X

അരുത് യുവര്‍ ഓര്‍ണര്‍

ഞങ്ങള്‍ രാജ്യത്തോടുള്ള കടമ നിര്‍വഹിക്കുക മാത്രമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താലേഖകരോട് പറയുന്നു. ജനാധിപത്യം അപകടത്തിലാണെന്ന് പലരായി വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പറയാന്‍ ധൈര്യം കാണിക്കുന്ന നാവുകള്‍ പയ്യെപയ്യെ നിശബ്ദമാവും. ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്ന സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണം ഏറ്റവും ഒടുവിലെ ന്യായാധിപ കലാപത്തിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നു. സുപ്രധാനമായ കേസുകള്‍ മുതിര്‍ന്ന ന്യായാധിപരുടെ ബെഞ്ചിന് വിടുന്ന കീഴ്‌വഴക്കം ലംഘിച്ച്, ഈ കേസിന്റെ ബെഞ്ച് നിശ്ചയിച്ചപ്പോഴാണ് ഇനി തുറന്നുപറയാതെ വയ്യെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വറും രഞ്ചന്‍ ഗൊഗോയിയും മദന്‍ ബി ലോക്കൂറും കുര്യന്‍ ജോസഫും തീരുമാനിച്ചത്. ഇവര്‍ ഇതേകുറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നേരത്തെ കത്തു മുഖേന ബോധ്യപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് മിശ്രയെ കണ്ട ശേഷമാണ് രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു വാര്‍ത്താസമ്മേളനം എഴുതിച്ചേര്‍ക്കുന്നത്.
ദീപക് മിശ്ര ഇനി തുടരുമോ? തുടര്‍ന്നാല്‍ ഈ ആരോപണങ്ങളുടെ നിഴല്‍ അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്യും. അതാകട്ടെ പരമോന്നത നീതിപീഠത്തിന്റെ പ്രതിഛായയെ ബാധിക്കും. ലക്‌നോ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മിശ്ര ആരോപണത്തിന് നടുവിലാണ്. അവിടെയും സീനിയോറിറ്റിയില്‍ തൊട്ടടുത്തുനില്‍ക്കുന്ന ജസ്റ്റിസ് ചെലമേശറിന്റെ വിമര്‍ശനമുണ്ട്. ലക്‌നോ മെഡിക്കല്‍ കോളജ് കേസ് റിട്ടയര്‍ ചെയ്ത് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് 25 ലക്ഷം പിഴയോടെയാണ് തള്ളിയത്. ജഡ്ജിമാരുടെ സമീപനത്തില്‍ പ്രതിഷേധിച്ച് വക്കീല്‍ പണി നിര്‍ത്തിപ്പോകുന്ന കാലമാണ്. ആ ബെഞ്ചില്‍ നിന്ന് നീതിയുണ്ടാവില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലം.
ഇവിടെയെല്ലാം മോദി ഭരണകൂടത്തിന് കാര്യമായ റോളുണ്ട്. ജസ്റ്റിസ് ലോയ മരിച്ച കേസില്‍ ആരോപണ വിധേയന്‍ ബി.ജെ.പി ദേശീയ പ്രസിഡന്റു തന്നെ. ഈ കേസ് സുപ്രീംകോടതിയിലെത്തിയാലും ജഡ്ജിമാര്‍ ഭയക്കുകയോ പ്രീണനത്തിന് വഴങ്ങുകയോ ചെയ്യുമെന്ന തോന്നല്‍ ജനങ്ങളിലുണ്ടാകാതിരിക്കില്ല.
ഒഡീഷയില്‍ നിന്ന് സുപ്രീംകോടതി മുഖ്യ ന്യായാധിപനാകുന്ന മൂന്നാമത്തെ ആളാണ് ദീപക് മിശ്ര. ജെ.എസ് ഖെഹാര്‍ വിരമിച്ച ഒഴിവില്‍ നാല്പത്തിയഞ്ചാം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി മിശ്ര ചുമതലയേല്‍ക്കുന്നത് 2017 ഓഗസ്റ്റ് 28ന്. 2018 ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാനമൊഴിയാനിരിക്കുന്ന ദീപക് മിശ്ര സുപ്രധാനമായ നിരവധി കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ട ബലാല്‍സംഗക്കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മിശ്ര ആ ക്രൂരകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മനസ്സിനെ വിധിയില്‍ തുറന്നുകാട്ടുന്നു. മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ നീട്ടിവെക്കണമെന്ന അപേക്ഷ തള്ളിയ മിശ്ര എത്രയും വേഗം അതു നടപ്പാക്കാനും മുന്‍കൈ എടുത്തു. ജസ്റ്റിസ് സി.എസ് കര്‍ണന് ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചതിലും ഇദ്ദേഹമുണ്ട്. ബാബരി മസ്ജിദ് കേസിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ നിയോഗിരതായവരില്‍ എസ്.എ നസീര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കൊപ്പം. തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന വിവാദ വിധി ദീപക് മിശ്രയുടേതായിരുന്നു; ഈ തീരുമാനം തല്‍ക്കാലം റദ്ദാക്കിയെങ്കിലും.
ഡല്‍ഹിയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ദീപക് മിശ്ര ഡല്‍ഹി ഹൈക്കോടതിയിലുണ്ടായിരുന്നു. എല്ലാം സ്തംഭിച്ചപ്പോഴും തന്റെ കോടതി നടപടികള്‍ അദ്ദേഹം മുടക്കിയില്ല. ഭീകരവാദികള്‍ക്ക് മുമ്പില്‍ തല കുമ്പിടാനാവില്ലെന്നായിരുന്നു ദീപക് മിശ്രയുടെ പ്രതികരണം. കേസുകള്‍ പഠിക്കുന്നതില്‍ മിടുക്കനായാണ് നിയമ വിദഗ്ധര്‍ അദ്ദേഹത്തെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് തന്ത്രങ്ങളുടെ കുരുക്കഴിക്കുന്നതില്‍.
അടിയന്തിരാവസ്ഥക്ക് തൊട്ടുപിന്നാലെ 1977ലാണ് ദീപക് മിശ്ര ഒഡിഷ ഹൈക്കോടതിയില്‍ അഭിഭാഷകനാകുന്നത്. അമ്മാവന്‍ ജഗന്നാഥ മിശ്ര ഇരുപത്തിയൊന്നാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജഗന്നാഥ മിശ്ര കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗവുമായി. ഒഡിഷ ഹൈക്കോടതിയില്‍ തന്നെ അഡീഷനല്‍ ജഡ്ജിയായി ന്യായാധിപ സ്ഥാനത്തേക്ക് വന്ന ദീപക് മധ്യപ്രദേശിലാണ് സ്ഥിര ജഡ്ജിയായത്. ഡല്‍ഹി ഹൈക്കോടതി വഴി സുപ്രീംകോടതിയിലെത്തി. എങ്ങനെ ജുഡീഷ്യറിയെ പൂര്‍ണമായി വരുതിയിലാക്കാം എന്ന് ആലോചിച്ച് ഫാഷിസ്റ്റ് ഭരണകൂടം തല പുണ്ണാക്കുമ്പോഴാണ് പാളയത്തിലെ അസ്വാരസ്യങ്ങള്‍ മറനീക്കി വരുന്നത്. ഈ വിവാദത്തിന് പിന്നിലും ഭരണകൂടം ഉണ്ടോ എന്ന് ഇനിയും വ്യക്തമാകാനിരിക്കുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്നതില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ കൊളീജിയത്തിനുള്ള അധികാരം കൈക്കലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ അവര്‍ക്ക് ഇടം നല്‍കുകയാണോ പുതിയ സംഭവവികാസങ്ങള്‍ എന്ന് ആശങ്കപ്പെടണം.

chandrika: