X

മുംബൈ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍; കനത്ത ജാഗ്രത നിര്‍ദേശം

മുംബൈ: മുംബൈ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ വിമാനം കണ്ടതായി റിപ്പോര്‍ട്ട്. സ്വകാര്യ എയര്‍ലൈന്‍ ഇന്‍ഡിഗോയുടെ പൈലറ്റ് ആശിഷ് രജ്ഞനാണ് ഇക്കാര്യം അറിയിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഡ്രോണ്‍ കണ്ടുവെന്നാണ് പൈലറ്റ് പറയുന്നത്.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഡ്രോണ്‍ വിമാനം നിരോധിച്ചിരുന്നു. എന്നാല്‍ മുംബൈ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ കണ്ടതായി വാര്‍ത്ത വന്നതോടെ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി 7.30ന് ഛത്രപതി വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറക്കുന്നത് കണ്ടുവെന്നാണ് ആശിഷ് രജ്ഞന്‍ അറിയിച്ചത്. കുര്‍ലാ ഭാഗത്ത് വിമാനത്തിന് താഴെ 100 മീറ്റര്‍ അടിയിലാണ് ഡ്രോണ്‍ കാണപ്പെട്ടത്. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ പൈലറ്റ് വിവരമറിയിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഡ്രോണുകള്‍ക്കു പുറമെ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റുകളും പാരാഗ്ലൈഡറുകളും ബലൂണുകളും മുംബൈ നഗരത്തില്‍ നിരോധിച്ചിട്ടുണ്ട്.

chandrika: