായ മേല്‍ക്കൈ ഉള്ള ബി.ജെ.പി ഇപ്പോഴും ഭയക്കുന്നത് രാജ്യസഭയെയാണ്. അത്തരത്തിലുള്ള ഒരു രാജ്യസഭയില്‍ മതേതര രാഷ്ട്രീയത്തിന്റെ ഈടുറ്റ ശബ്ദമാണ് സീതാറാം യെച്ചൂരിയെന്ന് രാഷ്ട്രീയ പക്ഷഭേദമില്ലാതെ ആര്‍ക്കും

മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും സി.പി.എമ്മിന് ഇത് തിരിച്ചറിയാനായില്ല. ഇന്ത്യയിലെ പല പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തും അപ്പോ കണ്ടവനെ അപ്പായെന്ന് വിളിക്കുന്ന രാഷ്ട്രീയ നേതാക്കളാണുള്ളത്. ഇവരെയെല്ലാം ഒരു കൊടിക്കൂറയിലേക്ക് കൊണ്ടുവരികയെന്നത് അത്യന്തം ശ്രമകരമായ ജോലിയാണ്. അത് സമര്‍ത്ഥമായി നിര്‍വഹിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം.

രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍ തന്ത്രജ്ഞരായ ആണ്‍കുട്ടികള്‍ അവസാനിച്ചിട്ടില്ലെന്ന ബോധ്യം കൂടി നമുക്ക് ലഭിക്കുന്നു. കയ്യറപ്പു തീര്‍ന്ന കളികളുടെ ഉസ്താദായ അമിത്ഷാക്ക് ഉറുക്കു കെട്ടാന്‍ പോലും വളര്‍ന്ന കേമന്മാര്‍ കോണ്‍ഗ്രസിനകത്തുണ്ടെന്നത് കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണ്. അവരെ കൂടുതല്‍ ശക്തമായി പ്രോത്സാഹിപ്പിക്കാനും രംഗത്ത് കൊണ്ടുവരാനും രാഹുല്‍ഗാന്ധിക്ക് കഴിയണം.
ഫാഷിസം മുടിയഴിച്ചാടുന്ന ഈ കറുത്ത കാലത്തും രാഷ്ട്രീയം കളിതമാശയായി കാണുന്ന ചില ഭിക്ഷാംദേഹികളുണ്ട്. അവരെ പടിക്കുപുറത്തു നിര്‍ത്താനുള്ള ആര്‍ജ്ജവമാണ് യഥാര്‍ത്ഥ മതേതര കക്ഷികള്‍ പ്രകടിപ്പിക്കേണ്ടത്. നരേന്ദ്രമോദിയും അമിത്ഷായും ഒരു കൂട്ടുകെട്ട് ഫോര്‍മുലയായി രാജ്യമാകെ സഞ്ചരിക്കുമ്പോള്‍ മതേതര പക്ഷത്തുള്ള നേതാക്കള്‍ രാഷ്ട്രീയത്തെ ജാഗ്രതാപൂര്‍വം കാണേണ്ടതുണ്ട്. അര്‍പ്പണ മനോഭാവവും കഠിനാധ്വാനവും ആത്മാര്‍ത്ഥതയും കൊണ്ട് മാത്രമേ സംഘി ഫാഷിസത്തിന്റെ തേരോട്ടത്തെ തളക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ഉഗ്രസ്‌ഫോടക ശേഷിയുള്ള ഒരു അപകടമാണെന്നും ഗൗരവത്തോടെ നമുക്ക് തിരിച്ചറിയാനാവണം. ജനാധിപത്യത്തിന്റെ ഓരോ മുക്കുമൂലയും ജാഗ്രതയോടെ സജ്ജീകരിച്ചാല്‍ മാത്രമേ ഈ പോരാട്ടം വിജയം കാണുകയുള്ളൂ. അത്തരത്തിലൊരു സംവിധാനത്തിലേക്ക് മതേതര ചേരി സഞ്ചരിക്കുമെന്ന പ്രത്യാശയാണ് യഥാര്‍ത്ഥത്തില്‍ അഹമ്മദ് പട്ടേലിന്റെ വിജയം ഉണര്‍ത്തുന്നത്. ഇനിയും വൈകിയിട്ടില്ലെന്നും അമാന്തിച്ചിരിക്കാതെ പോരാടാന്‍ തയ്യാറുണ്ടെങ്കില്‍ മാറ്റം സാധ്യമാണെന്നും ഈ വിജയം ഉറക്കെ പറയുന്നു. അതുകൊണ്ട് ഉറക്കച്ചടവ് വിട്ട് നാം സജ്ജരാവുക. രാജ്യവും വരും തലമുറയും അങ്ങനെയൊരു പോരാട്ടത്തെ കാത്തിരിക്കുകയാണ്. അതിന് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള യുവനേതൃത്വം കൂടുതല്‍ ഉജ്വലമായി മുന്നേറട്ടെ. അവര്‍ക്ക് പിറകില്‍ പ്രാര്‍ത്ഥനയോടെ ഒരു രാഷ്ട്രം അണിനിരക്കും.

1942 ആഗസ്റ്റ് 8ന് ബോംബെയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് മഹാത്മജി ബ്രിട്ടീഷുകാരോട് ക്വിറ്റ് ഇന്ത്യയെന്ന് കടുപ്പിച്ചു പറഞ്ഞത്. ചരിത്രത്തിന്റെ തനിയാവര്‍ത്തനം കണക്കെ, ഗാന്ധിജി പിറന്ന നാട്ടില്‍ നിന്ന് മറ്റൊരു ക്വിറ്റ് ഇന്ത്യ ദിനത്തില്‍ മതേതര വിശ്വാസികള്‍ ഒന്നടങ്കം സംഘികളോട് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ രാജ്യം വിട്ടുതരൂ. അഹമ്മദ് പട്ടേലിന്റെ വിജയം ആകസ്മികമല്ല. വരാനുള്ള ഒരു പോരാട്ടത്തിനുള്ള തീവ്രമായ ഇന്ധനമാണ്. ആ ഇന്ധനം രാജ്യസ്‌നേഹികളായ മതേതര വിശ്വാസികളെ മുന്നോട്ട് നയിക്കുക തന്നെ ചെയ്യും.

chandrika: