X

ഇസ്രായേല്‍ വെട്ടിവെപ്പില്‍ എട്ടു ഫലസ്തീനികള്‍കൊല്ലപ്പെട്ടു: 250 പേര്‍ക്ക് പരിക്ക്

ഗസ: ഇസ്രായേല്‍ സൈനത്തിന്റെ വെടിവെപ്പില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വെള്ളിയാഴ്ചയും അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. ഇതോടെ പ്രതിഷേധത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിക്കേറ്റവരുടെ എണ്ണം 1500 കടന്നു. ഫലസ്തീനികള്‍ ഭൂമി ദിനമായി ആചരിച്ച മാര്‍ച്ച് 30ന് നടന്ന വെടിവയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ ഇതോടെ മരണം 29 ആയി. പ്രതിഷേധത്തില്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ് വന്നതോടെ ചികിത്സ നല്‍കാനാവാത അവസ്ഥയിലാണ് ഗസയിലെ ആശുപത്രികള്‍.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നു പേരിട്ടിട്ടുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഫലസ്തീനികളാണ് ഗസയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ രണ്ടാമത്തെ വെള്ളിയാഴ്ചയും ഒഴുകിയെത്തിയത്.

1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ പ്രതിഷേധ സമരം തുടരും.

chandrika: