X
    Categories: More

എമിറേറ്റ്‌സ് ഐ.ഡി: ടൈപ്പിംഗ് ഓഫീസുകള്‍ 380 ആയി ചുരുക്കി; ഉപയോക്താക്കള്‍ സംതൃപ്തര്‍

അബുദാബി: എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകള്‍ക്കുള്ള സേവനം ചെയ്യാനായി അനുവദിച്ച ടൈപ്പിംഗ് ഓഫീസുകളുടെ എണ്ണം 380 ആക്കി ചുരുക്കിയെങ്കിലും ഭൂരിഭാഗം പേരും സംതൃപ്തരാണെന്ന് ഇതുസംബന്ധിച്ച സര്‍വെ വ്യക്തമാക്കി. നേരത്തെ, രാജ്യത്താകമാനം 1,100 ടൈപ്പിംഗ് സെന്ററുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സേവനം ലഭ്യമാക്കിയിരുന്നുവെങ്കിലും പിന്നീട് 380 ആക്കി ചുരുക്കുകയായിരുന്നു.
ജനസാന്ദ്രതയും ആവശ്യകതയും കണക്കിലെടുത്താണ് വിവിധ സ്ഥലങ്ങളില്‍ ഓഫീസുകള്‍ അനുവദിച്ചത്. നിബന്ധനകള്‍ പാലിക്കുകയും സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ എമിറേറ്റ്‌സ് ഐ.ഡി സേവനത്തിന് അനുമതി നല്‍കിയിട്ടുള്ളത്. 50 ചതുരശ്ര മീറ്ററില്‍ കുറയാത്ത സ്ഥലസൗകര്യവും ഒരു വനിത ഉള്‍പ്പെടെ അഞ്ചു ജീവനക്കാരും ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് പ്രധാനമായും നടപ്പാക്കിയത്. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 8 മണി വരെ വേണമെന്നും നിര്‍ബന്ധമുണ്ട്. കൂടാതെ, ഓഫീസില്‍ സിസിടിവി സ്ഥാപിക്കുകയും വേണം.
അതേസമയം, തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ ഓണ്‍ലൈന്‍ വഴി സ്വയം ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ടൈപ്പിംഗ് സെന്ററുകള്‍ ഈടാക്കുന്ന 30 ദിര്‍ഹം ലാഭിക്കാനും നടപടിക്രമങ്ങള്‍ കൃത്യതയോടെ നടത്താനും ഇതുവഴി സാധിക്കും.

chandrika: