X

‘ഇങ്ങോട്ട് കിട്ടിയാല്‍ അങ്ങോട്ടും നല്‍കും’; മാഹി കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി എ.കെ ബാലന്‍

ചെങ്ങന്നൂര്‍: മാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി എ.കെ ബാലന്‍. ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ അങ്ങോട്ട് തിരിച്ചു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്ന് മന്ത്രി ബാലന്‍ ന്യായീകരിച്ചു.

പല സ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാറുണ്ട്. ഇടതുപക്ഷത്തെ കായിക ബലം ഉപയോഗിച്ച് ആര്‍.എസ്.എസ് നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തന്നെയാണ് തനിക്കുമുള്ളത്. ആര്‍.എസ്.എസ് ഇന്നും ഇന്നലെയുമല്ല അക്രമരാഷ്ട്രീയം തുടങ്ങിയത്. ഇങ്ങോട്ട് കിട്ടിയാല്‍ തങ്ങള്‍ എന്തായാലും തിരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് വോട്ടിന് വലിയ പ്രാധാന്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രിയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രിമാര്‍ തന്നെ രംഗത്തു വന്നാല്‍ എങ്ങനെ സമാധാനം പുന:സ്ഥാപിക്കാനാവുമെന്നും നേതാക്കള്‍ പറഞ്ഞു.

chandrika: