X

റോഹിന്‍ഗ്യന്‍ കുരുതിക്കെതിരെ മ്യാന്മര്‍ എംബസിയിലേക്ക് മുസ്്ലിംലീഗ് മാര്‍ച്ച്

ന്യൂഡല്‍ഹി: റോഹിന്‍ഗ്യകളോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ മ്യാന്മര്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തി. മ്യാന്മര്‍ പട്ടാളത്തിന്റെ മനുഷ്യക്കുരുതിയിലേക്ക് മനഃസാക്ഷി ഉണര്‍ത്തിയ മാര്‍ച്ച് ഡല്‍ഹി തീന്‍മൂര്‍ത്തി സര്‍ക്കിളില്‍ നിന്നാണ് ആരംഭിച്ചത്. എംബസി പരിസരത്ത് പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു.

ആങ്‌സാന്‍ സൂകിയുടെ മാപ്പര്‍ഹിക്കാത്ത മൗനത്തെയും പട്ടാള അനുകൂല മനോഭാവാത്തിനെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സൂക്കിയില്‍ നിന്നും തിരിച്ചുവാങ്ങാന്‍ പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. പീഡിത ജനതക്ക് അഭയമൊരുക്കുന്ന ഇന്ത്യന്‍ പൈതൃകം റോഹിന്‍ഗ്യകളുടെ കാര്യത്തില്‍ തിരുത്തപ്പെടരുത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള മോദി സര്‍ക്കാറിനെതിരെയും മുസ്്‌ലിംലീഗ് മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നു.

ഡല്‍ഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും നൂറുകണക്കിന് പ്രവത്തകര്‍ പങ്കെടുത്ത മാര്‍ച്ച് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ്.ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫ് അലി, യൂത്ത്‌ലീഗ് ദേശീയ ഉപാധ്യക്ഷന്മാരായ അഡ്വ. ഫൈസല്‍ ബാബു, കുണ്ടൂര്‍ ഗഫൂര്‍ കാസിമി, ആസിഫ് അന്‍സാരി, മുസ്്‌ലിംലീഗ് ദേശീയ ജോയിന്റ് സെക്രട്ടറി പ്രൊഫ.ഹയാത്ത് ഖാന്‍ (യു.പി), കേരള സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി ബാവ ഹാജി, ഡല്‍ഹി സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ട് നിസാര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി ഇമ്രാന്‍ ഇജാസ്, സെക്രട്ടറി മുഹമ്മദ് ഹലീം, ജിദ്ദ കെ.എം. സി.സി സെക്രട്ടറി സി.കെ ശാക്കിര്‍ സംസാരിച്ചു.

chandrika: