X

സുവര്‍ണത്തിളക്കത്തില്‍ കാലിക്കറ്റ് വാഴ്‌സിറ്റി

സംസ്ഥാനത്തിന്റെ പകുതിയിലേറെ പ്രദേശവും ജനസംഖ്യയുമടങ്ങുന്ന മധ്യ-വടക്കന്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ സിരാകേന്ദ്രമായി, ദശലക്ഷക്കണക്കിന് മലയാളികളുടെ ധിഷണാവൈഭവത്തിനും ജീവിതോന്നതിക്കും വിത്തുപാകിയ കാലിക്കറ്റ് സര്‍വകലാശാല ഇന്ന് അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. നാല്‍പത്തൊമ്പതു കൊല്ലം മുമ്പ് ഇതേദിനത്തിലാണ് ഈ വിദ്യാകേന്ദ്രത്തിന് ശിലസ്ഥാപിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാളികളാകെ കേരളത്തിന്റെ തെക്കേയറ്റത്തെ സര്‍വകലാശാലയെ ആശ്രയിച്ചുകഴിഞ്ഞൊരുകാലത്ത,് മുസ്‌ലിംലീഗ് നേതാവും മുഖ്യമന്ത്രിയും സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളിലടക്കം വിദ്യയുടെ തെളിനീര് പകര്‍ന്നുനല്‍കിയ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ കഠിനപരിശ്രമ ഫലമായാണ് മലബാറിന് ഒരു സര്‍വകലാശാല എന്ന ആശയത്തിന് ശിലാരൂപം ലഭിക്കുന്നത്. 1967ലെ സപ്തകക്ഷി മുന്നണിയുടെ കീഴില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേശീയ വിദ്യാഭ്യാസ കമ്മീഷനുകളുടെ ശിപാര്‍ശകളോടെ ബീജാവാപം ലഭിക്കപ്പെട്ട ഈ വിദ്യാസങ്കേതത്തിനുകീഴില്‍ ഇന്ന് ആയിരക്കണക്കിന് യുവാക്കളാണ് ഉന്നത വൈജ്ഞാനിക രംഗത്ത് സ്വന്തമായ മേല്‍വിലാസം എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദമുഹൂര്‍ത്തമാകുന്നത് ഇതുകൊണ്ടാണ്.
സംസ്ഥാന രൂപീകരണത്തിനുശേഷം അറുപതുകളുടെ ആദ്യം മുതല്‍ക്കുതന്നെ കേരളത്തിന് രണ്ടാമതൊരു സര്‍വകലാശാല എന്ന ആശയം പൊതുരംഗത്ത് ചര്‍ച്ച ചെയ്യപ്പെട്ടുവന്നിരുന്നു. 1962ല്‍ പാര്‍ലമെന്റംഗമായപ്പോള്‍ സി.എച്ച് ഇതിനായി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും പിന്നെയും അര പതിറ്റാണ്ടിനു ശേഷമാണ് മോഹം യാഥാര്‍ത്ഥ്യമായത്. സാമൂഹികമായും സാമ്പത്തികമായും വൈജ്ഞാനികമായുമൊക്കെ ഏറെ പിന്നാക്കം നിന്നിരുന്ന മലബാര്‍മേഖലക്ക് സ്വന്തമായൊരു ഉന്നതപഠനകേന്ദ്രം എന്ന തന്റെ ആശയവുമായി സംഘടനാരംഗത്തും ഔദ്യോഗികമേഖലയിലിരുന്നുകൊണ്ടും സി.എച്ച് അഹോരാത്രം മുന്നോട്ടുപോയി. മന്ത്രിസഭയില്‍ മുഖ്യമന്ത്രിയില്‍നിന്നും സ്വന്തം പാര്‍ട്ടിക്കാരനായ അഹമ്മദ് കുരിക്കളടക്കമുള്ളവരില്‍ നിന്നും നിസ്സീമമായ പിന്തുണ ലഭിച്ചതോടെ കോത്താരി കമ്മീഷന്റെ ശിപാര്‍ശയനുസരിച്ച് 1968 ജൂലൈ 23ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ സര്‍വകലാശാല നിലവില്‍ വരികയും ദിവസങ്ങള്‍ക്കകം ആഗസ്റ്റ് 12ന് സി.എച്ച് ശിലാസ്ഥാപനം നടത്തുകയും സെപ്തംബര്‍ 13ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ആഗസ്റ്റ് 29നാണ് ബില്‍ സഭയില്‍ നിയമമാക്കിയത്. ബില്ലവതരിപ്പിച്ചുകൊണ്ട് സി.എച്ച് നടത്തിയ പ്രസംഗത്തില്‍ വടക്കന്‍ ജില്ലകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ അംഗങ്ങള്‍ക്കായി നഖശിഖാന്തം വരച്ചുകാട്ടിയത് ചരിത്രരേഖയാണ്. സി.എച്ചിന്റെ സൂക്ഷ്മദൃഷ്ടിയുടെ ഉജ്ജ്വല പ്രതീകമായ കാലിക്കറ്റ് ഇന്ന് രാജ്യത്തെ എണ്ണൂറോളം സര്‍വകലാശാലകളില്‍ അമ്പത്തേഴാം റാങ്കിന് അര്‍ഹമായിരിക്കുന്നു എന്നത് ആനന്ദദായകമാണ്.
തൃശൂര്‍ മുതല്‍ ഇന്നത്തെ കാസര്‍കോടുവരെ പ്രവര്‍ത്തിച്ചിരുന്ന സര്‍വകലാശാല, മലപ്പുറം, പാലക്കാട് പോലുള്ള അതീവ പിന്നാക്കമായ ജില്ലകളിലെ വിദ്യാകുതുകികളായ യുവാക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് ഏറെ ആശയും ആവേശവും പകര്‍ന്നത്. കാലങ്ങളായി നിരക്ഷരതയുടെ ശ്വാസംമുട്ടിയിരുന്ന ജനത വിദ്യയിലൂടെ പാരതന്ത്ര്യത്തിന്റെ കൈവിലങ്ങ് പൊട്ടിച്ചോടുന്ന കാഴ്ചകണ്ട് സി.എച്ച് പരസ്യമായി ആഹ്ലാദിച്ചു. 1996ല്‍ കണ്ണൂര്‍ സര്‍വകലാശാല രൂപീകരിക്കപ്പെട്ടതോടെ കാസര്‍കോട് മുതല്‍ വയനാട്ടിലെ മാനന്തവാടി താലൂക്ക്‌വരെ ആ സര്‍വകലാശാലയിലായി. അഞ്ഞൂറേക്കറില്‍ വെറും 54 കോളജുകളുമായി തുടങ്ങി ഇന്ന് മെഡിക്കല്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ പ്രൊഫഷണല്‍ കോളജുകളുള്‍പ്പെടെ 432 കോളജുകളും 35 ഗവേഷണവകുപ്പുകളും സി.എച്ച് ചെയറുള്‍പ്പെടെ 11 ഗവേഷണ കേന്ദ്രങ്ങളും 36 സ്വാശ്രയ സ്ഥാപനങ്ങളും കാലിക്കറ്റിന് സ്വന്തം. സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം, കായിക പരിശീലന സംവിധാനങ്ങള്‍, ഫയല്‍മാറ്റം ഡിജിറ്റലാക്കിയ സംസ്ഥാനത്തെ പ്രഥമ സര്‍വകലാശാല എന്നീ വിശേഷണങ്ങള്‍. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷനനായ പ്രൊഫ. എം.എം ഗനിയായിരുന്നു പ്രഥമ വൈസ്ചാന്‍സലര്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തായിട്ടും കാലിക്കറ്റ് എന്ന് നാമകരണം ചെയ്തത് സി.എച്ചിന്റെ പ്രവിശാലമായ വീക്ഷണത്തെയാണ് ബോധ്യമാക്കിയത്. രാഷ്ട്രീയാതിപ്രസരത്തിനപ്പുറം അക്കാദമിക മികവുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചാല്‍ കാലിക്കറ്റിന് അന്താരാഷ്ട്ര നിലവാരമെന്ന സി.എച്ചിന്റെ സ്വപ്‌നത്തിലേക്ക് ഉയരാന്‍ കഴിയും. സി.എച്ച് ശിലയിടുന്ന സന്ദര്‍ഭത്തില്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായവരില്‍ മുസ്‌ലിം ലീഗിന്റെ അന്നത്തെ സമുന്നത സൂരികളായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും ബി.വി അബ്ദുല്ലക്കോയയും ഉണ്ടായിരുന്നുവെന്നത് മുസ്്‌ലിംലീഗ് നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നല്‍കിയ പ്രാമുഖ്യത്തിന്റെ നിത്യനിദര്‍ശനമാണ്.
വിദ്യയില്ലാത്തവനെ കണ്ണു കാണാത്തവനോടാണ് ഉപമിക്കാറ്. ഇന്ത്യയുടെ സാക്ഷരതാ വിദ്യാഭ്യാസ മുന്നേറ്റങ്ങളില്‍ കേരളത്തിന് സവിശേഷമായ പങ്ക് ലഭിച്ചതില്‍ വിവിധ സര്‍ക്കാരുകളുടെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, സി.എച്ച് തുടങ്ങിയ മഹാരഥന്മാരായ ജനനേതാക്കളുടെയും ദീര്‍ഘദൃഷ്ടിയും അര്‍പ്പണമനോഭാവവുമുണ്ട്. സാമ്പത്തികമായി പുരോഗതി നേടിയെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് ഇനിയും കേരളം ഏറെ മുന്നോട്ടുപോകാനുണ്ട് എന്നുതന്നെയാണ് ദേശീയ തലത്തില്‍ നടക്കുന്ന വിവിധങ്ങളായ മല്‍സര പരീക്ഷകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. കൂടുതല്‍ യുവതീയുവാക്കള്‍ ഇന്ന് മെഡിക്കല്‍, എഞ്ചിനീയറിങ് പോലുള്ള മേഖലകളിലേക്ക് ഇറങ്ങുന്നുണ്ട്. പി.എച്ച്.ഡി പോലുള്ള ഗവേഷണ മേഖലകളിലും മലയാളി സാന്നിധ്യം മുന്നിലേക്കാണ്. രാഷ്ട്രീയാതിപ്രസരത്തിനപ്പുറം അക്കാദമിക മികവുകള്‍ക്ക് പ്രാമുഖ്യം ലഭിക്കാന്‍ വിദഗ്ധരും ജീവനക്കാരും വിദ്യാര്‍ഥി സമൂഹവും ഒറ്റക്കെട്ടായി യത്‌നിച്ചാല്‍ കാലിക്കറ്റിന് അന്താരാഷ്ട്ര നിലവാരമെന്ന സി.എച്ചിന്റെ സ്വപ്‌നത്തിലേക്ക് ഉയരാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരുണത്തില്‍ കാലിക്കറ്റിന് സി.എച്ച് മുഹമ്മദ്‌കോയയുടെ നാമകരണം ചെയ്യപ്പെടുന്നത് സി.എച്ച് എന്ന മഹാമനീഷിക്കുള്ള നാടിന്റെ പൂച്ചെണ്ടാകും.

chandrika: