X

പ്രിയങ്കരം


ജനിച്ചത് വെള്ളിക്കരണ്ടി കൊണ്ടാണെങ്കിലും വളര്‍ന്നത് സ്‌നേഹത്തിന്റെ കുളിര്‍മഴയിലും പ്രതിസന്ധികളുടെ അഗ്നിശാലയിലുമാണ്്. അച്ഛമ്മയെ അനുസ്മരിപ്പിക്കുന്ന തലനാരിഴയ്ക്കും നാസികത്തിനും നറുപുഞ്ചിരിക്കുമപ്പുറം എപ്പോഴും പക്ഷേ ഒരുതരം നീറ്റല്‍ ഉള്ളിലെവിടെയോ തളംകെട്ടിക്കിടപ്പുണ്ട്. പ്രിയങ്കരമായിരുന്നില്ല എന്നും ആ ജീവിതം. ഒരു െൈകകൊണ്ട് തന്നയാള്‍ എന്നും മറ്റേ കൈകൊണ്ട് എടുത്തുകൊണ്ടേയിരുന്നു. പ്രസവിച്ചത് യൂറോപ്യന്‍ രക്തത്തിലാണെങ്കിലും പിറന്നുവീണത് ലോകം കണ്ട ഉരുക്കുവനിതയുടെ മടിത്തട്ടിലേക്കാണ്. സ്വന്തം വീട്ടിനേക്കാള്‍ സഹോദരനുമൊത്ത് തീന്‍മൂര്‍ത്തി ഭവനിലെ സോഫകളിലാണ് കൂടുതല്‍ സമയവും ചാടിമറിഞ്ഞത്. ഭര്‍തൃവിയോഗവും ഇളയമരുമകളുടെ ശാഠ്യവുമൊക്കെക്കൊണ്ട് മൂത്തമരുമകളെയും കുട്ടികളെയും ആശ്രയിച്ച ഇന്ദിരാഗാന്ധിയുടെ വാല്‍സല്യം മുഴുവന്‍ അനുഭവിക്കാന്‍ ഭാഗ്യംകിട്ടി നെഹ്‌റുകുടുംബത്തിലെ ഈ ഇളമുറക്കാരിക്ക്. പൈലറ്റും പ്രധാനമന്ത്രിയുമായ പിതാവിന്റെ വേണ്ടുവോളം പരിലാളനയും.
പ്രതിപക്ഷ പ്രക്ഷോഭം, അടിയന്തരാവസ്ഥ, സുപ്രീംകോടതിവിധി, പ്രധാനമന്ത്രി പദത്തില്‍നിന്ന് അച്ഛമ്മയുടെയും അച്ഛന്റെയും പുറത്താകല്‍, ഹൃദയം നുറുക്കിയ ആ രണ്ട് മരണങ്ങള്‍… ആധുനിക ഇന്ത്യന്‍ ഭരണ രാഷ്ട്രീയചരിത്രത്തോടൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു അവക്കൊക്കെ മൂകസാക്ഷിയായി. പന്ത്രണ്ടാം വയസ്സില്‍ അച്ഛമ്മ വെടിയേറ്റ് വീഴുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആദ്യ ആഘാതമായി അത്. അധികം വൈകാതെ പത്തൊമ്പതാം വയസ്സില്‍ വല്‍സല പിതാവിന്റെ ദാരുണാന്ത്യവും ഇടിത്തീപോലെ പ്രിയങ്കയെ തേടിയെത്തി. പിന്നെ അമ്മയ്ക്കും സഹോദരനും താങ്ങായി കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ധാത്രിയുമായി അവരുടെ നിഴലായി എന്നും കൂടെനിന്നു.’അമ്പത്തഞ്ചിഞ്ച് നെഞ്ചല്ല, അതിനുള്ളില്‍ അത്യാവശ്യം വേണ്ടത് ജനങ്ങളുടെ വേദന അറിയുന്നൊരു മനസ്സാണ്.’ മോദിയെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ രാഷ്ട്രീയത്തിലെ ഈ വനിതാനേതാവിന്റെ ജാതകമായി. ഇരുപത്തഞ്ചാം വയസ്സില്‍ വിവാഹം. ഡല്‍ഹിയിലെ വലിയ ബിസിനസ് തറവാട്ടിലേക്കായിരുന്നു കൈപിടിച്ചുകയറിയത്. അതോടെ പ്രിയങ്ക ഗാന്ധി പ്രിയങ്ക വാദ്രയായി. രാഷ്ട്രീയ ശത്രുക്കള്‍ വെറുതെ ഇരിക്കുമോ. വാദ്രയെ കുടുക്കാനായി അവര്‍ പല വഴികള്‍ ആലോചിച്ചതില്‍ കിട്ടിയത് ഹരിയാനയില്‍ റോബര്‍ട്ട് വാദ്ര വാങ്ങിയ ഭൂമി. അപ്പനപ്പൂപ്പന്മാര്‍ രാജ്യത്തിനും ജനതക്കും വേണ്ടി അനുഷ്ഠിച്ച കര്‍മകാണ്ഡം മഹാഭാരതകഥയോളം വരും. എന്നിട്ടും സര്‍വം സഹിച്ച് കുടുംബിനിയായി വീടിനകത്ത് കഴിച്ചുകൂട്ടി. മക്കളായ മിറായയെയും റൈഹാനെയും പെറ്റ് പൊന്നുപോലെ നോക്കിവളര്‍ത്തി. 2004 ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മാതാവിനും സഹോദരനും വേണ്ടി ഇറങ്ങിയ പ്രിയങ്ക എന്ന രാഷ്ട്രീയക്കാരിയില്‍ നാല്‍പതുകഴിഞ്ഞ ഇന്ത്യക്കാര്‍ പഴയ ഇന്ദിരയെ കണ്ടു. അച്ഛമ്മയുമായി കളിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കണ്ടവര്‍ ഈ കുരുന്നില്‍ ഭാവി നേതാവിനെ നേരത്തെതന്നെ കണ്ടിരുന്നുവെങ്കിലും പ്രിയങ്ക പലപ്പോഴും തന്നെ അന്വേഷിച്ചെത്തിയ കോണ്‍ഗ്രസുകാരോട് അമ്മയെപോലെ ആവര്‍ത്തിച്ചുപറഞ്ഞു: ‘നോ’. കാരണം ഭര്‍തൃമാതാവിന്റെയും ഭര്‍ത്താവിന്റെയും ദാരുണമരണങ്ങള്‍ നേരിട്ടനുഭവിച്ച് ചിറകറ്റ ഇറ്റലിക്കാരിക്ക് തൊട്ടതിലെല്ലാം ഭയമായിരുന്നു. അവര്‍ രാഹുലിനോട് സമ്മതം മൂളിയെങ്കിലും ഇനിയുമൊരു ദുരന്തം കൂടി താങ്ങാനാവില്ലെന്ന് പ്രിയമകളോട് തുറന്നുപറഞ്ഞു. പക്ഷേ രാജ്യം കരാളകാലത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന തിരിച്ചറിവില്‍ നൂറ്റിമുപ്പത് കോടി ജനതയും വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ രക്ഷിക്കാന്‍ താന്‍കൂടി വേണമെന്ന് പ്രിയങ്കയും നിശ്ചയിച്ചു. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പുകാലത്തുതന്നെ പത്താം ജനപഥത്തിലെ അന്ത:പുരങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ച സജീവമായിരുന്നെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ നോക്കാമെന്നായിരുന്നു മറുപടി.
1972ല്‍ ജനനം. വിദ്യാഭ്യാസം ഡല്‍ഹിയിലെ ജീസസ് മേരി മോഡല്‍ സ്‌കൂള്‍ കോണ്‍വന്റിലും കോളജിലും. മന:ശാസ്ത്രമാണ് ബിരുദ വിഷയമെന്നതിനാല്‍ ആളുകളുടെ മനോവ്യാപാരം പെട്ടെന്ന് പിടികിട്ടും. 2010ല്‍ ബുദ്ധമതത്തില്‍ ബിരുദാനന്തരബിരുദവുമെടുത്തു. പിന്നീട് ബുദ്ധമതത്തോട് ആഭിമുഖ്യം തോന്നി അതില്‍ ചേര്‍ന്നു. പാഴ്‌സി മതക്കാരാണെങ്കിലും മത കാര്യങ്ങളില്‍ അത്ര നിഷ്‌കര്‍ഷ ഉള്ളവരല്ല സോഷ്യലിസ്റ്റായ നെഹ്‌റുവിന്റെ പേരക്കിടാങ്ങള്‍. ജനങ്ങളാണ് രാഷ്ട്രീയത്തേക്കാള്‍ തന്നെ പിടിച്ചുവലിക്കുന്നത്. രാഷ്ട്രീയത്തിലില്ലെങ്കിലും അവര്‍ക്കുവേണ്ടി താനുണ്ടാകുമെന്ന് പ്രിയങ്ക ഒരഭിമുഖത്തില്‍ പറഞ്ഞത് നെഹ്‌റുകുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ചുതന്നെ. നാല്‍പത്തേഴാം വയസ്സില്‍ 2019 ജനുവരി 23ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരിലൊളാക്കി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്ചരിത്രം വഴിമാറുകയാണെന്ന തോന്നലാണ് പരക്കെ. കിഴക്കന്‍ യു.പിയുടെ ചുമതലയാണെങ്കിലും പ്രിയങ്കയെ ഭാവി പ്രധാനമന്ത്രിയായാണ് പലരും ഇപ്പോള്‍ കാണുന്നത്. പ്രിയങ്കക്ക് ആ തസ്തിക പോരെന്ന് ബി.ജെ.പി വക്താവിനുപോലും പറയേണ്ടിവന്നതില്‍ അതുണ്ട്. സഹോദര-സഹോദര സമവാക്യം രാഷ്ട്രീയത്തിലെ അപൂര്‍വതയാണ്. വര്‍ഗീയ തീ തുപ്പുന്ന സമകാലിക ഇന്ത്യയില്‍ പ്രിയങ്കയുടെ വരവ് അതുകൊണ്ട് ഒരൊന്നൊന്നര വരവുതന്നെ; പ്രിയതരവും.

chandrika: