X

വിവേകമുണ്ടാകാനാകണം വിദ്യാഭ്യാസം

ഡോ. കെ. അനസ്

പ്രണയ നൈരാശ്യംമൂലം നിരപരാധികളായ അഞ്ച് പെണ്‍കുട്ടികളുടെ കൊലപാതകങ്ങള്‍ക്ക് ഈ വര്‍ഷം സാക്ഷിയാകേണ്ടി വന്നു കേരളത്തിന്. സാമൂഹിക ബന്ധങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യവും പവിത്രതയും കല്‍പിച്ചിരുന്ന സംസ്ഥാനത്ത് തുടരെ തുടരെ പ്രണയത്തിന്റെ പേരില്‍ അരും കൊലകള്‍ നടക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, പിഞ്ചുകുഞ്ഞുങ്ങള്‍, വയോധികര്‍ എന്നിവര്‍ ലൈംഗികമായി പല സാഹചര്യങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്നു. കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ പോക്‌സോ കേസുകളില്‍ രാജ്യത്തുതന്നെ പതിമൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു കേരളം. ആക്രമിക്കപ്പെട്ട സ്ത്രീകളുടെ കണക്കെടുത്താല്‍ രാജ്യത്ത് പന്ത്രണ്ടാം സ്ഥാനത്താണ്.

പഴയ സാമൂഹ്യ ക്രമത്തില്‍ നിന്നും പുതിയ രീതിയിലേക്കുള്ള മാറ്റത്തിനിടയില്‍ തലമുറക്ക് സാമൂഹിക മൂല്യങ്ങളുടേയും ബന്ധങ്ങളുടെയും കാര്യത്തില്‍ അവ്യക്തതകള്‍ ഉണ്ടായിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് നീക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്. ഈ മാറ്റത്തിനു തുടക്കമിടേണ്ടത് വിദ്യാഭ്യാസ പ്രക്രിയയില്‍നിന്ന് തന്നെയായിരിക്കണം. സമൂഹത്തിന്റെ സദാചാര ബോധത്തിന്റെയും മൂല്യ ബോധത്തിന്റെയും നട്ടെല്ലായ വിദ്യാഭ്യാസ പ്രക്രിയ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമായേ പറ്റൂ. സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ പൊളിച്ചെഴുത്തും ആവശ്യമായ കൂട്ടിച്ചേര്‍ക്കലും ചെയ്തവര്‍ക്ക്മാത്രമേ മാനവരാശിയുടെ ചരിത്രത്തില്‍ എക്കാലത്തും മുന്നില്‍നില്‍ക്കാനും സാധിച്ചിട്ടുള്ളു. കോവിഡ് മഹാമാരിക്ക് തെല്ലൊന്ന് ആശ്വാസം ലഭിച്ചപ്പോള്‍ സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനായി തയ്യാറെടുക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി മുന്‍കരുതലുകളെടുക്കുക പ്രഥമ പരിഗണന അര്‍ഹിക്കുന്ന ഒന്നുതന്നെയാണ്.

കുട്ടികള്‍ വളര്‍ന്ന്‌വരുന്നത് ഓണ്‍ലൈനിന്റെയും ഓഫ്‌ലൈനിന്റെയും സങ്കീര്‍ണ്ണമായ ലോകത്താണ്. ഇത് ധാരാളം അവസരങ്ങളും വെല്ലുവിളികളും അപകടങ്ങളും സൃഷ്ടിക്കുന്ന ഒന്നാണ്. ഈ പരിതസ്ഥിതിയില്‍, കുട്ടികള്‍ എങ്ങനെ സുരക്ഷിതമായും ആരോഗ്യത്തോടെയുമായിരിക്കണമെന്ന് അവരുടെ അക്കാദമിക് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ വ്യക്തിപരവും സാമൂഹികവുമായ ജീവിതം നല്ലരീതിയിലാണോ എന്നു അറിയേണ്ടതും ആവശ്യമാണ്. ഇത്‌കൊണ്ട്തന്നെ ബന്ധങ്ങളെ കുറിച്ചുള്ള വിദ്യാഭ്യാസം അതീവ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. സംസ്ഥാനത്തു മതാധ്യാപനത്തിന്റെ ഭാഗമായി ബന്ധങ്ങളെക്കുറിച്ചും ചെറുതല്ലാത്ത രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസത്തെയും പാഠ്യവിഷയമാക്കുന്നുവെങ്കിലും ഇതേ ശിക്ഷണം ലഭിച്ചവരും അതില്ലാത്തവരും ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസമില്ലെന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാവുന്നതാണ്. അപ്പോള്‍ ഗൗരവമായി തന്നെ സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കേണ്ട ഒന്ന്തന്നെയാണ് ഈ വിഷയം എന്നതില്‍ തര്‍ക്കമില്ല. സ്‌കൂള്‍ ക്ലാസുകളില്‍ അള്‍ജിബ്ര പഠിക്കുന്നത് ഭാവിയില്‍ പ്രയോഗവത്കരിക്കാന്‍ സാധിക്കുന്നത് എഞ്ചിനീയറിംഗ് മേഖലയിലേക്ക് പോയവര്‍ക്ക് മാത്രമാണ്. എന്നാല്‍ ജീവിതത്തിലുടനീളം ഉപയോഗപ്പെടുത്താവുന്ന അറിവാണ് ബന്ധങ്ങളുടെയും ലൈംഗികതയുടെയും വിദ്യാഭ്യാസം.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചില ചെറിയ ഗ്രൂപ്പുകളായി (ക്ലിക്ക്) മാറുന്നത് സര്‍വ്വ സാധാരണമായി കാണുന്നതാണ്. ഈ ഗ്രൂപ്പുകള്‍ക്ക് പൊതുവായ ചില താല്‍പര്യങ്ങളുണ്ട്. അത് പബ്ജി, ഓണ്‍ലൈന്‍ റമ്മി പോലുള്ള ഇന്റര്‍നെറ്റ് ഗെയിമിങ്, ചാറ്റ് റൂമുകളില്‍ വ്യത്യസ്ത രാജ്യക്കാരുമായോ അന്യസംസ്ഥാനത്തുള്ളവരുമായോ ചാറ്റിങില്‍ ഏര്‍പ്പെടുന്നതായിരിക്കാം, സോഷ്യല്‍ മീഡിയകളില്‍ ആയിരിക്കാം- പ്രത്യക്ഷത്തില്‍ വളരെ ദൂരെയിരിക്കുന്ന ഈ കൂട്ടുകാരുടെ ബന്ധങ്ങളുടെ ആഴവും പരപ്പും വലുതായിരിക്കും. ഗെയിമിങ് കമ്പനികളുടെ പണമുണ്ടാക്കാനുള്ള തന്ത്രമെന്നറിയാതെ ഇവരുടെ ഇടയില്‍ ഗെയിമുകളുടെ വിജയമൊക്കെ വലിയ ആഘാതമുണ്ടാക്കുന്നവയും ജീവന്‍ വരെ ത്യജിക്കാന്‍ മടിയില്ലാത്ത അവസ്ഥയിലേക്കെത്തിക്കുന്നതുമാണ്. സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകളില്‍ പരിചയപ്പെടുന്ന പുതിയ സൗഹൃദങ്ങളില്‍ നിന്നും യഥാര്‍ത്ഥ ബന്ധു ആരെന്ന് തിരിച്ചറിയുന്നിടത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും മാതാപിതാക്കളെ നിര്‍ദാക്ഷിണ്യം തിരസ്‌ക്കരിക്കാനും നിമിഷങ്ങള്‍കൊണ്ട്മാത്രം പരിചയം നടിച്ച ഒരാളെ സ്വീകരിക്കാനുമെല്ലാം ആധുനിക തലമുറ വ്യഗ്രത കാട്ടുമ്പോള്‍ ബന്ധങ്ങളുടെ വിദ്യാഭ്യാസം എന്തുകൊണ്ടും പ്രസക്തമാണ്.
ബന്ധങ്ങളെ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കുട്ടികള്‍ക്ക് അടിസ്ഥാനപരമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുകയെന്നതും. ലൈംഗികതയുടെ വൈകാരികവും ശാരീരികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് നല്‍കുന്നതായിരിക്കണം ലൈംഗിക വിദ്യാഭ്യാസം. രക്ഷിതാക്കളില്‍ നിന്നും സ്വായത്തമാക്കുന്ന അറിവുകള്‍ മാത്രമായിരുന്ന ശൈശവത്തില്‍നിന്നും കുട്ടി മനുഷ്യ ജീവിതത്തിലെ വസന്ത കാലമായ കൗമാര കാലത്തേക്ക് എത്തുമ്പോഴേക്കും ശാരീരികവും വൈകാരികവും ലൈംഗികവും മാനസികവുമായ വളര്‍ച്ചകള്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്ന പുതിയ അവസ്ഥയിലേക്ക് മാറുന്നു. കൗമാര കാലഘട്ടത്തിന്റെ തുടക്കകാലം പത്ത് വയസ്സുമുതല്‍ പതിമൂന്ന് വയസ്സുവരെയും മധ്യകാലഘട്ടം പതിമൂന്നു മുതല്‍ പതിനാറു വയസ്സുവരെയുമാണ്. പതിനാറുമുതല്‍ പത്തൊന്‍പത് വരെയുള്ള കാലം ലെറ്റര്‍ അഡോളസെന്റ് കാലഘട്ടം എന്നും പറയപ്പെടുന്നു. വളര്‍ച്ചയെപ്പോലെതന്നെ ബന്ധങ്ങളിലും മാറ്റംവരുന്ന ഈ കാലത്ത് രക്ഷിതാക്കളില്‍നിന്നു കുഞ്ഞുങ്ങള്‍ സുഹൃത്തുക്കളിലേക്കും സഹപാഠികളിലേക്കും ബന്ധങ്ങള്‍ വ്യാപിപ്പിക്കുന്ന ഈ ഘട്ടത്തില്‍ വിവിധതരം ബന്ധങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കാനും ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും ശേഷം വൈവാഹിക ജീവിതത്തിലും കുടുംബ ജീവിതത്തിലും ലൈംഗിക വിശുദ്ധി കാത്ത് സൂക്ഷിക്കേണ്ട ആവശ്യകതയെ വ്യവസ്ഥാപിതമായി ബോധ്യപ്പെടുത്തുന്ന പാഠ്യ പദ്ധതികള്‍ ഒരുക്കുക എന്നതും കാലഘട്ടത്തിന്റെ കൂടി ആവശ്യകതയാണ്.
പ്രൈമറി സ്‌കൂളുകളില്‍ പ്രധാന വിഷയങ്ങളാവേണ്ടത് ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാ സന്ദര്‍ഭങ്ങളിലും ആരോഗ്യകരമായ മാന്യമായ ബന്ധങ്ങള്‍, കുടുംബത്തിലും സൗഹൃദങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിങ്ങനെ മാനസികമായി ആരോഗ്യവാനായിരിക്കേണ്ടതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കുന്നതായിരിക്കണം. ഒപ്പം ലൈംഗിക അവയവങ്ങളെ കുറിച്ചുമൊക്കെ ചെറുധാരണ ഉണ്ടാക്കിയെടുക്കാന്‍ ഈ പ്രായത്തില്‍ സാധിക്കേണ്ടതുണ്ട്. സെക്കന്ററിയില്‍, പ്രൈമറിയില്‍ നേടിയ അറിവുകളെ അടിസ്ഥാനമാക്കി അധ്യാപനം വികസിപ്പിക്കുകയും ഒപ്പം മദ്യവും മയക്കുമരുന്നു പോലുള്ള അപകട സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം കുട്ടിയുടെ ഏറ്റവും അടുപ്പമുള്ള ബന്ധങ്ങളെക്കുറിച്ച് രക്ഷിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കുകയും കുടുംബ ബന്ധങ്ങളേയും ആണ്‍ പെണ്‍ സൗഹൃദങ്ങളേയും വേര്‍തിരിച്ചു കാണാനും രണ്ടിന്റെയും വ്യത്യസ്തമായ തലങ്ങളെ വര്‍ഗീകരിക്കാനും കൗമാരക്കാരായ കുട്ടികള്‍ക്ക് സാധിക്കാവുന്ന തലത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്നതും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ഇതിനായി പാഠ്യ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റം അനിവാര്യമാണ്. സര്‍ക്കാര്‍ തലത്തില്‍ പുതിയ നിയമനിര്‍മ്മാണം നടത്തി പ്രൈമറി തലം മുതല്‍ യൂണിവേഴ്സ്റ്റി തലം വരെ ബന്ധങ്ങളുടെയും ലൈംഗികതയുടെയും വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക എന്നതാണ് ആദ്യമേ ചെയ്യാനുള്ളത്. ഇതോടൊപ്പം രക്ഷിതാക്കള്‍, അധ്യാപകര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ നോണ്‍ ടീച്ചിങ് ജീവനക്കാര്‍ അടക്കമുള്ള ആളുകള്‍ക്കു കൃത്യമായ ട്രെയിനിങ് നല്‍കുക എന്നതായിരിക്കണം ഇതിന്റെ അടിസ്ഥാന പ്രവര്‍ത്തനം. കുട്ടികളുടെ സുരക്ഷിതത്വം കുട്ടികളോട് ഇടപഴകുന്നവരുടെ ഉത്തരവാദിത്വവും ബാധ്യതയുമാണെന്നത് നിയമനിര്‍മ്മാണം വഴി ഉറപ്പുവരുത്തേണ്ടതാണ്. കുട്ടി എന്ന് വിവക്ഷിക്കുന്നത് പതിനെട്ട് വയസ്സ് വരെയുള്ളവരെയാണ്. കുട്ടിയുടെ സുരക്ഷിതത്വംകൊണ്ടര്‍ത്ഥമാക്കുന്നത് ലൈംഗികമായ ദുരുപയോഗത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ തകരാറുകള്‍ തടയുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, കുട്ടികള്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളില്‍ സുരക്ഷിതവും ഫലപ്രദവുമായ പരിചരണം ഉറപ്പാക്കുക. ലൈംഗികാവയവങ്ങളെക്കുറിച്ചും പതിനെട്ടു വയസ്സിനുള്ളില്‍ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുക എന്നതുമാണ്. ഈ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ കുട്ടികള്‍ക്കും മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്.ഈ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍, കോളജ് ജീവനക്കാരുടെ സമീപനങ്ങള്‍ പ്രാധാന്യമുള്ളതാണ്. അവര്‍ക്ക് കുട്ടികളുടെ ആശങ്കകള്‍ നേരത്തെ തിരിച്ചറിയാനും സഹായം നല്‍കാനും കുട്ടികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കാനും ഇതോടൊപ്പം വഴിവിട്ട ബന്ധങ്ങളെ വീട്ടുകാരേക്കാള്‍ മുന്‍പേ കണ്ടെത്താനും തടയേണ്ടതാണെങ്കില്‍ അതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളിലേക്ക് പോകലുമൊക്കെ ഓരോ ജീവനക്കാരന്റെയും ബാധ്യതയാണെന്നും ഈ വിഷയത്തില്‍ ഓരോരുത്തരുടെയും കടമകളും കാര്‍ത്തവ്യങ്ങളും എന്താണെന്ന് കൃത്യമായി വിവക്ഷിക്കേണ്ടതുമാണ്. കടുത്ത ശിക്ഷയായിരിക്കണം ജീവനക്കാരുടെ ഭാഗത്ത്‌നിന്നും കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന അധാര്‍മിക ബന്ധങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കെമെതിരെ സ്വീകരിക്കേണ്ടത്. അധ്യാപകര്‍ അവരുടെ പ്രൊഫഷണല്‍ ചുമതലകളുടെ ഭാഗമായിതന്നെ കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുകയും പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുകയും വേണം. സ്‌കൂള്‍ തലങ്ങളില്‍ അധ്യാപകര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവരുടെ സേവനത്തിന്റെ ഭാഗമായി ചെയ്യാറുണ്ട് എന്നത് തലമുറകളായി തുടര്‍ന്ന് പോരുന്ന അധ്യാപന ശൈലി മാത്രമാണ്, ഇത് നിയമംമൂലം ഉറപ്പ്‌വരുത്തേണ്ടത് അനിവാര്യമാണ്. കുട്ടികളോട് ഇടപഴകുന്നത് ആവശ്യമില്ലാത്ത പ്രശ്‌നങ്ങളിലേക്കെത്തിക്കുമെന്ന ധാരണ പല അധ്യാപകരിലുമുണ്ട് എന്നതിനാല്‍ പഠിപ്പിക്കുക എന്ന ജോലി മാത്രം ചെയ്ത് കുട്ടികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ തന്റെ ബാധ്യതയല്ലെന്ന ധാരണയില്‍ കുട്ടികളുടെ വളര്‍ച്ചാസംബന്ധമായ പ്രശ്‌നങ്ങളില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന ജീവനക്കാരെകൂടി ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കേണ്ടതുണ്ട്. ഏതു രീതിയിലാണ് വിദ്യാര്‍ത്ഥികളില്‍ ബന്ധങ്ങളുടെയും ലൈംഗികതയുടെയും വിദ്യാഭ്യാസം നടപ്പിലാക്കേണ്ടത് എന്നും ആ തീരുമാനങ്ങള്‍ ഓരോ വിദ്യാഭ്യാസ സ്ഥാപനവും അവരുടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യേണ്ടതാണ്. സമ പ്രായക്കാരായ വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെയും ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ തിരിച്ചറിയേണ്ടതും ആവശ്യമായ ഇടപെടല്‍ നടത്തേണ്ടതും ജീവനക്കാരുടെ ചുമതലയാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ലൈംഗികതയുടെ പേരിലുള്ള സൈബര്‍ ഭീഷണി, മുന്‍വിധികള്‍ അടിസ്ഥാനമാക്കിയുള്ളതും ലിംഗ വര്‍ഗ ജാതിമത വ്യത്യാസത്തിന്റെ പേരിലുള്ള വിവേചനപരവുമായ ഭീഷണിപ്പെടുത്തല്‍ എന്നിവക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംസ്ഥാനാടിസ്ഥാനത്തില്‍തന്നെ കൃത്യമായ പെരുമാറ്റ നയം ഉണ്ടാകേണ്ടതും അനിവാര്യമാണ്.
പലതിലും കുട്ടികള്‍ക്കുള്ള അടിസ്ഥാന അധ്യാപകര്‍ മാതാപിതാക്കളാണ്. സ്‌കൂളുകള്‍ ഈ റോള്‍ പൂര്‍ത്തീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളുടെ ആദ്യ കാല പെരുമാറ്റ രൂപീകരണത്തിലും അവര്‍ക്ക് നന്മപകര്‍ന്നു നല്‍കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നത് രക്ഷിതാക്കള്‍ തന്നെയാണ്. നല്ല രക്ഷിതാവുക എന്നത് നല്ല മക്കളെ വളര്‍ത്തിയെടുക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകളാണ്.

 

 

 

web desk 3: