X

ആണവ നിര്‍വ്യാപനമല്ല നിരോധനമാണ് അനിവാര്യം

കെ. മൊയ്തീന്‍കോയ

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിലൂടെ അമേരിക്ക നടത്തിയ കൊടും ക്രൂരതക്ക് മാപ്പ് അര്‍ഹിക്കുന്നില്ല. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട മഹാദുരന്തത്തിന് 72 വര്‍ഷം പിന്നിടുമ്പോഴും ആണവായുധം നിരോധിക്കാന്‍ കഴിയാതെ ലോക സമൂഹം നിസ്സംഗരാണ്. ഏറ്റവും ഒടുവില്‍ ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിക്ക് മുന്നില്‍ ഉല്‍കണ്ഠാകുലരാണ് വന്‍ശക്തി രാഷ്ട്രങ്ങള്‍ പോലും. 1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും 9-ന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചപ്പോള്‍ വെന്തെരിഞ്ഞത് ലക്ഷങ്ങള്‍. തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടവരേക്കാള്‍ പതിന്മടങ്ങാണ് പിന്നീടുള്ള ദുരന്തം.
രണ്ടാം ലോക യുദ്ധത്തില്‍ എതിര്‍പക്ഷത്തുണ്ടായിരുന്ന നാസി ജര്‍മ്മനിക്കും ഇറ്റലിക്കും ജപ്പാനുമെതിരെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കാണിച്ച ക്രൂരതക്ക് ഇന്നും സമാനതകളില്ല. അമേരിക്കയും ബ്രിട്ടനുമാണ് ആണവായുധം ഉപയോഗിക്കാന്‍ തീരുമാനം എടുത്തതെങ്കിലും സഖ്യരാഷ്ട്രങ്ങള്‍ എന്ന നിലയില്‍ റഷ്യയും ഫ്രാന്‍സും ചൈനയും ഇതില്‍ പങ്കാളികളാണ്. 1945 ജൂലൈ 23ന് സോവിയറ്റ് റഷ്യയുടെ പ്രസിഡണ്ട് ജോസഫ് സ്റ്റാലിനും അമേരിക്കന്‍ പ്രസിഡണ്ട് ഹാരി ട്രൂമാനും കൂടിക്കാഴ്ച നടത്തിയാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. ഈ പാപത്തില്‍ കമ്മ്യൂണിസ്റ്റ് പങ്കാളിത്തം അനിഷേധ്യമാണ്. ലോക ചരിത്രത്തില്‍ ആദ്യത്തെ അണുബോംബ് വര്‍ഷം. ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയിലാണ് ആദ്യ ബോംബിട്ടത്. മൂന്ന് ദിവസം കഴിഞ്ഞ് നാഗസാക്കിയിലും.’ലിറ്റില്‍ ബോംബ്’ എന്ന് അറിയപ്പെട്ട ബോംബ് സൃഷ്ടിച്ച ഭീകരാവസ്ഥ മനസ്സിലാക്കിയ ശേഷം നാഗസാക്കിയിലും ബോംബ് വര്‍ഷിക്കാന്‍ തീരുമാനമെടുത്ത ട്രൂമാനെ പോലൊരു കൊടുംഭീകരന്‍ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. നാഗസാക്കിയിലെ ബോംബ് ‘ഫാറ്റ്മാന്‍’ എന്നാണ് അറിയപ്പെടുന്നത്. വന്‍ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാന്‍ 1945 ആഗസ്റ്റ് 15ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയതോടെ യുദ്ധത്തിനും വിരാമമായി.
ഹിരോഷിമ-നാഗസാക്കി ദുരന്തത്തെ അതിജീവിക്കാനുള്ള മുന്നേറ്റത്തിലാണെങ്കിലും ജപ്പാന്‍ വന്‍ ദുരന്തത്തില്‍ നിന്നും സമ്പൂര്‍ണമായും കരകയറിയിട്ടില്ല. 15,000ത്തോളം ആണവായുധങ്ങള്‍ ഏതാനും രാജ്യങ്ങളുടെ വശമുണ്ട്. ഇവയില്‍ മുന്നില്‍ അമേരിക്ക തന്നെ. ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ്, ഇസ്രാഈല്‍, ഇന്ത്യ, പാക്കിസ്താന്‍, ഉത്തരകൊറിയ എന്നിവയും ആണവശക്തികളായി അറിയപ്പെടുന്നു. ഇസ്രാഈലിന്റെ വശം നൂറിലേറെ ബോംബുകളുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ലോകരാഷ്ട്രീയത്തില്‍ എമ്പാടും മാറ്റം വന്നു. ഇത്രയും വലിയ ദുരന്തത്തിന് കാരണക്കാരായ അമേരിക്കയുമായി സൗഹൃദത്തിന് ജപ്പാന്‍ തയാറായത് വാണിജ്യ താല്‍പര്യം കൊണ്ടാണത്രെ. അമേരിക്കയോടൊപ്പം രണ്ടാം ലോക യുദ്ധത്തില്‍ സഖ്യകക്ഷിയായിരുന്ന സോവിയറ്റ് റഷ്യയും ചൈനയും മാറി സോഷ്യലിസ്റ്റ് ചേരിയായി. അടുത്തത് ശീതയുദ്ധത്തിന്റെ കാലഘട്ടമായിരുന്നു. സോവിയറ്റ് റഷ്യ ശിഥിലമാകുകയും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തതോടെ ലോക ക്രമത്തില്‍ ഒരിക്കല്‍കൂടി സമൂല മാറ്റം സംഭവിച്ചു. അതേസമയം, ആണവായുധ നിരായുധീകരണ കാര്യത്തില്‍ വലിയ മാറ്റം പ്രകടമായില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യയും പാക്കിസ്താനും ഇസ്രാഈലും ഒപ്പ്‌വെക്കാന്‍ തയാറായില്ല. നിര്‍വ്യാപനമല്ല, ആണവായുധങ്ങള്‍ ഒന്നടങ്കം നശിപ്പിക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് നമ്മുടെ രാജ്യം. അതില്‍ തെറ്റ് കാണാനാവില്ല. കൈവശമുള്ള ആണവായുധങ്ങള്‍ നശിപ്പിക്കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ തയാറായിട്ടില്ല. യു.എന്‍ രക്ഷാസമിതി മുമ്പാകെ ജപ്പാന്‍ അവതരിപ്പിച്ച പ്രമേയത്തിന് പിന്തുണ നല്‍കാനും അവരില്ല. അതേസമയം, ആണവായുധം ഇല്ലാത്ത രാഷ്ട്രങ്ങള്‍ ആണവ നിരോധന കരാറിനെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പുതുതായി ഏതെങ്കിലും രാഷ്ട്രം ആണവശേഷി കൈവരിക്കുന്നതിനെ ആണവ രാഷ്ട്രങ്ങള്‍ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്. ഇറാന്‍ ആണവശേഷി സമ്പാദിക്കുന്നതിന് എതിരെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും സംയുക്തമായി നടത്തിയ ശ്രമം ആറ് വര്‍ഷം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് വിജയത്തിലെത്തിയത്. സമ്പുഷ്ട യുറേനിയം നേടുന്നതില്‍ നിന്ന് ഇറാന്‍ പിറകോട്ട് പോകുകയും വന്‍ ശക്തികള്‍ അവരുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തതാണെങ്കിലും ബറാക് ഒബാമ ഭരണകൂടത്തിന്റെ നിലപാടില്‍ നിന്ന് അമേരിക്ക പിന്മാറുകയാണിപ്പോള്‍. ആണവ കരാറ് വഴി ഇറാന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാകാതെ പോകുന്നത് പ്രത്യാഘാതങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നതില്‍ സംശയമില്ല.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇറാന് എതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് നീങ്ങുന്നത്. റഷ്യ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ രാഷ്ട്രം ഇറാനാണ്. അതേസമയം, ആണവ-മിസൈല്‍ പരീക്ഷണം നിരന്തരമായി നടത്തുന്ന ഉത്തരകൊറിയയെ തടയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഭീഷണിയുടെയും മുന്നറിയിപ്പിന്റെയും സൗഹൃദത്തിന്റെയും സ്വരത്തില്‍ അമേരിക്ക ദിനംപ്രതി മാറി മാറി പ്രസ്താവനയിറക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയയെ മെരുക്കാനാവുന്നില്ല. ഉത്തരകൊറിയയുമായി അടുത്ത സൗഹൃദമുള്ള ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ യു.എന്‍ രക്ഷാസമിതി ഏകകണ്ഠമായി കൊറിയക്കെതിരെ പുതിയ ഉപരോധ പ്രമേയം അംഗീകരിച്ചിട്ടുണ്ടെങ്കിലും വിലപ്പോകാനിടയില്ല. ഉത്തരകൊറിയക്ക് 300 ഡോളര്‍ വരുമാനം ലഭിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കാനാണ് യു.എന്‍ ലക്ഷ്യമിടുന്നത്. അമേരിക്കയെ അക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയ കഴിഞ്ഞ മാസം പരീക്ഷിച്ചു. അമേരിക്കയെ ആശങ്കയിലാക്കി പരീക്ഷണത്തിന് ശേഷം ട്രംപ് ഭരണകൂടം നിലപാടില്‍ മയം വരുത്തിയിട്ടുണ്ട്. അക്രമിക്കാന്‍ ഉദ്ദേശമില്ലെന്നും ചര്‍ച്ചക്ക് തയാറാണെന്നും സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കുന്നു. ഉത്തര കൊറിയയെ ശത്രുവായി കാണുന്നില്ലെന്നും ടില്ലേഴ്‌സണിന്റെ പ്രസ്താവനയില്‍ നല്‍കുന്ന സൂചനയും നിലപാട് മാറ്റം തന്നെ. എന്നാല്‍ ഭരണകൂടം മാറുന്നതിനനുസരിച്ച് നിലപാടില്‍ മാറ്റം വരുത്തുന്ന അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ഉത്തരകൊറിയയുടെ പ്രതികരണം. ഇറാന്‍ ആണവ കരാറില്‍ നിന്നും കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുമുള്ള പിന്മാറ്റം കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹിരോഷിമയും നാഗസാക്കിയും പ്രതിവര്‍ഷം അനുസ്മരിക്കാനും ആചരിക്കാനും മാത്രമുള്ളതായിക്കൂട. ആണവ ദുരന്തത്തിന്റെ ഭയാനക സ്മരണ ഇനിയുമൊരു ദുരന്തത്തിലേക്ക് പോകാതിരിക്കാനാകണം. ആണവ നിര്‍വ്യാപനമല്ല, നിരോധനം തന്നെയാവണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്

chandrika: