X

രാജി സന്നദ്ധതകള്‍ക്കൊണ്ട് എന്ത് കാര്യം

രണ്ടു രാജിസന്നദ്ധതകള്‍ക്ക് രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസം സാക്ഷിയാവുകയുണ്ടായി. മകന്‍ ബിനോയി കോടിയേരി ആരോപണ വിധേയനായ പീഡനക്കേസില്‍ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് ഒന്നാമത്തേത്. താന്‍ പണിത കെട്ടിടത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവിതം അവസാനിപ്പിച്ച വിഷയത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയാണ് രണ്ടാമത്തെയാള്‍. കോടിയേരി പാര്‍ട്ടി യോഗത്തിലാണ് സ്ഥാന ത്യാഗത്തെക്കുറിച്ച് സമ്മതമറിയിച്ചതെങ്കില്‍ ശ്യാമള രാജി സന്നദ്ധത അറിയിച്ച കാര്യം വെളിപ്പെടുത്തിയത് പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആന്തൂരില്‍ നടന്ന സി.പി.എമ്മിന്റെ വിശദീകരണ യോഗത്തില്‍ വെച്ചാണ്.

കോടിയേരിയുടെ രാജി സന്നദ്ധത തള്ളിയ അവയ്‌ലബിള്‍ പി.ബിയും സംസ്ഥാന സെക്രട്ടറിയേറ്റും മകനേയും മകന്റെ പ്രവര്‍ത്തനങ്ങളെയും തള്ളിപ്പറയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്യാമളയുടെ കാര്യത്തില്‍ നേതൃത്വം ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ജില്ലാ കമ്മറ്റി എടുക്കുന്ന അന്തിമ തീരുമാനവും നിലവിലെ സാഹചര്യത്തില്‍ ചെയര്‍ പേഴ്‌സണ് അനുകൂലമാകാന്‍ തന്നെയാണ് സാധ്യത. സംഭവത്തിന്റെ തുടക്കം തൊട്ടേ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും സമീപനം അക്കാര്യം പ്രകടമാക്കുന്നുണ്ട്.
മകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരി സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്താന്‍ പര്യാപ്തമായേക്കാമെങ്കിലും സാംസ്‌കാരിക കേരളത്തിന് അതുള്‍ക്കൊള്ളാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരിക്ക് മകനെ തള്ളിപ്പറയുകയും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നിഷേധിക്കാതിരിക്കുകയും ചെയ്യേണ്ടി വന്നത് ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ കഴമ്പുണ്ട് എന്ന ബോധ്യമുള്ളത് കൊണ്ടാണ്.
കുടുംബാംഗം തെറ്റ് ചെയ്തു എന്നത് പാര്‍ട്ടി അംഗത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നില്ലെന്നും പാര്‍ട്ടി അനുശാസിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചാല്‍ മാത്രമേ അയാള്‍ കുറ്റക്കാരനായി മാറുന്നുള്ളൂ എന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ ന്യായം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്ന ലേബലിലാണ് ബിനോയ് കോടിയേരി അറിയപ്പെടുന്നത്.

ആ സൗകര്യം അദ്ദേഹം പലപ്പോഴും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ല. കേസന്വേഷണത്തില്‍ ഒരു തരത്തിലും താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് തറപ്പിച്ച് പറയുന്ന അദ്ദേഹത്തിന് മകനെ അന്വേഷണ സംഘത്തിന് മുന്നിലെത്തിക്കുക എന്ന പ്രാഥമിക സൗകര്യമെങ്കിലും ചെയ്തു കൊടുക്കാനുള്ള ബാധ്യതയുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരിയുടെ കുടുംബം ഇടപെട്ടു എന്ന പരാതിക്കാരിയുടെ പരാമര്‍ശവും പരോക്ഷമായി അദ്ദേഹത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

മറ്റേതെങ്കിലും പാര്‍ട്ടി നേതാവിന്റെ മകനു നേരെയായിരുന്നു ഇത്തരമൊരു ആരോപണമുയര്‍ന്നതെങ്കില്‍ കേരളത്തില്‍ എന്തായിരുന്നു ഇപ്പോള്‍ സംഭവിച്ചിട്ടുണ്ടാവുക എന്നത് സ്വയം ബുദ്ധി മറ്റാരുടെയെങ്കിലും അരമനയില്‍ പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. തെരുവ് വിചാരണയും ജനജീവിതം സ്തംഭിപ്പിക്കലും പൊതുമുതല്‍ നശിപ്പിക്കലുമെല്ലാമായി ഈ നാട് കുട്ടിച്ചോറാകുമായിരുന്നു. എന്നാല്‍ സ്വന്തം നേതാവിന്റെ കാര്യത്തില്‍ നാണിപ്പിക്കുന്ന മൗനവും മുടന്തന്‍ ന്യായങ്ങളുമായി അവര്‍ കടിച്ചു തൂങ്ങുകയാണ്.

ആന്തൂര്‍ വിഷയത്തിലും സി.പി.എം നടത്തുന്ന ന്യായീകരണങ്ങള്‍ ജനാധിപത്യ കേരളത്തെ വെല്ലുവിളിക്കുന്നതാണ്. ജീവിതത്തിന്റെ വസന്തമായ യൗവന കാലഘട്ടത്തിന്റെ ഏറിയ പങ്കും വിദേശത്ത് ചെലവഴിച്ച് താന്‍ സമ്പാദിച്ചതു മുഴുവന്‍ സൊരുക്കൂട്ടി ഒരു സംരംഭത്തിന് തുടക്കമിട്ട് ശിഷ്ടകാലം പിറന്നു വീണ മണ്ണില്‍ ചെലവഴിക്കാന്‍ ആഗ്രഹിച്ച ഒരു യുവാവിന് ആ ആഗ്രഹത്തിന് പകരമായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. അതിനു വഴിവെച്ചതാകട്ടെ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഈഗോ ഒന്നു മാത്രമാണ്. പത്തുകോടിയില്‍ തീര്‍ക്കാമെന്ന് കരുതി തുടങ്ങിയ പ്രൊജക്ട് നഗരസഭയുടെ ദുര്‍വാശി ഒന്നുകൊണ്ട് മാത്രം അവസാനിച്ചത് പതിനെട്ട് കോടിയിലാണ്. അപ്പോഴേക്കും സാമ്പത്തികമായും മാനസികമായും ആ യുവാവ് തകര്‍ന്ന് തരിപ്പണമായിരുന്നു.

നഗരസഭ നിഷേധിച്ച അനുമതി നേടിയെടുക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സമീപിച്ചു എന്ന ഒറ്റക്കാര്യമാണ് സി.പി.എം അനുഭാവിയായ ആ യുവാവിനോട് ചെയര്‍പേഴ്‌സണും നഗരസഭക്കും കുടിപ്പക രൂപപ്പെടാന്‍ കാരണം. സ്വാധീനം ഉപയോഗിച്ച് അനുമതി നേടിയെടുക്കാനാണ് ശ്രമമെങ്കില്‍ താന്‍ ഈ കസേരയില്‍ ഉള്ളിടത്തോളം കാലം അതു നടക്കില്ല എന്നാണ് ജില്ലാ സെക്രട്ടറിയെ സമീപിച്ച കാര്യം അറിഞ്ഞപ്പോള്‍ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്. അനുമതി നിഷേധിക്കപ്പെട്ടപ്പോര്‍ തന്നെ പിന്നീട് എന്ത് കൊണ്ട് സമീപിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ അറിഞ്ഞാല്‍ ജീവിക്കാന്‍ കഴിയില്ല എന്ന് ഭയപ്പെട്ടിട്ടാണെന്നാണ് സാജന്റെ ഭാര്യ തന്നെ സന്ദര്‍ശിച്ച ജയരാജനോട് പറഞ്ഞത്.

സി.പി.എം കൗണ്‍സിലര്‍മാര്‍ മാത്രമുള്ള, പകുതിയിലധികം സീറ്റുകളിലും പാര്‍ട്ടിക്കാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരു നഗരസഭയില്‍ ഇത്തരമൊരു ദാരുണ സംഭവമുണ്ടായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഉദേ്യാഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് പാര്‍ട്ടി നേതൃത്വത്തെ രക്ഷിച്ചെടുക്കാന്‍ സി.പി.എം നേതൃത്വം നടത്തിയ ശ്രമത്തെ ലജ്ജാകര മെന്നേ വിശേഷിപ്പിക്കാനാകൂ. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ചെയര്‍പേഴ്‌സണ്‍ രാജി സന്നദ്ധത അറിയിച്ചു എന്നത് ആനക്കാര്യമായി പ്രചരിപ്പിക്കുകയാണ് നേതൃത്വം. ഉേദ്യാഗസ്ഥന്‍മാരെ നാലു ചീത്ത വിളിച്ച് പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രമമാണ് ഏറെ ദയനീയം.

ജിവിതം അവസാനിപ്പിക്കാനുള്ള സാജന്റെ തീരു ഒരു സുപ്രഭാതം കൊണ്ടുണ്ടായതല്ല എന്ന് കുടുംബം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി തുടങ്ങിയ സംരംഭത്തില്‍ നിന്ന് ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്ന ഉറപ്പില്‍ നിന്നാണ് ആ ആത്മഹത്യ രൂപപ്പെടുന്നത്. സാജന്റെ മരണത്തോടെ പാര്‍ട്ടി ഗ്രാമമായിരുന്ന കീഴാറ്റൂരിന്റെ അതേ ഗതിയിലേക്കാണ് ആന്തൂരും നീങ്ങാന്‍ പോകുന്നത്.

പാര്‍ട്ടിയിലും ഭരണത്തിലും കനത്ത പ്രതിസന്ധികള്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഇരുട്ട് ഓട്ടയടക്കാനാണ് സി.പി.എം ശ്രമം. പ്രശ്‌നങ്ങളെ അതിന്റെ ഗൗരവത്തില്‍ കാണാനോ തെറ്റുകള്‍ തിരുത്താനോ തങ്ങള്‍ സന്നദ്ധരല്ലെന്നാണ് ഈ രണ്ടു രാജി പ്രഖ്യാപനങ്ങളും തെളിയിക്കുന്നത്. ലോക സഭാ തെരഞ്ഞെടുപ്പ് നല്‍കിയ കനത്ത മുന്നറിയിപ്പ് പോലും പാഠമാകുന്നില്ലെങ്കില്‍ ആ പാര്‍ട്ടിയെ കുറിച്ച് സഹതപിക്കാനേ നിര്‍വാഹമുള്ളൂ.

web desk 3: