X

ഞാനൊന്നു നോക്കീ, അവനൊന്നു നോക്കീ

പൂഞ്ഞാര്‍ സിങ്കം പി.സി ജോര്‍ജ് മാധ്യമങ്ങളോട് ചോദിക്കുന്നു, ഞാന്‍ ഇതു പോലെ വൃത്തികെട്ട ഒരുത്തനെ തല്ലിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്ന്. കെ.ആര്‍ ഗൗരിയമ്മ തന്തയില്ലായ്മ പറയുന്നുവെന്ന് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോഴും ഞാനങ്ങനെ പറയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന മറു ചോദ്യമായിരുന്നു പി.സിയുടെ ആവനാഴിയില്‍. സ്വന്തമായി ഒരു കേരള ജനപക്ഷം രൂപവത്കരിച്ച് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് വനിതാ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചുവെന്ന പരാതി ഈ ജനനേതാവിനെതിരെ ഉണ്ടായിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈരാറ്റുപേട്ട അരുവിത്തറയില്‍ ചാക്കോച്ചന്‍ – മറിയാമ്മ ദമ്പതികളുടെ മകന്‍ പി.സി കേരള രാഷ്ട്രീയത്തിലെ അപൂര്‍വ ബഹുമതികളുടെ ഉടമയാണ്. 1980 മുതല്‍ ഇരുമുന്നണികളുടെ ഭാഗമായി കോട്ടയം പൂഞ്ഞാറില്‍ നിന്ന് ഏഴു തവണ നിയമ സഭയിലെത്തിയ ജോര്‍ജ് ഇക്കുറി ജയിച്ചത് ഇരു മുന്നണി സ്ഥാനാര്‍ഥികളെയും തോല്‍പിച്ചാണ്. 2011ല്‍ 59809 വോട്ടാണ് യു.ഡി.എഫിന്റെ ഭാഗമായിരുന്ന പി.സിക്ക് ലഭിച്ചതെങ്കില്‍ 2016ല്‍ രണ്ടു മുന്നണികളെയും ഒന്നിച്ച് നേരിട്ടപ്പോള്‍ വോട്ട് 63621 ആയി വര്‍ധിച്ചത് ശ്രദ്ധേയമാണ്. മണ്ഡലത്തിലെ ഇടതുവോട്ടിലാണ് വലിയ ചോര്‍ച്ചയുണ്ടായത്. ഇടതു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വിവാദങ്ങള്‍ ജോര്‍ജിന്റെ കൂടെപ്പിറപ്പെന്ന പോലെയാണ്. യൂട്യൂബില്‍ കയറി രാഷ്ട്രീയക്കാരുടെ തെറിയെന്ന് കൊടുത്തു തെരഞ്ഞാല്‍ കയറി വരുന്നതിലേറെയും ജോര്‍ജിന്റെ സാംസ്‌കാരിക ഭാഷണങ്ങളാണ്. ‘തന്ത’യാണ് പ്രധാന ദൗര്‍ബല്യം. നവതി പിന്നിട്ട പരിണതപ്രജ്ഞയായ കെ.ആര്‍ ഗൗരിയമ്മയെ തന്തയില്ലായ്മക്ക് ശിക്ഷിച്ച ജോര്‍ജ് ഗണേഷനെയും പിള്ളയെയും ഒന്നിച്ചാണ് വിളിച്ചത്. ബാര്‍ കോഴക്കേസ് ചര്‍ച്ചക്കിടയില്‍ ബിജു രമേശിന്റെ തന്തക്ക് വിളിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവാണ്. എന്നിട്ട് കൂളായി ചോദിക്കും. ഞാനങ്ങനെ വിളിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന്. കാന്റീനിലെ ജീവനക്കാരന്‍ ഊണ് വൈകിച്ചതിന് ശകാരിച്ചെന്നേയുള്ളൂവെന്നാണ് ജോര്‍ജിന്റെ വിശദീകരണം. കാന്റീനിലെ പയ്യനെ വൃത്തി കെട്ടവന്‍ എന്നും എടാ എന്നും വിളിച്ചെന്ന് ജോര്‍ജ് തന്നെ സമ്മതിക്കുന്നു.
കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.സിയിലൂടെയാണ് ജോര്‍ജും രാഷ്ട്രീയത്തിലേക്ക് വന്നത്. 1971-76 കാലത്ത് കെ.എസ്.സി എറണാകുളം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹിയായി. 1980ല്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം കിട്ടി. ജയിക്കുകയും ചെയ്തു. 1987ല്‍ തോല്‍ക്കുകയും 1991ല്‍ മത്സരത്തില്‍നിന്ന് മാറി നില്‍ക്കുകയും ചെയ്തതൊഴിച്ചാല്‍ പൂഞ്ഞാറില്‍ ജോര്‍ജുണ്ടായിരുന്നു. ഇടതുമുന്നണിയുടെ ഭാഗമായ പി.ജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിന്റെ നേതാവും നിയമസഭാംഗവുമായിരിക്കെ സി.പി.എമ്മിലെ വി.എസ്- പിണറായി പോരില്‍ പക്ഷം പിടിച്ച ജോര്‍ജിന് മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടിവന്നു. ഇനി പുറത്തുപോകാന്‍ വേണ്ടിയാണോ പക്ഷം പിടിച്ചതെന്ന് തീര്‍ത്തു പറയാന്‍ വയ്യ. ജോസഫില്‍ നിന്ന് പുറത്തുവന്ന് സ്വന്തമായി കേരള കോണ്‍ഗ്രസ് (സെക്കുലര്‍ ) രൂപവത്കരിച്ച ജോര്‍ജ് അധികം വൈകാതെ മാണി വിഭാഗത്തില്‍ ലയിക്കുകയും അവിടെ വൈസ് ചെയര്‍മാനാകുകയും ചെയ്തു. കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചുകൊണ്ട് പി.സി നടത്തിയ പ്രസംഗവും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തത്തെ അദ്ദേഹം പുകഴ്ത്തി. മാണി പുത്രന്‍ ജോസ് കെ മാണിയെയും പുകഴ്ത്താന്‍ പി.സി മറന്നില്ല. മീനച്ചിലാറില്‍ പിന്നെയും കുറെ വെള്ളം ഒഴുകിയ ശേഷമാണ് വെളിപാടിന് ശേഷമെന്ന വണ്ണം ജോസഫ് തന്നെയും ഇടതു മുന്നണി വിടുകയും മാണി വിഭാഗത്തില്‍ ലയിക്കുകയും ചെയ്തത്. പക്ഷെ ജോര്‍ജിന്റെ വൈസ് ചെയര്‍മാന്‍ കസേരക്ക് ഇളക്കമുണ്ടായില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് എം.എല്‍.എമാരിലേക്ക് ചുരുങ്ങിയ കേരള കോണ്‍ഗ്രസ് (എം.) രണ്ടു മന്ത്രി സ്ഥാനമാണ് ആവശ്യപ്പെട്ടത്. മാണിയും പി.ജെ ജോസഫും അവ പങ്കിട്ടു. മൂന്നു ചോദിക്കണമന്നും താങ്കള്‍ മന്ത്രിയാവണമെന്നും മാണി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞെങ്കിലും രഹസ്യമായി താന്‍ മന്ത്രിയാവുന്നതിനെതിരെ കരുക്കള്‍ നീക്കിയത് മാണിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഔദ്യോഗികമായി ചോദിച്ചെങ്കിലും അവസാനം ഗവ. ചീഫ് വിപ്പ് പദവി ലഭിച്ചു. കാറും സൗകര്യങ്ങളുമുള്ള ഈ പദവി വഹിച്ചുകൊണ്ടിരിക്കെയാണ് മുന്നണിയുടെ കടയ്ക്കല്‍ വാളു വെച്ചു തുടങ്ങുന്നത്. പാലക്കാട്ടെ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിഗണേഷിനോട് ഏറ്റുമുട്ടിയാണ് തുടങ്ങിയത്. അത് ഗണേഷിന്റെ രാജിയിലാണ് കലാശിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തുടക്കത്തില്‍ മുന്നണിയുടെ നിയമസഭയിലെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ഉതകും വിധത്തില്‍ സി.പി.എം അംഗം സെല്‍വരാജിനെ രാജി വെപ്പിച്ചത് പി.സിയാണെന്ന് വാര്‍ത്തിയുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ വിധി നല്‍കിയ വിജിലന്‍സ് ജഡ്ജിയെ അധിക്ഷേപിച്ചതും തലവേദനയായി. ഇതിനിടയില്‍ തക്കം കിട്ടുമ്പോഴെല്ലാം ഇനി കെ.എം മാണി മുഖ്യമന്ത്രിയാവട്ടെ എന്ന പ്രചരണവും നടത്തി ഉമ്മന്‍ചാണ്ടിക്കും മറ്റും അലോസരമുണ്ടാക്കി. പെട്ടെന്നാണ് ഇടിത്തീയെന്ന പോലെ ബാര്‍ കോഴക്കേസ് ഉയര്‍ന്നുവന്നത്. ആദ്യം മാണിയെ പിന്തുണച്ച ജോര്‍ജ് പിന്നീട് പരസ്യമായി മാണിയെയും പുത്രനെയും വെല്ലുവിളിച്ചു. 2016ല്‍ ഇടതുപക്ഷത്തു നില്‍ക്കാന്‍ ജോര്‍ജ് തയ്യാറായിരുന്നെങ്കിലും പിണറായി അടുപ്പിച്ചില്ലെന്ന് മാത്രമല്ല, ജോര്‍ജ് നിയമസഭ കാണാതിരിക്കാന്‍ പൂഞ്ഞാറില്‍ രണ്ടുതവണ പ്രചാരണത്തിനെത്തുകയും ചെയ്തു പിണറായി. ജോര്‍ജിന് അതു തണലായെന്ന് വേണം കരുതാന്‍.

chandrika: