X

എയിംസ് എം.ബി.ബി.എസ് പ്രവേശന പരീക്ഷ; രജിസ്ട്രേഷന്‍ രണ്ടു ഘട്ടമായി

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) 2019-ലെ എം.ബി.ബി.എസ് പ്രവേശന പരീക്ഷയ്ക്ക് പ്രോസ്പക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്ട്രേഷന്‍ (പി.എ.എ.ആര്‍.) എന്ന സംവിധാനം ബാധകമാക്കി. പരീക്ഷകള്‍ നടക്കുന്നതിന് വളരെ മുമ്പേ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്ന പദ്ധതിയാണ് പി.എ.എ.ആര്‍. ബേസിക്, ഫൈനല്‍ രജിസ്ട്രേഷനുകള്‍ അടങ്ങുന്ന രണ്ടു ഘട്ട പ്രക്രിയയാണ് പി.എ.എ.ആര്‍.

2019-ലെ എം.ബി.ബി.എസ്. പ്രവേശന പരീക്ഷയുടെ ബേസിക് രജിസ്ട്രേഷന്‍ നവംബര്‍ രണ്ടാം വാരം തുടങ്ങും. അന്തിമ രജിസ്ട്രേഷന്‍ ഫെബ്രുവരിയില്‍. ബേസിക് രജിസ്ട്രേഷന്‍ അംഗീകരിച്ചാല്‍ മാത്രമേ അന്തിമ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയൂ. 2019-ലെ പ്രവേശന പരീക്ഷ മെയ് 25നും 26നും നടക്കും.

വിവരങ്ങള്‍ക്ക്: www.aiimsexams.org

ആദ്യഘട്ടം:

പരീക്ഷയ്ക്ക് ആറ് മാസം മുമ്പ് ലഭ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയും ഇമേജുകള്‍ അപ് ലോഡു ചെയ്തും ആദ്യ ഘട്ട അടിസ്ഥാന രജിസ്ട്രേഷന്‍ നടത്താം. ഇവ പരിശോധനയ്ക്കു വിധേയമാക്കും. തെറ്റുകളും കുറവുകളും പരിഹരിക്കാന്‍ അപേക്ഷകര്‍ക്ക് അവസരം നല്‍കും. രജിസ്ട്രേഷന്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കും. ഈ ഘട്ടത്തില്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. 2019-ലെ പ്രവേശന പരീക്ഷയ്ക്കു മുമ്പ് നിശ്ചിതസമയത്ത് ബേസിക് രജിസ്ട്രേഷന്‍ അവസാനിക്കും.

രണ്ടാം ഘട്ടം:

പ്രോസ്പക്ടസ്, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കും. അടിസ്ഥാന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തുടര്‍ന്ന് 2019-ലെ എം.ബി.ബി.എസ്. പരീക്ഷ അഭിമുഖീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. പരീക്ഷ എഴുതുന്ന പക്ഷം ഫൈനല്‍ രജിസ്ട്രേഷന്‍ നടത്തണം. ഈ ഘട്ടത്തില്‍ ഫീസ് അടയ്ക്കണം. 2019-ലെ പരീക്ഷ അഭിമുഖീകരിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഈ ഘട്ടം ഒഴിവാക്കാം. നിലവിലുള്ള ബേസിക്ക് രജിസ്ട്രേഷന്‍ വച്ച് പിന്നീടുള്ള സെഷനിലെ പരീക്ഷയ്ക്കുള്ള ഫൈനല്‍ രജിസ്ട്രേഷന്‍ ആ സമയത്ത് നടത്താം. ബേസിക് രജിസ്ട്രേഷന്‍ എന്നും നിലനില്‍ക്കും. എന്നാല്‍ ഫൈനല്‍ രജിസ്ട്രേഷന്‍ പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാകും.

chandrika: